അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
ഓർക്കാം ഈ പരിസ്ഥിതി ദിനത്തിൽ സുന്ദർലാൽ ബഹുഗുണയെ...
ലോകത്തിലെ തന്നെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവുമായിരുന്നു സുന്ദർലാൽ ബഹുഗുണ ( 1927 ജനുവരി 9 - 21 മേയ് 2021). 1970 കളിൽ ചിപ്കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവ് വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി. ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി . 2009 ജനുവരി 26 ന് ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
ഹിന്ദിയിൽ "ചിപ്കോ എന്ന് പറഞ്ഞാൽ "ചേർന്ന് നിൽക്കുക" "ഒട്ടി നിൽക്കുക" എന്നോക്കെയാണ്. കർണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. ചിപ്കോ പ്രസ്ഥാനത്തിനു പ്രത്യേകമായും പരിസ്ഥിതിവാദത്തിന് പൊതുവായും അദ്ദേഹം നൽകിയ പ്രധാന സംഭാവനകളിലൊന്ന് ചിപ്കോക്ക് അദ്ദേഹം നൽകിയ "ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്" എന്ന മുദ്രാവാക്യമാണ്. തന്റെ പ്രസ്ഥാനത്തിന് ജനപിന്തുണ തേടിക്കൊണ്ട് 1981 മുതൽ 1983 വരെ അദ്ദേഹം നടത്തിയ ഹിമാലയത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര ചിപ്കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. ഈ യാത്ര അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തികൊണ്ടാണ്. 15 വർഷത്തിന് ഹരിതവൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ദിരയുടെ ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഫലമായി ഉണ്ടായതാണ്.
തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയിൽ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി.1995 ൽ, അണക്കെട്ടിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത് . അതിന് ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ വെച്ച് ബഹുഗുണ നടത്തുകയുണ്ടായി. 21/05/21നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
സമ്പാദനം: അഞ്ജലി.കെ, ഈസ്റ്റ് യു.പി.എസ് നാട്ടിക
No comments:
Post a Comment