🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 31, 2023

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുക്കുന്നു /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

  28 .   ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുക്കുന്നു .
      പ്ലാസി  യുദ്ധത്തോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യക്കാരിൽ നിന്ന് കടുത്ത എതിർപ്പ് ഉണ്ടായിട്ടും ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടാനുള്ള ജനങ്ങളുടെ സമരം ശക്തിപ്പെട്ടിട്ടും രാജ്യം വിട്ടു ഒഴിഞ്ഞു പോകാൻ ബ്രിട്ടീഷുകാർക്ക് വൈമനസ്യം ഉണ്ടായതിന്റെ പ്രധാന കാരണം സാമ്പത്തികം ആയിരുന്നു.  തങ്ങളുടെ വ്യാവസായിക ഉൽപ്പന്നങ്ങൾ വിൽക്കാൻ അവികസിതമായ ഇന്ത്യ ഒരു കോളനിയായി നിലനിൽക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. വെള്ളക്കാർക്ക് ഉദ്യോഗങ്ങൾ നോക്കാനും വരുമാനം ഉണ്ടാക്കാനുമുള്ള ഒന്നാന്തരം മേച്ചിൽ സ്ഥലം. ദരിദ്രരായ ഇന്ത്യക്കാർക്ക് നാമമാത്രമായ കൂലി കൊടുത്തു ജോലി ചെയ്യിപ്പിക്കാം. അങ്ങനെ പുതിയ വ്യവസായ വാണിജ്യ സംരംഭങ്ങളിൽ മുതൽമുടക്കി ചുരുങ്ങിയ ചെലവിൽ വൻ ലാഭം കൊയ്യാം. ഇതിനൊക്കെ പുറമേ പലയിടത്തും ബ്രിട്ടന് യുദ്ധം നടത്താൻ ആളും അർത്ഥവും ഇന്ത്യയിൽ നിന്നുണ്ടാക്കാം. ഇന്ത്യ കൈവിട്ടുപോയാൽ ഇതൊന്നും സാധിക്കില്ല. ചുരുക്കത്തിൽ ഇന്ത്യയിലെ വിഭവങ്ങളെയും ഇന്ത്യക്കാരെയും ചൂഷണം ചെയ്ത് കീശ വീർപ്പിക്കണം എന്ന ലക്ഷ്യമായിരുന്നു എല്ലാത്തരം എതിർപ്പുകൾ ഉണ്ടായിട്ടും സ്വന്തം നാട്ടുകാരിൽ പലർക്കും ജീവഹാനി നേരിട്ടിട്ടും ഇന്ത്യയിൽ ബ്രിട്ടൻ പിടിച്ചുനിൽക്കാൻ കാരണം.
     ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഭൂനികുതി ഗണ്യമായി ഉയർത്തി. കൈതൊഴിലുകാരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടപ്പെട്ടു. ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള വരുമാനം പോലും അവർക്ക് ഇല്ലാതായി. ഇതിന്റെയെല്ലാം ഫലം ആവർത്തിച്ചുള്ള ക്ഷാമം ആയിരുന്നു. 1770 ൽ ബംഗാളിലും ബീഹാറിലും പടർന്നു പിടിച്ച ക്ഷാമത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. ബംഗാളിലെയും ബീഹാറിലെയും അന്നത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ക്ഷാമത്തിൽ മരിച്ചതായാണ് കണക്കാക്കുന്നത്.
    ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ സഹായകമായ ഒട്ടേറെ പരിഷ്കാരങ്ങളും പരിപാടികളും ബ്രിട്ടീഷ് ഭരണം നടപ്പാക്കി. പരോക്ഷമായി അവ ഇന്ത്യയുടെ പുരോഗതിക്ക് സഹായകമായി എന്നത് വസ്തുതയാണ് . ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ രംഗങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കി. റെയിൽവേയുടെയും റോഡ് ഗതാഗതത്തിന്റെയും വികസനം ബ്രിട്ടീഷ് ഭരണത്തിന് അത്യാവശ്യം ആയിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള അസംസ്കൃത സാധനങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ തുറമുഖങ്ങളിൽ എത്തിക്കേണ്ടിയിരുന്നു. പട്ടാളക്കാരുടെ യാത്രയ്ക്കും റെയിൽ, റോഡ് വികസനം അത്യാവശ്യമായിരുന്നു.
       ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്ന തനത് വിദ്യാഭ്യാസ രീതി അപ്പാടെ മാറ്റി ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്താൻ മുൻകൈയെടുത്തത് മെക്കാളെ പ്രഭു ആയിരുന്നു. സാഹിത്യത്തിലും സംസ്കാരത്തിലും എല്ലാം ഇന്ത്യയുടെ സമ്പന്നമായ പൈതൃകം അംഗീകരിക്കാൻ മെക്കാളെ തയ്യാറല്ലായിരുന്നു .ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിൽ ഏർപ്പെടുത്തിയത് അവരുടെ ഭരണസൗകര്യത്തിന് ആണെങ്കിലും ഇന്ത്യക്കാർക്ക് പാശ്ചാത്യ ആശയങ്ങളുമായി ബന്ധം വളർത്താൻ ഇത് സഹായകമായി. കച്ചവടത്തിനായി ഇവിടെ വന്ന് രാജ്യം വെട്ടിപ്പിടിച്ച ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്നും 1858ല്‍ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് ഏറ്റെടുത്തു . ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി ഒരു വിളംബരത്തിൽ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു . ഇന്ത്യയിലെ ജനങ്ങളുടെ സ്വത്തിനും വിശ്വാസപ്രമാണങ്ങൾക്കും ഭദ്രത ഉറപ്പുവരുത്താനാണ് ഭരണം ഏറ്റെടുക്കുന്നത് എന്നായിരുന്നു രാജ്ഞിയുടെ പ്രഖ്യാപനം. എന്നാൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ 'ഇന്ത്യയെ കുറെ കൂടി ഫലപ്രദമായി കൊള്ളയടിക്കുക'  എന്ന ലക്ഷ്യം തന്നെയാണ് നേരിട്ടുള്ള ഭരണത്തിലും നടന്നത്.
   തയ്യാറാക്കിയത്:  പ്രസന്നകുമാരി. ജീ

No comments:

Post a Comment