🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 20, 2023

26 .കുക കലാപം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

26 .കുക  കലാപം.
    ബ്രിട്ടീഷ് ഭരണത്തിനും അതിനു താങ്ങായി നിന്ന വൻകിട പ്രഭുക്കന്മാർക്കും എതിരെ പഞ്ചാബിലെ കർഷകർ 1860കളിലും 70കളിലും വലിയ പോരാട്ടം നടത്തുകയുണ്ടായി .
നാം ധാരി വിഭാഗത്തിലെ സിക്കുമത വിശ്വാസികളായിരുന്നു സമരത്തിൻറെ മുൻപന്തിയിൽ . കൂക കലാപം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത് . ഗുരു രാം സിംഗ് ആയിരുന്നു സമരത്തിൻറെ നേതാവ്.
    മഹാരാജ രൺജിത്ത് സിംഗിന്റെ പട്ടാളത്തിൽ നാം ധാരികൾ എന്നൊരു സിക്കു വിഭാഗം ഉണ്ടായിരുന്നു. കുക്കകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ ദീർഘകാലത്തെ പട്ടാള സേവനത്തിന് ശേഷം സമരമാർഗ്ഗത്തിൽ നിന്നും മാറി മതകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. എന്നാലും സൈനിക രീതികളും പട്ടാളച്ചിട്ടകളും മറ്റും മുഴുവൻ ഉപേക്ഷിച്ചതുമില്ല.  അവരുടെ നേതാവായിരുന്നു ഗുരു രാം സിംഗ്.  പഞ്ചാബ് സിംഹം ആയിരുന്ന രൺജിത്ത് സിംഗിനെ പോലെ തന്നെ ദേശാഭിമാനിയും സ്വാതന്ത്ര്യ പ്രേമിയും ആയിരുന്നു ഗുരു രാം സിംഗ് . ഈ മഹാനായ ദേശാഭിമാനിയുടെ നേതൃത്വത്തിൽ നാം ധാരികൾ സംഘടിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങി. ബ്രിട്ടീഷുകാർ നാട്ടുകാരുടെ നന്മയ്ക്കുവേണ്ടി എന്ന നാട്യത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും റെയിൽവേയും കമ്പിത്തപാൽ വകുപ്പും ബഹിഷ്കരിച്ചു .തികച്ചും പ്രാദേശികമായിരുന്നു ഈ ബഹിഷ്കരണം.
    ബ്രിട്ടീഷ് ഗവൺമെൻറ് നാം ധാരികളുടെ പ്രവർത്തനത്തിന് കുറേശ്ശെ കുറേശ്ശെയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നോക്കി. പടിപടിയായി നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണ രൂപത്തിൽ എത്തിക്കഴിഞ്ഞപ്പോൾ ഗവൺമെൻറ് വിലക്കുകളിൽ അല്പാല്പം അയവ് വരുത്തി. വാസ്തവത്തിൽ ഒരു നാട്യം മാത്രമായിരുന്നു അത്. അവരുടെ കൂട്ടത്തിൽ കുറേ പേരെയെങ്കിലും പാട്ടിലാക്കാനുള്ള ഒരടവ്. സ്വദേശി പ്രസ്ഥാനത്തെ തലപൊക്കാൻ അനുവദിക്കാതെ ദേശാഭിമാനത്തിന് തുറന്ന ശ്വാസോച്ഛ്വാസം പോലും അനുവദിക്കാതെ ചവിട്ടി അമർത്തി പിടിക്കാൻ അവർ ഒരിക്കലും മറന്നില്ല. എന്ന് തന്നെയല്ല ആ പ്രസ്ഥാനത്തെ കഴുത്തു ഞെരിച്ചു കൊല്ലാൻ അവസരം പാർത്തിരിപ്പായി അവർ . അക്കാലത്ത് മലെർകൊട്ല എന്ന പ്രദേശം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരുടെ എറാൻമൂളിയായിരുന്ന ഒരു ഒരു മുസ്ലിം രാജാവായിരുന്നു. ബ്രിട്ടീഷുകാർ അയാളെ പതുക്കെ പതുക്കെ പറഞ്ഞിളക്കി നാം ധാരികൾക്ക് എതിരായി തിരിച്ചുവിട്ടു .ഹിന്ദുക്കളെയും  മുസ്ലിങ്ങളെയും തമ്മിൽ അകറ്റുക എന്ന് നയത്തിന്റെ ആദിമ രൂപം.  ബ്രിട്ടീഷുകാർ പറയുന്നത് എന്തും വേദവാക്യമായി എണ്ണിയിരുന്ന ആ രാജാവ് ഒടുക്കം വലയിൽ വീഴുക തന്നെ ചെയ്തു. 1872 ജനുവരിയിലെ മാഘ മേള. പതിവുപോലെ ഒരു വലിയ സംഘം നാംധാരികൾ അമൃത സരസിൽ തീർത്ഥ സ്നാനത്തിന് ഇറങ്ങിത്തിരിച്ചു . അവരുടെ യാത്രാമാർഗത്തിൽ ഉണ്ടായിരുന്ന ഒരു സംസ്ഥാനമാണ് മലെർകൊട്ല പ്രദേശം. അവിടുത്തെ മുസ്ലീങ്ങൾ തീർത്ഥാടകരെ പലതരത്തിലും ആക്രമിക്കാനും ദ്രോഹിക്കാനും തുടങ്ങി. മതപരമായ കർമ്മത്തിന് പോവുകയായിരുന്ന നാം ധാരികൾ അക്രമത്തിൽ പ്രകോപിതരാകാതെ കുറെയൊക്കെ സഹിച്ചു. ക്ഷമിച്ചു . ഫലമില്ല ആക്രമണത്തിന് മൂർച്ച കൂടുകയാണ് .തീർത്ഥാടനം മുടങ്ങും എന്ന ഘട്ടമായി. ക്ഷമയുടെ നെല്ലിപ്പടി കണ്ടു കഴിഞ്ഞപ്പോൾ പ്രത്യാക്രമണം  തുടങ്ങി. പ്രബലമായ തിരിച്ചടി തന്നെ . വമ്പിച്ച ഒരു സിക്ക് മുസ്ലിം ലഹളക്ക് കളമൊരുങ്ങി കഴിഞ്ഞു ഗുരുറാം സിംഗ് തൻറെ അനുയായികളെ ശാന്തരാക്കാൻ ആവുന്നത്ര പരിശ്രമിച്ചു നോക്കി. പ്രകോപനങ്ങൾക്ക് വശംവദരാകരുത് എന്ന് അദ്ദേഹം ആവർത്തിച്ച് ഉപദേശിച്ചു . ഫലമുണ്ടായില്ല തീർത്ഥയാത്ര യുദ്ധയാത്രയായി മാറി. വിപുലമായ ആയുധസംഹാരത്തോടെ നാം ധാരികൾ വമ്പിച്ച സൈന്യ ശേഖരങ്ങളെ പോലെ മലെർകൊട്ല പ്രദേശത്തിലേക്ക് തിരിച്ചു. അവർ കൊട്ടാരവാതിൽ വരെ എത്തി. ഇതുതന്നെയായിരുന്നു ബ്രിട്ടീഷുകാർക്ക് വേണ്ടിയിരുന്നത്. കാത്തിരുന്ന സന്ദർഭം സിക്ക്-മുസ്ലിം ലഹള അല്ലേ. ബ്രിട്ടീഷുകാർക്ക് കയ്യുംകെട്ടി നോക്കിയിരിക്കാൻ ഒക്കുമോ? അടങ്ങിയിരുന്നാൽ, കണ്ടില്ലെന്നു നടിച്ചാൽ നാടാകെ നശിക്കില്ലേ.
    ലുധിയാനയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണർ വലിയൊരു സൈന്യസന്നാഹവുമായി സംഭവസ്ഥലത്ത് എത്തി. നാം ധാരികളിൽ ഒരു വിഭാഗം ഗുരുറാം സിംഗിന്റെ സമാധാന സംരംഭങ്ങളെ അനുകൂലിച്ചു. കൂടുതൽ പ്രബലമായ മറ്റൊരു വിഭാഗം എന്ത് ചെയ്തും ഈ മുസ്ലിം ആക്രമണത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് വാശി പിടിച്ചു . അവർ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമു ണ്ടായിരുന്നില്ല. ബ്രിട്ടീഷ് സേനാ വിഭാഗം നാം ധാരികളുടെ നേരെ പ്രബലമായ ആക്രമണം അഴിച്ചുവിട്ടു. പഞ്ചാബികൾക്ക് സഹജമായ സാഹസികതയോടെ ചെറുത്തുനിന്ന നാം ധാരികൾക്ക് ഏറെ നേരം എതിർത്തുനിൽക്കാൻ പറ്റിയില്ല .അവർ പടക്കളത്തിൽ കൂട്ടംകൂട്ടമായി മരിച്ചുവീഴാൻ തുടങ്ങി. ഒടുക്കം ബ്രിട്ടീഷുകാർ 68  നാം ധാരികളെ  പിടികൂടി. അതിൽ 50 പേരെ അവിടെവച്ച് തന്നെ പീരങ്കി മുഖത്തു കെട്ടി ചുട്ടുകരിച്ചു. ഏതാനും പേരെ തൂക്കിക്കൊന്നു. പീരങ്കി മുഖത്ത് കെട്ടിനിർത്തിയവരുടെ കൂട്ടത്തിൽ പത്ത് പതിമൂന്ന് വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. നിസ്സഹായനായ ആ കുട്ടിയുടെ ദയനീയ നില കണ്ടപ്പോൾ ഡെപ്യൂട്ടി കമ്മീഷണറുടെ ഭാര്യയ്ക്ക് അലിവ് തോന്നി. ഇത്ര ചെറിയ ഒരു കുട്ടിയെ ഇങ്ങനെ ക്രൂരമായി ഹിംസിക്കുകയോ. അവരുടെ മാതൃവാത്സല്യം ഭർത്താവിൻറെ മുമ്പിൽ ഒഴുകിയെത്തി്‌ "ഇവൻ കൊച്ചുകുട്ടി അല്ലേ. നമുക്ക് എതിരായി ആരെങ്കിലും ഇവനെ തിരിച്ചുവിട്ടതാകും ഇതിനെ ഇങ്ങനെ കശാപ്പ് ചെയ്യരുത് ഏതു വ്യവസ്ഥയിലും ഇവനും മാപ്പ് കൊടുക്കൂ" ഡെപ്യൂട്ടി കമ്മീഷണർക്ക് വ്യവസ്ഥയുടെ കാര്യത്തിൽ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല ഇവൻ ഇക്കൂട്ടരുടെ ഗുരുറാം സിംഗിനെ തള്ളി പറയട്ടെ ഞാൻ ഇവനെ വെറുതെ വിട്ടയക്കാം അദ്ദേഹം ആ പയ്യൻറെ മുന്നിലെത്തി ശാന്തനായി പറഞ്ഞു "എടാ ചെറുക്കാ, നീ മിടുമിടുക്കനാ.
 മദാമ്മയ്ക്ക് നിന്നോട് ദയ തോന്നിയിരിക്കുന്നു. നിന്റെ മഹാഭാഗ്യം. നിന്നെ വെറുതെ വിട്ടയക്കണമെന്നാണ് അവർ പറയുന്നത് .നീ ഒരു ചെറിയ കാര്യം ചെയ്താൽ മതി നിങ്ങളുടെ ഗുരു ഉണ്ടല്ലോ ആ തെമ്മാടി റാംസിങ് അവനെ തള്ളിപ്പറയണം അവൻറെ ശിഷ്യൻ അല്ല നീ എന്നു പറഞ്ഞാൽ മതി".
    ഗുരുവിനെ വെള്ളക്കാരൻ തെമ്മാടി എന്ന് വിളിക്കുന്നത് കേട്ടു നിൽക്കാൻ ആ കുട്ടിക്ക് കഴിഞ്ഞില്ല എങ്ങു നിന്നല്ലാതെ പാഞ്ഞു കയറി വന്ന ധർമ്മരോഷം അവൻറെ കൈക്കരുത്തിന് ആക്കംകൂട്ടി അവൻ നിന്ന നിൽപ്പിൽ ഒരു കുതി. ചെന്നുനിന്നത് കമ്മീഷനോട് മുൻപിൽ. അവൻ അയാളുടെ താടി ചാടി പിടിച്ചു. ശക്തിയോടെ താടി പിടിച്ചു വലിച്ചു. ആ കൊച്ചു കേസരിയുടെ അലർച്ച അവിടെയെങ്ങും മാറ്റൊലി കൊണ്ടു .എൻറെ ഗുരുവിനെ നീ തെമ്മാടി എന്ന് വിളിച്ചോ? ആ മഹാനെ ശകാരിക്കാൻ നീ ആര് ? നിനക്ക് എന്തു കാര്യം? ആ വാക്കുകൾ മുഴുമിക്കാൻ കഴിഞ്ഞില്ല ഒരു ചെറു പയ്യന് ഇത്ര അധികാരമോ തൻറെ താടി അപ്പോഴും വിടാതെ പിടിച്ചുവലിക്കുന്ന പയ്യൻറെ കൈ ചൂണ്ടിക്കാട്ടിക്കൊണ്ട് ആ മേധാവി  ആജ്ഞാപിച്ചു ഈ രണ്ടു കൈയും ഇങ്ങനെ തന്നെ വെട്ടിക്കള ഇനി ഇതുകൊണ്ട്.... കുട്ടിയുടെ രണ്ടുകയ്യും വാഴപ്പിണ്ടി പോലെ നിലത്തുവീണു അടുത്ത നിമിഷത്തിൽ തന്നെ അവനെ പീരങ്കി മുഖത്ത് കെട്ടി ചുടുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഈ സംഭവം രേഖപ്പെടുത്തി കാണുന്നുണ്ട് ഇവൻറെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ആർക്കും അറിഞ്ഞുകൂടാ. ഈ ഒരു നയതന്ത്രപരമായ നീക്കം കൊണ്ട് ബ്രിട്ടീഷുകാർക്ക് നാം ധാരികളെ നിർദയമായി അടിച്ചമർത്താൻ കഴിഞ്ഞു. ഗുരു റാംസിംഗിനെ നാടുകടത്തി ബർമ്മയിൽ വെച്ച് ആ മഹാനായ ദേശസ്നേഹി ആരോരും അറിയാതെ അകാലചരമമടഞ്ഞു.
 തയ്യാറാക്കിയത്:
 പ്രസന്നകുമാരി ജി

No comments:

Post a Comment