അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
42. മിന്റോ - മോർലി ഭരണപരിഷ്കാരം.
ബാലഗംഗാധരതിലകനടക്കം എല്ലാ തീവ്രവാദി നേതാക്കളേയും ജയിലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്തു .1910 ആയപ്പോഴേക്കും തീവ്രവാദികളുടെ ഒരൊറ്റ നേതാവും വെളിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധയോഗങ്ങളും രാഷ്ട്രീയ യോഗങ്ങളും നിരോധിച്ചത് കാരണം നാട്ടിൽ എന്ത് നടക്കുന്നു എന്ന് പൊതുജനങ്ങൾ അറിഞ്ഞുമില്ല . രാഷ്ട്രീയത്തടവുകാരെക്കൊണ്ട് ആന്തമാൻ ദ്വീപിലെ ജയിലറകൾ നിറഞ്ഞു. പ്രവർത്തനരംഗത്ത് ഉണ്ടായിരുന്നത് മിതവാദികളായ നേതാക്കൾ മാത്രമായിരുന്നു. അവർ നിരുപദ്രവികളായ മാന്യന്മാരെന്നാണ് കണക്കാക്കിയിരുന്നത്. ഈ നിലയിൽ ഒട്ടൊന്നു ശാന്തമായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം. ഈ ഘട്ടത്തിലാണ് സർക്കാർ ഭരണപരമായ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. അത്തരം പരിഷ്കാരങ്ങളിൽ മിതവാദികൾ സന്തുഷ്ടരായിക്കൊള്ളുമെന്ന കണക്കുകൂട്ടൽ ആയിരുന്നു ബ്രിട്ടീഷ് സർക്കാരിന്. മിതവാദികൾ അങ്ങനെയൊരു പ്രതീക്ഷയും സർക്കാരിൽ ഉണ്ടാക്കിയിരുന്നു 'ഭരണപരമായ മാർഗത്തിലൂടെ സ്വയംഭരണം' എന്ന മുദ്രാവാക്യം ആയിരുന്നല്ലോ അവരുടേത്. അതിന്റെ തുടക്കം എന്ന നിലയിലാണ് മിന്റോ- മോർലി ഭരണപരിഷ്കാരം വന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരത്തോടുകൂടി വൈസ്രോയി മിന്റോയും മോർലിയും സംയുക്തമായി സംവിധാനം ചെയ്ത നിയമപരിഷ്കാരമായതിനാലാണ് ഇതിന് മിന്റോ മോർലി ഭരണപരിഷ്കാരം എന്നു പേരു വന്നത്.
ഇങ്ങനെയൊരു പരിഷ്കാരം നടപ്പാക്കുന്നതിൽ ഗവൺമെന്റിന് ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് രൂപീകരണ വേളയിൽ അതിൻറെ നേതാക്കൾക്ക് നൽകിയ ഒരു ഉറപ്പ് പാലിക്കേണ്ടതുണ്ടായിരുന്നു സർക്കാരിന് .മുസ്ലിം സമൂഹത്തിനു മാത്രമായി ഒരു പ്രത്യേക മണ്ഡലം നൽകും എന്നതായിരുന്നു അത്. ദേശീയധാരയിൽ നിന്നും മാറിനിന്നുകൊണ്ട്, ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന് അവരുടെ നയത്തിനുള്ള പ്രതിഫലം.
1909 ലാണ് പാർലമെൻറ് 'ഇന്ത്യൻ കൗൺസിൽ ആക്ട്' എന്ന നാമത്തിൽ ഈ നിയമം അംഗീകരിച്ചത്. ഇതുപ്രകാരം വൈസ്രോയിയുടെയും സ്റ്റേറ്റ് സെക്രട്ടറിയുടെയും ഭരണസമിതിയിൽ ഓരോ അനൗദ്യോഗിക ഇന്ത്യൻ പ്രതിനിധിയെ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തിരുന്നു . ഇവർ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവണം എന്നാൽ അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് ചില കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അഭിപ്രായം തുറന്നു പറയുകയും ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും ചെയ്യാമെങ്കിലും അവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല.
മുസ്ലിം സമുദായത്തിന് പ്രത്യേക നിയോജക മണ്ഡലവും സാമുദായിക അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യവും നൽകുന്നതിന്റെ ലക്ഷ്യം ഇന്ത്യയിലെ രണ്ട് പ്രമുഖ സമുദായങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക എന്നതായിരുന്നു.
മുസ്ലീങ്ങളെ ഇന്ത്യയ്ക്കുള്ളിൽ ഇന്ത്യ എന്ന രീതിയിൽ ഒരു പ്രത്യേക വിഭാഗമായി അംഗീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിന് ആദ്യം മിതവാദികൾ അനുകൂലിച്ചെങ്കിലും ഉള്ളിലിരുപ്പ് മനസ്സിലായപ്പോൾ എതിർത്തു .എന്നാൽ അവർക്ക് ഒരു ബദൽ സംവിധാനം നിർദ്ദേശിക്കുവാൻ കഴിഞ്ഞില്ല. അതുകാരണം എതിർപ്പിന്റെ രംഗത്ത് പോലും അവർ ഒരു ഒഴുക്കൻ നയമാണ് കൈക്കൊണ്ടത്.
തീവ്രവാദികൾ തുടക്കം മുതൽക്കുതന്നെ ബില്ലിനെ നഖശിഖാന്തം എതിർത്തു. മിതവാദികളുടെ നിസ്സംഗ നയത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പിന്നീട് മിതവാദികളും ബില്ലിനെതിരെ രംഗത്തുവന്നു.
കോൺഗ്രസിൻറെ 25ആം സമ്മേളനം ആ വർഷം ലാഹോറിൽ നടന്നപ്പോൾ ഈ ഭരണപരിഷ്കാരത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റി വിശദമായ വിമർശനം ഉണ്ടായി. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയായിരുന്നു ആധ്യക്ഷം വഹിച്ചത് അധ്യക്ഷ പ്രസംഗത്തിൽ മാളവ്യ പറഞ്ഞു "വിദേശീയരായ ഒന്നോ രണ്ടോ ഭരണകർത്താക്കൾ ഒരു മേശക്കിരുപുറവും ഇരുന്നുകൊണ്ട് തന്നിഷ്ടം പോലെ നടത്താനുള്ളതല്ല ഇത്തരം ഭരണപരിഷ്കാരങ്ങൾ. ഇത് രൂപപ്പെടുത്തേണ്ടത് ഇന്ത്യക്കാർക്ക് ഭൂരിപക്ഷമുള്ള നിയമനിർമ്മാണ സഭകളിലാവണം. അങ്ങനെയല്ലാത്ത യാതൊന്നും നമുക്ക് സ്വീകാര്യമല്ല" . സാമുദായിക അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായവും സമ്മേളനത്തിന്റെ രൂക്ഷമായ വിമർശനത്തിന് വിധേയമായി .സയ്ദ് ഹസ്സൻ ഇമാം എന്ന പ്രതിനിധിയാണ് ഈ ഭിന്നിപ്പിച്ചു നിർത്തലിനെ എതിർത്തത് .സമുദായ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തി ഇവിടെ സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് കുതന്ത്രങ്ങളെ തൊലിയുരിച്ചു കാട്ടി അദ്ദേഹം .
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ മദൻമോഹൻ മാളവ്യ ഉന്നതനായ വിദ്യാഭ്യാസ പരിഷ്കർത്താവ് ആയിരുന്നു. കോൺഗ്രസിലെ മിതവാദികളുടെ ഒപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചത്. ഫിറോസ് ഷാ മേത്തയുടെയും ഗോപാലകൃഷ്ണ ഗോഖലയുടെയും ഒപ്പം അവരുടെ സമശീർഷനായി ചേർന്നാണ് അവർ സങ്കൽപ്പിക്കുന്ന ഇന്ത്യയുടെ 'സ്വരാജ്യ സങ്കല്പം' എഴുതിയുണ്ടാക്കിയത്. പാർട്ടിയുടെ നയം എന്ന നിലയിൽ അതിൽ പറഞ്ഞിരിക്കുന്നത് ബ്രിട്ടീഷ് പാർലമെൻ്ററി മാതൃകയിലുള്ള ഒരു സ്വതന്ത്ര ഭരണത്തെ ക്കുറിച്ചായിരുന്നു .മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ അവർക്ക് മാത്രമായി ഒരു പ്രത്യേക സംസ്ഥാനം നൽകണമെന്ന് മിന്റോ - മോർലി ഭരണ വ്യവസ്ഥയുടെ നിരർഥകതയെ ലാഹോർ സമ്മേളനത്തിൽ മാളവ്യ ചോദ്യം ചെയ്തത് ഇങ്ങനെയായിരുന്നു 'എങ്കിൽ അവിടെ ന്യൂനപക്ഷമാവുന്ന മറ്റു സമുദായക്കാർക്ക് എന്ത് സംരക്ഷണമാണ് ബ്രിട്ടീഷ് സർക്കാരിന് നിർദ്ദേശിക്കാൻ ഉള്ളത്'?'
1861ലാണ് മാളവ്യ ജനിച്ചത്. ഒരു ബ്രാഹ്മണ കുടുംബത്തിൽ . 21 വയസ്സിൽ മാളവ്യ ബിരുദമെടുക്കുകയും അധ്യാപക വൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. പിന്നെ നിയമപഠനം നടത്തി എൽ എൽ ബി പരീക്ഷ പാസായി. അലഹബാദിൽ അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടു. ഒപ്പം 'ഹിന്ദുസ്ഥാനി' എന്ന ഹിന്ദി പത്രവും 'ഹിന്ദുസമാജം' എന്ന സംഘടനയും ഉണ്ടാക്കി .ഹൈന്ദവ തത്വ പ്രചാരണം ആയിരുന്നു ലക്ഷ്യം. തുടക്കം മുതൽക്ക് തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവർത്തകനും നേതാവുമായിരുന്നു അദ്ദേഹം. എന്നാൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തോട് യോജിപ്പുണ്ടായിരുന്നില്ല.മാളവ്യ ഒരു യാഥാസ്ഥിതിക ബ്രാഹ്മണനെങ്കിലും ഗാന്ധിജിയോടൊപ്പം അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്നു.
അവസാനകാലങ്ങളിൽ അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിന്നും ഒഴിഞ്ഞു നിൽക്കുകയും വിദ്യാഭ്യാസ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ ചെലുത്തുകയും ചെയ്തു.1946 നവംബർ 12ന് അന്തരിച്ചു.
മിന്റോ മോർലി ഭരണപരിഷ്കാരം ഇന്ത്യയ്ക്ക് ദോഷം ചെയ്യും എന്ന് അന്നത്തെ സമ്മേളനത്തിൽ ശക്തിയായി വാദിച്ചവരിൽ മുഹമ്മദലി ജിന്നയും ഉണ്ടായിരുന്നു. പിന്നീട് മുസ്ലിംലീഗിന്റെ സമുന്നത നേതാവും പാക്കിസ്ഥാൻ രൂപീകരണത്തിനു ശേഷം അതിൻറെ ആദ്യത്തെ ഗവർണർ ജനറലും ആയ അദ്ദേഹം അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും നേതൃസ്ഥാനങ്ങളിൽ തിളങ്ങി നിന്നിരുന്ന ദേശീയ വാദിയുമായിരുന്നു. മിതവാദി നേതാക്കളോടൊപ്പമാണ് ജിന്ന നിലയുറപ്പിച്ചത്. ഗോപാലകൃഷ്ണ ഗോഖലെയുമായി അദ്ദേഹം ഉറ്റ ബന്ധം പുലർത്തിയിരുന്നു .
1909 ൽ മിന്റോ മോർലി ഭരണപരിഷ്കാരം നിലവിൽ വന്നതായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അത് സ്വീകരിച്ചില്ല.
ആ ഘട്ടത്തിലാണ് 1911ൽ മിന്റോ വിനു പകരം ഹാർഡിഞ്ച് പ്രഭു വൈസ്രോയിയായി വന്നത്. ആ വർഷം ഇന്ത്യ സന്ദർശിക്കാൻ ഇംഗ്ലണ്ടിൽ നിന്നും ജോർജ് അഞ്ചാമൻ ചക്രവർത്തിയും പത്നിയും വന്നു. ചക്രവർത്തിയുടെ ഒരു പ്രത്യേക വിളംബര പ്രകാരം ബംഗാളിന്റെ വിഭജനം റദ്ദാക്കി. അതോടൊപ്പം ചക്രവർത്തി മറ്റൊരു പ്രഖ്യാപനവും നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നു. ബംഗാളിന്റെ പുനരേകീകരണം നടന്നു കഴിയുകയും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുകയും ചെയ്താൽ പ്രക്ഷോഭം കെട്ടടങ്ങും എന്നു കരുതിയ ഭരണാധികാരികൾക്ക് തലസ്ഥാനം മാറ്റി ഒരു വർഷം തികയും മുമ്പ് മറ്റൊരു ആക്രമണത്തെ നേരിടേണ്ടിവന്നു .1912 ഡിസംബർ 23. ഹാർഡിഞ്ച് പ്രഭുവിന് നൽകിയ വരവേൽപ്പ് ചടങ്ങായിരുന്നു രംഗം. വൈസ്രോയിയും പത്നിയും നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്താണ് എഴുന്നള്ളുന്നത്. രണ്ടുപേർക്കും വർണക്കുട പിടിച്ചുകൊണ്ട് മേജർ മഹാവീർ സിംഗ് എന്ന ഇന്ത്യക്കാരനായ പട്ടാള ഉദ്യോഗസ്ഥനും ആനപ്പുറത്ത് ഉണ്ടായിരുന്നു.
വഴിനീളെ സ്വീകരണം നടന്നു. ചെങ്കോട്ട ലക്ഷ്യം വച്ചുകൊണ്ട് ആനയും അമ്പാരിയുമായി ഹാർഡിഞ്ചും പത്നിയും ചാന്ദിനി ചൗക്കിൽ എത്തി. അപ്പോഴാണ് ഒരു സ്ഫോടന ശബ്ദം കേട്ടത്. വെടിക്കെട്ട് ആവുമെന്ന് ജനങ്ങൾ ധരിച്ചു. അങ്ങനെ കരുതിയ പോലീസും ശ്രദ്ധിക്കാൻ പോയില്ല പക്ഷേ സ്ഫോടനത്തോടൊപ്പം ആനപ്പുറത്ത് കുടപിടിച്ചുകൊണ്ട് ഞെളിഞ്ഞിരുന്ന ഇന്ത്യക്കാരനായ മേജർ കുടയുമായി ചരിഞ്ഞുവീണു .അപ്പോൾ മാത്രമാണ് ജനക്കൂട്ടത്തിൽ നിന്നും ആരോ ബോംബറിഞ്ഞതാണെന്ന് പോലീസിന് പോലും മനസ്സിലായത്. ആനപ്പുറത്തുനിന്ന് നിലത്ത് വീണ ഉടൻതന്നെ മേജർ അന്ത്യശ്വാസം വലിച്ചു. വൈസ്രോയിയും പത്നിയും പരിക്കുകളോടെ രക്ഷപ്പെട്ടു. ആരാണ് അക്രമി എന്നോ ആരെ ലക്ഷ്യം വെച്ചാണ് ബോംബിറഞ്ഞതെന്നോ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.റാഷ് ബിഹാരിയായിരിക്കണം എന്ന് പോലീസ് സംശയിച്ചു. അദ്ദേഹത്തിൻറെ പേരിൽ കേസും ചാർജ് ചെയ്തു. പക്ഷേ പിടികിട്ടിയില്ല. ഒരിക്കലും പോലീസിൻറെ കെണിയിൽ പെടാതിരുന്ന ഒരേയൊരു വിപ്ലവകാരിയായിരുന്നു റാഷ്ബിഹാരി. അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവർക്കോ പിടിക്കാൻ സഹായിക്കുന്നവർക്കോ ഒരു ലക്ഷം രൂപ പ്രതിഫലം കൊടുക്കുമെന്ന് ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വേറെ നാലുപേർ പിടിയിൽ ആവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു .മാസ്റ്റർ അമീർ ചന്ദ്, അബോദ് ബിഹാരി, ഭായിമുകുന്ദ് , ബസന്ത്ബിശ്വാസ് എന്നിവരെയാണ് ചാന്ദിനി ചൗക്ക് സംഭവത്തിന്റെ പേരിൽ തൂക്കിലേറ്റിയത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.
No comments:
Post a Comment