അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
48 .ജാലിയൻവാലാബാഗ്.
ഒരു യുദ്ധത്തിന്റെ പ്രതീതി ഉളവാക്കിക്കൊണ്ട് പഞ്ചാബിൽ പലയിടത്തും പോലീസ്സും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടി. തെരുവുയുദ്ധം നടന്നു. പഞ്ചാബിലെ അന്നത്തെ ഗവർണർ ഒ.ഡയർ ആയിരുന്നു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുരടനായിരുന്നു ഗവർണർ ഡയർ അയാളുടെ നയ വൈകല്യം കാരണമാണ് പ്രക്ഷോഭം കലാപപൂരിതമായത്. പോലീസിന് സകല ദു:സ്വാതന്ത്ര്യവും നൽകിയിരുന്നു ഗവർണർ. പഞ്ചാബിലെ ജനങ്ങളെ ഇളക്കിവിടുന്നത് അവിടുത്തെ കോൺഗ്രസ് നേതാക്കളായ ഡോക്ടർ സെയ്ഫുദ്ദീൻ കിച്ലുവും ഡോക്ടർ സത്യപാലുമാണെന്ന് അദ്ദേഹം ധരിച്ചു. അവരെ അറസ്റ്റ് ചെയ്തു ജയിലിലിട്ടാൽ ലഹള ഒതുങ്ങിക്കൊള്ളുമെന്ന് ഗവർണർ കരുതി. പൊതുപ്രവർത്തകരെന്ന നിലയിൽ പഞ്ചാബുകാരുടെ കണ്ണിലുണ്ണികളായിരുന്നു അവർ. കോൺഗ്രസിന്റെ അടുത്ത സമ്മേളനം അമൃതസറിലാണ് നടത്തുന്നത്. അതിൻറെ പ്രവർത്തനവുമായി നടക്കുകയായിരുന്നു അവർ .അതിനിടയിലാണ് ഗവർണറുടെ നിർദ്ദേശപ്രകാരം രണ്ടുപേരെയും അമൃതസർ ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തിൻറെ ബംഗ്ലാവിലേക്ക് വിളിപ്പിച്ചത്. അവർ പിന്നെ തിരിച്ചുവന്നില്ല. രണ്ടുപേരെയും പോലീസ് വാഹനത്തിൽ കയറ്റി ഏതോ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ഈ വാർത്ത നിമിഷനേരം കൊണ്ട് നഗരത്തിലെങ്ങും കാട്ടുതീ പോലെ പരന്നു. മജിസ്ട്രേറ്റിന്റെ ബംഗ്ലാവിനു മുമ്പിൽ ജനം തടിച്ചുകൂടി. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ വിട്ടുകിട്ടാൻ അവർ ബഹളം വെച്ചു. പോലീസ് ജനങ്ങളെ വിരട്ടിയോടിച്ചു. ഓടുന്ന വഴി ജനങ്ങൾ നഗരത്തിലെ നാഷണൽ ബാങ്കിന് തീ വെച്ചു. ബാങ്കിലെ വെള്ളക്കാരനായ ഉദ്യോഗസ്ഥ നെ കൊലപ്പെടുത്തി. ഈ അക്രമത്തിനിടയിൽ റോഡിൽ നടന്നു പോവുകയായിരുന്നു വേറെ അഞ്ച് യൂറോപ്യൻമാരെയും കലാപകാരികൾ വധിച്ചു.
പഞ്ചാബിലെ സംഭവങ്ങൾ അറിഞ്ഞ ഗാന്ധിജി ബോംബെയിൽ നിന്നും പുറപ്പെട്ടു. ബോംബെ വിട്ടു പോകാൻ പാടില്ലെന്ന് നിരോധനം ഉണ്ടായിട്ടും ഗാന്ധിജി അത് വകവയ്ക്കാതെയാണ് പുറപ്പെട്ടത് .പോലീസ് തടഞ്ഞില്ല എന്നാൽ പഞ്ചാബിന്റെ അതിർത്തിയിൽ എത്തിയപ്പോൾ പോലീസ് അദ്ദേഹത്തെ പഞ്ചാബിൽ കടക്കാൻ സമ്മതിച്ചില്ല. താൻ പോകുന്നത് ലഹള ശമിപ്പിക്കാൻ ആണെന്ന് വാദിച്ചു നോക്കിയെങ്കിലും ഗാന്ധിജിയെ പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. അടുത്ത റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി തീവണ്ടിമാർഗ്ഗം ബോംബെയിലേക്ക് തിരികെ അയച്ചു.
ഇതും പഞ്ചാബ് ജനങ്ങളുടെ വ്രണത്തിൽ വാരി വിതറിയ ഉപ്പായിത്തീർന്നു .പക്ഷെ ലഹള പോലീസും പട്ടാളവും ചേർന്ന് തൽക്കാലം മർദ്ദിച്ചൊതുക്കി.
എന്നാൽ, സത്യപാലിനെയും കിച്ലുവിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ വീണ്ടും രംഗത്തെത്തി .പൊതു ഹർത്താൽ ആചരിച്ചു. പട്ടാളത്തെ വീണ്ടും വിളിക്കത്തക്കവണ്ണം സ്ഥിതി മോശമായി. പട്ടാളം വന്നു .ഹർത്താൽ സംരംഭം മർദ്ദിച്ചൊതുക്കി. പതിനൊന്നാം തീയതിയായിരുന്നു ഈ സംഭവം. 1919 ഏപ്രിൽ 12ആം തീയതി ഗവൺമെൻറ് ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുയോഗം ചേരുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചു. പക്ഷേ അക്കാര്യം ആരും അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ പതിമൂന്നാം തീയതി ഹിന്ദുക്കളുടെ നവവത്സര ദിനമായ വൈശാഖപൗർണമി നാളിൽ തങ്ങളുടെ പതിവ് വാർഷികാഘോഷത്തിൽ പങ്കുചേരാൻ ആബാലവൃദ്ധം അമൃതസറിലെ ജാലിയൻവാലാബാഗിൽ തിങ്ങിക്കൂടുമായിരുന്നില്ല.
ഗവർണർ ഡയറും സ്വഭാവം കൊണ്ടും പേരുകൊണ്ടും ഗവർണർ ഡയറിനോട് സാദൃശ്യമുള്ള ബൃഗേഡിയർ ഡയറും ചേർന്ന് ഗൂഢാലോചന നടത്തി , പഞ്ചാബിലെ ജനങ്ങളെ ആകാവുന്നത്ര കൊന്നുമുടിക്കാൻ പരിപാടിയിട്ടു. അതാണ് നിരോധന ഉത്തരവിന്റെ കാര്യം പരസ്യമായി പറയാതിരുന്നത്.
നാലുവശവും മതിലുകളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്താണ് അന്ന് സമ്മേളനം നടന്നത്. ഏപ്രിൽ 13ന്. ഒരു പ്രവേശനമാർഗ്ഗമേ അതിനുണ്ടായിരുന്നുള്ളൂ. ഉന്തിക്കൊണ്ട് പോകാവുന്ന ഒരു കൈവണ്ടി പോലും കടത്താൻ പറ്റാത്ത മട്ടിൽ ഇടുങ്ങിയതായിരുന്നു ആ വഴി.
തലേന്നാൾ വരെ കലാപവും ലഹളയും നടന്ന അമൃതസർ അന്ന് തികച്ചും ശാന്തം. പെട്ടെന്ന് മുഖച്ഛായ തെളിഞ്ഞതു പോലെ എങ്ങും ഉത്സാഹത്തെളിച്ചം.
ജനങ്ങൾ വിശാലമായ മതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി. മൈതാനത്ത് ആള് നിറഞ്ഞപ്പോൾ നഗരിയിലേക്കുള്ള ഒരേയൊരു പ്രവേശനമാർഗ്ഗം പട്ടാളക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. അവരുടെ തലവനായി ബ്രിഗേഡിയർ ഡയറും വന്നുനിൽപ്പുണ്ടായിരുന്നു. അകത്തു കടത്താൻ കഴിയാത്ത മട്ടിൽ ഒരു പീരങ്കി വണ്ടിയും വാതിൽക്കൽ നിർത്തിയിട്ടിരുന്നു. എന്നാൽ ഇതൊന്നും മതിൽക്കെട്ടിനകത്തുള്ളവർ അറിഞ്ഞിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവൻ പ്രസംഗവേദിയിലായിരുന്നു.
പെട്ടെന്നാണ് എല്ലാം സംഭവിച്ചത് . വെടിമരുന്നുശാലയ്ക്ക് തീ പിടിച്ചതുപോലെ, ഇടിമിന്നൽ കണക്കെ, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കഴിയാതെ പ്രസംഗം ശ്രദ്ധിച്ചിരുന്നവർ പരക്കം പാഞ്ഞു .പുറത്തേക്ക് കടക്കാൻ വഴിയില്ലാഞ്ഞ് അന്യോന്യം തട്ടി വീഴുകയും ചവിട്ടി മെതിക്കപ്പെടുകയും ചെയ്തു. 10 മിനിറ്റ് നേരം ഇതേ വെപ്രാളം. പൊട്ടലും ചീറ്റലും നിലച്ചു. നിറയെ പുകപടലവും ആർത്തനാദവും കൂട്ടനിലവിളിയും.
ബ്രിഗേഡിയർ ഡയർ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ 1600 വട്ടം വെടിയുതിർത്തു എന്നായിരുന്നു കണക്ക്. വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം സർക്കാർ കണക്കിൽ വെറും നാനൂറും. സത്യത്തിൽ ആയിരത്തിൽപരം ആളുകൾ വെടിയുണ്ടയേറ്റു മരിച്ചിരുന്നു .മുറിവേറ്റവർ അതിലേറെയായിരുന്നു. അവർ ചോര വാർന്നും ഒരു തുള്ളി ദാഹജലം പോലും കിട്ടാതെയും രാത്രി മുഴുവൻ അനാഥ പ്രേതങ്ങൾ കണക്കെ വീണു കിടന്നു. അവർക്ക് കർശനമായ കാവലും ഏർപ്പെടുത്തിയിരുന്നു. ശുശ്രൂഷിക്കാനും ദാഹജലം നൽകാനും ഓടിക്കൂടി എത്തിയവരെ ആട്ടിപ്പായിക്കാനാണ് ബ്രിഗേഡിയർ ഡയർ ഈ ക്രൂരകൃത്യം ചെയ്തത്.
മരിച്ചവരെയും ബോധരഹിതരായവരെയും മൃതപ്രായരായവരേയും എടുത്തുകൊണ്ടു പോകാനോ ശുശ്രൂഷിക്കാനോ ദാഹജലം കൊടുക്കാനോ പട്ടാളം അനുവദിച്ചിരുന്നില്ല. മുതിർന്നവരുടെയും കുട്ടികളുടെയും ജഡങ്ങള്‍ കൂടുതലും പ്രവേശന കവാടത്തിന് അടുത്തായിരുന്നു. വെടിയുണ്ടയേറ്റു പിടയുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാവാം അതിനു കാരണം എന്ന് ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ പറയുന്നു. ചില ശിരസ്സുകൾ ആരുടേതെന്ന് മനസ്സിലാക്കാൻ വയ്യാത്ത വിധത്തിൽ ഉടലറ്റും, രക്തത്തിൽ കുളിച്ചും കിടന്നിരുന്നു. ഇതുപോലെ അനാഥമായ കൈകാലുകളും കബന്ധങ്ങളും ധാരാളമുണ്ടായിരുന്നു.
ബ്രിഗേഡിയറുടെ സംഹാരതാണ്ഡവം അവിടംകൊണ്ട് അവസാനിച്ചില്ല. അമൃതസറിലേക്കുള്ള വെള്ളവും വെളിച്ചവും അന്നു നിർത്തലാക്കി. പിറ്റേന്ന് മുതൽ നഗരത്തിലൂടെ കടന്നുപോകുന്ന എല്ലാ ഇന്ത്യക്കാരെയും തടഞ്ഞുനിർത്തി, കമിഴ്ന്നു കിടന്നുകൊണ്ട് നെഞ്ചുരസി ഇഴഞ്ഞുപോയിക്കൊള്ളാൻ ആജ്ഞാപിച്ചു. പഞ്ചാബ് ഗവർണറായ മൈക്കിൾ ഒ.ഡയർ തൻറെ വിശ്വസ്ത സുഹൃത്തായ ബ്രിഗേഡിയറെ അയാളുടെ കൃത്യനിർവഹണ നിഷ്ഠയിൽ അഭിനന്ദിച്ചുകൊണ്ട് കുറിമാനം അയച്ചിരുന്നത്രേ. ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്ത ബ്രീഗേഡിയർ ഡയറിനെ ഒരു അന്വേഷണ കമ്മീഷൻ വിചാരണ നടത്തിയിരുന്നു. വിചാരണയ്ക്കിടയിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് കൊടുത്ത മറുപടി മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു .ഒരു ചോദ്യത്തിന് പറഞ്ഞ മറുപടി ഇതായിരുന്നു ,"ഞാൻ വെടി നിർത്തിയത് കരുതിയിരുന്ന വെടിയുണ്ടകൾ തീർന്നു പോയതുകൊണ്ടാണ്"
കമ്മീഷന്റെ മറ്റൊരു ചോദ്യം :പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ തോന്നിയില്ലേ?
മറുപടി :"യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നത് എൻറെ ജോലിയല്ല."
അന്നു രാത്രി മുതൽ അമൃതസറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തു.
ജാലിയൻവാലാബാഗ് സംഭവത്തിനുശേഷം ഉണ്ടായ ജനരോഷത്തെ അമർത്താൻ സിവിലിയൻ ഉദ്യോഗസ്ഥന്മാർക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ ഗവർണർ ഭരണം മിലിട്ടറിയെ ഏൽപ്പിക്കുകയാണുണ്ടായത്. തുടർന്ന് പട്ടാളം നാട്ടിലെങ്ങും മനുഷ്യ വേട്ട തുടങ്ങി. ഗ്രാമങ്ങളിൽ പോലും യന്ത്രത്തോക്ക് സ്ഥാപിച്ചാണ് കലാപകാരികൾക്ക് നേരെ വെടിയുണ്ട വർഷിച്ചത്. സംഗതി നിയന്ത്രണാതീതമായപ്പോൾ പഞ്ചാബും മറ്റു സംസ്ഥാനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു. വാർത്താമാധ്യമങ്ങൾ തമ്മിലുള്ള ബന്ധം പൂർണമായും ഇല്ലാതാക്കി. അതോടെ അവിടെ നടക്കുന്നത് എന്തെന്ന് പുറംലോകത്ത് അറിയാൻ കഴിഞ്ഞില്ല .രഹസ്യമായി ചോർന്നു കിട്ടുന്ന സംഭവങ്ങളിലൂടെ മാത്രമാണ് നേതാക്കൾ പോലും കാര്യങ്ങൾ അറിഞ്ഞത്. അങ്ങനെ ചോർന്നു കിട്ടിയ പല വിവരങ്ങളും സംഭ്രമജനകമായിരുന്നു. ഒരു ഗ്രാമമായ കസൂറിൽ അതിക്രമിയായ ഒരു പട്ടാളത്തലവൻ നൂറോ,നൂറ്റിയിരുപതോ ആളുകളെ പിടിച്ചിടാൻ തക്ക വലിപ്പമുള്ള ഒരു അഴിക്കൂട് ഉണ്ടാക്കി. അതിൽ കുറെ ഗ്രാമീണരെ അടച്ചുപൂട്ടി റോഡരികിൽ പ്രദർശനത്തിന് വച്ചു. കേണൽ ജോൺസൺ എന്ന മറ്റൊരു ഭ്രാന്തൻ പട്ടാള മേധാവി ഒരു ഹിന്ദുവിനെ ഒരു മുസൽമാൻ എന്ന കണക്കിൽ കയ്യാമം വെച്ചുകൊണ്ട് ഒരു ഘോഷയാത്ര സംഘടിപ്പിച്ചു. ഹിന്ദുവും മുസൽമാനും സംഘടിച്ചാൽ ഉണ്ടാകാവുന്ന വിന കാണിക്കാനായിരുന്നു ഈ പ്രകടനം. മറ്റൊരു പട്ടാളമേധാവി ഏപ്രിൽ മാസത്തെ കത്തുന്ന ചൂടിൽ ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും ആട്ടിൻപറ്റം കണക്കെ തെളിച്ചുകൊണ്ടു പോവുകയും ഇരുമ്പു വേലിയിൽ കെട്ടി തളച്ചിടുകയും ചെയ്തു. വിവാഹ പാർട്ടിയെ തടഞ്ഞുനിറുത്തി വധൂവരന്മാരെ കയറുകൊണ്ട് വഴിയിലുള്ള മരത്തിൽ ബന്ധിക്കുകയും മറ്റുള്ളവരെ ചാട്ടവാർ കൊണ്ട് പൊതിരെ തല്ലി പരിക്കേൽപ്പിക്കുകയും ചെയ്തു. ഗ്രാമ വിദ്യാലയങ്ങൾക്ക് മുമ്പിൽ കൊടിമരം നാട്ടി, ബ്രിട്ടീഷ് പതാക കെട്ടി, മൂന്ന് നേരം സലാം വെപ്പിക്കുകയും എല്ലാവരെയും കൊണ്ട് 'ഇത് എൻറെ പതാക, ഇംഗ്ലണ്ടിൽ ഉള്ളത് എൻറെ രാജാവ്, രാജാവിനെതിരെ ഞാൻ ഒന്നും ചെയ്യാൻ പാടില്ല' എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. അധ്യാപകർ കുട്ടികൾക്ക് ഈ സത്യ വാചകം ചൊല്ലിക്കൊടുക്കാൻ ഏർപ്പാടുണ്ടാക്കി.
പലയിടത്തും മുക്കാലികൾ സ്ഥാപിച്ചുകൊണ്ട് വഴിയാത്ര പോകുന്ന ഇന്ത്യക്കാരെ അതിനോട് ചേർത്തു കെട്ടിയിട്ട് അടിശിക്ഷ നൽകാൻ കുതിരച്ചമ്മട്ടിയുമായി പട്ടാളക്കാരെ നിയോഗിച്ചു. കണ്ണിൽ കണ്ടവരെ പിടിച്ചുകൊണ്ടുവന്ന് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അമ്പത്തിരണ്ടുപേരെ ഇങ്ങനെ കൊന്നു എന്നാണ് ഔദ്യോഗികരേഖകൾ നൽകിയ കണക്ക്.
എന്നാൽ ഇത്തരം അതിക്രമങ്ങളെ കയ്യുംകെട്ടി നോക്കി നിൽക്കുന്നവരായിരുന്നില്ല പഞ്ചാബികൾ. അവർക്ക് പ്രതിരോധിക്കാനും പൊരുതാനും അറിയാമായിരുന്നു. തന്റേടത്തോടെ അവർ അതു നിർവഹിക്കുകയും ചെയ്തു. അവരുടെ ശൗര്യത്തിനു മുമ്പിൽ ഇംഗ്ലീഷുകാരായ സാധാരണക്കാർ (ബംഗ്ലാവുകളിലും ഫ്ലാറ്റുകളിലും മറ്റും കുടുംബവുമായി കഴിഞ്ഞു കൂടിയവർ) എലികളെപ്പോലെ വിറച്ചു നിന്നു. അവർ ഭീരുത്വം മൂലം പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ ധൈര്യപ്പെടാതെ വീട്ടിനകത്ത് ഒളിച്ചിരുന്നു. 'ഞങ്ങളുടെ മണ്ണിൽ ഞങ്ങൾക്ക് സ്വൈര്യമില്ലെങ്കിൽ നിങ്ങൾക്കും വേണ്ട' എന്ന ശൈലിയിൽ ജനങ്ങൾ പെരുമാറി. അന്യദേശങ്ങളിലേക്ക് പോകാനും വരാനുമുള്ള തീവണ്ടി നിറുത്തലാക്കിയപ്പോൾ, തീവണ്ടി ഇല്ലെങ്കിൽ തീവണ്ടി ആപ്പീസ് എന്തിന് എന്ന രീതിയിൽ നിരവധി റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി.
ഈ ദുർഘടം പിടിച്ച കാലം ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് സഹിക്കേണ്ടിവന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു. എല്ലാം അവസാനിച്ചപ്പോൾ ഇന്ത്യക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങി ബ്രിട്ടീഷ് ഗവൺമെൻറ് ഒരു അന്വേഷണക്കമ്മീഷനെ നിയമിച്ചു. ഹണ്ടർ കമ്മീഷൻ. കമ്മീഷൻ നടത്തിയ അന്വേഷണം സ്വാഭാവികമായും ഒരു കാട്ടിക്കൂട്ടൽ മാത്രമായിരുന്നു. ഇത്തിരിയെങ്കിലും സത്യം പുറത്തുകൊണ്ടുവന്നത് ഇന്ത്യക്കാർ നടത്തിയ അന്വേഷണമായിരുന്നു. ഗാന്ധിജി, മോത്തിലാൽ നെഹ്റു, ചിത്തരഞ്ജൻ ദാസ്, അബ്ബാസ്തയാബ്ജി, ഫസുൽ ഹക്ക് , സന്താനം തുടങ്ങിയ നേതാക്കൾ അടങ്ങിയതായിരുന്നു ആ കമ്മറ്റി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ജാലിയൻവാലാബാഗിൽ ഒരു രക്തസാക്ഷി മണ്ഡപം പടുത്തുയർത്തി. അതൊരു പൂന്തോട്ടമാക്കി മാറ്റി. ഒടുവിൽ ഒരു രക്തസാക്ഷി സ്മാരകം പണിതു. അന്നത്തെ ചുറ്റുമതിലുകളും, മതിലിൽ അന്നു ലക്ഷ്യം തെറ്റി പാഞ്ഞ വെടിയുണ്ടകൾ നിർമ്മിച്ച പാടുകളും മായാതെ, നിത്യ സ്മാരകങ്ങളായി സൂക്ഷിക്കപ്പെട്ടു. പഞ്ചാബിലെ കൂട്ടക്കൊലയും പട്ടാളനിയമം പ്രഖ്യാപിച്ചുകൊണ്ട് അവിടെ നടത്തിയ കൊടിയ മർദ്ദനങ്ങളും, അഹമ്മദാബാദും കൽക്കത്തയും ഉൾപ്പെടെ പല നഗരങ്ങളിലും പോലീസും പട്ടാളവും നടത്തിയ അതിക്രമങ്ങളും രാജ്യവ്യാപകമായി അമർഷം വളർത്തി. മഹാകവി രവീന്ദ്രനാഥ ടാഗോർ , ബ്രിട്ടീഷ് ഗവൺമെൻറ് നൽകിയ ബഹുമതി തിരിച്ചു നൽകിയ നടപടി ജനങ്ങളുടെ വികാരത്തിൻറെ പ്രതിഫലനമായിരുന്നു. 1919 മെയ് 30ന് ടാഗോർ തനിക്ക് ലഭിച്ച ബഹുമതികളെല്ലാം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. 'ഇന്ത്യക്കാരെ അപമാനിക്കുകയും അവരോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോൾ ബഹുമതി മുദ്രകൾ ലജ്ജിപ്പിക്കുന്നവയാണെന്ന്' ടാഗോർ പറഞ്ഞു. ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരമായ മർദ്ദനവും രാജ്യത്തിൻറെ പല ഭാഗങ്ങളിലും അരങ്ങേറിയ ആക്രമങ്ങളും കണ്ട് സത്യാഗ്രഹ സമരം പിൻവലിക്കുന്നതായി ഗാന്ധിജി പ്രഖ്യാപിച്ചു.
തയ്യാറാക്കിയത്: പ്രസന്നകുമാരീ.ജീ.
No comments:
Post a Comment