🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 20, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 49. ഒരു പകരം വീട്ടൽ/adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

   49. ഒരു പകരം വീട്ടൽ.
      
 1919 ഏപ്രിൽ 13ആം തീയതി  ജാലിയൻവാലാബാഗിൽ നടന്ന മനുഷ്യക്കുരുതിക്ക് കാരണക്കാരനായ പഞ്ചാബ് ഗവർണർ മൈക്കിൾ  ഒ.ഡയറിനെ അദ്ദേഹത്തിൻറെ നാട്ടിൽ ചെന്ന് ഉദ്ദം സിംഗ് എന്ന ദേശസ്നേഹി വെടിവെച്ചു കൊല്ലുകയുണ്ടായി. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന് 20 വർഷത്തിനു ശേഷമാണ് ഉദ്ദംസിംഗിന് സന്ദർഭം ഒത്തു കിട്ടിയത്.
        ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ വെടിയേറ്റ് പിടയുന്ന ആൾക്കൂട്ടത്തിലായിരുന്നു ഉദ്ദംസിംഗ്. അദ്ദേഹത്തിനും പരിക്കു പറ്റിയിരുന്നു. എന്നാൽ അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ പലരെയും ഓടിപ്പിടിക്കുന്ന കൂട്ടത്തിൽ ഉദ്ദംസിംഗിനെയും പോലീസ് പിടിച്ചു .കുറ്റക്കാരൻ എന്ന നിലയിൽ അഞ്ചുകൊല്ലം തടവിലിട്ടു. കേസ് വാദിച്ചു നോക്കാൻ അവസരം ഉണ്ടായില്ല. റൗലത്ത് ആക്ട് പ്രകാരം അതിനുള്ള അവസരം പ്രതികൾക്ക് നിഷേധിച്ചിരുന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്ദം സിംഗ് ദുരന്തത്തിനിടയാക്കിയ ഗവർണർ മൈക്കിൾ ഒ ഡയറെ  വധിക്കണമെന്ന് തീരുമാനിച്ചു . കൂട്ടക്കൊല നടന്ന് ദിവസങ്ങൾക്കുള്ളിൽ ഗവർണർപദവി ഉപേക്ഷിച്ചുകൊണ്ട്  ഡയർ ഇന്ത്യ വിട്ടു. 
    ഗവർണർ പദവി വിട്ട് ഇംഗ്ലണ്ടിലേക്ക് ചെന്ന ഡയറിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. യുദ്ധം ജയിച്ചു ചെല്ലുന്ന ഒരു പടനായകനെ എന്നതുപോലെ! പാരിതോഷികമായി 20,000 പവനും അദ്ദേഹത്തിന് ലഭിച്ചു .
      ഉദ്ദംസിംഗ് മുൻ ഗവർണറെയും തേടി ഇംഗ്ലണ്ടിൽ എത്തി. പോകുമ്പോൾ, ഇന്ത്യയിൽ നിന്നും തോക്കും ആവശ്യമായ വെടിയുണ്ടകളും അദ്ദേഹം കരുതിയിരുന്നു. ലണ്ടനിലേക്ക് കപ്പൽ കയറും മുമ്പ് മുൻ ഗവർണറുടെ ലണ്ടൻ വസതിയുടെ മേൽവിലാസം മനസ്സിലാക്കി വെച്ചിരുന്നു. എം ഒ ഡയർ, സണ്ണി ബേങ്ക്, കൾസ്റ്റൺ, സൗത്ത് ഡെ വോൺ.
      1940 മാർച്ച് 12. കിസിങ്ടണിലെ  വസതിയിൽ നിന്നും കുടുംബത്തോട് യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുകയായിരുന്നു ഡയർ. കാക്സ്റ്റൺ ഹാളിലേക്കാണ് യാത്ര. അവിടെ റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റിയും ഈസ്റ്റിന്ത്യാ അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ഒരു പൊതു ചടങ്ങ് നടക്കുകയാണ്. 'അഫ്ഗാനിസ്ഥാൻ പ്രശ്നങ്ങളെക്കുറിച്ച്' സംഘടിപ്പിച്ച ചർച്ചയിൽ വിഷയം അവതരിപ്പിക്കേണ്ടത് ഡയറായിരുന്നു.
    സെറ്റ്ലാൻ്റ് പ്രഭുവായിരുന്നു അധ്യക്ഷൻ. യോഗം തുടങ്ങുന്നതിന്  മിനിട്ടുകൾ മുമ്പ് അകത്തു കടന്ന് ശ്രോതാക്കളിൽ ഒരുവനായി ഉദ്ദംസിംഗും ഉപവിഷ്ടനായി. അധ്യക്ഷപീഠത്തിനടുത്ത് നാലാമത്തെയോ അഞ്ചാമത്തെയോ വരിയിൽ.  വൈകുന്നേരം കൃത്യം നാലരയ്ക്ക് യോഗം അവസാനിച്ചു.
     സദസ്യർ ഹാൾ വിട്ടു പുറത്തിറങ്ങിത്തുടങ്ങി. അപ്പോഴാണ് വർഷങ്ങളോളം കാത്തുനിന്ന ശേഷം തൻറെ ലക്ഷ്യസാധ്യത്തിനായി ഉദ്ദംസിംഗ് എളിയിലൊളിപ്പിച്ച തുരുമ്പുകയറിത്തുടങ്ങിയ കൈത്തോക്കെടുത്ത് തനിക്ക് അഭിമുഖമായി നടന്നു തുടങ്ങിയ ഇരയെ ഇത്തിരി മുന്നോട്ടാഞ്ഞുകൊണ്ട് അഞ്ചുതവണ തുടർച്ചയായി വെടിവെച്ചത്.
    ഉദ്ദംസിംഗിനെ   അവിടെ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കയ്യാമം വെച്ചു . മജിസ്ട്രേറ്റിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഉദ്ദംസിംഗ്  മൗനിയായി നിന്നു. കോടതി നടപടികൾ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.
       അടുത്തദിവസം കോടതിയിൽ എത്തിയപ്പോൾ ഉദ്ദം സിംഗ് പ്രസന്നവദനനായിരുന്നു. മജിസ്ട്രേറ്റ് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും യാതൊരു വളച്ചുകെട്ടും ഇല്ലാതെ മറുപടി പറഞ്ഞു. മജിസ്ട്രേറ്റ് പേരു ചോദിച്ചപ്പോൾ ഉദ്ദം സിംഗ് പറഞ്ഞത് തൻറെ പേര് റാം മുഹമ്മദ് സിംഗ് ആസാദ് എന്നായിരുന്നു. എന്നാൽ യഥാർത്ഥ നാമം മനസ്സിലായപ്പോൾ, എന്തിന് ഒരു കള്ളപ്പേര് സ്വീകരിച്ചു എന്ന് ന്യായാധിപൻ ചോദിച്ചു .അതിന് ഉദ്ദംസിംഗ് പറഞ്ഞ മറുപടി ഇതായിരുന്നു."ഇന്ത്യക്കാരായ ഞങ്ങൾ പേരിലൂടെ ജാതിയും മതവും വിളിച്ചറിയിക്കുന്ന സമ്പ്രദായക്കാരാണ്. എന്നാൽ അങ്ങനെ പാടില്ല എന്ന് എനിക്ക് തോന്നി. അതിനാൽ എൻറെ അച്ഛനമ്മമാർ എന്നോടാലോചിക്കുക പോലും ചെയ്യാതെ ചെയ്ത തെറ്റ് ഞാൻ തിരുത്തി."  തനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ പേര് മാറ്റത്തിൽ എന്ന് ഉദ്ദം സിംഗ് കോടതിയിൽ വെളിവാക്കി." ഈ ഞാൻ ഇവിടെ എത്തിയിരിക്കുന്നത് ഉദ്ദംസിംഗ് എന്ന സിക്കുകാരനായല്ല. എൻറെ നാട്ടിലെ വിവിധ മതസ്ഥർ അടങ്ങുന്ന ജനകോടികളെ പ്രതിനിധീകരിച്ചു കൊണ്ടാണ്. 
   റാം എന്ന ഹിന്ദു, മുഹമ്മദ് എന്ന മുസ്ലിം, സിംഗ് എന്ന സിക്കുകാരൻ, ആസാദ് എന്നാൽ സ്വാതന്ത്ര്യം!". 
      ലണ്ടനിലെ ഓൾഡ്ബെയ്ലി സെൻട്രൽ  ക്രിമിനൽ കോർട്ട്  ഉദ്ദം സിംഗിന് വധശിക്ഷ വിധിച്ചു. 1940 ജൂൺ 12ന് റാം മുഹമ്മദ് സിംഗ് ആസാദ്  എന്ന ഉദ്ദംസിംഗ്  തൂക്കിലേറ്റപ്പെട്ടു.
     സ്വതന്ത്ര ഭാരതം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഉദ്ദം സിംഗിന്റെ ഭൗതികാവശിഷ്ടങ്ങൾ ദേശീയ ബഹുമതിയോടെ ഇന്ത്യയിൽ കൊണ്ടുവന്ന് ജന്മദേശത്ത് സംസ്കരിച്ചത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി

No comments:

Post a Comment