അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
36. കോൺഗ്രസിലെ പിളർപ്പ് .
കോൺഗ്രസ് പ്രസ്ഥാനത്തിൽ മിതവാദി തീവ്രവാദി ഭിന്നത രൂക്ഷമായി. അവർ തീർത്തും എതിർധ്രുവങ്ങളിലായി നിലയുറപ്പിച്ചു . സ്വദേശി പ്രസ്ഥാനത്തെ പറ്റി പോലും അവർ തമ്മിൽ ആശയ ഐക്യം ഉണ്ടായില്ല. സ്വദേശിവ്രതം മിതവാദികൾ ഇഷ്ടപെട്ടെങ്കിൽ ബഹിഷ്കരണം മിതവാദികൾക്ക് പഥ്യമാവുന്നുണ്ടായിരുന്നില്ല. ചുട്ടുകരിക്കലിനെതിരെ മിതവാദികൾ കടുത്ത അമർഷം കാട്ടിയിരുന്നു. അതൊരു പ്രാകൃതമായ സമരമുറ ആണെന്നായിരുന്നു അവരുടെ വ്യാഖ്യാനം. ഈ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ സംഘടനാ പ്രവർത്തനങ്ങളിലും ചേരിപ്പോര് ശക്തിപ്പെട്ടു. 1906 ൽ കോൺഗ്രസിന്റെ 23ആം സമ്മേളനം സൂറത്തിലാണ് നടന്നത്. ഈ സമ്മേളനത്തിലാണ് മിതവാദികളും തീവ്രവാദികളും തമ്മിൽ രൂക്ഷമായ അഭിപ്രായ അനൈക്യം ഉണ്ടായതും കയ്യാങ്കളിയിലെത്തിയതും തെറ്റിപ്പിരിഞ്ഞതും. 1600 പ്രതിനിധികളാണ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നത് അവരിൽ ബഹുഭൂരിപക്ഷം മിതവാദികൾ ആയിരുന്നു. സ്വദേശി പ്രസ്ഥാനത്തിലെ ചില പ്രവർത്തന ശൈലികൾ മാറ്റണമെന്ന അഭിപ്രായവുമായാണ് അവർ വന്നത്. വിദേശ വസ്ത്ര ബഹിഷ്കരണവും വസ്ത്രം കത്തിക്കലും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇക്കാര്യം യോഗത്തിൽ ചർച്ചയ്ക്ക് വന്നാൽ ശക്തമായി എതിർക്കണം എന്ന ലക്ഷ്യമിട്ടും കൊണ്ടാണ് തീവ്രവാദികൾ വന്നത്. തിലകന്റെ നേതൃത്വത്തിൽ ഒരു ശക്തി പരീക്ഷണത്തിന് ഒരുങ്ങി വന്നവരായിരുന്നു അവർ. തുടക്കം തന്നെ വിവാദത്തിന് തീ കൊളുത്തപ്പെട്ടു. യോഗാധ്യക്ഷനെ നിർണയിക്കുന്ന കാര്യത്തിലായിരുന്നു അഭിപ്രായഭിന്നത. അധ്യക്ഷ സ്ഥാനത്തേക്ക് ലാലാ ലജ്പത് റായ് വേണമെന്ന് തീവ്രവാദികൾ ശഠിച്ചു . റാഷ്ബിഹാരി ഘോഷ് വേണമെന്ന് മിതവാദികളും. ലജ്പത്റായി വിഭജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം കഴിഞ്ഞ് പുറത്തുവന്ന സമയമായിരുന്നു അത്. അതുകാരണം അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്ന സമയവുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് ഘോഷിന് പ്രാമുഖ്യം നൽകിയത് തിലകനും സംഘത്തിനും ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയാണ് ഒരു ശക്തി പരീക്ഷണം നടന്നത്. ഇക്കാര്യത്തിൽ ഭൂരിപക്ഷം നിശ്ചയിച്ചുകൊണ്ട് റാഷ്ബിഹാരി ഘോഷിനുതന്നെ അധ്യക്ഷ സ്ഥാനം ലഭിച്ചു. യോഗം നടന്നുകൊണ്ടിരിക്കെ ബഹളം തുടങ്ങി. തിലകൻ യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. മിതവാദികൾ തിലകനെ എതിർത്തു. അവരുടെ ഇടപെടൽ വല്ലാതെ വർദ്ധിച്ചു. തിലകൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. നടന്നില്ല. മിതവാദികൾ സകല മര്യാദകളും മറന്നാണ് തിലകനെ നിശബ്ദനാക്കാൻ ശ്രമിച്ചത്. തീവ്രവാദികളും വിട്ടുകൊടുത്തില്ല. യോഗത്തിൽ കുഴപ്പം മൂർച്ഛിച്ചു. ഇരുഭാഗത്തും പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും നടന്നു. മുതിർന്ന നേതാക്കൾ അണികളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് കയ്യാങ്കളിയിലെത്തിയത്. അതിനിടയിൽ യോഗത്തിൽ നിന്നും ഒരു പ്രതിനിധി കാലിലെ ചെരുപ്പൂരി ആരെയോ ലക്ഷ്യം വച്ചുകൊണ്ട് എറിഞ്ഞു. ഏറ് കൊണ്ടത് ഫിറോസ് മേത്തയ്ക്ക്. അതോടെ രംഗം കൂടുതൽ പ്രക്ഷുബ്ധമായി. തിലകൻ കയ്യേറ്റം ചെയ്യപ്പെട്ടു. തൽസമയത്ത് അദ്ദേഹത്തെ രക്ഷിക്കാൻ എത്തിയത് മിതവാദി നേതാവായ ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു. ഈ ആക്രമണങ്ങൾ മുതിർന്ന നേതാക്കൾ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അവർക്ക് നിയന്ത്രിക്കാനായില്ല. കടുത്ത പോരാട്ടം തന്നെ നടന്നു. ഒടുവിൽ വെളിയിൽ കാവൽ നിന്ന പോലീസ് ഇടപെട്ടുകൊണ്ടാണ് ബഹളം ശമിച്ചത്.
പക്ഷേ യോഗം പിന്നെ നടന്നില്ല തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികൾ ഇറങ്ങിപ്പോക്ക് നടത്തി. അച്ചടക്ക ലംഘനത്തിന് തിലകനും മറ്റും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു സമാന്തര പ്രവർത്തനങ്ങളുമായി തിലകൻ രംഗത്ത് തന്നെ നിൽക്കുകയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിലകൻ വീണ്ടും പ്രസ്ഥാനത്തിലേക്ക് തിരിച്ചുവന്നത്.
നാണക്കേടുണ്ടാക്കിയ ഈ സംഭവം ദേശീയ പ്രബുദ്ധതയുള്ള അന്നത്തെ ആരെയും വ്യാകുലപ്പെടുത്തിയിരുന്നു. ഇരു വിഭാഗത്തെയും രമ്യതയിൽ എത്തിക്കാൻ സമാധാന ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും തൽക്കാലം ഫലമുണ്ടായില്ല.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി
No comments:
Post a Comment