അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
29. സാമൂഹിക സാംസ്കാരിക നവോത്ഥാനം.
ബ്രിട്ടീഷ് ആധിപത്യം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വമ്പിച്ച പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ നാമ്പിട്ട നവോത്ഥാന പ്രസ്ഥാനമാണ് ഇതിൻറെ ഏറ്റവും ശ്രദ്ധേയമായ തെളിവ്. ബ്രിട്ടീഷുകാർക്ക് അവരുടെ ഭരണസഹായികളായി ഒരു ചെറിയ വിഭാഗത്തെ വളർത്തിക്കൊണ്ടു വരേണ്ടത് ആവശ്യമായിരുന്നു. പരിമിതമായ ഈ ലക്ഷ്യത്തോടെ നടപ്പാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിലെ ബുദ്ധിജീവികൾക്കു മുമ്പിൽ അറിവിൻറെ പുതിയൊരു ലോകം തുറന്നു കൊടുത്തു. പാശ്ചാത്യ ചിന്താധാരകളുമായും ആധുനിക ശാസ്ത്രങ്ങളുമായും ഇടപഴകാൻ ഇത് അവസരം ഒരുക്കി. അതിപുരാതനമായ ചരിത്രവും സാംസ്കാരിക പൈതൃകവും ഉള്ള ഇന്ത്യ ഒരു കൊച്ചു രാഷ്ട്രമായ ബ്രിട്ടനു കീഴ്പ്പെട്ടതിന്റെ കാരണങ്ങൾ അവർ ആരായാൻ തുടങ്ങി. ഇന്ത്യൻ സാമൂഹിക ഘടനയുടെ ദൗർബല്യങ്ങളാണ് നമ്മുടെ അടിമത്വത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് എന്ന് മനസ്സിലാക്കി, ഈ ദൗർബല്യങ്ങൾ തരണം ചെയ്യാതെ ഇന്ത്യക്ക് ബ്രിട്ടീഷ് നുകത്തിൽ നിന്ന് മോചനം ഉണ്ടാവില്ല എന്ന് മനസ്സിലാക്കുകയും ,ഈ തിരിച്ചറിവ് പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന് വഴിയൊരുക്കുകയും ചെയ്തു.
നവോത്ഥാന നായകരിൽ പലരും ഹിന്ദുമത വിശ്വാസികളായിരുന്നു. ജീർണ്ണതയുടെ വിഴുപ്പ് ഭാണ്ഡവുമായി നടക്കുന്ന സ്വന്തം മതത്തിലെ പൗരോഹിത്യത്തിനെതിരെ അവർ ആഞ്ഞടിച്ചു. മതത്തെ ശുദ്ധീകരിച്ചാൽ മാത്രമേ ഹൈന്ദവ വിശ്വാസികളെ ശുദ്ധീകരിച്ചെടുക്കാൻ നിർവാഹമുള്ളൂ എന്ന് അവർ സിദ്ധാന്തിച്ചു. അതിനായി അവർ മുന്നിട്ടിറങ്ങി. അറിവിൻറെ ചക്രവാളത്തിന് വിസ്തൃതി കൂട്ടാൻ തീവ്രശ്രമം ആരംഭിച്ചു.
അങ്ങനെ മുന്നിട്ടിറങ്ങിയവരിൽ പ്രമുഖരായിരുന്നു രാജാറാം മോഹൻ റോയ്, ദയാനന്ദ സരസ്വതി , കേശവ ചന്ദ്രസെൻ ,വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പിതാവായ അവനീന്ദ്രനാഥ ടാഗോർ , ശ്രീരാമകൃഷ്ണൻ, വിവേകാനന്ദൻ , ദാദാഭായ് നവറോജി, ശ്രീനാരായണഗുരു, ഈശ്വര ചന്ദ്ര വിദ്യാസാഗർ തുടങ്ങിയവർ. ഇവരിൽ ഒന്നാമതായി എടുത്തു പറയേണ്ട പേരാണ് രാജാറാം മോഹൻ റോയിയുടേത്. ഇംഗ്ലീഷ് ഭാഷ സ്വീകരിക്കുന്നതിന് വൈമുഖ്യം കാട്ടിയ തൻ്റെ നാട്ടുകാരോട് അദ്ദേഹം പറഞ്ഞു ഇംഗ്ലീഷുകാർക്ക് പകരം ഇംഗ്ലീഷ് ഭാഷയോട് നാം വിദ്വേഷം കാട്ടുന്നതിൽ അർത്ഥമില്ല. ആ ഭാഷ സായത്തമാക്കുന്നത് മൂലം വിശ്വത്തോളം വളർന്നുനിൽക്കുന്ന ഒരു പുതിയ ജ്ഞാന മണ്ഡലം നമുക്ക് നേരെ തുറന്നുനിൽക്കുന്നു. അതുകാരണം നാം തീർച്ചയായും ആ ഭാഷ പഠിക്കണം . ഒരു കാര്യം മാത്രം കരുതിയിരുന്നാൽ മതി പഠിച്ചു പഠിച്ച് നമ്മുടെ പൈതൃകവും പാരമ്പര്യവും അതിൽ മുക്കിക്കൊല്ലരുത് . നാം നാമായി തന്നെ ജീവിക്കണം.
ബംഗാളിലെ രാധാ നഗറിൽ 1772 ൽആണ് റാം മോഹൻ റോയ് ജനിച്ചത് രാജാ എന്നത് അദ്ദേഹത്തിന് ലഭിച്ച ഒരു സ്ഥാനപ്പേർ മാത്രമായിരുന്നു. ശൈശവ, ബാല്യകാലങ്ങളിൽ അന്നത്തെ ബ്രാഹ്മണ സമുദായത്തിന്റെ ആചാരവിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള മതപരമായ വിദ്യാഭ്യാസം മാത്രമേ റാം മോഹന് ലഭിച്ചിരുന്നുള്ളൂ എന്നാൽ സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം പേർഷ്യൻ അറബി തുടങ്ങി പത്തോളം ഭാഷകളിൽ അവഗാഢമായ ജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷിലും പരിജ്ഞാനം നേടി.
ഹൈന്ദവ പൗരോഹിത്യത്തിന്റെ നികൃഷ്ടമായ രണ്ട് സംഭാവനകൾ ആയ സതിക്കും ശൈശവ വിവാഹത്തിനും എതിരെ ആ മനുഷ്യസ്നേഹി ആഞ്ഞടിച്ചു . ഭർത്താവ് മരിച്ചാൽ ഭർത്താവിൻറെ ജഡം സംസ്കരിക്കുന്ന ചിതയിൽ വിധവയും ജീവൻ ഒടുക്കി കൊള്ളണം എന്ന ആചാരമായിരുന്നു സതി. ഈ രണ്ട് ക്രൂരമായ അനാചാരങ്ങളും നിയമം മൂലം നിരോധിക്കാൻ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ബെൻ്റിക് പ്രഭു 1829 ൽ ശ്രമിച്ചപ്പോൾ പൗരോഹിത്യത്തിന്റെ എതിർപ്പു മൂലം കഴിയാതെ വന്നു. എന്നാൽ രാജാറാമിന്റെ സഹകരണം ബൻ്റിക് പ്രഭുവിന് ലഭിച്ചു. അപ്പോഴേക്കും രാജാറാം ഹിന്ദുമത പുനരുദ്ധാരണത്തിന്റെ ഭാഗമായി ഒരു സംഘടന (ബ്രഹ്മസമാജം) രൂപീകരിക്കുകയും ഉൽപ്പതിഷ്ണുക്കളും ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചവരുമായ ധാരാളം ഹൈന്ദവരുടെ പിന്തുണ നേടുകയും ചെയ്തിരുന്നു.
കൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിച്ചതും റാം മോഹൻ റോയിയുടെ പരിശ്രമ ഫലമായിരുന്നു. രാജാറാം ബ്രഹ്മസമാജം സ്ഥാപിച്ചതിൽ പിന്നെ 50 വർഷം പിന്നിട്ട ശേഷമാണ് ഇവിടെ മറ്റൊരു പ്രബലമായ പ്രസ്ഥാനം രൂപം കൊണ്ടത്, ആര്യസമാജം . അതിൻറെ സ്ഥാപകനായിരുന്നു ദയാനന്ദ സരസ്വതി ആധുനിക ലോകത്തിൻറെ ആത്മാവ് ഉൾക്കൊള്ളാൻ ഇന്ത്യക്കാരെ സജ്ജമാക്കുകയാണ് തൻറെ ലക്ഷ്യം എന്ന് ആ സന്യാസിവര്യൻ പ്രഖ്യാപിച്ചു. വിദേശശക്തിക്കെതിരെ കടുത്ത അമർഷവുമായി രംഗത്തിറങ്ങിയ ഒരു പ്രസ്ഥാനം ആയിരുന്നു ആര്യസമാജം .
ഇന്ത്യയ്ക്ക് പുറത്തും വേരുന്നിനിന്ന മറ്റൊരു മഹാപ്രസ്ഥാനമായിരുന്നു കൽക്കത്തക്കടുത്ത് ദക്ഷിണേശ്വരത്ത് രൂപം കൊണ്ട ഭക്തിപ്രസ്ഥാനം. ആധുനിക ഭാരതത്തിൻറെ ആത്മീയ ഗുരുവായി കണക്കാക്കി വരുന്ന ശ്രീ രാമകൃഷ്ണൻ ആയിരുന്നു അതിന്റെ സ്ഥാപകൻ. ശ്രീരാമകൃഷ്ണന്റെ പ്രധാന ശിഷ്യനും സന്ദേശവാകനും ആയിരുന്നു വിവേകാനന്ദൻ. ഹിമാലയം മുതൽ കന്യാകുമാരി വരെ തലങ്ങും വിലങ്ങും സഞ്ചരിച്ചു കൊണ്ട് ഭാരതത്തിൻറെ അഖണ്ഡതയെ പറ്റിയും അത് കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ കടമയെപ്പറ്റിയും ആ സന്യാസി ശ്രേഷ്ഠൻ ബോധിപ്പിച്ചു. അടിമത്തം ദുഃഖമാണെന്നും അതിൽ നിന്നുള്ള മോചനം ശ്രേഷ്ഠമാണെന്നും വിവേകാനന്ദൻ ഓർമ്മപ്പെടുത്തി ഇതു നേടാനുള്ള ആദ്യത്തെ സംരംഭമായി ഇവിടെ ഭിന്നത വളർത്തുന്ന ജാതി മത സങ്കുചിതത്വത്തിന്റെ പഴഞ്ചൻ കോട്ടകൾ അടിച്ചു തകർക്കാൻ വിവേകാനന്ദൻ ആഹ്വാനം ചെയ്തു. "ഉത്തിഷ്ഠത ജാഗ്രത " എന്ന ഉണർവിന്റെ മന്ത്രവുമായി വൈദേശിക ശക്തികൾക്കെതിരെ ഇന്ത്യൻ ദേശീയതയെ ഊർജ്ജസ്വലമാക്കി. വിവേചനവും ചൂഷണവും വറുതിയും പട്ടിണിയും സാമൂഹിക അനാചാരങ്ങളും ഇന്ത്യയെ ദുർബലമാക്കുന്നതിൽ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഇതിനെതിരെ സന്ധിയില്ലാത്ത സമരം നടത്താൻ ഇന്ത്യൻ ജനതയോട് ആഹ്വാനം ചെയ്തു . ഈ രംഗത്ത് വിവേകാനന്ദനോടൊപ്പം സമൂഹമധ്യത്തിൽ ഇറങ്ങിയ മറ്റൊരു നവോത്ഥാന നേതാവായിരുന്നു കേശവ് ചന്ദ്രസെൻ . രണ്ടുപേരും ഇന്ത്യയ്ക്ക് വെളിയിൽ വിദേശ രാഷ്ട്രങ്ങളിൽ ചെന്ന് ഇന്ത്യയുടെ മഹത്വത്തെ പറ്റി പ്രചാരണം നടത്തി.
തയ്യാറാക്കിയത്:
പ്രസന്നകുമാരി ജീ
No comments:
Post a Comment