അധ്യാപകക്കൂട്ടം ദിനാചരണം
നവംബർ 7
സി.വി.രാമൻ ജന്മദിനം
ആറാം ക്ലാസ്സിൽ എത്തേണ്ട പ്രായത്തിൽ മൂന്ന് ഡബിൾ പ്രമോഷനോടുകൂടി പത്താം ക്ലാസ്സിലെത്തിയ ആ കുട്ടിയെക്കണ്ട് അധ്യാപകർ ആദ്യം ഒന്നമ്പരന്നു. അസാധാരണ ബുദ്ധിവൈഭവം ഉണ്ടായിരുന്ന ആ ബാലൻ ആരായിരുന്നു എന്നറിയേണ്ടേ? ആ ബാലനാണ് പിൽക്കാലത്ത് ഭാരതത്തിൻ്റെ അഭിമാനമായ്ത്തീർന്ന സി.വി രാമൻ. ചെന്നെയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ ബിരുദത്തിന് ചേരുമ്പോൾ സി.വി രാമന് വെറും 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകപ്രശസ്തമായ 'നേച്ചർ' മാഗസിനിൽ പത്തൊൻപതാം വയസ്സിൽ പ്രബന്ധം പ്രസിദ്ധീകരിച്ച അപൂർവ്വ പ്രതിഭയായിരുന്നു സി.വി രാമൻ. ഉപരിപഠനത്തിനായ് ബ്രിട്ടനിൽ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അനാരോഗ്യം ഒരു തടസ്സമായ് നിന്നു. അക്കാലത്ത് ഇന്ത്യയിൽ വെച്ച് നടന്ന ഇന്ത്യൻ ധനകാര്യ സർവീസ് പരീക്ഷ എഴുതിയ അദ്ദേഹം ഒന്നാം റാങ്കോടുകൂടിത്തന്നെ അസിസ്റ്റൻ്റ് അക്കൗണ്ടൻ്റ് ജനറലായ് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
എങ്ങനെയും ഒരു ഗവേഷകനാകുക എന്ന ലക്ഷ്യവുമായ് നടന്ന രാമൻ അതിനായ് ശ്രമിച്ചു കൊണ്ടേയിരുന്നു. ഒരു ദിവസം അവിചാരിതമായ് ഒരു ബോർഡ് അദ്ദേഹത്തിൻ്റെ കണ്ണിൽപ്പെട്ടു. 'ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് ' എന്ന സ്ഥാപനത്തിൻ്റേതായിരുന്നു ആ ബോർഡ് . ശാസ്ത്ര ഗവേഷണങ്ങൾക്ക് സഹായം നൽകുന്ന ഒരു സ്ഥാപനമായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഒരു ഗവേഷണ സ്ഥാപനമാണ് ഇന്നും കൊൽക്കത്തയിൽ പ്രവർത്തനം തുടരുന്ന ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ശേഷം രാമൻ നേരെ പരീക്ഷണശാലയിൽ വരികയും തൻ്റെ ഗവേഷണം തുടരുകയും ചെയ്തു.
ആ സമയത്തായിരുന്നുകൊൽക്കത്ത സർവകലാശാലയിലെ വൈസ്ചാൻസലറായിരുന്ന അശുതോഷ് മുഖർജി മുൻകൈ എടുത്ത് 'പാലിത് പ്രൊഫസർ ഓഫ് ഫിസിക്സ് ' (Palit Professor of Physics) എന്ന തസ്തിക കൊൽക്കത്ത സർവ്വകലാശാലയിൽ ആരംഭിച്ചത്. ഭൗതിക ശാസ്ത്ര ഗവേഷണത്തിന് മാത്രമായ് മാറ്റിവെച്ച തസ്തികയായിരുന്നു അത് . വിദേശ ബിരുദം ഇല്ലാതിരുന്നിട്ടുപോലും സി.വി രാമൻ്റെ കഴിവുകളിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്ന അശുതോഷ് മുഖർജി അദ്ദേഹത്തെ ആ തസ്തികയിൽ നിയമിച്ചു.
1921-ൽ സി.വി രാമൻ ലണ്ടനിലേക്ക് ഒരു കപ്പൽയാത്ര നടത്തി. ഈ യാത്ര അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായ് മാറി. ജെ.ജെ തോംസനും റൂഥർ ഫോർഡും പങ്കെടുത്ത സമ്മേളനമായിരുന്നു അത്. ലണ്ടനിൽ നിന്നുള്ള മടക്കയാത്രയിൽ കപ്പലിൻ്റെ ഡക്കിൽ നിന്ന് അദ്ദേഹം ആഴക്കടൽ ശ്രദ്ധിച്ചു.കടൽ നീല നിറത്തിൽ വെട്ടിത്തിളങ്ങുന്നതായുള്ള കാര്യം അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടു. അന്നുവരെ ഉണ്ടായിരുന്ന വിശ്വാസം ഇത് ആകാശത്തിൻ്റെ നീല നിറം പ്രതിഫലിപ്പിക്കുന്നതാണ് എന്നായിരുന്നു. അത് തെറ്റായ നിഗമനമായിരുന്നു എന്ന് രാമന് തോന്നി അതിനെപ്പറ്റി അദ്ദേഹം കൂടുതൽ പഠിക്കുവാൻ ആരംഭിച്ചു. ആകാശമല്ല കടലിൻ്റെ നിറം മാറ്റത്തിന് കാരണമെന്ന് സി.വി രാമന് ബോധ്യമായി. ജല തൻമാത്രകളിൽ പ്രകാശം തട്ടിത്തെറിക്കുമ്പോൾ ജലത്തിന് നീല നിറം കൈവരുന്നു എന്ന റെയ്ലിയുടെ വിശദീകരണത്തിനോട് അടുത്തു നിൽക്കുന്ന ഉത്തരമാണ് രാമന് ലഭിച്ചത്.അറുപതോളം വ്യത്യസ്ത സുതാര്യവസ്തുക്കളിലൂടെ പ്രകാശം കടത്തിവിട്ട് സി.വി രാമൻ പരീക്ഷണം തുടർന്നു. പ്രകാശത്തിൻ്റെ വിസ രണത്തിലൂടെ (Scattering) പുതിയ രശ്മികൾ ഉണ്ടാവുന്ന പ്രതിഭാസത്തെ 'രാമൻ ഇഫക്ട് ' എന്നാണ് ശാസ്ത്രം വിളിച്ചത്. പുതുതായ് വരുന്ന വർണ്ണ പ്രകാശം 'രാമൻ സ്പെക്ട്രം ' എന്നും അറിയപ്പെട്ടു. വിസ രണത്തിൽ പ്രകാശ കണികകളുടെ ഊർജ്ജവും തരംഗദൈർഘ്യവും വ്യത്യാസപ്പെടുമെന്ന് രാമൻ പ്രഭാവം തെളിയിച്ചു. മാക്സ് പ്ലാങ്കിൻ്റെ ക്വാണ്ടം സിദ്ധാന്തവുമായ് ബന്ധപ്പെട്ട പ്രകാശത്തിൻ്റെ കണികാ സ്വഭാവം കൂടുതൽ വ്യക്തമായ് തെളിയിക്കാൻ സി.വി രാമൻ്റെ കണ്ടുപിടുത്തത്തിന് സാധിച്ചു.
1930-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സി.വി രാമന് ലഭിച്ചു.അങ്ങനെ ഭൗതിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടുന്ന ആദ്യ ഏഷ്യക്കാരനായി അദ്ദേഹം.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ഡയറക്ടറായ് വിരമിച്ച അദ്ദേഹം ഭൗതികശാസ്ത്ര ഗവേഷണത്തിനായ് 1948-ൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും മരണംവരെ അവിടെ ഗവേഷണം നടത്തുകയും ചെയ്തു.


No comments:
Post a Comment