🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 20, 2023

ഇന്ത്യയെ തകർത്ത് ബ്രിട്ടൻ കൊഴുത്തു /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം സംഭവങ്ങൾ .

27 . ഇന്ത്യയെ തകർത്ത് ബ്രിട്ടൻ കൊഴുത്തു.
     ഇന്ത്യ പണ്ടുകാലത്ത് ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. ഗ്രാമങ്ങൾ ആയിരുന്നു ഈ ഖ്യാതി നേടി തന്നിരുന്നത്. വിയർപ്പ് തുള്ളികൾ മുത്താക്കി മാറ്റികൊണ്ടുള്ള ഗ്രാമീണ ജനതയുടെ അവിശ്രമമായ അധ്വാനമാണ് ഇവിടെ ക്ഷേമം വിളയിച്ചത്. ഇന്ത്യയിൽ ഏറ്റവും ക്ഷേമം വിളയുന്ന നാടായിരുന്നു ബംഗാൾ. ലോകത്തിലെ തന്നെ ധനാഢ്യനിൽ ചിലർ ബംഗാളികൾ ആയിരുന്നു. ഇന്ത്യയിലെ പട്ടുവസ്ത്രങ്ങൾ വളരെയധികം  വിശ്രുതമായിരുന്നു.  ബംഗാൾ മാത്രമായിരുന്നില്ല ഇക്കാര്യത്തിൽ ഖ്യാതി നേടിയിരുന്നത് മറ്റ് പല കേന്ദ്രങ്ങളും പട്ട് ഉത്പാദിപ്പിച്ചിരുന്നു .തെക്ക് കാഞ്ചീപുരത്തും, കിഴക്ക് ഗുജറാത്തിലും, വടക്ക് കാശ്മീരിലും നമ്മുടെ കരകൗശല വിദഗ്ധരും നെയ്ത്തുകാരും ചേർന്ന് വിശേഷപ്പെട്ട പട്ട് ഉത്പാദിപ്പിച്ചിരുന്നു.
   പ്രാചീനകാലം മുതൽക്ക് തന്നെ ഇന്ത്യയുടെ പരുത്തി വസ്ത്രങ്ങളും ലോകമെങ്ങും പ്രസിദ്ധമായിരുന്നു. വാരണാസി, ആഗ്ര, മാൾവ, ഗുജറാത്ത് എന്നിവിടങ്ങളിൽ നാം വിശേഷപ്പെട്ട തുണിത്തരങ്ങൾ നിർമ്മിച്ചു. നെയ്ത്തുകാർ കുടിലുകളിൽ കൈത്തറിയിൽ നെയ്തുണ്ടാക്കിയ പരുത്തി വസ്ത്രങ്ങൾക്ക് വിദേശകമ്പോളങ്ങളിൽ ഏറെ പ്രിയമായിരുന്നു. ഈ വസ്ത്രങ്ങൾക്കുള്ള മഹത്വത്തിന് കൈത്തറിക്കാരുടെ കരവിരുത് മാത്രമായിരുന്നില്ല ഹേതു, പരുത്തി വിളയുന്ന ഇന്ത്യയിലെ മണ്ണിൻ്റെ മേന്മ കൂടി അവരെ അനുഗ്രഹിച്ചിരുന്നു. കറുത്ത പൊന്ന് എന്ന് വിശേഷിപ്പിച്ചു പോന്നിരുന്ന കുരുമുളകിൻറെ കഥ പോലെ ആയിരുന്നു ഇതും. വ്യാപാരത്തിന്റെ മുഖ്യ ഭാഗമായ ഈ മഹത്വമുള്ള തുണിത്തരങ്ങൾ ഇംഗ്ലണ്ടിലേക്കും, ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്കും, ജപ്പാൻ, ബർമ്മ, ചൈന, അറേബ്യ, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കും കയറ്റി അയക്കുമായിരുന്നു.
     എന്നാൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ മറ്റു പല ഉൽപ്പന്നങ്ങളുടെയും കൂട്ടത്തിൽ ഇന്ത്യയുടെ വസ്ത്രങ്ങൾക്കു മീതെയും വ്യാപാര കുത്തക സമ്പാദിച്ചു. ഈസ്റ്റിന്ത്യാ കമ്പനി ബംഗാൾ കയ്യടക്കിയ ശേഷം എടുത്ത നടപടികളിൽ ഒന്ന് ഇന്ത്യയുടെ പരുത്തി തുണി വ്യവസായത്തെ തകർക്കുകയായിരുന്നു ഉൽപാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിൽ നിന്ന രാജ്യമായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിലെ തുണി വ്യവസായത്തെ സഹായിക്കുന്നതിനായി ഇന്ത്യയിലെ തുണി വ്യവസായത്തെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ നിരവധി നടപടികൾ എടുത്തിരുന്നു. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിക്ക് ബ്രിട്ടനിൽ ഭാരിച്ച നികുതി ചുമത്തി ഇന്ത്യയിൽ തുണി ഉൽപാദനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നികുതി കൂട്ടുകയും ചെയ്തു .ഇതിൻറെ എല്ലാം ഫലമായി ഇന്ത്യയിൽ നിന്നുള്ള പരുത്തി തുണി കയറ്റുമതി ഗണ്യമായി കുറഞ്ഞു .ഇവിടെ ഉപയോഗം മരവിച്ചത് മൂലം കെട്ടിക്കിടന്ന പരുത്തി ബ്രിട്ടീഷുകാർ അവരുടെ പിതൃ ഭൂമിയിലേക്ക് കപ്പൽ കയറ്റി കൊണ്ടുപോയി തുടങ്ങി. അവിടെയുള്ള വൻകിട യന്ത്രശാലകളിൽ അവ നൂലായും, വസ്ത്രങ്ങളായും രൂപാന്തരപ്പെട്ടു . ആധുനിക യന്ത്രങ്ങളുടെ സഹായം കൊണ്ട് അവർക്ക് ലോകത്തിനു മുഴുവൻ ആവശ്യമായ വസ്ത്രം നിർമ്മിക്കാൻ കഴിയുമായിരുന്നു. അങ്ങനെ നിർമിക്കപ്പെട്ട വസ്ത്രങ്ങൾ ഇന്ത്യയിലേക്കും പ്രവഹിച്ചു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളേക്കാൾ എത്രയോ കുറഞ്ഞ വിലയ്ക്ക് അവർ അവരുടെ വസ്ത്രങ്ങൾ വിറ്റു. യന്ത്ര നിർമ്മിതമായിരുന്നതിനാൽ എത്ര വിലകുറച്ചു വിറ്റാലും അവർക്ക് ലാഭം ആയിരുന്നു. വിലക്കുറവ് കാരണം നമ്മുടെ ഉപഭോക്താക്കൾ ഗുണമേന്മ കണക്കാക്കാതെ വിദേശത്തുണികളുടെ പിന്നാലെ പോയി ത്തുടങ്ങി. അതോടെ വസ്ത്രങ്ങളുടെ മുഖ്യ ഉത്പാദക രാജ്യം എന്ന ഇന്ത്യയുടെ പദവി നഷ്ടപ്പെട്ടു. ഇതുപോലെയായിരുന്നു ബംഗാളിലെയും ബീഹാറിലെയും നീലം കൃഷിക്കാരുടെ ദുരന്തകഥ.
   കരകൗശല ജോലിക്കാരും അവരുടെ ചൂഷണത്തിന്റെ ബലിയാടുകളായി ഇന്ത്യയിലെ കരകൗശല വസ്തുക്കൾ പുറം കമ്പോളത്തിൽ എത്തിക്കാനും വിറ്റഴിക്കാനും നിരോധനം ഏർപ്പെടുത്തി. വ്യാപാരം ഇംഗ്ലീഷുകാരിലൂടെ മാത്രമേ പാടുള്ളൂ എന്നായി. വിൽപ്പനരംഗത്ത് ഭാരിച്ച നികുതി ചുമത്തുകയും ചെയ്തു. അതോടെ വിദേശത്തേക്ക് ഇന്ത്യൻ കരകൗശല വസ്തുക്കൾ കയറ്റി അയക്കുന്നത് തടസ്സപ്പെട്ടു. ആഭ്യന്തര വിപണിയിൽ ആണെങ്കിൽ അതിൻറെ കുത്തകയും ഇംഗ്ലീഷുകാരായ വ്യാപാരികളുടെ നിയന്ത്രണത്തിൽ ആയി. അതോടെ ശില്പികളും കരകൗശല വിദഗ്ധരും വഴിയാധാരമായി. ഇന്ത്യയുടെ ഇത്തരം ഉൽപ്പന്നങ്ങൾ ഇംഗ്ലണ്ടിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും നിയമം മൂലം തടഞ്ഞു. വസ്ത്രങ്ങളുടെ കാര്യത്തിലും ഈ നിയമത്തിന്റെ വിലക്കുണ്ടായിരുന്നു. ഇന്ത്യൻ നിർമ്മിത വസ്ത്രങ്ങൾ ഇംഗ്ലണ്ടിൽ പരസ്യമായി ധരിച്ചു നടക്കുന്നത് ശിക്ഷാർഹമായ കുറ്റമായിരുന്നു അക്കാലത്ത്. എന്നാൽ അവരുടെ നിർമ്മിത വസ്തുക്കൾ ഇന്ത്യയിൽ വിറ്റഴിക്കുന്നതിന് ഇങ്ങനെയുള്ള യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. അവയ്ക്ക് നികുതി ചുമത്തിയിരുന്നില്ല. ആർക്കും എവിടെയും എപ്പോഴും വ്യാപാരം നടത്താമെന്ന രീതിയായിരുന്നു. അതുകാരണം ഇവിടുത്തെ കടകമ്പോളങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾ കുന്നുകൂടി.   
      ഇത്തരത്തിലുള്ള ബഹുമുഖമായ ചൂഷണങ്ങൾക്ക് വിധേയരായി ഗ്രാമീണർ തൊഴിൽരഹിതരാവുകയും അനുദിനം എന്നോണം തൊഴിൽരഹിതരുടെ എണ്ണം കൂടി കൂടി വരികയും ചെയ്തു. ഇതിന് ആക്കം കൂട്ടാൻ മറ്റൊരു ദുരന്തത്തിന്റെ ഭാരം കൂടി താങ്ങേണ്ടിവന്നു. വ്യാവസായിക രംഗത്ത് ഇംഗ്ലണ്ടിലുണ്ടായ വലിയ പരിവർത്തനം ആയിരുന്നു അത്. ചരിത്രത്തിൻറെ ഗതിതിരിച്ച വ്യാവസായിക വിപ്ലവം.

 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

No comments:

Post a Comment