അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
37. ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും, ഇരുപതാംശതകത്തിന്റെ ആദ്യ വർഷങ്ങളിലും ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടി മിന്നലുകളായി പ്രത്യക്ഷപ്പെടുകയും കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപടലമായി മേഘങ്ങൾക്കുള്ളിൽ ലയിക്കുകയും ചെയ്ത അതിസാഹസികരായ ഒരുകൂട്ടം വിപ്ലവകാരികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ വർണ്ണോജ്വല കഥാപാത്രങ്ങളാണ് അവർ.
സ്വദേശി പ്രസ്ഥാനവും വിദേശ വസ്ത്ര ബഹിഷ്കരണവും നിയന്ത്രണാധീതമാവുകയും ലാത്തികൊണ്ടും, വെടിയുണ്ട കൊണ്ടും ഭരണം അതിനെ ക്രൂരമായി നേരിടുകയും ചെയ്തു തുടങ്ങിയപ്പോൾ, എഴുതിവെക്കപ്പെട്ട ഒരു ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കേണ്ടവരാണ് തങ്ങൾ എന്ന ധാർമിക ബോധം ബ്രിട്ടീഷുകാർ നിശ്ശേഷം കൈവെടിഞ്ഞു. നേതാക്കളെ പോലും അവർ മർദ്ദിച്ച് അവശരാക്കി. "സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് അതെനിക്ക് ലഭിച്ചേ തീരൂ" എന്ന് ഉറക്കെ പ്രഖ്യാപിച്ച, ദേശീയതയുടെ അനിഷേധ്യ വക്താവായ ബാലഗംഗാധര തിലകന്റെ പേരിൽ കള്ളക്കേസ് ഉണ്ടാക്കി. ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു കൊണ്ട് മാണ്ഡ്ലയിലേക്ക് നാടുകടത്തി. സുരേന്ദ്രനാഥ് ബാനർജിയോട് വെള്ളക്കാരനായ ഒരു മജിസ്ട്രേറ്റ് സ്വന്തം വീട്ടിലെ മുറിക്കുള്ളിൽ വെച്ച് അപമര്യാദയായി പെരുമാറുകയും കോടതിയുടെ പടിവാതിൽ പോലും കാണാൻ അവസരം നൽകാതെ വിചാരണ കൂടാതെ ശിക്ഷിക്കുകയും ചെയ്തു. നിയമം ലംഘിക്കുകയും പൗരാവകാശങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന ഭരണത്തെ പുറത്താക്കാൻ ബലം പ്രയോഗിക്കണം എന്ന് വിശ്വസിക്കുന്നവരായിരുന്നു അതിസാഹസികരായ വിപ്ലവകാരികൾ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിഞ്ഞ പ്രവർത്തന ശൈലിയും ഭീകര പ്രസ്ഥാനക്കാർക്ക് അരോചകമായിത്തീർന്നു. ഇന്ത്യയിൽ അധിവസിക്കുന്ന 30 കോടി ജനങ്ങളുടെ 60 കോടി കൈകളിലും തോക്ക് ഉണ്ടാവണമെന്ന് അവർ വിശ്വസിച്ചു. ശക്തിയെ ശക്തികൊണ്ടുതന്നെ ചെറുത്ത് തോൽപ്പിക്കണം എന്നും അവർ വിശ്വസിച്ചു. ഈ ലക്ഷ്യം വെച്ചുകൊണ്ട് അവർ ആയുധം ശേഖരിക്കാൻ തുടങ്ങി. യുദ്ധമുറ പരിശീലിച്ചു. ഉന്നം തെറ്റാതെ വെടിവെക്കാൻ പഠിച്ചു. ബോംബ് നിർമ്മിച്ചു. യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് വിപ്ലവ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി. പോലീസിന്റെ ശ്രദ്ധ തിരിക്കാനായി അത്തരം പ്രസ്ഥാനങ്ങൾക്ക് ആരോഗ്യകേന്ദ്രമെന്നോ കായിക പരിശീലന കേന്ദ്രമെന്നോ ഭാരതസംഘം എന്നോ കള്ളപ്പേരുകൾ നൽകി. ഇത്തരക്കാരെ സഹായിക്കാൻ വിദേശങ്ങളിൽ പ്രവാസികളായി കഴിഞ്ഞുകൂടുന്ന ഇന്ത്യക്കാരും സമാന സംഘടനകൾ ഉണ്ടാക്കി ഫണ്ടു പിരിച്ചു, ആയുധശേഖരം നടത്തി ഇന്ത്യയിലേക്ക് ആയുധങ്ങൾ അയച്ചു.
കൊല മരത്തിലേക്ക് തീർത്ഥയാത്ര നടത്തിയ ധാരാളം വിപ്ലവ പ്രസ്ഥാനങ്ങൾ അക്കാലത്ത് ഇന്ത്യയിലും വിദേശങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഇംഗ്ലണ്ടിൽ ഇത്തരമൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖൻ ഗുജറാത്ത്കാരനായ ശ്യാംജി കൃഷ്ണവർമ്മ യായിരുന്നു. ശ്യാംജി ജനിച്ചത് ഗുജറാത്തിലെ കത്തിയവാറിൽ ഒരു നിർധന കുടുംബത്തിൽ. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം . പതിനെട്ടാം വയസ്സിലാണ് സംസ്കൃത പഠനത്തിൽ അത്യന്തം മികവു കാട്ടിയ ഈ യുവാവ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ചേരുന്നത്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ഒരു ഇംഗ്ലീഷ് പ്രൊഫസർ ആണ് ശ്യാംജിയെ കണ്ടെത്തിയത് ശ്യാംജിയുടെ അപാരമായ സംസ്കൃത പാണ്ഡിത്യം കണ്ടറിഞ്ഞ് അദ്ദേഹത്തെ സ്നേഹപൂർവ്വം ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചതായിരുന്നു. അവിടെ സംസ്കൃത ഭാഷാ പഠനത്തിൻറെ തലവനായാണ് ശ്യാംജി കൃഷ്ണവർമ്മയെ കൊണ്ടുപോയത്.
വിജ്ഞാന ദാഹിയായിരുന്ന കൃഷ്ണ വർമ്മ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ കുട്ടികളെ പഠിപ്പിക്കുന്ന വേളയിൽ തന്നെ സായാഹ്ന ക്ലാസുകളിൽ ചേർന്ന് നിയമം പഠിക്കുകയും നിഷ്പ്രയാസം ' ബാർ അറ്റ്ലോ' എന്നാ ഉന്നത ബിരുദം നേടുകയും ചെയ്തു . ഇതിനിടയിലാണ് ഇംഗ്ലണ്ടിലെ പ്രവാസികളായ ഇന്ത്യക്കാർക്കിടയിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ താല്പര്യമുള്ള ചിലരുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വിപ്ലവ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. കൃഷ്ണവർമ്മ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ബോംബെയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം ജനഗഡ് രാജാവിൻറെ ദിവാനായി. ഈ പദവിയിലിരിക്കുമ്പോൾ തന്നെ മഹാരാഷ്ട്രയിലെ തീവ്രവാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു . എന്നാൽ വളരെക്കാലം ഇന്ത്യയിൽ കഴിയാനായില്ല മഹാരാഷ്ട്രയിലെ വിപ്ലവ പ്രസ്ഥാനക്കാരെ പോലീസ് അരിച്ചു പെറുക്കി നടന്ന കാലമായിരുന്നു അത് വിപ്ലവകാരി എന്ന നിലയിൽ ഇംഗ്ലണ്ടിൽ ഇതിനകം പ്രഖ്യാപിതനായി കഴിഞ്ഞിരുന്ന തന്നെ പോലീസുകാർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുമെന്ന് മനസ്സിലാക്കിയ കൃഷ്ണവർമ്മ അവരുടെ കണ്ണുവെട്ടിച്ച് വീണ്ടും പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി പോലീസ് തന്നെ പിന്തുടർന്നേക്കുമെന്ന് സംശയമുള്ളതിനാൽ ഇംഗ്ലണ്ടിലും അയാൾ നിന്നില്ല .പാരീസിലേക്ക് കടന്നു. പിന്നീടുള്ള പ്രവർത്തനങ്ങൾ അവിടെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. നിരവധി വർഷങ്ങൾ പാരീസ് ആയിരുന്നു ശ്യാംജിയുടെ വിപ്ലവ പ്രവർത്തന കേന്ദ്രം. ബ്രിട്ടീഷ് പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ആയിരുന്നു ശ്യാംജി. അദ്ദേഹത്തിൻറെ നിഴൽ വീഴുന്നിടം നോക്കി നടക്കുകയായിരുന്നു അവർ .
അതുകാരണമാണ് ലണ്ടൻ ഉപേക്ഷിച്ചുകൊണ്ട് ജർമനിയിലേക്ക് കടക്കേണ്ടി വന്നത് എന്നാൽ അവിടെയും ആ വിപ്ലവകാരിക്ക് സ്വൈര്യം ലഭിച്ചിരുന്നില്ല ലണ്ടൻ പോലീസ് മണത്തറിഞ്ഞ് പാരീസിലും ചെന്നു. പിന്നീട് അതി രഹസ്യമായി പോലും ശ്യാംജിക്ക് ഇംഗ്ലണ്ടിലെ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ജർമ്മനിയിലും സ്വസ്ഥത കിട്ടാതായപ്പോൾ ശ്യാംജി ഭാര്യസമേതനായി ജനീവയിലേക്ക് മാറി. ഒന്നാം ലോകയുദ്ധം നടക്കുമ്പോഴാണ് അദ്ദേഹത്തിന് ജർമ്മനി വിടേണ്ടിവന്നത്. ജനീവയിൽ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമായിരുന്നു ശ്യാംജിയുടേത്. തുണയായി ജീവിതസഖി മാത്രം . അപ്പോഴേക്കും അദ്ദേഹം അവശനായിക്കഴിഞ്ഞിരുന്നു .വയസ്സ് 70ലധികം. ജനീവയിലെ ഒരു വീടിൻറെ മുകളിലത്തെ വാടക മുറിയിലാണ് കഴിഞ്ഞു കൂടിയത്. ഈ ഏകാന്തവാസം അദ്ദേഹത്തിന് സഹിക്കാമായിരുന്നില്ല. അനാരോഗ്യം കാരണം ഭാര്യയും നിശ്ശേഷം അവശയായിത്തീർന്നു. 1930 മാർച്ച് 30ന് ശ്യാംജി കൃഷ്ണവർമ്മ അന്ത്യശ്വാസം വലിച്ചു സഹതപിക്കാനോ കണ്ണീർ ചൊരിയാനോ സ്വന്തം സഹധർമ്മിണി ഒഴികെ മറ്റാരുമില്ലാത്ത സാഹചര്യത്തിൽ ബഹദൂർഷായുടെ അവസാന നിമിഷം അനുസ്മരിപ്പിക്കും മട്ടിൽ മൃതദേഹം അനാഥ പ്രേതം കണക്കേ രണ്ടുമൂന്നു ദിവസം ശവമെടുപ്പ് കാരെയും കാത്തു കിടക്കേണ്ടി വന്നു . മൂന്നാം ദിവസമാണ് ആരാധകർ ജഡവും അന്വേഷിച്ചെത്തിയത് അവരാണ് ജഡം സംസ്കരിച്ചതും, ഭൗതിക അവശിഷ്ടം എന്ന നിലയിൽ ചിതാഭസ്മം ശേഖരിച്ചതും. 2030 ആം ആണ്ട് വരെ ചിതാഭസ്മം സൂക്ഷിക്കാൻ അവർ തീരുമാനിച്ചു . ആ വർഷം ആകുമ്പോഴേക്കും ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് ഭരണം വരുമെന്നും ഗവൺമെൻറ് ചിതാഭസ്മം അന്വേഷിച്ചു വരുമെന്നും രാജകീയ പ്രൗഢിയോടെ ശ്യാംജിയുടെ പാവനമായ ആ ഭൗതിക അവശിഷ്ടം അന്ന് സംസ്കരിക്കാം എന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് അവർക്കുണ്ടായിരുന്നത്. മരണത്തിനുശേഷം കൂടുതൽ അനാഥയായി തീർന്ന കൃഷ്ണവർമ്മയുടെ ജീവിതസഖി തൻറെ സ്വത്തുക്കൾ മുഴുവൻ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നീക്കിവെച്ചു.
തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി
No comments:
Post a Comment