അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും
41. ഗദർ പാർട്ടി.
ഇന്ത്യയുടെ മോചനത്തിനു വേണ്ടി, ആയുധ സന്നാഹത്തോടെ ഇന്ത്യൻ വംശജരായ നിരവധി വിപ്ലവകാരികൾ ഈ കാലയളവിൽ ഇന്ത്യയിലേക്ക് വരികയുണ്ടായി. 'ഗദർ' പ്രസ്ഥാനക്കാരായിരുന്നു അവർ . 'ഗദർ' എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം വിപ്ലവം എന്നാണ്. ഡോക്ടർ പാണ്ഡുരംഗ സദാശിവയും പണ്ഡിറ്റ് കാശിറാമുമായിരുന്നു ഈ പ്രസ്ഥാനത്തെപ്പറ്റി ആദ്യം ആലോചിച്ചത്. ഇതിനായി ആയോധന പരിശീലനം നേടാൻ സദാശിവ വിദേശത്തേക്ക് പോയി. അമേരിക്കയിലെ ഒരു മിലിട്ടറി അക്കാദമിയിൽ നിന്ന് സൈനിക പരിശീലനത്തിൽ ബിരുദം എടുത്തു. കാലിഫോർണിയയിൽ 'ഇന്ത്യ ഇൻഡിപെൻഡൻഡ്' എന്ന സംഘടന സ്ഥാപിച്ചു അവിടെ വച്ചാണ് കാശിറാം എന്ന വിപ്ലവകാരിയുമായി പരിചയപ്പെടുന്നത്. ഇരുവരും ഗദർ പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്തു. കാശിറാം തന്റെ സ്വത്ത് മുഴുവൻ പാർട്ടിക്ക് സംഭാവനയായി നൽകി.
ആ സമയത്ത് ലാലാ ഹർദയാൽ അമേരിക്കയിലായിരുന്നു. അവിടെ ഇന്ത്യക്കാരെ സംഘടിപ്പിക്കാൻ വന്നതായിരുന്നു അദ്ദേഹം. ഹർദയാൽ ഡൽഹിക്കാരൻ ആയിരുന്നു .ബിരുദം എടുത്തത് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന്. ഉപരിപഠനം ഇംഗ്ലണ്ടിൽ സ്കോളർഷിപ്പോടുകൂടി. അവിടെ സവർക്കറുടെയും ശ്യാംജി കൃഷ്ണവർമ്മയുടെയും മറ്റും കൂട്ടുകാരനായിത്തീർന്നു. സ്വന്തം മണ്ണിൽ വെച്ചു തന്നെയാണ് ബ്രിട്ടീഷുകാരെ നേരിടേണ്ടത് എന്ന തീരുമാനത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുപോയി, ദേശീയ പ്രസ്ഥാനത്തിൽ വ്യാപൃതനായി .
ഹർദയാൽ പക്ഷേ ഇന്ത്യയിൽ പോലീസിന്റെ നോട്ടപ്പുള്ളിയായപ്പോൾ കൂട്ടുകാരുടെ നിർദ്ദേശം അനുസരിച്ച് ബർലിനിലേക്ക് പോയി. അമേരിക്കയിൽ പോലീസ് നിരീക്ഷണത്തിൽ അകപ്പെടാതിരിക്കാൻ സാൻഫ്രാൻസിസ്കോയിൽ പ്രൊഫസർ ജോലിയിൽ ഏർപ്പെട്ടു. ആ സന്ദർഭത്തിലാണ് ഇന്ത്യയിൽ നിന്നും എത്തിച്ചേർന്ന ഗദർ പാർട്ടി നേതാക്കളുമായി പരിചയപ്പെട്ടത്. കാനഡയിൽ മാത്രമായി അക്കാലത്ത് പത്തൊൻപതിനായിരത്തിലേറെ ഭാരതീയർ ഉണ്ടായിരുന്നു. എന്നാൽ അവർ അസംഘടിതരായിരുന്നു. ഇന്ത്യൻ പ്രശ്നങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കാനും വേണ്ടി വന്നാൽ 1857ലെ പോലെ ഒരു വിപ്ലവം സംഘടിപ്പിക്കാനും ബ്രിട്ടീഷുകാർക്ക് എതിരെ ഇന്ത്യയിൽ ഒരു സായുധസമരം നടത്താനും പാർട്ടി ലക്ഷ്യമിട്ടിരുന്നു. ഇതിനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യക്കാരെ ഈ പ്രസ്ഥാനത്തിൻറെ കീഴിൽ അണിനിരത്താൻ ഹർദയാൽ പ്രവർത്തനം തുടങ്ങി. ഇന്ത്യക്കാർ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ഗദർ പാർട്ടിയുടെ ശാഖകൾ സ്ഥാപിച്ചു .ഏഷ്യൻ രാജ്യങ്ങളിൽ ആയിരുന്നു ഇതിൻറെ പ്രധാന പ്രവർത്തനം. ജപ്പാനിലും ഹോങ്കോങ്ങിലും മലയയിലും മറ്റും അവിടെയുള്ള ഇന്ത്യക്കാരെ ഇന്ത്യൻ പ്രശ്നങ്ങൾ ധരിപ്പിക്കാൻ പാർട്ടിയുടെ മുഖപത്രമായ ഗദർ വിവിധ ഭാഷകളിൽ മുദ്രണം ചെയ്തിരുന്നു. ഹിന്ദിയിലും ഉറുദുവിലും മറാഠിയിലും ബംഗാളിയിലും മറ്റും. ഓരോ രാജ്യത്തും ഗദർ പാർട്ടിയുടെ ഊർജ്ജസ്വലരായ വിപ്ലവകാരികൾ രഹസ്യ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. ജപ്പാനിൽ ബർക്കത്തുള്ള, ഹോങ്കോങ്ങിൽ ഭഗവത് സിംഗ് തുടങ്ങിയ പലരും തങ്ങളുടെ രാജ്യത്ത് ഗദർ സന്ദേശവുമായി രഹസ്യ പ്രവർത്തനം നടത്തി. നേതാക്കളുടെ അതിരഹസ്യമായ ഒരു സമ്മേളനത്തിൽ ഹർദയാൽ പാർട്ടിയുടെ പരിപാടി വിളംബരപ്പെടുത്തി. ജർമ്മനി യുദ്ധസന്നാഹങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലായിരിക്കും ആദ്യത്തെ ഏറ്റുമുട്ടൽ. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശ്രദ്ധ മുഴുവൻ ജർമനിയെ നേരിടുന്നതിൽ ആയിരിക്കും .ആ സന്ദർഭത്തിൽ ഇന്ത്യ തിരിച്ചു പിടിക്കാൻ ഇന്ത്യക്കാർ തയ്യാറാവണം. അതിനായി വൻതോതിൽ ആയുധം ശേഖരിക്കേണ്ടതുണ്ടെന്നും എല്ലാ വിദേശികളായ ഇന്ത്യക്കാരും സായുധരായി കപ്പൽമാർഗ്ഗം ഇന്ത്യയിൽ എത്തേണ്ടതുണ്ടെന്നും ഹർദയാൽ അഭിപ്രായപ്പെട്ടു.
ഇതിനിടയിൽ അമേരിക്ക ഇന്ത്യക്കാർക്കെതിരെ ചില മുൻകരുതൽ എടുത്തു തുടങ്ങി. ഒരു പ്രത്യേക നിയമമുണ്ടാക്കി (ഏഷ്യാറ്റിക് എമിഗ്രേഷൻ ആക്ട്) . അത് പ്രകാരം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കപ്പലിൽ വരുന്ന ഇന്ത്യൻ വംശജരെ യാതൊരു കാരണവശാലും അമേരിക്കൻ തീരത്ത് ഇറങ്ങാൻ സമ്മതിക്കുകയില്ല. അമേരിക്കയിൽ ജോലിചെയ്യുന്ന തങ്ങളുടെ ബന്ധുക്കളെ കാണാനാണെങ്കിൽ പോലും .സ്ത്രീകളും കുട്ടികളും അടക്കം കപ്പലിൽ നിന്ന് കണ്ടു പോവുകയല്ലാതെ ആശയവിനിമയം നടത്താൻ പോലും സമ്മതിച്ചില്ല. അതിനെതിരെ ഗദർ പാർട്ടിയുടെ രഹസ്യ നേതൃത്വത്തിൽ അമേരിക്കൻ ഇന്ത്യക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല .
ഈ സന്ദർഭത്തിലാണ് ബാബ ഗുരുദത്ത്സിംഗ് എന്ന കോടീശ്വരൻ ഒരു ജപ്പാൻ കപ്പൽ വാടകയ്ക്ക് എടുത്ത് ഷിപ്പിംഗ് കമ്പനി തുടങ്ങിയത്. 'കോമഗതമരു' എന്നായിരുന്നു കപ്പലിന്റെ പേര് ഏഷ്യാറ്റിക്എമിഗ്രേഷൻ ആക്ടിനെ മറികടക്കുകയായിരുന്നു ലക്ഷ്യം. കപ്പലിൽ നിറയെ ഇന്ത്യക്കാരുമായി ഹോങ്കോങ്ങിൽ നിന്നും യാത്ര തിരിച്ചു. അമേരിക്ക ലക്ഷ്യം വെച്ചുകൊണ്ട് കപ്പൽ പുറപ്പെട്ടു 47 ദിവസത്തോളം യാത്ര ചെയ്തു, കാനഡയിലെ വാൻകൂവർ തുറമുഖത്തെത്തി. കപ്പലിൽ 351 പഞ്ചാബികളും 21 മുസ്ലീങ്ങളും ആണ് ഉണ്ടായിരുന്നത്. അവരെല്ലാം തന്നെ കാനഡയിൽ ജോലിയുള്ള പഞ്ചാബികളുടെ ബന്ധുക്കൾ ആയിരുന്നു നിയമം ലംഘിച്ച് തങ്ങളുടെ കുടുംബക്കാരെ കാണാനാണ് അവർ പുറപ്പെട്ടത് എന്നാൽ കനേഡിയൻ പോലീസ് അതിനനുവദിച്ചില്ല കപ്പലിലുള്ളവർ ബഹളം കൂട്ടിയപ്പോൾ വലിയ വീപ്പ കളിൽ തിളക്കുന്ന വെള്ളവുമായി പോലീസ് നൗകകളിൽ കപ്പലിന് അരികെ ചെന്ന് കപ്പലിന്റെ മേൽത്തട്ടിൽ നിന്നിരുന്ന യാത്രക്കാരുടെ നേർക്ക് ചൂടുവെള്ളം പമ്പ് ചെയ്തു. സഹിക്കെട്ട യാത്രക്കാർ കപ്പലിൽ കത്തിക്കൊണ്ടിരുന്ന കൽക്കരി കോരിയെടുത്ത് എറിഞ്ഞ് നൗകയിലുള്ള പോലീസ് വൃന്ദത്തേയും പൊള്ളിച്ചു. തുടർന്ന് പോലീസ് കപ്പലിന് നേരെ തുരുതുരെ വെടി തുടങ്ങി .കപ്പലിലുള്ളവർ തിരിച്ചു വെടിവെച്ചു ഇരുഭാഗത്തും ആൾനാശം ഉണ്ടായി .
കപ്പലിൽ ഭക്ഷണവും വെള്ളവും തീർന്നിരിക്കുകയാണെന്നും യാത്രയ്ക്കിടയിൽ രോഗം പിടിപെട്ട് അവശരായ രോഗികൾക്ക് മരുന്ന് വേണ്ടതുണ്ടെന്നും ഇത് രണ്ടും സംഭരിക്കാൻ അനുവദിക്കുകയാണെങ്കിൽ തിരിച്ചു പൊയ്ക്കൊള്ളാമെന്നും കപ്പൽ തലവനായ ഗുരുദത്ത് പോലീസിനെ അറിയിച്ചു.
ഒടുവിൽ അന്താരാഷ്ട്ര നിയമമനുസരിച്ച് ആഹാരവും മരുന്നും ശേഖരിക്കാൻ ഗുരുദത്തിനെ മാത്രം കരയ്ക്ക് ഇറങ്ങാൻ പോലീസ് അനുവദിച്ചു. ഭക്ഷണവും മറ്റുമായി ഗുരുദത്ത് തിരിച്ചുവരികയും കപ്പൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. വാൻകൂവറിൽ നിന്നും പുറപ്പെട്ട കോമഗതമരു ഹൂഗ്ളീനദീ തുറമുഖത്ത് എത്തുന്നത് നൂറ്റിഇരുപത്താറ് ദിവസത്തെ ക്ലേശകരമായ യാത്രയ്ക്ക് ശേഷം സെപ്റ്റംബർ 28ന്. അപ്പോഴേക്കും അമേരിക്കയുടെ സന്ദേശം കൽക്കത്തയിൽ എത്തിക്കഴിഞ്ഞിരുന്നു. അതുപ്രകാരം അസംഖ്യം പോലീസുകാർ സായുധരായി തുറമുഖത്ത് കാത്തു നിന്നു.
കപ്പൽ തുറമുഖത്ത് എത്തിയപ്പോൾ പോലീസ് സംഘം കപ്പലിൽ ചാടിക്കയറി. ആകെ ബഹളമയം. സംഭവിക്കുന്നതിനെപ്പറ്റി ഒരു രൂപവും കിട്ടാതെ എതിരിടാൻ തന്നെ കപ്പലിലുള്ളവർ തയ്യാറായി. സംഘട്ടനം നടന്നു. കപ്പലിൽ വന്നവരെ പഞ്ചാബിലേക്ക് കൊണ്ടുപോകാനായി ഒരു ഒഴിഞ്ഞ തീവണ്ടി റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കി നിർത്തിയിരുന്നു. തങ്ങൾക്ക് പഞ്ചാബിലേക്കല്ല, കൽക്കത്ത നഗരത്തിലേക്കാണ് പോകേണ്ടതെന്ന് നേതാവ് ഗുരുദത്ത് സിംഗ് പറഞ്ഞെങ്കിലും പോലീസ് സംഘം അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ യാത്രക്കാരെ മുഴുവൻ വലിച്ചിഴച്ചു തുടങ്ങി. സ്റ്റേഷനിൽ എത്തുവോളം തെരുവ് യുദ്ധം തന്നെയായിരുന്നു .പതിനെട്ട് യാത്രക്കാർ പോലീസ് വെടിവയ്പിൽ മരിച്ചുവീണു. ചിലർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെയും തിരഞ്ഞുപിടിച്ചു ജയിലിലടച്ചു.
കൽക്കത്തയിൽ നടന്ന ഈ കലാപം വിദേശ പത്രങ്ങളിൽ വലിയ പ്രാധാന്യം നൽകിയാണ് പ്രസിദ്ധീകരിച്ചത്. വിദേശ ഇന്ത്യാക്കാർക്കിടയിൽ അതൊരു യുദ്ധത്തിന്റെ ഭീതിയും ആവേശവും വളർത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ വിപ്ലവകാരികൾ കലാപം ആരംഭിച്ചിരിക്കുന്നു എന്ന പ്രതീതിയാണ് ഇതുമൂലം ഉളവായത്. വിദേശത്തുള്ള വിപ്ലവ പ്രസ്ഥാനക്കാർ അതിനനുസരിച്ചുള്ള പ്രചാരണവും ആരംഭിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി സായുധസമരം നടത്താൻ സമയമായിരിക്കുന്നു എന്ന രീതിയിലായിരുന്നു പ്രചാരണം. അതിൻ്റെ ഫലമായി 'തോസാമരു' എന്ന മറ്റൊരു കപ്പൽ കൂടി സായുധരായ വിപ്ലവകാരികളെയും കൊണ്ട് ഒക്ടോബർ 29ന് കൽക്കത്ത തുറമുഖത്തടുത്തു. കപ്പലിൽ നൂറ്റിയെഴുപത്തിമൂന്ന് യാത്രക്കാരുണ്ടായിരുന്നു. ഭൂരിപക്ഷവും സിക്കുകാർ. ഗവൺമെൻറ് വേണ്ടത്ര മുന്നൊരുക്കത്തോടെ കാത്തിരുന്നതിനാൽ അവരെ ഉടനുടൻ ജയിലിലേക്ക് അയച്ചു. എന്നാൽ മറ്റു പല രഹസ്യ മാർഗങ്ങളിലൂടെയും പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ 8000 ത്തിൽ പരം വിദേശ ഇന്ത്യക്കാർ അവരവരുടെ ഗ്രാമത്തിൽ സുരക്ഷിതരായി എത്തിക്കഴിഞ്ഞിരുന്നു. ഇവരെപ്പറ്റി ചാരന്മാർ മുഖേന അറിവ് ലഭിച്ചതിനാൽ അവർ ചെന്നുചേർന്ന മിക്ക സ്ഥലങ്ങളിലും രഹസ്യപ്പോലീസ് നിദാന്ത ജാഗ്രതയിലായിരുന്നു. ഇതേസമയം പഞ്ചാബിൽ റാഷ് ബിഹാരി ബോസിന്റെ മുഖ്യ നേതൃത്വത്തിൽ വിപ്ലവ പാർട്ടി ഒരു അന്ത്യ സമരത്തിനുള്ള പടയൊരുക്കത്തിൽ ആയിരുന്നു .ഭായി പരമാനന്ദ് , സചീന്ദ്രനാഥ് സന്യാൽ എന്നീ വിപ്ലവ നേതാക്കളുമായി സഹകരിച്ചുകൊണ്ട് ഹർദയാലിന്റെയും മറ്റും അറിവോടുകൂടിയായിരുന്നു ഈ പടയൊരുക്കം. റാഷ്ബീഹാരി ബോസ് സമർത്ഥനും തന്ത്രജ്ഞനും മിതഭാഷിയും കാര്യപ്രാപ്തിയും ഉള്ള സത്യസന്ധനായ ഒരു നേതാവായിരുന്നു. ജനിച്ചത് ബംഗാളിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ. 1886-ൽ .ഒരച്ചുകൂടത്തിലെ കംപോസിറ്റർ ആയിരുന്നു അച്ഛൻ. ചെറുപ്പത്തിൽ തന്നെ വിപ്ലവ പാർട്ടി അംഗമായിരുന്നു. ഡെറാഡൂണിൽ വനം വകുപ്പിൽ ഗുമസ്ഥനായിരുന്നു റാഷ്ബിഹാരി. വിപ്ലവ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായ റാഷ്ബിഹാരി ജോലി ഉപേക്ഷിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങി. ഉത്തർപ്രദേശ് , ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു . വൈസ്രോയി ആയിരുന്ന ഹാർഡിങ് പ്രഭുവിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ശങ്കിച്ച് ഒളിവിൽ പോയി വാരണാസി കേന്ദ്രമാക്കി ബ്രിട്ടീഷ് ഗവൺമെൻ്റി നെതിരെ സായുധ കലാപം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്തു. ആ സംഭവവുമായി ബന്ധപ്പെട്ട വിപ്ലവകാരികളെ മുഴുവൻ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും റാഷ്ബിഹാരി സമർത്ഥമായി രക്ഷപ്പെട്ടു. 1905-ൽ ഇന്ത്യയെ വിട്ട് ജപ്പാനിൽ എത്തിച്ചേർന്നു. ജപ്പാൻ പൗരത്വം നേടി, ഒരു ജപ്പാൻ വനിതയെ വിവാഹം ചെയ്തു.'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്' എന്ന ഒരു സംഘടന ഉണ്ടാക്കി ഇന്ത്യയുടെ മോചനത്തിനായി ശ്രമിച്ചു. ഇന്ത്യൻ നാഷണൽ ആർമിയുമായും സുഭാഷ് ചന്ദ്രബോസുമായും അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചു .
ഒരു സായുധ വിപ്ലവത്തിലൂടെ ഇന്ത്യയെ മോചിപ്പിക്കാൻ ഉള്ള ശ്രമം ആയിരുന്നു റാഷ് ബിഹാരി ബോസ് നടത്തിയത് .
എല്ലാ സജ്ജീകരണവും പൂർത്തിയായി എന്നുറപ്പുവരുത്തിയശേഷം വിപ്ലവം തുടങ്ങാനുള്ള തീയതി രഹസ്യമായി നിശ്ചയിച്ചു. 1916 ഫെബ്രുവരി 18ന് എല്ലാം സജ്ജമായി .വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പടക്കോപ്പുകൾ , ആക്രമിച്ചു കീഴടക്കിയ സ്ഥലങ്ങളിൽ നാട്ടാനുള്ള വിപ്ലവ പതാകകൾ എന്നിവ എത്തിച്ചു .പിടിച്ചടക്കിയ പ്രദേശത്തിന്റെ താൽക്കാലിക ഭരണത്തിന് നേതൃത്വം വഹിക്കേണ്ടവർ ആരൊക്കെ എന്ന് ലിസ്റ്റ് തയ്യാറാക്കി .യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ കലാപ സ്ഥലത്തേക്ക് ബ്രിട്ടീഷ് പട്ടാളത്തിന് എത്തിച്ചേരാൻ കഴിയാത്ത വിധം ഗതാഗത തടസ്സങ്ങൾ എവിടെയൊക്കെ വേണമെന്ന് നിശ്ചയിക്കപ്പെടുകയും അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ പ്രത്യേക സന്നദ്ധ സേനകളെ തയ്യാറാക്കുകയും ചെയ്തു. വാർത്താവിനിമയ ബന്ധം വിച്ഛേദിക്കാൻ പ്രത്യേകം വാളണ്ടിയർമാരെ നിശ്ചയിച്ചു. കലാപം തുടങ്ങിക്കഴിഞ്ഞാൽ വിപ്ലവകക്ഷിയുമായി ചേരാൻ ആയുധസമേതം വരുന്ന ഇന്ത്യൻ പട്ടാളം എവിടെയെല്ലാം സന്ധിക്കണമെന്ന് അവർക്ക് രഹസ്യ നിർദ്ദേശം നൽകി. പട്ടാള ക്യാമ്പുകളിലെ ആയുധപ്പുരയുടെ സൂക്ഷിപ്പുകാർ ആരുടെ കയ്യിൽ താക്കോൽ ഏൽപ്പിക്കണമെന്ന് നിശ്ചയിച്ചു. തടവിലാക്കപ്പെടുന്ന ശത്രു സൈന്യത്തെ അടച്ചുപൂട്ടാനുള്ള തടങ്കൽ പാളയങ്ങൾ പോലും നിശ്ചയിച്ചു.
എന്നാൽ വിപ്ലവം ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ദിവസത്തിൻ്റെ തലേന്നാൾ സംഭവിക്കാൻ പാടില്ലാതിരുന്നത് സംഭവിച്ചു .വിവിധ കേന്ദ്രങ്ങളിൽ ബ്രിട്ടീഷ് പട്ടാളം താവളമടിച്ചു .ആറായിരം പേരുള്ള നേപ്പാളി ഭടന്മാരുടെ സംഘം (ഗൂർഖകൾ )വന്നെത്തി. ഒരേസമയത്ത് തന്നെ പഞ്ചാബിന്റെ വിവിധ കേന്ദ്രങ്ങളിൽ നേതാക്കന്മാർ അറസ്റ്റിലായി. ആയിരങ്ങളെയാണ് ഒരേസമയം അറസ്റ്റ് ചെയ്തത് .അതിൽ അഞ്ഞൂറോളം വിപ്ലവകാരികളെ ബ്രിട്ടീഷ് പട്ടാളം വിവിധ കേന്ദ്രങ്ങളിൽ വച്ച് വധിച്ചു. എണ്ണൂറോളം പേരെ തടങ്കൽ പാളയങ്ങളിൽ അടച്ചിട്ടു. 500 വിപ്ലവകാരികളെ ആന്തമാനിലേക്കും മറ്റുമായികയറ്റി അയച്ചു. നാടുകടത്തപ്പെട്ടവരിൽ ഭായിപരമാനന്ദിനെപ്പോലുള്ള പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നു. ബാക്കിയുള്ള നിരവധി കലാപകാരികളെ പട്ടാള വണ്ടികളിൽ അജ്ഞാത ദിക്കുകളിലേക്ക് കൊണ്ടുപോയി. അവരെപ്പറ്റി പിന്നീട് ഒരിക്കലും ഒരു വിവരവും ലഭിച്ചില്ല.
ബ്രിട്ടീഷ് പട്ടാളം പിടിച്ചെടുത്ത രേഖകളിലെ വിവരമനുസരിച്ച് വിപ്ലവകാരികൾ ഒരേ സമയത്ത് ലാഹോറിലും ഫിറോസ് പൂരിലും റാവൽ പിണ്ടിയിലും ബനാറസിലും ജബൽ പൂരിലും മറ്റു പല പ്രമുഖ കേന്ദ്രങ്ങളിലും കലാപം നടത്താൻ പരിപാടിയിട്ടിരുന്നു. അവിടങ്ങളിലെ കൂറുമാറിയ ഇന്ത്യൻ സൈനികർ സായുധരായി ക്യാമ്പ് വിട്ടു പുറത്തുവരണമെന്നും വിപ്ലവകാരികളോടൊപ്പം കലാപത്തിൽ പങ്കുചേരണം എന്നുമായിരുന്നു ധാരണ. എന്നാൽ എല്ലാം തകർന്നു. തകർത്തത് ബ്രിട്ടീഷ് പട്ടാളം ആണെങ്കിലും അവർക്കുവേണ്ടി ചാരപ്രവൃത്തി നടത്താൻ വിപ്ലവ സേനയിൽ തന്നെ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ഒരു 'മീർ ജാഫർ' ഉണ്ടായിരുന്നു- കൃപാൽ സിംഗ്. അയാൾ ബ്രിട്ടീഷ് ചാരനായാണ് പ്രവർത്തിക്കുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല.
ബ്രിട്ടീഷ് പട്ടാളത്തിന്റെ ഈ നരവേട്ടയ്ക്ക് ശേഷം ഇന്ത്യൻ പ്രതിരോധ നിയമമനുസരിച്ച് ഒരു പ്രത്യേക ട്രിബ്യൂണലിനെ നിയമിക്കുകയും തടവിലാക്കപ്പെട്ട ചില പ്രമുഖ കലാപകാരികളെ ചേർത്ത് മൂന്ന് കേസുകൾ ചാർജ് ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തു .ലാഹോർ ഗൂഢാലോചന കേസുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
രാജാവിനെതിരായി യുദ്ധം പ്രഖ്യാപിച്ചു എന്നതായിരുന്നു വിപ്ലവകാരികളിൽ ചുമത്തിയ പ്രധാന കുറ്റം. പട്ടാളക്കാർക്കിടയിൽ ഗൂഢപ്രവർത്തനം നടത്തി, ബോംബ് നിർമ്മിച്ചു, കൊലയ്ക്ക് പ്രേരിപ്പിച്ചു, പാലം പൊളിച്ചു, റെയിലുകൾ തകർക്കാനും ഗൂഢാലോചന നടത്തി എന്നിങ്ങനെ വേറെയും കുറ്റങ്ങൾ ഉണ്ടായിരുന്നു. കേസുകൾ തെളിയിക്കപ്പെട്ടതായി കണക്കാക്കുകയും ഇതുമായി ബന്ധപ്പെട്ട 36 പേരെ തൂക്കിക്കൊല്ലുകയും 72 വിപ്ലവകാരികളെ ആന്തമാനിലേക്ക് നാടുകടത്തുകയും 9 പേരെ ഇന്ത്യയിൽ കഠിന തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇവരിൽ 17 പേരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. ലാഹോർ ഗൂഡാലോചന കേസുകൾ സർക്കാർ കെട്ടിച്ചമച്ചുണ്ടാക്കിയതായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ ധാരാളം നിരപരാധികളെ പോലീസ് ഈ കേസിൽ കുടുക്കി. ഭീകര പ്രസ്ഥാനവുമായി ഇറങ്ങിപ്പുറപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാനും ഞെട്ടിപ്പിക്കാനും വേണ്ടി പോലീസ് നിസ്സാരമായ കുറ്റങ്ങൾക്കുപോലും കള്ള വകുപ്പുകൾ ഉൾപ്പെടുത്തി ഗൗരവമുള്ളതാക്കിത്തീർത്തു . നാടുകടത്തൽ ശിക്ഷയും വധശിക്ഷയും നൽകിയത് കള്ള തെളിവുകൾ ഉണ്ടാക്കിയാണ്. സ്ഥലത്തില്ലാത്തവരേയും സംഭവത്തിൽ യാതൊരു വിധത്തിലും ബന്ധപ്പെടാത്തവരെയും അവർ പ്രതികളാക്കി. റാഷ്ബിഹാരി ബോസ് ലാഹോർ ഗൂഢാലോചന കേസിലെ മുഖ്യപ്രതിയായിരുന്നു. പക്ഷേ അദ്ദേഹത്തെ പിടികിട്ടിയില്ല .അദ്ദേഹം ഇന്ത്യാരാജ്യം തന്നെ വിട്ടു കഴിഞ്ഞിരുന്നു .1915 സെപ്റ്റംബർ 13നാണ് ഗൂഢാലോചന കേസിന്റെ വിധി പ്രസ്താവിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ ബാബാ സോഹൻസിംഗ്, ഭായി പരമാനന്ദ്, സോഹൻ സിംഗ് ജോഷ്, കർത്താർ സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെട്ടിരുന്നു. ഇവരോടൊപ്പം ചില ഇന്ത്യൻ പട്ടാളക്കാരും ഉണ്ടായിരുന്നു .അവർ നേരിട്ട് വിപ്ലവത്തിൽ പങ്കെടുത്തവർ അല്ല. അനുഭാവം കാട്ടി എന്നതായിരുന്നു കുറ്റം. മീററ്റിലെ ഇരുപത്തിമൂന്നാം കാലാൾപ്പടയിലെ പന്ത്രണ്ട് ശിപായി മാരെയാണ് ഈ കുറ്റത്തിന് തൂക്കിലേറ്റിയത്. സംശയം തോന്നിയ ചില പട്ടാള റെജിമെന്റുകൾ പിരിച്ചുവിടുകയും ചെയ്തു.
വിപ്ലവ സംരംഭം ഒറ്റുകൊടുത്ത കൃപാൽ സിംഗിനെ വിപ്ലവകാരികൾ പിന്നീട് വെടിവെച്ചുകൊന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സ്വന്തം ജീവിത രക്തം കൊണ്ട് വർണോജ്ജലമായ ഇതിഹാസം രചിച്ചവരായിരുന്നു ഭീകരവാദികൾ .പക്ഷേ സാമ്രാജ്യ ശക്തിയുടെ മുമ്പിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി
No comments:
Post a Comment