അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും
38. മിത്രമേളൻ
നമ്മുടെ ദേശീയ സമരങ്ങളെ സമാന സ്വഭാവമുള്ള അന്തർ ദേശീയ സമരങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ യുവാക്കളുടെ മനസ്സിൽ സായുധ വിപ്ലവത്തിൻറെ അനിവാര്യതയെപ്പറ്റി ബോധം ഉണ്ടാക്കാൻ നിരന്തരം യത്നിച്ച വ്യക്തിയായിരുന്നു കൃഷ്ണ വർമ്മ .'ഇന്ത്യൻ സോഷ്യോളജിസ്റ്റ്' എന്ന പത്രത്തിൻറെ താളുകൾ അതിനുവേണ്ടിയാണ് കൂടുതലും പ്രയോജനപ്പെടുത്തിയത്.
ഇന്ത്യൻ യുവാക്കളുടെ മനസ്സ് വിപ്ലവത്തിൻറെ ഉലയിൽ തപ്തമായി നിൽക്കുന്ന കാലഘട്ടത്തിലാണ് മഹാരാഷ്ട്രയിലെ മണ്ണിൽ നിന്നും മറ്റൊരു സാഹസികനായ വിപ്ലവകാരി രൂപപ്പെട്ടുവന്നത്. വിനായക ദാമോദര സവർക്കർ. സഹപ്രവർത്തകനും കൂട്ടുകാരനും ആയി സഹോദരൻ ഗണേഷ് സവർക്കറും. സഹോദരന്മാരും വേറെ രണ്ടു മൂന്നു കൂട്ടുകാരും ചേർന്ന് നാസിക്ക് കേന്ദ്രമാക്കി "മിത്രമേളൻ" എന്നൊരു കൊച്ചു സംഘടനയ്ക്ക് രൂപം കൊടുത്തു. മിത്രമേളൻ എന്ന പദത്തിനർത്ഥം സുഹൃത്തുക്കളുടെ കൂടിച്ചേരൽ എന്നാണ്. ഈ സഹോദരന്മാർ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ജനിച്ചത്.
സ്വന്തം ഗ്രാമത്തിലെ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം ഫർഗൂസൻ കോളേജിൽ ഉപരിപഠനത്തിന് ചേർന്നു. പക്ഷേ പഠിത്തം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ബംഗാൾ വിഭജന പ്രക്ഷോഭവും സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാൽ കോളേജിൽ നിന്നും കോളേജ് ഹോസ്റ്റലിൽ നിന്നും ബഹിഷ്കൃതനായി. ഈ സംഭവം സവർക്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. തിലകനായിരുന്നു രാഷ്ട്രീയ ഗുരു. ഇന്ത്യയിൽ ഉപരിപഠനത്തിനുള്ള സൗകര്യം നിഷേധിക്കപ്പെട്ടപ്പോൾ തിലകന്റെ സഹായത്തോടെ സവർക്കർക്ക് ലണ്ടനിൽ പഠനം തുടരാൻ സൗകര്യം ലഭിച്ചു.
അങ്ങനെ സവർക്കർക്ക് ഇംഗ്ലണ്ടിലെ പ്രമുഖരായ വിപ്ലവ പ്രസ്ഥാനക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ശ്യാംജി കൃഷ്ണവർമ്മയുമായി ബന്ധപ്പെട്ടതും ഈ അവസരത്തിലാണ്. അവിടെ വച്ചാണ് ദാദാഭായ് നവറോജിയുമായി ബന്ധപ്പെടാൻ കഴിഞ്ഞതും. അവരുടെയൊക്കെ അനുഗ്രഹാശ്ശിസ്സുകളോടെമിത്രമേളന്റെ ഒരു ശാഖ ഇംഗ്ലണ്ടിൽ സ്ഥാപിച്ചു .പേര് 'ഫ്രീ ഇന്ത്യ സൊസൈറ്റി' എന്ന് മാറ്റി.
അനുജന്റെ അസാന്നിധ്യത്തിൽ ഇന്ത്യയിലെ മിത്രമേളൻ്റെ പ്രവർത്തനം ജ്യേഷ്ഠനായ ഗണേഷ് സവർക്കർ ആണ് നിയന്ത്രിച്ചിരുന്നത്.
സുരേന്ദ്രനാഥ് ബാനർജി, രമേശ് ചന്ദ്രദത്ത് എന്നിവരുമായി ഇംഗ്ലണ്ടിൽ വച്ചാണ് സവർക്കർ പരിചയപ്പെട്ടത്. അവർ സവർക്കറെ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചു. എങ്കിലും സവർക്കർ കൂട്ടാക്കിയില്ല. കോൺഗ്രസിന്റെ മതേതര സ്വഭാവത്തെപ്പറ്റി അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി കാണാനാണ് തൻറെ ആഗ്രഹം എന്ന് അസന്നിഗ്ദ്ധമായി സവർക്കർ പ്രഖ്യാപിച്ചു. സവർക്കറുടെ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന വിശ്രുതരായ
ചില ഇന്ത്യക്കാരിൽ, ഇന്ത്യയിലെ പ്രശസ്ത കവയത്രി സരോജിനി നായിഡുവിന്റെ സഹോദരൻ ബീരേന്ദ്രനാഥ് ചതോപാധ്യായും മാഡംകാമയും അജിത്ത് സിംഗും ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ പ്രവാസികളായി കഴിഞ്ഞിരുന്ന മിക്കവാറും എല്ലാ ഇന്ത്യൻ വിപ്ലവകാരികളും 'ഫ്രീ ഇന്ത്യ സൊസൈറ്റി' യുമായി സജീവബന്ധം പുലർത്തിയിരുന്നു. ഹർദയാൽ, രവിശങ്കർശുക്ല, സിക്കന്തർ ഹയത് ഖാൻ, ഭായ് പരമാനന്ദ്, ബംഗാളിലെ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ മകൻ മദൻ ലാൽ ഡിങ്ക്റെഎന്നീ പ്രമുഖർ ഈ വിപ്ലവ സംഘടനയിലെ സജീവ അംഗങ്ങളായിരുന്നു. ഇന്ത്യ ഹൗസ് കേന്ദ്രമായാണ് ഇവർ രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
'ഫ്രീ ഇന്ത്യ സൊസൈറ്റി' യുടെ ഉപശാഖ എന്ന നിലയിൽ പ്രവർത്തിച്ച അഭിനവ ഭാരത സൊസൈറ്റി, വിദേശങ്ങളിൽ നിന്ന് ധാരാളം ആയുധങ്ങൾ ശേഖരിക്കുകയും, മുറതെറ്റാതെ രഹസ്യ മാർഗങ്ങളിലൂടെ അവ ഇന്ത്യയിലേക്ക് കടത്തുകയും ചെയ്തു. ഒപ്പം സവർക്കർ രചിച്ച വിപ്ലവ സാഹിത്യങ്ങളും. ഇതിനായി സമർത്ഥമായ ഒരു ഗൂഢ സംഘവും സമിതിക്കുണ്ടായിരുന്നു. സാഹിത്യങ്ങളിൽ ചിലത് ഗണേഷ് സവർക്കറുടെ മേൽവിലാസത്തിലാണ് അയച്ചുകൊണ്ടിരുന്നത്. മറാഠി ഭാഷയിൽ രചിക്കപ്പെട്ട ഈ വിപ്ലവ സാഹിത്യങ്ങളുടെ കെട്ടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വിശ്വ സാഹിത്യ കൃതികളിൽപ്പെട്ട ഏതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ ലേബൽ ഒട്ടിച്ചാണ് പാഴ്സൽ ആക്കിയിരുന്നത്. രമേഷ് സവർക്കർ ഇവ രഹസ്യമായി അച്ചടിച്ച് വിതരണം നടത്തി. എന്നാൽ ഒരു സന്ദർഭത്തിൽ ഗണേഷ് സവർക്കറുടെ വീട് സെർച്ച് ചെയ്തപ്പോൾ ഈ വിപ്ലവ കവിതകൾ പോലീസ് പിടിച്ചെടുത്തു. സവർക്കറുടെ വിപ്ലവ കവിതാ സമാഹാരമായ 'ലഘു അഭിനവഭാരത് മാല' അടക്കം സവർക്കർ ഇംഗ്ലണ്ടിൽ നിന്ന് അയച്ച കുറെ കത്തുകളും ലേഖനങ്ങളും അതിൽ ഉണ്ടായിരുന്നു . റഷ്യ എങ്ങനെയാണ് വിപ്ലവം സംഘടിപ്പിച്ചത് എന്ന് വിശദീകരിക്കുന്ന ലേഖനമായിരുന്നു അവയിൽ ഒന്ന്. ഇതിൻറെ പേരിൽ ഗണേഷ് സവർക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കോടതി ഗണേഷിനെ ജീവപര്യന്തം തടവിനും നാടുകടത്തലിനും ശിക്ഷിച്ചു.
കഴ്സൻ പ്രഭു ഇന്ത്യാ വൈസ്രോയി ആയിരുന്നപ്പോൾ അദ്ദേഹത്തിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു കഴ്സൺ വൈലി. 1901ൽ അയാൾ ഇന്ത്യയിലെ സർവീസ് അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചുപോയി. ഇന്ത്യയിൽ വളരെ മോശമായ അഭിപ്രായം ആയിരുന്നു അയാളെപ്പറ്റി. സന്ദർഭം കിട്ടുമ്പോഴൊക്കെ അയാൾ ഇന്ത്യക്കാരെ പറ്റി മോശമായ അഭിപ്രായം പറയുമായിരുന്നു. കഴ്സൻ പ്രഭുവിന്റെ ക്രൂരമായ നയങ്ങൾക്കു പിന്നിൽ ഈ ഇന്ത്യൻ വിരുദ്ധന്റെ ഉപദേശമുണ്ടായിരുന്നു. ഇതുകാരണം അയാൾ ഇന്ത്യൻ തീവ്രവാദികളുടെ നോട്ടപ്പുള്ളികളിൽ ഒരാളായി.
ജോലിയിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ ലണ്ടനിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽനോട്ടക്കാരനായി അയാൾക്ക് ജോലി കിട്ടി. വിദ്യാർത്ഥികളുടെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചു പോലീസിനെ അപ്പപ്പോൾ ഒറ്റുകൊടുക്കുകയായിരുന്നു അയാളുടെ ജോലി. ഈ നിലയിൽ ലണ്ടനിലും വൈലി ഇന്ത്യൻ യുവാക്കളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് ലണ്ടനിലെ ഇന്ത്യക്കാരുടെ സംഘടനയായ നാഷണൽ ഇന്ത്യൻ അസോസിയേഷൻ അതിൻറെ വാർഷിക പരിപാടി നടത്തിയത്. 1909ൽ ലണ്ടൻ നഗരത്തിലെ ജഹാംഗീർ ഹാളിൽ ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ പ്രമുഖർ പങ്കെടുത്ത ആ സമ്മേളനത്തിൽ വൈലി മുഖ്യാതിഥി ആയിരുന്നു. ആ യോഗത്തിൽ മറ്റ് ഇന്ത്യൻ യുവാക്ക ളോടൊപ്പം സവർക്കറുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായ മദൻലാൽ ഡിങ്ക്റെയും സന്നിഹിതനായിരുന്നു. അയാൾ ഒന്നു രണ്ടു മണിക്കൂർ നേരത്തെ തന്നെ സ്ഥലം പിടിച്ചിരുന്നു. വൈലിയും ഡിങ്ക്റെയും തമ്മിൽ പൂർവ്വ പരിചയമുണ്ടായിരുന്നു. ഇന്ത്യയിൽ വെച്ച് തന്നെ സൗഹൃദത്തിൽ ആയിരുന്നു. പഞ്ചാബ് കാരനായ മദൻലാലിന്റെ പിതാവ് വഴിയാണ് ഈ സൗഹൃദം തുടങ്ങിയത് ഒരു മെഡിക്കൽ പ്രാക്ടീഷണർ ആയിരുന്ന അച്ഛനും വൈലിയും സുഹൃത്തുക്കളായിരുന്നു. എൻജിനീയറിങ് പഠനത്തിനായി ഡിങ്ക്റെ യെ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറ്റിയപ്പോൾ മകനെ പരിചയപ്പെടുത്തിക്കൊണ്ട് അച്ഛൻ സുഹൃത്തായ വൈലിക്ക് കത്ത് കൊടുക്കുകയും യഥാസമയം കത്ത് കൈമാറുകയും ചെയ്തിരുന്നു .സ്റ്റേജിൽ സംഗീത പരിപാടി കഴിഞ്ഞ് പിന്നെയാണ് മുഖ്യാതിഥിയുടെ പ്രഭാഷണം. അതിനായി വിശിഷ്ടാതിഥി എഴുന്നേറ്റു് നടന്നു പോകുന്നതിനിടയിൽ ഡിങ്ക്റെ യെ കണ്ടു പരസ്പരം പുഞ്ചിരിക്കുകയും ഉപചാര വാക്കുകൾ കൈമാറുകയും ചെയ്തു. വൈലി അല്പം കൂടി മുന്നോട്ടു നീങ്ങി. അപ്പോഴാണ് വെടിയുണ്ട ഏറ്റത്. അഞ്ചു വെടിയുണ്ടകൾ ഒന്നിന് പിറകെ ഒന്നായി വൈലി നിലം പതിച്ചു.
അപ്പോൾ സദസ്സിൽ നിന്നും ഒരാൾ ഡിങ്ക്റെയെ ലക്ഷ്യം വെച്ചുകൊണ്ട് കുതിച്ചു. ഒരു വെടിയുണ്ട അയാൾക്ക് നേരെയും ചീറിപ്പാഞ്ഞു. അയാൾ ഇന്ത്യക്കാരനായിരുന്നു, ലാൽക്ക .ഓടി കൂടിയവർ അക്രമിയെ കീഴടക്കി. അതിനുമുമ്പ് സ്വയം വെടിവെച്ചു മരിക്കാൻ ഡിങ്ക്റെ ഒരു വിഫല ശ്രമം നടത്തി.
കേസ് കോടതിയിലെത്തി.ഡിങ്ക്റെ കുറ്റം ഏറ്റുപറഞ്ഞു. ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദ്യത്തിന് പറഞ്ഞ മറുപടി ഇതു മാത്രമായിരുന്നു . എനിക്ക് ലാൽക്കയ വധിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കോടതി ഡിങ്ക്റയെ വധശിക്ഷയ്ക്ക് വിധിച്ചു 1909 ആഗസ്റ്റ് 17ന് ബെന്റോൺ വില്ല ജയിലിൽ ആ വിപ്ലവകാരിയെ തൂക്കിക്കൊന്നു. വൈലിയുടെ വധത്തിനു പിന്നിൽ സവർക്കർ ആയിരുന്നു എന്ന നിഗമനത്തിലായിരുന്നു ലണ്ടൻ പോലീസ്. ഇന്ത്യാഹൗസ് പരിശോധനയ്ക്ക് വിധേയമാക്കി. വിപ്ലവകാരികളുടെ 'ഹിറ്റ് ലിസ്റ്റി' ൽ ഇനി ആരൊക്കെ എന്ന് കണ്ടുപിടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ ഒന്നും കണ്ടുകിട്ടിയില്ല. കിട്ടിയത് ശ്യാംജിയുടെ പത്രാധിപത്യത്തിൽ നടത്തിയിരുന്ന ഇന്ത്യൻ സോഷ്യോളജിസ്റ്റിന്റെ ചില ലക്കങ്ങൾ മാത്രം. അവർ വെറും കൈയോടെ തിരിച്ചുവന്നു.
ഗണേഷ് സവർക്കറെ നിസ്സാരമായ ഒരു കുറ്റത്തിന് ജീവപര്യന്തം നാടുകടത്താൻ വിധിച്ച ജാക്സനെ വക വരുത്താൻ സവർക്കറും കൂട്ടുകാരും തീരുമാനിച്ചു. ജാക്സൺ ആ സന്ദർഭത്തിൽ നാസിക്കിലെ മജിസ്ട്രേറ്റ് ആയിരുന്നു. ജാക്സനെ വധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങി. അപ്പോഴാണ് പാരീസിൽ നിന്നും സവർക്കർ രഹസ്യമായി അയച്ചുകൊടുത്ത കുറേ ഓട്ടോമാറ്റിക് തോക്കുകൾ അവർക്ക് ലഭിച്ചത് .കൃത്യം നടത്താൻ വേണ്ടി ഔറംഗാബാദിലെ ഭാരത് സംഘം എന്ന വിപ്ലവ പ്രസ്ഥാനത്തിൻറെ നെടുംതൂണുകളിൽ ഒരാളായ ആനന്ദ് ലക്ഷ്മൺ കൻഹാരെ അവർ വിളിച്ചുവരുത്തി അദ്ദേഹത്തെ സഹായിക്കാൻ നാസിക് ഹയർ എലിമെൻ്ററി സ്കൂളിൽ അധ്യാപക ജോലിചെയ്യുന്ന ദേശ് പാണ്ഡെ എന്ന വിപ്ലവകാരിയെയും ഏർപ്പാട് ചെയ്തു. മുമ്പ് പ്രയോഗിച്ചു പരിചയമില്ലാത്ത തോക്ക് ആയിരുന്നതിനാൽ പഞ്ചവടി നദീതീരത്തിലെ കാടുകളിൽ രാത്രി മുഴുവൻ രണ്ടുപേരും കൂടി വെടിയുതിർത്ത് പരിശീലനം നേടി. ആയിടക്കാണ് ജാക്സണ് സ്ഥലം മാറ്റം ഉണ്ടായത്. സ്ഥലം മാറിപ്പോകുന്നത് പ്രമാണിച്ച് നാസിക്കിലെ പ്രമാണിമാരും ഉദ്യോഗസ്ഥന്മാരും ചേർന്ന് അദ്ദേഹത്തിന് ഒരു വിരുന്നൊരുക്കി. സൽക്കാരത്തീയതി വിപ്ലവകാരികൾ മുൻകൂട്ടി മനസ്സിലാക്കി. ആഘോഷം സംഘടിപ്പിച്ച ഹാളിലേക്ക് പ്രവേശനം പാസ്സ് മൂലമാണ് നിയന്ത്രിച്ചത്. എന്നിട്ടും കൻഹാരെയ്ക്കും രണ്ട് സഹായികൾക്കുമായി മൂന്ന് പാസ്സ് സംഘടിപ്പിക്കാൻ വിപ്ലവകാരികൾക്ക് കഴിഞ്ഞു. ചടങ്ങ് നടന്നുകൊണ്ടിരിക്കെ വെടിപൊട്ടി. അധ്യക്ഷ വേദിയിൽ ഉപവിഷ്ടനായിരുന്ന ജാക്സൺ ഇരിപ്പിടത്തിൽ നിന്നും മറിഞ്ഞുവീണു. തൽക്ഷണം മരിക്കുകയും ചെയ്തു. സംഭവം സ്ഥലത്തുവച്ച് തന്നെ കൻഹാരയെ പോലീസ് പിടികൂടി. സഹായികളെയും അറസ്റ്റ് ചെയ്തു. സഹായികളുടെ കൂട്ടത്തിൽ പാസ് വാങ്ങി കടന്ന് മൂന്നു പേരെ കൂടാതെ വേറെയും മൂന്നുപേർ ഉണ്ടായിരുന്നു. കൻഹാരെ, ദേശ്പാണ്ഡെ ഗോപാൽ കാർവെ എന്നിവരെ ബോംബെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മറ്റു മൂന്നു പേരെയും നാടുകടത്തി .1910 ഏപ്രിൽ 19ന് നാസിക് സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കി.
സവർക്കറാണ് ജാക്സൺ വധത്തിനുപയോഗിച്ച തോക്കുകൾ അയച്ചുകൊടുത്തതെന്ന് പോലീസ് പിന്നീട് കണ്ടുപിടിച്ചു. സവർക്കറെ അറസ്റ്റ് ചെയ്യാൻ ബോംബെ പോലീസ് ലണ്ടനിൽ ലണ്ടൻ പോലീസിന് നിർദ്ദേശം നൽകി .നിർദ്ദേശം ലണ്ടനിൽ നിന്നും അതിരഹസ്യമായി പാരീസിലേക്ക് കൈമാറി. ഇക്കാര്യം മനസ്സിലാക്കാതെ സവർക്കർ പാരീസിൽ നിന്നും വീണ്ടും ഇംഗ്ലണ്ടിലേക്ക് തന്നെ അതി രഹസ്യമായി തിരിച്ചുവരികയായിരുന്നു. ചാരന്മാർ മുഖേന സവർക്കറുടെ ചലനം മനസ്സിലാക്കിയ ലണ്ടൻ പോലീസ് അദ്ദേഹം വിക്ടോറിയ ടെർമിനൽസ് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ ഉടനെ അറസ്റ്റ് ചെയ്തുകൊണ്ട് കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വഴിയിൽ മർസിലീസ്സിന് അടുത്ത് വെച്ച് കപ്പലിൽ നിന്നും സമുദ്രച്ചുഴിലേക്കു ചാടി നീന്തി കരപൂകി .കര പറ്റിയാൽ എത്തുന്നത് ഫ്രാൻസിന്റെ മണ്ണിലായിരുന്നു. അന്തർദേശീയ നിയമമനുസരിച്ച് ഫ്രാൻസിന്റെ മണ്ണിൽ വെച്ച് വിദേശ പോലീസിന് അവരുടെ കുറ്റവാളിയാണെങ്കിലും അറസ്റ്റ് ചെയ്യാൻ നിയമം അനുവദിക്കുമായിരുന്നില്ല. എന്നിട്ടും അവിടുത്തെ പോലീസിന്റെ ഒത്താശയോടെയാണ് സവർക്കറെ അറസ്റ്റ് ചെയ്തത്. ഈറൻ വസ്ത്രങ്ങളോടെ അദ്ദേഹത്തെ പിടിച്ചു കെട്ടി വീണ്ടും കപ്പലിൽ എത്തിച്ചു. ഇന്ത്യയിൽ എത്തുവോളവും കോടതിയിൽ കൊണ്ടുവരുവോളവും സവർക്കറുടെ കൈകാലുകളിലും കഴുത്തിലും കൂച്ചുവിലങ്ങിട്ട് ബന്ധിച്ചിരുന്നു. ഇന്ത്യയിൽ എത്തി ബോംബെ കോടതികളിൽ സവർക്കർ വിചാരണ ചെയ്യപ്പെട്ടു. വിവിധ കേസുകളിൽ പ്രതിയായിരുന്നു സവർക്കർ. എല്ലാ കേസുകളിലും ആയി 50 വർഷത്തെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ആന്തമാനിലേക്ക് നാടുകടത്താനും വിധിയുണ്ടായി. സവർക്കറുടെ ചൈതന്യവത്തായ യുവത്വം മുഴുവൻ ആന്തമാനിലെ ജയിലറകൾ കാർന്നു തിന്നു .ആന്തമാനിൽ വേറെയും രാഷ്ട്രീയ തടവുകാർ ഉണ്ടായിരുന്നു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ. പുളിൻ ബിഹാരി ദാസ്, യുഗാന്തർ സമിതിയുടെ ഉപേന്ദ്രനാഥ് ബാനർജി, ആശുതോഷ് ലാഹിരി, ഹേമേന്ദ്രദാസ് തുടങ്ങിയവർ. വധശിക്ഷക്ക് വിധിക്കപ്പെടുകയും , പിന്നീട് നാടുകടത്തപ്പെടുകയും ചെയ്ത വേറെയും എത്രയോ വിപ്ലവകാരികൾ സവർക്കറോടൊപ്പം മാതൃഭൂമിയുടെ മോചനത്തിനായി വർണ്ണനാതീതമായ യാതനകളും പീഡനങ്ങളും അനുഭവിച്ചുകൊണ്ട് ആന്തമാനിൽ കഴിഞ്ഞിരുന്നു.
തയ്യാറാക്കിയത്: പ്രസന്നകുമാരി.ജി
No comments:
Post a Comment