🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, August 16, 2023

.സന്താൾ കലാപം. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

  23 .സന്താൾ കലാപം.
         മർദ്ദിതരും അസംഘടിതരുമായിരുന്ന പാവപ്പെട്ട ഗിരിവർഗ്ഗ നിവാസികളിൽ നിന്നും ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും അധികം എതിർപ്പ് നേരിടേണ്ടി വന്നത് പൂർവേന്ത്യയിലെ ആദിവാസികളായ സന്താളന്മാരിൽ നിന്നായിരുന്നു . ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലെ മലയോരവാസികളായിരുന്നു സന്താളന്മാർ .സന്താൾ എന്ന കുന്നിൻ ശൃംഖലയുമായി ബന്ധപ്പെട്ടാണ്  അവർക്ക് സന്താളന്മാർ എന്ന് പേരുണ്ടായത്. മറ്റു ഗിരി വർഗ്ഗ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി പ്രത്യേക ഭാഷയും (സന്താൾ ഭാഷ) ജീവിത രീതിയും ഉള്ള ഒരു വിഭാഗമായിരുന്നു അവർ. ജന്മനാ തന്നെ ബലിഷ്ഠരും ദീർഘകായരും.
     ബ്രിട്ടീഷ് ഭരണത്തിന്റെ തണൽ പറ്റി സെമിന്താർമാരും, പണം കടം കൊടുപ്പുകാരും കരം പിരിക്കുന്ന ബ്രിട്ടീഷ് ഏജൻറ് മാരും അവരെ വല്ലാതെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. പണം ഇടപാടുകാർ 50 മുതൽ 500 ഇരട്ടി വരെ പലിശ വസൂലാക്കുമായിരുന്നു .ആ നിലയിൽ ഒരിക്കലും അവർക്ക് കടം അടച്ചു തീർക്കാൻ കഴിഞ്ഞിരുന്നില്ല. കിട്ടാത്ത പണത്തിനു പകരമായി കടം കൊടുപ്പുകാർ അവരുടെ പാടങ്ങളിൽ നിന്ന് വിളവുകൾ മുഴുവൻ കൊയ്തു കൊണ്ടുപോകുമായിരുന്നു. പോലീസുകാർ അവരുടെ ഭാഗത്തായിരുന്നതിനാൽ സന്താളന്മാർക്ക് മറ്റൊരു നിവാരണ മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഇങ്ങനെ അരക്ഷിതത്വത്തിൽ കഴിഞ്ഞു വരവേയാണ് അവർക്കിടയിൽ നിന്നു തന്നെ അവരെ നയിക്കാൻ ചില നേതാക്കന്മാർ ഉണ്ടായത്. കനുവും, സിദ്ധുവും,തിൽക്കാമാജിയും. ബ്രിട്ടീഷ് രാജിനെതിരെ കലാപക്കൊടി ഉയർത്താൻ സന്താളന്മാരെ അവർ പ്രാപ്തരാക്കി. 12 പർഗാനകളിലായി, (പർഗാന എന്നാൽ ഗിരി വർഗ ഗ്രാമം) പതിനായിരത്തോളം ബലിഷ്ഠന്മാരെ ഒരുമിച്ച് നിർത്തിക്കൊണ്ട് ബ്രിട്ടീഷ് രാജിനെതിരെ അവർ പ്രതികരിപ്പിച്ചു. സന്താൾ ഭൂമി ബ്രിട്ടീഷ് ഭരണത്തിൽ നിന്നും വിമുക്തമാക്കും വരെ ആയുധം താഴെ വയ്ക്കുകയോ കലാപത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുകയോ ചെയ്യില്ല എന്ന ശപഥമാണ് അവരെടുത്തത്. ഗ്രാമത്തലവന്മാരുടെ സാന്നിധ്യത്തിൽ ചെയ്യുന്ന പ്രതിജ്ഞ അവർ തെറ്റിക്കില്ല. ഏറ്റെടുത്ത കർത്തവ്യം നിർവഹിക്കാനുള്ള ബാധ്യതയോടെ പതിനായിരത്തോളം സന്താളന്മാർ കൈകളിൽ ആയുധവുമായി കൽക്കത്ത ലക്ഷ്യം വെച്ചു നീങ്ങി. സിദ്ദുവിന്റെയും കനുവിന്റെയും അടിപതറാത്ത നേതൃത്വത്തിൽ. അവരോടൊപ്പം അയൽ ഗ്രാമങ്ങളിലുള്ള  മറ്റു പീഡിത വർഗ്ഗവും ചേർന്നു. കൂലിപ്പണിക്കാരും തോൽപ്പണിക്കാരും മറ്റും മറ്റും.
      അതൊരു മഹാപ്രവാഹമായി മാറി.
       1855 ജൂൺ 30 ന് ആയിരുന്നു സന്താൾ കലാപത്തിന്റെ തുടക്കം. വഴിനീളെ അവർ തങ്ങളുടെ ശത്രുക്കളുടെ ശിരസ്സു കൊയ്തു. കൂട്ടത്തിൽ മഹേഷ് എന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും. 
           കൽക്കത്തയ്ക്കുള്ള
 പ്രയാണത്തിനിടയിൽ  മേജർ ബറോസ് എന്ന സേനാ മേധാവി ഒരുപറ്റം സൈന്യവുമായി വന്ന് അവരെ വഴിയിൽ തടഞ്ഞു അഞ്ചുമണിക്കൂറോളം യുദ്ധം നടന്നു. മേജറും സൈന്യവും തോൽവി ഏറ്റെടുത്തുകൊണ്ട് പലായനം ചെയ്തു. ഗ്രാമവഴിയിലുള്ള ഒരു കോട്ടയ്ക്കുള്ളിൽ അവർ അഭയം തേടി. സിദ്ദുവിന്റെയും കനുവിന്റെയും നേതൃത്വത്തിൽ ഒരു വിഭാഗം സന്താളന്മാർ കോട്ട വളഞ്ഞ് മേജറിനെയും സൈന്യത്തെയും യുദ്ധത്തടവുകാരായി പ്രഖ്യാപിച്ചു. 
    സന്താളന്മാർ കൽക്കത്ത ലക്ഷ്യം വെച്ചു കൊണ്ടുള്ള പടനീക്കം തുടർന്നു.
    ഇംഗ്ലീഷ് പട്ടാളം മൂർഷിദാബാദിൽ വെച്ച് സന്താളന്മാരെ വളഞ്ഞു പിടിച്ചു. എന്നാൽ സന്താളന്മാർ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവർക്ക് കീഴടങ്ങൽ അറിയാമായിരുന്നില്ല.
      അവസാനത്തെ സന്താളൻ മരിച്ചു വീഴുവോളം അവർ പൊരുതി നിന്നു. 1857ലെ ശിപായി ലഹളയിൽ മരിച്ചവരുടെ എണ്ണം മാറ്റിനിറുത്തിയാൽ, ഇന്ത്യയിൽ മുമ്പും പിമ്പും നടന്ന കലാപങ്ങളിൽ ഇത്രയധികം കൂട്ടക്കൊല നടന്ന മറ്റൊരു ദുരന്തം ഉണ്ടായിട്ടില്ല.

 തയ്യാറാക്കിയത്:  പ്രസന്നകുമാരി (Rtd teacher)

No comments:

Post a Comment