അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
39.ഖുദി റാമും പ്രഫുല്ല ചാക്കിയും.
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി ദേശീയ നേതാക്കളെ തുറുങ്കിലടയ്ക്കുകയോ നാടുകടത്തുകയോ തൂക്കിലിടുകയോ ചെയ്തുകൊണ്ട് ഇന്ത്യക്കാരുടെ കൊടിയ ശത്രുവായി വർത്തിച്ച കിംഗ്സ് ഫോർഡ് കൽക്കത്ത കോടതിയിലെ ജഡ്ജിയായിരുന്നു. ഇവിടെ ഉന്നത പദവിയിലുള്ള മറ്റ് ഏതൊരു ബ്രിട്ടീഷ് മേധാവിയെക്കാളും ക്രൂരനായിരുന്നു അദ്ദേഹം. ഗവൺമെന്റിന് പോലും ഇക്കാര്യം അറിയാമായിരുന്നു. അക്കാരണത്താലാണ് ഒരു സന്ദർഭത്തിൽ കിംഗ്സ് ഫോർഡിനെ ഭീകര പ്രസ്ഥാനക്കാരുടെ താവളമായിരുന്ന കൽക്കത്തയിൽ നിന്നും മുസാഫർ പുരിയിലേക്ക് മാറ്റിയത് .
ഒരിക്കൽ അരവിന്ദ ഘോഷിനെ ഒരു കേസുമായി ബന്ധപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്യുകയും കിംഗ്സ് ഫോർഡിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. അരവിന്ദഘോഷിന്റെ പേരിൽ കുറ്റം ചുമത്തിക്കൊണ്ട് സാക്ഷിയായി ബിപിൻ ചന്ദ്രപാലിനെയും പിടിച്ചിരുന്നു .പക്ഷേ ബിപിൻ ചന്ദ്രപാൽ ഘോഷിനെതിരെ സാക്ഷി പറയാൻ കൂട്ടാക്കിയില്ല എന്ന കാരണത്താൽ കിംഗ്സ് ഫോർഡിന് അരവിന്ദ് ഘോഷിനെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ ബിപിൻ ചന്ദ്രപാലിനെ വിട്ടില്ല. കോടതിയലക്ഷ്യക്കുറ്റം ചുമത്തി ആറുമാസം കഠിന തടവിന് ശിക്ഷിച്ചു. ഇന്ത്യൻ ദേശീയ നേതാക്കൾക്കെതിരായി ഈ രീതിയിൽ എത്രയോ കള്ളക്കേസുകൾ ചമയ്ക്കാൻ പോലീസിനെ സഹായിച്ച ക്രൂരൻ ന്യായാധിപനായിരുന്നു കിംഗ്സ് ഫോർഡ്.
അദ്ദേഹത്തെ എവിടേക്ക് മാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചാലും ഇന്ത്യയുടെ ഏത് കോണിലും ചെന്ന് വധിക്കണം എന്ന് വാശിയുള്ളവരായിരുന്നു വിപ്ളവ പ്രസ്ഥാനക്കാർ. ആ നിലയിലാണ് കൽക്കത്തയിൽ നിന്ന് മുസാഫർ പൂരിലേക്ക് മാറ്റിയപ്പോഴും ബിംബത്തിനു നിഴൽ പോലെ വിപ്ലവ പ്രസ്ഥാനക്കാർ കിംഗ്സ് ഫോർഡിനെ വിടാതെ കൂടിയിരുന്നത് .
കിംഗ്സ്ഫോർഡിനെ വധിക്കാൻ നിയോഗിച്ചത് പ്രായം കുറഞ്ഞ രണ്ട് യുവാക്കളെ ആയിരുന്നു. ഖുദിറാംബോസിനെയും പ്രഫുല്ല ചാക്കിയേയും. ഖുദിറാം ബോസിന് വയസ്സ് 19. പ്രഫുല്ലചാക്കിക്ക് 20.
പ്രായപൂർത്തി എത്തും മുമ്പ് സ്വദേശി പ്രസ്ഥാനവുമായി രാഷ്ട്രീയത്തിലിറങ്ങിയ ബാലനായിരുന്നു ഖുദിറാം. അസാധാരണമായ മനക്കരുത്തും ധൈര്യവുമായിരുന്നു ആ കുട്ടിക്ക് . ബോർഡിംഗ് സ്കൂളിൽ താമസിച്ചു കൊണ്ടാണ് പഠിച്ചത്. കുഴപ്പം പിടിച്ച കാലത്ത് ഒരു ദിവസം ബോർഡിംഗ് സ്കൂളിൽ നിന്നും പുലർച്ചെ ഒരു മണിക്ക് ഒരു ഹെഡ്കോൺസ്റ്റബിളും നാലഞ്ചു പോലീസുകാരും വന്ന് ഖുദിറാമിനെ പൊക്കിയെടുത്തു കൊണ്ടുപോയി. പോലീസ് സ്റ്റേഷനിൽ ഇട്ടു ചൂരൽ പ്രയോഗം നടത്തി. ഉറക്കപ്പിച്ചോടെ എല്ലാ പ്രഹരവും ഏറ്റു വാങ്ങിയ ഖുദിറാമിനെ പോലീസ് ബോർഡിംഗ് ഹൗസിൽ തിരിച്ചുകൊണ്ടു വിട്ടു. ഉറക്കം നഷ്ടപ്പെടുത്തിയതിൽ പോലീസിന് നേരെ പിറുത്തുകൊണ്ട് യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ കുട്ടി ഉറക്കം തുടരുകയും ചെയ്തു. ഇത്രയും തന്റേടമുള്ള കുട്ടിയായിരുന്നു ഖുദിറാം. പ്രഫുല്ല ചാക്കിയും ഏതാണ്ട് ഇതേ മൂശയിൽ കാച്ചിയെടുത്ത യുവാവാണ്. ക്ലാസിൽ വന്ദേമാതര ഗാനം ആലപിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി. പിന്നെ പഠനം തുടർന്നില്ല .വന്നിറങ്ങിയത് പടക്കളത്തിൽ. കൂട്ടുകാർ രണ്ടുപേരും മുസാഫർ പുരിയിലെത്തി. മുമ്പ് പരിചയമില്ലാത്ത പ്രദേശം. പരിസരപഠനത്തിനായി അഞ്ച് പത്ത് ദിവസം ഒരു ധർമ്മശാലയിൽ താമസമുറപ്പിച്ചു. പകൽ മുഴുവൻ പരിസര നിരീക്ഷണത്തിൽ വ്യാപൃതരായി. കിംഗ്‌സ് ഫോർഡിന്റെ ബംഗ്ളാവ്, കോടതി, അദ്ദേഹം പെരുമാറുന്ന മറ്റിടങ്ങൾ ഇതൊക്കെ സൂക്ഷ്മമായി പഠിച്ചു. ഒരു ഡിറ്റക്ടീവിന്റെ നിരീക്ഷണ പാടവത്തോടെ. രണ്ടുപേരുടെയും കൈകളിൽ ബോംബും സ്വയം പ്രവർത്തനശേഷിയുള്ള കൈ തോക്കും. വിപത്ഘട്ടത്തിൽ ഉപയോഗിക്കാൻ സയനൈഡ് ഗുളിക. മുസാഫർ പുരിയുടെ സ്ഥലനിർണയ പടം, തീവണ്ടി ആപ്പീസിലേക്കുള്ള ദൂരവും വണ്ടിയുടെ സമയവും കാണിക്കുന്ന സമയ പട്ടിക, ഇത്രയും കരുതലോടെയാണ് അവർ കൃത്യനിർവഹണത്തിന് ഒരുങ്ങിയത്.പക്ഷെ, വെടിയുതിർത്തപ്പോൾ കൈത്തെറ്റ് സംഭവിച്ചു. രാത്രി എട്ടുമണിയോടടുത്ത് രണ്ട് ഒറ്റക്കുതിരവണ്ടികൾ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിലാണ് നിശാ ക്ലബ്ബിൽ നിന്നും പുറപ്പെട്ടത്. മുന്നിലത്തെ വണ്ടിയിലാണ് കിംഗ്സ് ഫോർഡ് എന്ന് അവർ കരുതി. അവിടെയാണ് അമളി പറ്റിയത്. അതിൽ സഞ്ചരിച്ചിരുന്നത് മിസ്സിസ് കെന്നഡി എന്ന സ്ത്രീയും മകളും ആയിരുന്നു അവർക്കാണ് വെടിയുണ്ട കൊണ്ടത്. അവരുടെ വണ്ടിയാണ് ബോംബേറിൽ തകർന്നതും. അക്കാര്യം മനസ്സിലാവുന്നത് പിറ്റേന്ന് പ്രഭാതത്തിൽ പത്രം വായിച്ചപ്പോൾ.
കൃത്യം നടത്തി, അരനാഴിക പോലും പാഴാക്കാതെ അവർ രക്ഷപ്പെടാനായി ശ്രമിച്ചു. ബെദ്ധപ്പാടിൽ ഒരു വൃക്ഷച്ചുവട്ടിൽ അഴിച്ചു മാറ്റി ഇട്ടിരുന്ന അവരുടെ പാദരക്ഷകൾ എടുക്കാൻ വിട്ടു പോയി.
രാത്രി മുഴുവൻ ഒരിടത്തും നിൽക്കാതെ രണ്ട് പേരും ഓടി. ഗ്രാമം പകുത്തുകൊണ്ട് നീണ്ടുപോകുന്ന റെയിൽപാളമല്ലാതെ കണ്ണത്താവുന്ന ദൂരത്തിൽ എങ്ങും തീവണ്ടി ആപ്പീസ് ദൃശ്യമായിരുന്നില്ല. എന്നാൽ ഒരേ ദിശയിൽ രണ്ടുപേരും ചേർന്ന് സഞ്ചരിക്കുന്നത് അപകടകരമാണെന്നതിനാൽ അവർ അവിടെ മുതൽ പിരിഞ്ഞു. ഒരാൾ തെക്കോട്ട് യാത്ര തുടർന്നു. മറ്റേയാൾ വടക്കോട്ടും പ്രഫുല്ല ചാക്കി ഓടുന്ന ദിശയിൽ ആയിരുന്നു റെയിൽവേ സ്റ്റേഷൻ . അത് മൊഖമേഘട്ട് റെയിൽവേ സ്റ്റേഷൻ ആണെന്നും അവിടെ അരമണിക്കൂറിനിടയിൽ ഒരു ലോക്കൽ വണ്ടി എത്തിച്ചേരാനുണ്ടെന്നും പ്രഫുല്ലക്ക് മനസ്സിലായി. അതുകണക്കാക്കി പ്രഫുല്ല ചാക്കി ഓട്ടത്തിനു വേഗത കൂട്ടി. സ്റ്റേഷനിൽ എത്താറായപ്പോൾ അകലെ ചൂളം വിളി കേട്ടു. ബദ്ധപ്പെട്ട് ചെന്ന് സമസ്തിപ്പൂരിലേക്ക് ടിക്കറ്റ് എടുത്തു. വണ്ടി വന്നപ്പോൾ പുലർച്ചയായതിനാൽ ഒഴിഞ്ഞു കിടന്ന തീവണ്ടി മുറികളിൽ ഒന്നിൽ കയറിപ്പറ്റി. എന്നാൽ വണ്ടി പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് തനിക്കെതിരെ ഒരു മധ്യവയസ്കൻ ഇരുപ്പുറപ്പിച്ചിരിക്കുന്നത് പ്രഫുല്ല കണ്ടത്. അയാൾ ഒരു വായാടിയെപ്പോലെ സംസാരിച്ചു തുടങ്ങിയപ്പോൾ പ്രഫുല്ല അസ്വസ്ഥത കാട്ടി, മിതഭാഷിയാണ് താനെന്ന് അപരന് തോന്നട്ടെ എന്ന മട്ടിൽ ആവശ്യത്തിന് മാത്രം സംസാരിച്ചു. പക്ഷേ അപരൻ വിട്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ നേരം വെളുത്തിരുന്നു. തീവണ്ടി ആപ്പീസിന്റെ പിറകിൽ ശുദ്ധജലം ഒഴുകുന്ന ഒരു നദി കണ്ടു. അതിൽ ഇറങ്ങി വെള്ളം കുടിക്കുകയും തിരിച്ചുവന്ന് മറ്റൊരു മുറിയിൽ കയറിയിരിക്കുകയും ചെയ്യാമെന്ന് കരുതി. വണ്ടി നിന്ന ഉടനെ പ്ലാറ്റ്ഫോം കുറുകെ കടന്ന് അയാൾ നദിയിൽ നിന്ന് വെള്ളം കോരി കുടിച്ചു. തിരികെ വന്ന് മറ്റൊരു മുറിയിൽ കയറി . താൻ ഒഴിവാക്കിയ മാന്യൻ അതേ മുറിയിൽ തനിക്ക് അഭിമുഖമായി ഇരിപ്പുറപ്പിച്ചത് കണ്ട പ്രഫുല്ല ഒരിക്കൽ കൂടി ഞെട്ടി.പ്രഫുല്ലയുടെ നഗ്ന പാദങ്ങളും മുഖത്തെ പാരവശ്യവും കണ്ട് അദ്ദേഹത്തിന് സംശയം തോന്നിയിരുന്നു. അയാൾ മഫ്ടിയിൽ സഞ്ചരിക്കുന്ന പോലീസുകാരനാണ് എന്ന കാര്യം ഊഹിച്ചത് പോലുമില്ല . അടുത്ത സ്റ്റേഷനിൽ അയാൾ ഇറങ്ങിയപ്പോൾ മാത്രമാണ് പ്രഫുല്ലയ്ക് ശ്വാസം നേരേ വീണത്. പക്ഷേ അയാൾ ഇറങ്ങിയത് സമസ്തിപൂർ സ്റ്റേഷൻ മാസ്റ്ററുമായി ഫോണിൽ ബന്ധപ്പെടാനായിരുന്നു. റെയിൽവേ പോലീസിനുള്ള ഒരു സന്ദേശം കൈമാറാൻ വേണ്ടി. ഇതൊന്നും പ്രഫുല്ലയ്ക് ഊഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ശല്യം ഒഴിഞ്ഞു കിട്ടി എന്ന മനശാന്തിയോടെ സമസ്തിപൂർ സ്റ്റേഷൻ വരെ സഞ്ചരിച്ച പ്രഫുല്ലചാക്കി അവിടെ വണ്ടി ഇറങ്ങിയപ്പോൾ കണ്ടത് ഒരുകൂട്ടം പോലീസുകാരെയാണ്. നേരത്തെ കണ്ട മാന്യനും അരികിൽ നിൽപ്പുണ്ടായിരുന്നു. താൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായ ഉടൻ എളിയിൽ നിന്നും കൈതോക്ക് വലിച്ചെടുത്ത് പോലീസിന് നേരെ വെടിവെച്ചു. ഒരാൾ മരിച്ചു വീണു. തനിക്കു രക്ഷപ്പെടാൻ കഴിയില്ല എന്ന് ബോധ്യം വന്നപ്പോൾ രണ്ടാമത്തെ നിറയൊഴിച്ചത് സ്വന്തം കഴുത്തിന് നേരെ.
പ്രഫുല്ല അവിടെത്തന്നെ മരിച്ചു വീണു.
പ്രഫുല്ലചാക്കിയെ കെണിയിൽ അകപ്പെടുത്തിയ സഹയാത്രികൻ നന്ദലാൽ ബാനർജി എന്ന സബ്ഇൻസ്പെക്ടർ ആയിരുന്നു. അവധി കഴിഞ്ഞ് സമസ്തിപൂരിൽ ജോലിക്ക് ചേരാൻ പോവുകയായിരുന്നു ബാനർജി.
പ്രഫുല്ല ചാക്കിയേ പിടിച്ചുകൊടുത്ത വകയിൽ ഗവൺമെൻറ് അയാൾക്ക് 1000 ഉറുപ്പിക പാരിതോഷികം നൽകി അഭിനന്ദിച്ചിരുന്നു. പക്ഷേ സംഭവം നടന്ന് ആറുമാസം മുഴുമിക്കും മുമ്പ് കൽക്കത്ത നഗരത്തിലെ നടുറോഡിൽ വച്ച് വിപ്ലവകാരികൾ അയാളെ വെടിവെച്ചുകൊന്നു .
രാത്രി പുലരുവോളം റെയിൽവേ പാളത്തിലൂടെ ഓടുകയായിരുന്ന പ്രഫുല്ലയുടെ കൂട്ടുകാരൻ ഖുദിറാം പോലീസ് വലയത്തിൽ അകപ്പെട്ടു. നഗ്നപാദങ്ങളാണ് ആ യുവാവിനെയും അപകടപ്പെടുത്തിയത്. പോലീസ് വലയത്തിൽ അകപ്പെട്ടപ്പോൾ കൈവശം കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ഖുദിറാം ശ്രമിച്ചു. എന്നാൽ പോലീസ് ഖുദിറാമിന്റെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് അയാളെ പിടികൂടി.
കോടതിയിൽ ഖുദിറാം ഹാജരാക്കപ്പെട്ടു. കേസ്സ് വിസ്താരവും ശിക്ഷാവിധിയും കഴിഞ്ഞു. തൂക്കിക്കൊല്ലാനാണ് വിധിക്കപ്പെട്ടത്. 1908 ആഗസ്റ്റ് 11ന് പ്രഭാത സമയത്ത് സമസ്തിപൂർ ജയിലിനകത്തെ തൂക്കുമരത്തിൽ ഖുദിറാം വധിക്കപ്പെട്ടു. ജഡം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയോ അന്ത്യ ദർശനത്തിന് പോലും അനുവദിക്കുകയോ ചെയ്യാതെ തൊട്ടടുത്ത ഗണ്ഡ നദീതീരത്ത് സംസ്കരിച്ചു. കൂട്ടുകാരനായ പ്രഫുല്ല ചാക്കിയുടെ ജഡം ഏതോ അജ്ഞാതമായ സ്ഥലത്താണ് സംസ്കരിച്ചത്.
കിംഗ്സ് ഫോർഡിന്റെ വധ ശ്രമത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഖുദിറാമിന്റെയും പ്രഫുല്ല ചാക്കിയുടെയും സത്കൃത്യത്തെ അഭിനന്ദിച്ചുകൊണ്ടും ന്യായീകരിച്ചുകൊണ്ടും കേസരിയിൽ ബാലഗംഗാധര തിലകൻ ശക്തമായ ശൈലിയിൽ മുഖ ലേഖനം എഴുതി. ഇന്ത്യൻ ദേശീയതയെ തുരങ്കം വയ്ക്കുന്ന ശകുനം മുടക്കികളായ ഉദ്യോഗസ്ഥന്മാർക്ക് ഒരു താക്കീത് എന്ന നിലയിലായിരുന്നു ലേഖനം. ഒരു സത്കൃത്യമാണ് ഖുദിറാമും കൂട്ടുകാരനും ചപേത്കർ സഹോദരന്മാരും ചെയ്തിരിക്കുന്നത് എന്നതിനാൽ അവരെ ക്രിമിനലുകളായി കാണാൻ പാടില്ല എന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. അതേ തുടർന്നാണ് തിലകനെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.
ബർമ്മയിലെ മാണ്ട്ലെയിൽ നാടുകടത്തിക്കൊണ്ട് ജയിലിൽ കഴിയുന്ന കാലയളവിൽ ആണ് തിലകൻ തൻറെ വിശ്രുതമായ ഭഗവത്ഗീത ഭാഷ്യം എഴുതിയത് ,'ഗീതാ രഹസ്യം' . ഇതേ കാലത്താണ് പഞ്ചാബിലെ ഒരു കർമ്മ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ 1907ൽ പഞ്ചാബ് സിംഹം എന്ന പേരിൽ രാഷ്ട്രീയ രംഗത്ത് അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായിയെയും ബർമയിലേക്ക് നാടുകടത്തിയത്. ഖുദിറാമും പ്രഫുല്ല ചാക്കിയും രക്തസാക്ഷിത്വം വരിച്ച വാർത്ത ബംഗാളിനെ പുളകമണിയിച്ചു. ഇന്ത്യ മുഴുവൻ വാർത്ത പരന്നതോടെ അവർ എല്ലാവരുടെയും പ്രിയപുത്രന്മാരായി. ബംഗാളിലെ അമ്മമാർ സ്വന്തം മക്കളുടെ വിരഹം പോലെ അവരുടെ വേർപാടിൽ കണ്ണുനീർ തൂകി .കുറ്റകൃത്യം ചെയ്തശേഷം നഗ്നപാദരായാണ് അവർ പലായനം ചെയ്തത് എന്ന വാർത്ത കേട്ട് സ്കൂൾ വിദ്യാർത്ഥികൾ പാദരക്ഷകൾ ഉപേക്ഷിച്ചു. പ്രഫുല്ലചാക്കി കുപ്പായം ധരിച്ചിരുന്നില്ല എന്ന വാർത്ത കേട്ട സ്കൂൾ വിദ്യാർത്ഥികൾ കുപ്പായം ഉപേക്ഷിച്ചു കൊണ്ടാണ് ക്ലാസുകളിൽ ഹാജരായത്. അതോടെ ബംഗാൾ വീണ്ടും ഒരു സമരഭൂമിയായി മാറി. പോലീസും അർദ്ധ സൈനിക വിഭാഗവും തെരുവുകളിൽ റോന്ത് ചുറ്റി. ഖുദിറാമിന്റെയോ പ്രഫുല്ല ചാക്കിയുടെയോ നാമം ഉച്ചരിക്കുന്നതുപോലും കുറ്റകരമായി കണക്കാക്കിക്കൊണ്ട് പോലീസ് സർവത്ര നരവേട്ട നടത്തി .ബോംബിനും കൈത്തോക്കിനും വേണ്ടി വീടുകളിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടയിൽ ഒരു ബോംബ് നിർമ്മാണ കേന്ദ്രം കണ്ടുപിടിച്ചു. അവിടെയുണ്ടായിരുന്ന നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വരെ പ്രതികൾ ആക്കി ഒരു ഗൂഢാലോചന കേസ് ഉണ്ടാക്കി അവരെ കോടതിയിൽ ഹാജരാക്കി വിചാരണ നടത്തി. അവരിൽ ഒരാളെ മാപ്പുസാക്ഷിയാക്കുകയും അയാളെക്കൊണ്ട് പോലീസിന് അനുകൂലമാം വിധം സാക്ഷി പറയിക്കുകയും ചെയ്തു.
മണിക്തലയിൽ നടന്ന സംഭവമായതിനാൽ ഇതിനു മണിക് തല ബോംബ് കേസ് എന്നും അലിപ്പൂർ ഗൂഢാലോചന കേസ് എന്നും പറഞ്ഞുവരുന്നു .കേസിൽ അരവിന്ദനും അനുജൻ ബരീൻഘോഷും അരവിന്ദ് ഘോഷിന്റെ പതിനാറും പതിനെട്ടും പ്രായമുള്ള പല ശിഷ്യന്മാരും പ്രതികളായിരുന്നു. തെളിവില്ലെന്ന കാരണത്താൽ അരവിന്ദ് ഘോഷിനെ കോടതി നിരുപാധികം വിട്ടെങ്കിലും സഹോദരൻ ബരീൻ ഘോഷും ശിഷ്യവൃന്ദവും സമരാനുകൂലികളും ശിക്ഷിക്കപ്പെട്ടു. ബരീൻഘോഷിന് ജീവപര്യന്തം നാടുകടത്തൽ ശിക്ഷയാണ് ലഭിച്ചത്. കെട്ടിച്ചമച്ച ഇത്തരം ഒരു കേസിൽ മാപ്പുസാക്ഷിയായിരുന്ന നരേൻ ഗോസായി എന്ന ചതിയനെ കനൈലാൽ, സത്യേന്ദ്രപാ ക്കി എന്നീ വിപ്ലവകാരികൾ ചേർന്നു വെടിവെച്ചുകൊന്നു. കനൈലാലിനെയും സത്യേന്ദ്രപാക്കിയേയും തൂക്കിക്കൊന്നു.
അരവിന്ദ ഘോഷിന്റെ ജീവിതസരണിയുടെ സുപ്രധാന വഴിത്തിരിവായി ഈ സംഭവം. അദ്ദേഹത്തിന് മനം മടുപ്പുണ്ടായി .സഹോദരൻ ബരീൻ ഘോഷും കുറേ ശിഷ്യ സമൂഹവും കള്ളക്കേസിൽ കുടുങ്ങി നാടുകടത്തപ്പെടേണ്ടി വന്നതിലുള്ള ദുഃഖമായിരുന്നു ഈ മനം മാറ്റത്തിന് നിദാനം. പിന്നീട് അരവിന്ദൻ പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം മാറിനിന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്നുവച്ചു. ഒടുവിൽ സന്യാസം സ്വീകരിച്ചുകൊണ്ട് ബംഗാൾ വിട്ടു. ദക്ഷിണേന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശമായ പോണ്ടിച്ചേരിയിൽ കടലോരത്ത് ഒരു ആശ്രമം സ്ഥാപിച്ചുകൊണ്ട് ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായി. ജീവിതാവസാനം വരെ ഇഹലോക ചിന്തകൾ പരിത്യജിച്ച ഒരു സന്യാസിയാണ് പിന്നീട് അദ്ദേഹം ജീവിച്ചത്. അരവിന്ദൻ സ്ഥാപിച്ച പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം ഇന്ന് വിശ്വപ്രസിദ്ധമാണ്.
ബരീൻ ഘോഷിനൊപ്പം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരിൽ ഇന്ദുഭൂഷൺ എന്ന ഒരു വിദ്യാർത്ഥിയും ഉണ്ടായിരുന്നു .ആ യുവാവ് ഒരു ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കേസിൽ കുടുങ്ങിയത്. ഘോഷിന്റെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു ഇന്ദുഭൂഷൺ. ആ ഇളം പ്രായക്കാരന് കടുത്ത പീഡനമാണ് ആന്തമാനിൽ അനുഭവിക്കേണ്ടിവന്നത്. പന്ത്രണ്ട്, പതിനാല് മണിക്കൂർ നേരത്തെ കഠിനാധ്വാനം. അതുകാരണം ആരോഗ്യം നിശ്ശേഷം തകരുകയും ക്ഷയരോഗ ബാധിതൻ ആവുകയും ചെയ്തു. എന്നിട്ടും വിശ്രമിക്കാൻ അവസരം നൽകിയില്ല എഴുന്നേറ്റു നിൽക്കാൻ പോലും ശേഷി നശിച്ച മട്ടിൽ അവശനായി കഴിഞ്ഞിരുന്ന ഇന്ദുഭൂഷണ് ജയിൽ അധികൃതർ നൽകിയ ശിക്ഷ ഏതു ശിലാഹൃദയത്തെയും ആർദ്രമാക്കുന്ന മട്ടിലുള്ളതായിരുന്നു. എണ്ണയാട്ടുന്ന ചക്കുകുറ്റിക്ക് ചുറ്റും നടക്കുന്ന കാളയെ മുഖത്തണ്ടിൽ നിന്നും അഴിച്ചുമാറ്റി പകരം ഇന്ദുവിനെ കെട്ടി ചുറ്റിക്കുകയായിരുന്നു അവർ. രാവിലെ മുതൽ സന്ധ്യയാകും വരെ ഒരേ വട്ടംചുറ്റൽ! മരണം കൊണ്ട് മാത്രമേ തനിക്ക് ഈ പീഡനത്തിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ എന്ന് തീരുമാനിച്ച ഇന്ദുഭൂഷൺ ഒരു രാത്രിയിൽ ജയിലറയിലെ ജനലഴികളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു.
അലിപ്പൂർ ഗൂഢാലോചന കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് കൽക്കത്തയിലെ പ്രസിദ്ധ ബാരിസ്റ്ററും ദേശീയ നേതാക്കളിൽ പ്രമുഖനുമായിരുന്ന ചിത്തരഞ്ജൻ ദാസ് ആയിരുന്നു .(സി .ആർ. ദാസ് )1922 ഗയയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് ഇദ്ദേഹമായിരുന്നു .ഒരു അഭിഭാഷകൻ എന്ന നിലയിൽ ലക്ഷങ്ങൾ മാസം വരുമാനം ഉണ്ടായിരുന്ന ചിത്തരഞ്ജൻ ദാസ് അഭിഭാഷകവൃത്തി ഉപേക്ഷിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1920ൽ ഗാന്ധിജി നയിച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത് .ഒപ്പം കൽക്കത്തയിലെ കൊട്ടാരസദൃശ്യമായ വീടും സ്വത്തും ദേശീയപ്രസ്ഥാനത്തിന് വിട്ടുകൊടുക്കുകയായിരുന്നു. സി ആർ ദാസിനോടുള്ള ആദരവുകാരണം ജനങ്ങൾ അദ്ദേഹത്തെ 'ദേശബന്ധു: എന്ന വിശേഷണം ചേർത്താണ് വിളിച്ചിരുന്നത് .സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കൽക്കത്തയിൽ സ്ഥാപിച്ച തീവണ്ടി എൻജിൻ നിർമ്മാണശാലയ്ക്ക് ചിത്ഥരഞ്ജൻ ലോക്കോ മോട്ടിവ് എന്ന സജ്ഞ നൽകിയത് ഈ ദേശീയ നേതാവിനെ സ്മരണ നിലനിർത്തി കൊണ്ടാണ് അവിടെ നിർമ്മിക്കപ്പെട്ട ആദ്യത്തെ തീവണ്ടി എൻജിൻ ദേശബന്ധു എന്ന പേരിൽ അറിയപ്പെട്ടതും ഈ മഹാന്റെ സേവനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ്.
തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.
No comments:
Post a Comment