അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
35 . ബംഗാൾ വിഭജനവും സ്വദേശി പ്രസ്ഥാനവും.
വളർന്നുവരുന്ന ദേശീയ പ്രസ്ഥാനം ദുർബലമാക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾ പല തന്ത്രങ്ങൾക്കും രൂപം നൽകി. അവയിൽ സുപ്രധാനമായ ഒന്നായിരുന്നു ബംഗാൾ വിഭജനം. ബ്രിട്ടീഷ് ഭരണത്തിനെതിരായ, പ്രസ്ഥാനത്തിൻറെ ശക്തികേന്ദ്രമായ ബംഗാളിനെ മുറിക്കുന്നത് ദേശീയ പ്രസ്ഥാനത്തിൻറെ ശക്തി കുറയ്ക്കാൻ സഹായിക്കുമെന്ന് ഭരണാധികാരികൾ കണക്കുകൂട്ടി. അതോടൊപ്പം ഹിന്ദു മുസ്ലിം ഐക്യം ശിഥിലമാക്കാനും ബംഗാൾ വിഭജനം വഴിവെക്കുമെന്നായിരുന്നു അവരുടെ ധാരണ. ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിക്കുമെന്ന് ബ്രിട്ടീഷ് ഗവർണർ ജനറൽ കഴ്സൺ പ്രഭു 1905 ജൂലൈ 19 ന് പ്രഖ്യാപിച്ചു. കിഴക്കൻ ബംഗാളും ആസ്സാമും ഒരു പ്രവിശ്യ. പടിഞ്ഞാറൻ ബംഗാളും ബീഹാറും ഒറീസ്സയും ചേർന്ന് മറ്റൊരു പ്രവിശ്യ. കിഴക്കൻ ബംഗാൾ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയാകുമെന്നതുകൊണ്ട് വിഭജനം വഴി മുസ്ലീങ്ങളുടെ പിന്തുണ നേടിയെടുക്കുകയായിരുന്നു കഴ്സൺ പ്രഭുവിന്റെ തന്ത്രം. ഇന്ത്യക്കാരെ പുച്ഛത്തോടെ നോക്കി കണ്ട ഭരണാധികാരിയായിരുന്നു കഴ്സൺ പ്രഭു .1904 ൽ വിഭജന ഉത്തരവ് പ്രഖ്യാപിക്കുന്നതിനും തൊട്ടുമുമ്പത്തെ വർഷം പിടിവാശിക്കാരനും പ്രതികാരമൂർത്തിയുമായ കഴ്സൺ പ്രഭുവിന്റെ ദുർവാശിക്കെതിരേ ബംഗാളിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഒരുങ്ങി നിൽക്കാനും ത്യാഗം ചെയ്യാൻ തയ്യാറെടുക്കാനും സാഹോദര്യവും മതേതരത്വവും മുറുകെപ്പിടിച്ചു നിൽക്കുന്ന ദേശീയ പ്രസ്ഥാനത്തിന് പിന്നിൽ അണിനിരക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.
ദേശീയ പത്രങ്ങളും സാമൂഹ്യപ്രവർത്തകരും കവികളും കലാകാരന്മാരും ഈ നീക്കത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു. മഹാകവി രവീന്ദ്രനാഥ ടാഗോറിനെ പോലുള്ള ഉന്നതരായ കവികളും ശ്രേഷ്ഠ വ്യക്തികളും കഴ്സൺ പ്രഭുവിന്റെ ഷൈലോക്ക് സംസ്കാരത്തെ നിശിതമായി വിമർശിച്ചു.
ബംഗാൾ ദൃഢനിശ്ചയത്തോടെ സമര രംഗത്തിറങ്ങി. പ്രശ്ന ഭൂമിയായ കിഴക്കൻ ബംഗാളിൽ ആയിരുന്നു തുടക്കം .രണ്ടുമാസം കൊണ്ട് 500 ലേറെ പ്രതിഷേധ യോഗങ്ങൾ അവിടെ മാത്രമായി നടന്നു. എല്ലാ മത വിഭാഗക്കാരും ഒറ്റക്കെട്ടായാണ് സമര രംഗത്തിറങ്ങിയത് .മുസ്ലിം ജനവിഭാഗത്തിന് ഗുണം ചെയ്യാനാണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്ന് ചില പ്രമാണിമാരെ വൈസ്രോയി ധരിപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം മുസ്ലീങ്ങളും വെട്ടി മുറിക്കലിന് എതിരായിരുന്നു. ദിവസം കൂടുന്തോറും സമരത്തിന് മുറുക്കം കൂടുകയും വ്യാപ്തി വർധിക്കുകയും ചെയ്തു.
സമരത്തിൻറെ ഭാഗം എന്ന നിലയിൽ എല്ലാ വിദേശ വസ്തുക്കളും വർജിക്കുവാൻ നേതാക്കൾ തീരുമാനിച്ചു പകരം സ്വദേശി നിർമ്മിത വസ്തുക്കൾ മാത്രം ഉപയോഗിക്കാനും. ഒപ്പം വിദേശ വസ്ത്ര ബഹിഷ്കരണവും. സ്വന്തം രാജ്യത്ത് ഉണ്ടാക്കുന്ന ഉപഭോഗ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന തീരുമാനവും ബംഗാൾ വിഭജന പ്രക്ഷോഭത്തിന്റെ ഭാഗമായി സ്വീകരിച്ചു. സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാൻ ദേശീയ നേതാക്കളുടെ ഒരു നിര തന്നെ സജീവമായി രംഗത്തിറങ്ങി ഫിറോസ് ഷാ മേത്ത, ഗോപാലകൃഷ്ണ ഗോഖലെ, സുരേന്ദ്രനാഥ് ബാനർജി തുടങ്ങിയവർ. തീവ്രവാദികളും രാഷ്ട്രീയ രംഗത്ത് സജീവമായി. തിലകൻ, അമരാവതിയിലെ ലാഹോറിൽ നിന്നും ലാലാ ലജ്പത്റായി, ബംഗാളിൽ നിന്നും ബിപിൻ ചന്ദ്രപാൽ, അരവിന്ദ ഘോഷ്, ബ്രഹ്മബന്ധു ഉപാധ്യായ എന്നിവർ .
വിദേശ വസ്തു ബഹിഷ്കരണ പരിപാടിയുടെ ഭാഗമായി സാധാരണക്കാരും പടക്കളത്തിൽ ഇറങ്ങി. സ്ത്രീകൾ പോലും സജീവമായി രംഗത്തെത്തി. വിദ്യാർത്ഥി സമൂഹവും വിദ്യാലയം വിട്ട് പുറത്തിറങ്ങി .വന്ദേമാതര ഗാനവുമായി വഴിനീളെ അവർ പ്രകടനമായി നടന്നു. വിദേശ വസ്ത്രങ്ങൾ ഹോമകുണ്ഡം ഉണ്ടാക്കി നടുറോടുകളിൽ ദഹിപ്പിച്ചു തുടങ്ങി. അവരെ തല്ലി ചതയ്ക്കാൻ പോലീസ് ലാത്തിയുമായി പരക്കം പാഞ്ഞു. ഭ്രാന്തൻ പട്ടികളെ എന്നതുപോലെയാണ് പോലീസ് അവരെ മർദ്ദിച്ചൊതുക്കിയിരുന്നത്. എന്നിട്ടും കൂടുപൊട്ടി പുറത്തിറങ്ങിയ കടന്നലുകളെ പോലെ കെട്ടടങ്ങാത്ത ആവേശവുമായി വിദ്യാർത്ഥി സമൂഹം പാഞ്ഞു നടന്നു. സമരം നിയന്ത്രണം വിട്ടു തുടങ്ങിയപ്പോൾ സൂത്രശാലിയായ പ്രഭു തീരുമാനം മാറ്റിവെക്കുന്നു എന്ന് സമരക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം പ്രശ്നം തൽക്കാലത്തേക്ക് മരവിപ്പിച്ചു .കഴ്സൺ പ്രഭുവിന്റെ മട്ടും മാതിരിയും അറിയാവുന്ന അവർ തൽക്കാലം ഒതുങ്ങി കൂടിയെങ്കിലും മനസ്സിനകത്തെ അഗ്നി കെടാതെ സൂക്ഷിച്ചിരുന്നു. ഇതു മനസ്സിലാക്കാതെ കഴ്സൺ അല്പം ഇടവേളയ്ക്കുശേഷം നല്ലൊരു സന്ദർഭം കിട്ടി എന്ന് തോന്നിയ മൂഢ വിശ്വാസത്തോടെ വിഭജന തീയതി പ്രഖ്യാപിച്ചുകൊണ്ട് വിളംബരം നടത്തി. ഒക്ടോബർ 16 മുതൽ വിഭജനത്തിന് നിയമപ്രാബല്യം നൽകിക്കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം.
വിളംബരം കേട്ട് ജനങ്ങൾ ഞെട്ടിയില്ല .ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും എന്ന് അറിയാമായിരുന്നു അവർക്ക് .കെടാതെ സൂക്ഷിച്ച തീ വീണ്ടും ഊതി കത്തിച്ചു ശക്തമായ രീതിയിൽ. നാടകീയമായിരുന്നു ഈ തിരിച്ചുവരവ്. അന്നേദിവസം ദുഃഖാചരണ ദിനമായി ആചരിക്കാൻ ജനങ്ങൾ തീരുമാനിച്ചു .പിറ്റേന്ന് ബംഗാളിന്റെ പ്രഭാതം തുടുത്തത് ഗംഗാതീരത്തിൽ. നദീതീരം മനുഷ്യ മഹാസമുദ്രമായി. അവർ നദിയിലിറങ്ങി സ്നാനം ചെയ്തു.' നിനക്കു ഞാനും എനിക്ക് നീയും' എന്ന അർത്ഥത്തിൽ രക്ഷാബന്ധൻ കെട്ടി. വന്ദേമാതര ഗാനവും മഹാകവി ടാഗോർ എഴുതി ചിട്ടപ്പെടുത്തിയ 'സോണാർ ബംഗ്ല' യെ പറ്റിയുള്ള സ്തുതി ഗീതങ്ങളും ആലപിച്ചു. അതത് മതവിഭാഗത്തിന്റെ ഈശ്വര സങ്കല്പങ്ങൾ മനസ്സിൽ വച്ചുകൊണ്ട് പ്രാർത്ഥന നടത്തി . സന്ധ്യ ചുവക്കുവോളവും ഉണ്ണാവൃതവുമായി നദീതീരത്ത് ഭജനമിരുന്നു. അവിഭക്ത ബംഗാളിന് വേണ്ടിയുള്ള സമരം തുടരാൻ പ്രതിജ്ഞയെടുത്തു. അന്ന് വൈകുന്നേരം ലക്ഷം പേർ പങ്കെടുത്ത ഒരു മഹായോഗം കൽക്കത്തയിൽ നടന്നു. സമ്മേളനത്തിൽ നല്ലൊരു വിഭാഗം സ്ത്രീകൾ ആയിരുന്നു. ജനങ്ങൾ അവിടെ വെച്ച് പ്രതിജ്ഞ എടുത്തു. 'ഞങ്ങൾ വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കും ആവശ്യത്തിനല്ലാതെ ആഡംബരത്തിനു വസ്ത്രം വേണ്ട'. 'സ്വദേശി വസ്ത്രങ്ങൾ മാത്രം ധരിക്കും അലങ്കാര വസ്തുവായി പോലും വിദേശ വസ്തുക്കൾ ഉപയോഗിക്കില്ല' 'ഭക്ഷണത്തിന് പരുക്കൻ ധാന്യം മാത്രം' 'ഉപ്പും പഞ്ചസാരയും പോലും വിദേശനിർമ്മിതമെങ്കിൽ കൈകൊണ്ട് സ്പർശിക്കില്ല.'
തുടർന്ന് നേതാക്കന്മാരുടെ പ്രസംഗങ്ങൾ നടന്നു അഖണ്ഡ ബംഗാളിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു അവരുടേത് .സ്വദേശി പ്രസ്ഥാനത്തെപ്പറ്റിയും വിദേശ വസ്ത്ര ബഹിഷ്കരണത്തെ പറ്റിയും അവർ പരാമർശിച്ചു. സ്വദേശി പ്രസ്ഥാനത്തിൻറെ വിജയത്തിനായി ചർക്കയും കൊണ്ട് നൂൽ നൂൽപ്പ് പഠിപ്പിക്കാനുള്ള ഒരു പരിശീലന പാഠശാല നിർമിക്കാൻ തീരുമാനമെടുത്തു. ഈ ഘട്ടത്തിൽ കഴ്സൺപ്രഭുവിന് ഇന്ത്യ വിടേണ്ടി വന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു മഹത്തായ രക്ഷപെടൽ ആയിരുന്നു. ഇംഗ്ലണ്ടിൽ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് വന്ന മാറ്റമായിരുന്നു കാരണം. അവിടെ യാഥാസ്ഥിതിക കക്ഷി തെരഞ്ഞെടുപ്പിൽ തോറ്റു. ലേബർ കക്ഷി അധികാരത്തിൽ വന്നു. തുടർന്ന് പ്രഭുവിന് സ്ഥാനം നഷ്ടപ്പെട്ടു പകരം വന്നത് മിന്റൊ. സ്റ്റേറ്റ് സെക്രട്ടറിയായി മോർലിയും .
സ്വദേശി പ്രസ്ഥാനം ഇന്ത്യൻ ജനതയുടെ സ്വന്തം ഹൃദയമിടിപ്പ് പോലെയായി. താഴ്ന്ന തട്ടുകളിൽ പോലും പെട്ടെന്നാണ് അതിൻറെ സ്പന്ദനം ഉൾക്കൊണ്ടത്. അതിനു കാരണക്കാർ അതിൻറെ പ്രചാരകർ തന്നെ . അവരുടെ ലളിതമായ പ്രവർത്തന ശൈലിയും പ്രബോധന രീതിയും. ഒരു മുത്തശ്ശിക്കഥ പറയുന്ന ചാരുതയോടെയാണ് നേതാക്കന്മാരും പ്രവർത്തകരും സ്വദേശി പ്രസ്ഥാനത്തെപ്പറ്റി ജനസഹസ്രങ്ങൾക്ക് പറഞ്ഞു കൊടുത്തിരുന്നത്. സ്വദേശി പ്രസ്ഥാനത്തിൻറെ മഹത്വം ജനങ്ങളിൽ ഇറങ്ങിച്ചെല്ലാൻ സമയം വേണ്ടിവന്നില്ല. സാധാരണക്കാരന് പോലും പ്രസ്ഥാനത്തോട് ഒട്ടിച്ചേരാൻ കഴിഞ്ഞു. സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യക്കാരുടെ ദേശീയത സടകുടഞ്ഞ് എഴുന്നേറ്റ ഈ കാലഘട്ടത്തിലായിരുന്നു .ഇന്ത്യയ്ക്ക് ഒരു ദേശീയ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കാൻ ശ്രമം നടന്നത്. ഇന്ത്യയുടെ മഹത്തായ പൈതൃകവും സംസ്കാരവുമായി ബന്ധമില്ലാത്ത ഒരു ബോധന രീതിയാണ് ഇംഗ്ലീഷ് പഠനം മൂലം നമുക്ക് ലഭ്യമായിക്കൊണ്ടിരുന്നത് എന്ന് നേതാക്കൾ ചിന്തിച്ചു തുടങ്ങിയിരുന്നു .ഇംഗ്ലീഷു പഠനം നമ്മുടെ ഇളം തലമുറയെ ആപൽക്കരമാം വിധം വഴിതെറ്റിക്കുന്നു എന്നവർക്ക് തോന്നി. വിദേശീയമായ ഭാഷാ പഠനത്തിലൂടെ ഒരു രാജ്യത്തിനും ദേശസ്നേഹികളായ ഒരു പൗര സഞ്ചയത്തെ വാർത്തെടുക്കാൻ കഴിയില്ല എന്നും അവർക്ക് ബോധ്യപ്പെട്ടു .സ്വന്തം ഭാഷയിൽ ബോധനം നടത്തിയാൽ മാത്രമേ നമുക്ക് ദേശീയമായ ഉയർത്തെഴുന്നേൽപ്പ് സാധ്യമാവുവെന്ന് അവർ ചിന്തിച്ചു. ഈ ചിന്തയുടെ ഫലമായി അക്കാലത്ത് ഉണ്ടായ പുതിയ പ്രസ്ഥാനമായിരുന്നു ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ബംഗാളിലെ നാഷണൽ കോളേജ് ആണ് ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയതിന്റെ ആദ്യ ഫലം. തുടർന്ന് വേറെയും നിരവധി ദേശീയ സ്ഥാപനങ്ങൾ വളർന്നുവന്നു .കിഴക്കൻ ബംഗാളിൽ മാത്രം 24 ദേശീയ ഹൈസ്കൂൾ സ്ഥാപനങ്ങൾ ഉണ്ടായി, ബോധനം മാതൃഭാഷയിലൂടെ എന്ന മുദ്രാവാക്യവുമായി.
പൊതുവേദികളിൽ വസ്ത്രം കത്തിക്കുന്നതും വന്ദേമാതരം ഗാനമാലപിക്കുന്നതും നിയമം മൂലം തടഞ്ഞു. കോളേജുകളിലും മറ്റുമുള്ള വിദ്യാർത്ഥികൾ സ്വദേശി പ്രസ്ഥാനവുമായി രംഗത്തിറങ്ങിയിരുന്ന വേളയിൽ ലാത്തി കൊണ്ടും ബയണറ്റുകൊണ്ടുമാണ് അവരെ ഭരണാധികാരികൾ നേരിട്ടത് . സ്വദേശി പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിക്കപ്പെടുന്ന കോളേജുകൾ അടച്ചുപൂട്ടിക്കാൻ സർക്കാർ പ്രത്യേക നിയമവും ഉണ്ടാക്കി .തെറ്റ് ചെയ്യുന്നത് വിദ്യാർത്ഥികൾ ആണെങ്കിലും ശിക്ഷ സ്ഥാപനങ്ങൾക്ക് ആയിരിക്കുമെന്ന വിധത്തിലാണ് നിയമം വന്നത് .അവർക്ക് ഗവൺമെൻറ് നൽകുന്ന സഹായധനം നിർത്തലാക്കുകയും സ്ഥാപനത്തിലെ അധ്യാപകരടക്കം രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നതായിരുന്നു ഉത്തരവ്. മാത്രമല്ല അത്തരം വിദ്യാലയങ്ങളിലെ അധ്യാപകർ തെറ്റ് ചെയ്യുന്ന കുട്ടികളെ അറസ്റ്റ് ചെയ്തു അടുത്ത പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു കൊടുക്കണമെന്നും വ്യവസ്ഥ വന്നു.
വന്ദേമാതരം ഗാനം ആലപിക്കുന്ന കൊച്ചു വിദ്യാർഥികളെയും നിയമം വെറുതെ വിട്ടുരിന്നില്ല. ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ശിക്ഷ വിധിച്ചിരുന്നു . ജില്ലാ മജിസ്‌ട്രേറ്റുമാർ വിദ്യാഭ്യാസ മേലധ്യക്ഷന്മാർക്കും അവർ വഴി വിദ്യാലയ അധികൃതർക്കും അയച്ചുകൊടുത്ത 'വന്ദേമാതര നിരോധന' നിയമത്തിന്റെ ഉത്തരവിപ്രകാരമായിരുന്നു "വന്ദേമാതരം ആലപിക്കുകയോ ഗാനം പകർത്തുകയോ ചെയ്യുന്ന വിദ്യാർഥികൾ ശിക്ഷാർഹരാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് പോലും ഈ നിയമം ബാധകമാണ്."
സാധാരണ പൗരന്മാർക്കുള്ള ശിക്ഷ, വന്ദേമാതരം ആലപിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുകയോ ഒപ്പം ആലപിക്കുകയോ ചെയ്യുന്നവരും ശ്രോതാക്കളായി പങ്കെടുക്കുന്നവരും ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ഉത്തരവ് തെറ്റി നടക്കുന്നവർ സമൂഹത്തിൽ എത്ര വലിയ മാന്യസ്ഥാനത്ത് ഇരിക്കുന്നവരായാലും മുഖം നോക്കാതെ ശിക്ഷിക്കപ്പെടുമായിരുന്നു. മാന്യന്മാരാണെങ്കിൽ അത്തരക്കാരെ അപമാനിക്കുകയും തേജോ വധം ചെയ്യുന്നതുമായ പ്രാകൃതമായ ശിക്ഷകളാണ് പോലീസ് നൽകിയിരുന്നത്. ഇത്തരം പ്രാകൃത ശിക്ഷകളുടെ മാതൃക പിന്നീട് പോലീസ് സ്റ്റേഷനിലെ ഫയലുകളിൽ നിന്നും തപ്പി പിടിച്ചെടുത്തതനുസരിച്ച്,
ഇപ്രകാരമായിരുന്നു. ഉന്നത സ്ഥാനീയനായ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു കുറ്റവാളി. അദ്ദേഹം ഒരു ദേശീയ വാദിയായിരുന്നു. പോലീസിന്റെ നോട്ടപ്പുള്ളിയും. ഏതോ സമ്മേളനത്തിൽ ശ്രോതാവായി പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു അദ്ദേഹം .വഴിയിൽ പോലീസ് പിടികൂടി. സ്റ്റേഷനിൽ കൊണ്ടുവന്ന് അവർ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച ഊരിയെടുക്കുകയും നഗ്നനാക്കി നിർത്തുകയും ചെയ്തു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ പോലീസ് ഉടുപ്പ് ധരിപ്പിച്ചുകൊണ്ട് അയാളുടെ നഗ്നത മറച്ചു. തൊപ്പി ഇടുവിച്ചു. കയ്യിൽ ലാത്തി പിടിപ്പിച്ചു .തുടർന്ന് വഴിയോരത്തുള്ള കത്തുന്ന പഞ്ചായത്ത് വിളക്കിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി. ഒരു നോക്കുകുത്തിയെപ്പോലെ. രാത്രിയുടെ കാവൽക്കാരനായി മണിക്കൂറുകൾ അതേ നിൽപ്പിൽ. ശിക്ഷ അവസാനിപ്പിച്ചത് അയാൾ മാപ്പ് എഴുതിക്കൊടുത്ത ശേഷം .
സ്വദേശി പ്രസ്ഥാനങ്ങളിൽ പങ്കെടുത്ത മുതിർന്ന വിദ്യാർത്ഥികളും ഇത്തരം പ്രാകൃതമായ ശിക്ഷയ്ക്ക് വിധേയരാകേണ്ടിവന്നു. വിദ്യാർത്ഥികളെ കാലിക്കൂട്ടം എന്നപോലെ വളഞ്ഞുപിടിച്ചുകൊണ്ട് വാഹനങ്ങളിൽ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. വിജന സ്ഥലത്ത്, കരകടത്തുന്ന കള്ളപ്പൂച്ചകളെ പോലെ തുറന്നു വിട്ടു .നൂറും, നൂറ്റമ്പതും നാഴിക അകലെ പ്രദേശങ്ങളിലോ വനഭൂമികളിലോ .അവരുടെ പക്കലുള്ള അവസാനത്തെ ചില്ലിക്കാശ് പോലും പോലീസുകാർ എടുത്തുകൊണ്ട് പോകും. വഴി തെറ്റിയും ഒരുതുള്ളി ജലം കിട്ടാതെയും അവർ നരകയാതന അനുഭവിച്ചു.
കൊച്ചുകുട്ടികളോട് മാത്രം പോലീസ് ഇത്തിരി ദാക്ഷിണ്യം കാണിച്ചു. അവർക്ക് പകരം പീഡിപ്പിക്കപ്പെട്ടത് അവരുടെ കുടുംബാംഗങ്ങൾ കുടുംബങ്ങളെ പോലീസ് കുടിയിറക്കി അവരുടെ വീടുകൾ അടച്ചുപൂട്ടി മുദ്രവച്ചു .എപ്പോഴെങ്കിലും തിരിച്ചുവന്ന് പുനരധിവസിക്കാതിരിക്കത്തക്കവണ്ണം വീട്ടിനു മുമ്പിൽ ഗുണ്ടകളെ കാവൽ നിർത്തി. ഇത് ഭയന്ന് പല കുടുംബങ്ങളും 'കൊച്ചു രാജ്യദ്രോഹി' കളെയും കൊണ്ട് രാജ്യം വിട്ടു എന്നാൽ ഇത്തരം മനുഷ്യത്വഹീനമായ മർദ്ദന മുറകൾ കൊണ്ട് കുഴപ്പം വർദ്ധിക്കുകയാണുണ്ടായത് . നാട്ടിൽ ഉടനീളം ഭീകര പ്രവർത്തനം സജീവമായി. നീതിന്യായ സമ്പ്രദായത്തോട് വെറുപ്പ് ഉണ്ടായി. നീതിന്യായം നിഷ്പക്ഷമായി നടത്താൻ ന്യായാധിപന്മാർ പോലും പക്ഷം ചേർന്നാണ് പ്രവർത്തിക്കുന്നത് എന്ന് അവർക്ക് തോന്നി. പ്രത്യേകിച്ചും ബ്രിട്ടീഷുകാരായ ന്യായാധിപർ. തോക്കും വെടിമരുന്നും കൊണ്ട് അത്തരക്കാരെ നേരിടാൻ ഭീകരവാദികൾ ഒരുങ്ങി. ഇതിനായി തോക്കും വെടിമരുന്നും ശേഖരിച്ചു. ആയുധം സമാഹരിക്കാൻ അവർ വിദേശങ്ങളിൽ രഹസ്യ സന്ദർശനം നടത്തി ഇന്ത്യയിലും വിദേശങ്ങളിലും അവരെ സഹായിക്കാൻ പുതിയ പുതിയ പ്രസ്ഥാനങ്ങൾ നേതാക്കളുമുണ്ടായി.റാൻഡെ വധം ഇത്തരക്കാരുടെ പ്രവർത്തനങ്ങളുടെ ആദ്യത്തെ ശ്രമമായിരുന്നു എന്നും ഇന്ത്യയിലെ തന്നെ ചില തീവ്രവാദി നേതാക്കൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നും പോലീസ് കണ്ടുപിടിച്ചു.
തിലകനായിരുന്നു റാൻഡെ വധത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി എന്ന് പോലീസ് സംശയിച്ചു.
തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി.
No comments:
Post a Comment