അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
47 .മൊണ്ടെഗു- ചെംസ്ഫോർഡ് ഭരണപരിഷ്കാരം
1917 ൽ ബ്രിട്ടീഷ് പാർലമെൻറിലെ വിദേശകാര്യ സെക്രട്ടറിയായിരുന്ന എഡ്വിൻ മൊണ്ടെഗു പൊതുസഭയിൽ ഇന്ത്യയെക്കുറിച്ച് ഒരു പ്രസ്താവന നടത്തി.
'ഇംഗ്ലണ്ട് ജനായത്ത ഭരണസമ്പ്രദായമുള്ള രാജ്യമാണ് .ജനായത്തം സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് ബ്രിട്ടൻ യുദ്ധരംഗത്ത് പൊരുതുന്നതും. ആ നിലയിൽ, നമ്മോട് സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയോട് നമുക്ക് ഇനി പീഡനനയമല്ല വേണ്ടത്. ഇന്ത്യയെ ക്രമേണ സ്വയംഭരണത്തിലേക്ക് നയിക്കണം. ഇതാണ് ഇനിയുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നയം.'
മൊണ്ടെഗുവിന്റെ ഈ പ്രസ്താവന ആവേശത്തോടെയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യക്കാർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാൻ പോകുന്നു എന്ന് കരുതി. ഉടൻ മൊണ്ടെഗു ഇന്ത്യാ സെക്രട്ടറിയായി ഇവിടെ വന്നു. ഇന്ത്യയിൽ എത്തിയ ഉടനെ അദ്ദേഹം പല നേതാക്കളുമായും ചർച്ച നടത്തി. താൻ നടത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. മിതവാദികളായ സുരേന്ദ്രനാഥ് ബാനർജിയെയും മറ്റും പ്രത്യേകം കണ്ടു. ഇതിൽ അവർക്ക് ഏറെ കൃതാർത്ഥത തോന്നി. ഇത് ഭരണഘടനാപരമായ തങ്ങളുടെ നീക്കത്തിന്റെ വിജയമാണെന്ന് അവർ കരുതി.
വൈസ്രോയിയായിരുന്ന ചെംസ് ഫോർഡിന്റെ സഹായത്തോടെ മൊണ്ടെഗു ഇന്ത്യയ്ക്ക് വേണ്ടി ഒരു പുതിയ ഭരണപരിഷ്കാര വ്യവസ്ഥയുണ്ടാക്കി. 'മൊണ്ടെഗു- ചെംസ്ഫോർഡ് റിഫോംസ്. വളരെ പ്രതീക്ഷയോടെ ഇന്ത്യക്കാർ കാത്തിരുന്ന ഈ ഭരണപരിഷ്കാരവ്യവസ്ഥ 1918 ജൂലൈ എട്ടിന് നിയമമായി വന്നു. രാഷ്ട്രീയ ബോധമുള്ള ആരെയും നിരാശരാക്കുന്നതായിരുന്നു അതിൽ നിർദ്ദേശിക്കപ്പെട്ട ഭരണപരിഷ്കാരങ്ങൾ .
ഇത് ഒരു ഇരട്ട ഭരണ സമ്പ്രദായ പദ്ധതിയായിരുന്നു. ഗവർണർ ജനറലിനും അദ്ദേഹത്തിൻറെ നിർവഹണ കൗൺസിലിനും ആയിരുന്നു പരമാധികാരം.
പോലീസ് പൊതുഭരണം തുടങ്ങിയ വകുപ്പുകൾ ഒക്കെ അവരുടെ കൈകളിൽ. ആരോഗ്യപരിപാലനം തുടങ്ങിയ അപ്രധാന വകുപ്പുകൾ മാത്രം ഇന്ത്യക്കാരന്.
ഇന്ത്യക്കാരെ വിഡ്ഢികളാക്കുന്ന ഈ ഭരണപരിഷ്കാരത്തിന് നേരെയുള്ള അമർഷം പ്രകടമാക്കാൻ ആ വർഷം ആഗസ്റ്റിൽ കോൺഗ്രസിന്റെ ഒരു പ്രത്യേക സമ്മേളനം ബോംബെയിൽ വിളിച്ചുകൂട്ടി .ഹസ്സൻ ഇമാം സാഹിബിന്റെ അധ്യക്ഷതയിൽ നാലായിരത്തോളം പ്രതിനിധികൾ സംബന്ധിച്ച ഒരു മഹായോഗമായിരുന്നു അത്. എന്നാൽ മിതവാദികളായ കോൺഗ്രസുകാർ സുരേന്ദ്രനാഥ ബാനർജിയുടെ നേതൃത്വത്തിൽ യോഗം ബഹിഷ്കരിച്ചു .അവരെ പാർട്ടി അച്ചടക്കത്തിന്റെ പേരിൽ പുറത്താക്കി. പുറത്താക്കപ്പെട്ടവർ ഒരു ബദൽ സംഘടന രൂപീകരിച്ചു 'നാഷണൽ ലിബറേഷൻ ഫെഡറേഷൻ' എന്ന പേരിൽ . പക്ഷേ പറന്നുയര്‍ന്നു തുടങ്ങും മുമ്പ് ചിറകു തളർന്നു വീണ വർഷശലഭം പോലെ ആ സംഘടന നിലം പതിച്ചു.
വാഗ്ദാന ലംഘനവും കരി നിയമവും.
ഒന്നാം ലോക യുദ്ധത്തിൽ ബ്രിട്ടൻ ഉൾപ്പെടുന്ന സഖ്യകക്ഷികൾ വിജയിച്ചെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയൊന്നും ഇല്ലായിരുന്നു. യുദ്ധകാലത്ത് ഇന്ത്യക്കാരുടെ പിന്തുണ നേടാൻ വേണ്ടി നൽകിയ വാഗ്ദാനങ്ങൾ ഒന്നും ബ്രിട്ടൻ പാലിച്ചില്ല. യുദ്ധത്തിൻറെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കി. ഇതെല്ലാം കാരണം ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പിന് ശക്തി ഏറി വരികയാണെന്ന് ഭരണാധികാരികൾ മനസ്സിലാക്കി. ഇത് നേരിടാൻ അവർ പുതിയ തന്ത്രങ്ങൾ മെനയാൻ തുടങ്ങി.
ബ്രിട്ടീഷ് ഭരണാധികാരികളിൽ ആശങ്ക വളരാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവം ആയിരുന്നു അത് .1917 നവംബർ ഏഴിന് റഷ്യയിൽ തൊഴിലാളികളുടെയും കൃഷിക്കാരുടെയും രാഷ്ട്രീയപാർട്ടി അധികാരം പിടിച്ചെടുത്തു. സാർ ചക്രവർത്തിയുടെ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചു. ലോകമെമ്പാടും ഈ വിപ്ലവം പ്രതികരണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. തൊഴിലാളികൾക്കും കൃഷിക്കാർക്കും ഭരണത്തിൽ എത്താൻ കഴിയുമെന്ന് ആ വിപ്ലവം തെളിയിച്ചു. വിപ്ലവത്തിന് നേതൃത്വം നൽകിയ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും (ബോൾഷെവിക് പാർട്ടി) അതിന്റെ നേതാവ് ലെനിനും നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ ജനങ്ങളിൽ പുതിയ പ്രതീക്ഷകൾ സൃഷ്ടിച്ചു. സമാധാനം, ഭൂമി , അപ്പം എന്നിവയായിരുന്നു ഒക്ടോബർ വിപ്ലവത്തിന്റെ സന്ദേശം. യുദ്ധം അവസാനിപ്പിക്കാൻ പുതിയ റഷ്യൻ ഭരണം നടപടി സ്വീകരിച്ചു. ഭൂമിയുടെ ഉടമാവകാശം കൃഷി ചെയ്യുന്ന കർഷകർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു.
റഷ്യൻ വിപ്ലവത്തെ ഇന്ത്യൻ ദേശീയ നേതാക്ക ന്മാർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. സാധാരണ ജനങ്ങളെ ഈ സംഭവവികാസങ്ങൾ സ്വാധീനിക്കുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ ന്യായമായും സംശയിച്ചു. ജനങ്ങളുടെ മുന്നേറ്റത്തിന് കളം ഒരുങ്ങി വരികയാണെന്ന് മനസ്സിലാക്കിയാണ് പുതിയ മർദ്ദന നിയമങ്ങൾക്ക് രൂപം നൽകാൻ അവർ ഒരുമ്പെട്ടത്. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകരമായ ഗൂഢാലോചനയുടെ സ്വഭാവവും വ്യാപ്തിയും അന്വേഷിക്കാനും അതിനെ ഫലപ്രദമായി നേരിടാനുമുള്ള നിയമപരമായ നടപടികൾ നിർദ്ദേശിക്കാനുമായി ഗവൺമെൻറ് ഒരു കമ്മറ്റിയെ നിയമിച്ചു. ജസ്റ്റിസ് റൗലറ്റിന്റെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി 1918 ഏപ്രിൽ 25ന് ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. റൗലറ്റ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ബില്ലുകൾ ഗവൺമെൻറ് തയ്യാറാക്കി ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ചു.
ജനങ്ങൾക്ക് നീതി നിഷേധിക്കുകയും ഭരണാധികാരികളുടെ അന്യായങ്ങൾക്ക് നിയമസാധ്യത നൽകുകയും ചെയ്യുന്നവയായിരുന്നു ബില്ലിലെ വ്യവസ്ഥകൾ. ഗവൺമെൻ്റിനെതിരെ പ്രവർത്തിക്കുന്ന ആരെയും അറസ്റ്റ് ചെയ്യാം. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെടുന്നവരെ സ്പെഷ്യൽ കോടതി വിചാരണ ചെയ്യും. സാധാരണ കോടതിയിലെ തെളിവെടുപ്പ് സമ്പ്രദായം ഒന്നും ഈ കോടതിയിൽ ഉണ്ടാവില്ല. രഹസ്യമായിട്ടായിരിക്കണം വിചാരണ. സ്പെഷ്യൽ കോടതി വിധി അന്തിമമായിരിക്കും. ആ വിധിക്ക് എതിരെ അപ്പീൽ നൽകാൻ ആവില്ല. ഇത്തരത്തിലുള്ളവയായിരുന്നു ബില്ലിലെ വ്യവസ്ഥകൾ.
മുസ്ലിംലീഗിന്റെ അധ്യക്ഷൻ എം എ ജിന്ന അസംബ്ലിയിൽ ബില്ലിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു. 'നിങ്ങൾ ഇത് നടപ്പാക്കുകയാണെങ്കിൽ ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിങ്ങൾക്ക് മുമ്പ് അനുഭവപ്പെട്ടിട്ടില്ലാത്ത മട്ടില്‍ എതിർപ്പ് നേരിടേണ്ടി വരും .ഒരു ഭീഷണിയുടെ സ്വരത്തിൽ അല്ല ഞാൻ ഇതു പറയുന്നത് പക്ഷേ നിങ്ങൾക്ക് ഇതിനെ ചിലപ്പോൾ അതിജീവിക്കാൻ പ്രയാസം നേരിടും.' അസംബ്ലിയിൽ വോട്ട് ഇട്ടപ്പോൾ എല്ലാ ഇന്ത്യൻ മെമ്പർമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. ഒരാൾ ഒഴികെ. എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്ന സർ സി. ശങ്കരൻ നായർ. ഒരുകാലത്ത് കോൺഗ്രസിൻറെ പ്രസിഡൻറ് ആയിരുന്ന ഏക മലയാളി. പിന്നീട് അദ്ദേഹം കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞു. ഗാന്ധിജിയോടും വിയോജിപ്പുണ്ടായിരുന്നു. ഗാന്ധിജി ഒരു അരാജക വാദിയാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. ആ വാദം ശരിയാണെന്ന് സ്ഥാപിക്കാൻ ഒരു ഗ്രന്ഥവും എഴുതി. 'ഗാന്ധിജിയും അരാജകത്വവും.' എന്നാൽ 1919ൽ ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയെ തുടർന്ന് അദ്ദേഹം തന്റെ കൗൺസിൽ അംഗത്വം രാജിവെക്കുകയും സർ സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. എങ്കിലും ശങ്കരൻ നായരും ബില്ലിലെ ചില വ്യവസ്ഥകളെ ശക്തമായി വിമർശിച്ചു. ഇന്ത്യൻ മെമ്പർമാർ ഒന്നടങ്കം എതിർത്തിട്ടും തങ്ങളുടെ വികാരത്തെ മാനിക്കാതെ വിദേശികളായവരുടെ വോട്ടിനെ അടിസ്ഥാനപ്പെടുത്തി ബില്ലു പാസാക്കിയത് ഇന്ത്യൻ പ്രതിനിധികൾക്ക് ഇഷ്ടമായില്ല. മറ്റൊരു മുസ്ലിം മെമ്പറായ മൻസറുൽ ഹക്കും മാളവ്യയും കൗൺസിലിൽ നിന്ന് രാജിവച്ചു .1919 ഏപ്രിൽ 6 .ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായി നിന്ന് ബില്ലിനെതിരെ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം നൽകി. ഉപവാസം, പ്രാർത്ഥന ഇതായിരുന്നു ഗാന്ധിജി നിർദേശിച്ച സമര ശൈലി. അഭൂതപൂർവ്വമായ പ്രതികരണമാണ് ഇതിന് ലഭിച്ചത് നഗരങ്ങളും. ഗ്രാമങ്ങളും കുടിലുകളും കൊട്ടാരങ്ങളും ഉണർന്നു. .സത്യഗ്രഹികൾ സമാധാനപൂർവ്വമാണ് കലി നിയമത്തിനെതിരെ പ്രതികരിച്ചത്. എങ്കിലും പോലീസ് പലയിടത്തും പ്രശ്നമുണ്ടാക്കി. ലാത്തിയടിയും ബലപ്രയോഗവും അറസ്റ്റും വെടിവെപ്പും നടന്നു. തലസ്ഥാന നഗരിയായ ഡൽഹിയിലായിരുന്നു ഏറ്റവും രൂക്ഷം. ഡൽഹിയിൽ സമരം നടത്തിയത് മാർച്ച് 30ന് ആയിരുന്നു .ചെങ്കോട്ടയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധ മുസ്ലിം ആരാധനാലയമായ ജുമാ മസ്ജിദിന്റെ നടുമുറ്റത്തായിരുന്നു സമരവേദി. മുൻവശത്തുള്ള മൈതാനിയിലും ചാന്ദിനി പാർക്കിലും ചെങ്കോട്ടയുടെ മതിലിനരിക വരെയും ജനസഹസ്രങ്ങൾ തിങ്ങി കൂടി നിറഞ്ഞിരുന്നു. വിവിധ ജാതി മതവിഭാഗത്തിൽപ്പെട്ടവർ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരിൽ രാഷ്ട്രീയ യോജിപ്പിൽ എത്തിയത് കാരണം യോഗത്തിൽ ആയിരക്കണക്കിന് മുസ്ലീങ്ങളും സന്നിഹിതരായിരുന്നു യോഗത്തിനു മറ്റൊരു വിശിഷ്ടം കൂടിയുണ്ടായിരുന്നു. ഹിന്ദുമതത്തിലെ നവീകരണ പ്രസ്ഥാനം ആയിരുന്ന ആര്യസമാജത്തിന്റെ പുരോഹിതൻ സഹജാനന്ദ സരസ്വതിയായിരുന്നു ഈ സത്യാഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നത്. സന്യാസി വേ ഷത്തിൽ അദ്ദേഹം ജുമാ മസ്ജിദിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ആവേശം ഉണർത്തുന്ന കാഴ്ചയായിരുന്നു. മതമൈത്രിക്ക് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം ആ യോഗത്തിൽ നടത്തിയ ഉദ്ഘാടന പ്രസംഗം ജനസഹസ്രം കേട്ടുനിന്നത്. എന്നാൽ ആ കൗതുകം ഏറെ നേരം നീണ്ടു നിന്നില്ല. പോലീസും പട്ടാളവും എത്തി യോഗം അലങ്കോലപ്പെടുത്തി. ലാത്തിച്ചാർജും വെടിവെപ്പും തുടങ്ങി. ജനം ചിന്നിചിതറി സ്വാമിജിയുടെ നേരെയും പട്ടാളം ആക്രമണത്തിന് ചെന്നു . ധരിച്ചിരുന്ന കാഷായ വസ്ത്രം നീക്കി വെടിവെക്കാൻ സ്വാമിജി നെഞ്ചുകാട്ടിക്കൊടുത്തു. ഗൂർഖാ സൈന്യം പിൻവാങ്ങി .എന്നാൽ നഗരത്തിലൂടെ സമാധാനപരമായി നീങ്ങിയിരുന്ന കൂറ്റൻ ജാഥയ്ക്ക് നേരെ പോലീസ് വെടിവെച്ചു. ഒട്ടുവളരെ പേർ മരിച്ചുവീണു .അക്രമം അഴിച്ചുവിട്ടതറിഞ്ഞ ഗാന്ധിജി ബോംബെയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചു .വഴിയിൽ പോലീസ് അദ്ദേഹത്തെ തടഞ്ഞു .ഗാന്ധിജി വഴങ്ങിയില്ല .പോലീസ് ബലം ഉപയോഗിച്ച് ഗാന്ധിജിയെ ബോംബെയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി.
ഏപ്രിൽ ആറിന് സത്യാഗ്രഹം നടന്നത് ബോംബെയിലെ ചൗപ്പാത്തി കടൽത്തീരത്ത് ആയിരുന്നു. അവിടെ ഒരു മുസ്ലിം പള്ളിയിലായിരുന്നു പ്രസംഗവേദി. ഗാന്ധിജിയാണ് ഉദ്ഘാടനം ചെയ്തത്. ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, അബ്ദുൽ കലാം ആസാദ് എന്നിവരടക്കം പലരും സന്നിഹിതരായിരുന്നു. എന്നാൽ അവിടെ സമാധാനഭംഗമുണ്ടായില്ല. ബ്രിട്ടീഷ് ഇൻറീരിയലിസത്തെയും റൗലറ്റ് കരിനിയമത്തേയും പറ്റി വിശദമായ വിമർശനങ്ങളാണ് യോഗത്തിൽ നടന്നത്. സരോജിനി നായിഡു അടക്കം പല നേതാക്കളും പ്രസംഗിച്ചു .പോലീസ് ഇടപെട്ടില്ല.
ഇതിനിടയിൽ ഗാന്ധിജിയുടെ സാഹിത്യ രചനകൾ പരസ്യമായി വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കപ്പെട്ടു. എന്നാൽ പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കെ സത്യാഗ്രഹികൾ ഗാന്ധി സാഹിത്യം നൂറുകണക്കിന് വിറ്റുകൊണ്ട് നിയമം ലംഘിച്ചു പോലീസ് അപ്പോഴും ഇടപെട്ടില്ല. എന്നാൽ ഇതേ ദിവസം അഹമ്മദാബാദിലും ഗുജറാത്തിലെ പല സ്ഥലങ്ങളിലും പോലീസ് മർദ്ദനം അഴിച്ചുവിട്ടിരുന്നു.
ഡൽഹി സംഭവത്തിനുശേഷം ശക്തി പ്രയോഗിച്ച് ബോംബെയിലേക്ക് തിരിച്ചുകൊണ്ടുപോയ ഗാന്ധിജിക്ക് ബോംബെ പ്രസിഡൻസി വിട്ടു പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഗാന്ധിജിയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്നത്. ജനം പലയിടത്തും ഇളകി മറിഞ്ഞു. അക്രമം നടന്നു. പ്രക്ഷോഭം ഏറ്റവും രൂക്ഷമായത് പഞ്ചാബിൽ ആയിരുന്നു. ലോകയുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാരിൽ ഏറ്റവും കൂടുതൽ പഞ്ചാബികൾ ആയിരുന്നു .അതിനാൽ തിളയ്ക്കുന്ന രോഷവുമായാണ് അവർ കഴിഞ്ഞു കൂടിയത്. ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് വാർത്ത ഏറ്റവും കൂടുതൽ അരിശം കൊള്ളിച്ചത് ക്കപഞ്ചാബ്കാരെയായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ നിയന്ത്രണാധീതമായി.
തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.
No comments:
Post a Comment