അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
50 .നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും.
തുർക്കിയിലെ ഖാലിഫയോട് ബ്രിട്ടൻ കാണിച്ച ചതി ഇന്ത്യയിലെ മുസ്ലിം മത വിശ്വാസികളിൽ ബ്രിട്ടനെതിരായ വികാരം വളർത്തി .ഖാലിഫയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരു പുതിയ പ്രസ്ഥാനം തന്നെ രൂപംകൊണ്ടു- ഖിലാഫത്ത് പ്രസ്ഥാനം .അബ്ദുൾ കലാം ആസാദ് , അലി സഹോദരന്മാർ (മുഹമ്മദ് അലി, ഷൗക്കത്ത് അലി) ഹക്കീം അജ്മൽ ഖാൻ, ഹസ്രത്ത് മൊഹാനി തുടങ്ങിയവരായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ നേതൃത്വനിരയിൽ ഉണ്ടായിരുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. ജനങ്ങളോട് നീതി കാണിക്കാത്ത ഭരണത്തോട് അക്രമരഹിത മാർഗ്ഗത്തിലൂടെ നിസ്സഹകരിക്കുമെന്ന് 1920 മെയ് 28ന് ബോംബെയിൽ ചേർന്ന കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി പ്രഖ്യാപിച്ചു.
ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഒരുതരത്തിലും എതിരല്ലെന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ നേതാക്കൾ ഉറപ്പുനൽകി. "ഇന്ത്യ സ്വതന്ത്രയാവുകയും മറ്റു സമുദായങ്ങൾക്കുള്ള സ്വാതന്ത്ര്യം മുസൽമാൻ മാർക്ക് കൂടി നൽകുന്ന ഒരു ഗവൺമെൻറ് ഉണ്ടാവുകയും ചെയ്താൽ ഏത് അക്രമകാരികളിൽ നിന്നും അവർ മുസ്ലിങ്ങളായാലും ഖാലിഫയുടെ തന്നെ പട്ടാളം ആയിരുന്നാലും ശരി ഈ രാജ്യത്തെ രക്ഷിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ് എന്നാണ് ഇസ്ലാം അനുശാസിക്കുന്നത്" എന്നായിരുന്നു അബ്ദുൾ കലാം ആസാദ് പറഞ്ഞത്. ഹിന്ദു- മുസ്ലിം ഐക്യം വളർത്താനായി ബക്രീദിന് ഗോവധം ഉപേക്ഷിക്കാൻ 1919 ഡിസംബറിൽ മുസ്ലിം ലീഗ് ഒരു പ്രമേയത്തിൽ ആഹ്വാനം ചെയ്യുകയുണ്ടായി.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ വികാരം മാനിക്കാനും അവരോടൊപ്പം നിൽക്കാനും മറ്റു സമുദായങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഗാന്ധിജിയും വ്യക്തമാക്കി. റൗലത്ത് നിയമത്തിന് എതിരായ പ്രക്ഷോഭത്തിൽ വളർന്നുവന്ന ഹിന്ദു-മുസ്ലിം ഐക്യം ഒന്നുകൂടി ദൃഢതരമാക്കാൻ ഖിലാഫത്ത് പ്രസ്ഥാനം വഴിയൊരുക്കി. 1920 ജൂൺ 9ന് അലഹബാദിൽ നടന്ന ഖിലാഫത്ത് കമ്മിറ്റി യോഗം പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. ഗവൺമെൻ്റുമായി നിസഹകിക്കുന്നതിന്റെ ഭാഗമായി ഗവൺമെൻറ് നൽകിയ ബഹുമതികൾ തിരിച്ചു നൽകുക, സർക്കാർ ജോലി രാജിവെക്കുക, പോലീസിലും പട്ടാളത്തിലും സേവനം അനുഷ്ഠിക്കുന്നത് ഉപേക്ഷിക്കുക, നികുതി കൊടുക്കാതിരിക്കുക, ഇതൊക്കെയായിരുന്നു സമരരൂപങ്ങൾ.
ഖിലാഫത്ത് പ്രസ്ഥാനത്തോടൊപ്പം ദേശവ്യാപകമായി നിസ്സഹകരണ സമരം തുടങ്ങുമെന്ന് ഗാന്ധിജിയും പ്രഖ്യാപിച്ചു. 1920 ആഗസ്റ്റ് 1ന് സമരം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ അന്ന് പുലർച്ചെ ബാലഗംഗാധര തിലകൻ കഥാവശേഷനായി. ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും തലയെടുപ്പുള്ള ആ മഹാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നാടെങ്ങും ഹർത്താലും മൗന ജാഥകളും നടന്നു. ദുഃഖാചത്തോടെ നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു.
നിസ്സഹകരണ സമരം രാജ്യത്തെ ആകെ ഇളക്കിമറിച്ചു .എല്ലാ തലങ്ങളിലും ഗവൺമെൻ്റുമായി നിസ്സഹകരിക്കുക എന്നതായിരുന്നു സമര ശൈലി. നിയമനിഷേധം, സഹനസമരം, സത്യഗ്രഹ സമരം എന്നിവയെല്ലാം നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്നു. ഈ പരിപാടികൾ ജനങ്ങൾക്ക് പുത്തനായിരുന്നില്ല. സ്വദേശി പ്രസ്ഥാനത്തിൻറെ ഭാഗമായി വിദേശ വസ്ത്ര ബഹിഷ്കരണം തുടങ്ങിയപ്പോൾ ഈ സമരമുറകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു.
മോത്തിലാൽ നെഹ്റു, സി ആർ ദാസ്, വല്ലഭായ് പട്ടേൽ, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി ,
ടി പ്രകാശം , ആസഫ് അലി, സെയ്നുദീൻ കിച്ലു, പണ്ഡിറ്റ് നെഹ്റു തുടങ്ങിയവരെല്ലാം അഭിഭാഷക വൃത്തി ഉപേക്ഷിച്ചുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കാളികളായി. ഇന്ത്യൻ സിവിൽ സർവീസിലെ ഉന്നത ഉദ്യോഗം രാജിവെച്ച് സുഭാഷ് ചന്ദ്രബോസ്, കൽക്കത്തയിലെ സ്വദേശി കോളേജായ നാഷണൽ കോളേജിന്റെ പ്രിൻസിപ്പലായി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ക്ലാസ് ബഹിഷ്കരണത്തിൽ പങ്കെടുത്തത്.
നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി രാജ്യത്തിൻറെ പലഭാഗങ്ങളിലും ദേശീയ വിദ്യാലയങ്ങളും കലാശാലകളും ഉയർന്നുവന്നു .കാശി വിദ്യാപീഠ്, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ നിലവിൽ വന്നത് ഈ ഘട്ടത്തിലാണ് .പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച കാശി വിദ്യാപീഠാണ് ഇപ്പോഴത്തെ ബനാറസ് സർവകലാശാലയായി വളർന്നത് .അലിഗഡിൽ തുടങ്ങിയ ജാമിയ മില്ലിയ ഇസ്ലാമിയ പിന്നീട് ഡൽഹിയിലേക്ക് മാറ്റി. ഡൽഹിയിലെ പ്രശസ്തമായ സർവകലാശാലയാണ് ഇപ്പോൾ ജാമിയ മില്ലിയ. ബീഹാറിലും ഒറീസയിലും ബംഗാളിലും ബോംബെയിലും യുപിയിലും സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ കാലഘട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
വിദേശ വസ്ത്ര ബഹിഷ്കരണ പരിപാടിയും വൻ വിജയമായിരുന്നു. ബഹിഷ്കരണത്തിന്റെ ഭാഗമായി വിദേശ വസ്ത്രത്തിനുള്ള ഡിമാൻഡ് ഗണ്യമായി കുറഞ്ഞു.
മദ്യവർജ്ജനവും നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി ജനങ്ങൾ ഏറ്റെടുത്തിരുന്നു. കള്ളുഷാപ്പുകൾ പിക്കറ്റ് ചെയ്യുക തുടങ്ങിയ പരിപാടികൾ ഇതോടനുബന്ധിച്ച് നടന്നു. മദ്യപാനത്തിനെതിരായ സമരത്തിന്റെ ഫലമായി ഈ ഇനത്തിൽ ഗവൺമെന്റിന് ലഭിച്ച വരുമാനത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചു.
നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും കേരളത്തിലും സജീവമായിരുന്നു. ഗാന്ധിജി, ഖിലാഫത്ത് നേതാവായ മൗലാനാ ഷൗക്കത്തലിയുമൊത്ത് കേരളത്തിൽ വന്നു. ഗാന്ധിജിയും ഷൗക്കത്തലിയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഹിന്ദു മുസ്ലിം മൈത്രിക്ക് വേണ്ടി പ്രസംഗിച്ചപ്പോൾ പതിനായിരങ്ങൾ ശ്രോതാക്കളായി എത്തിയിരുന്നു. ഇന്ത്യക്കാർ വ്യത്യസ്ത മതസ്ഥരെങ്കിലും നാം ഒരേ മാതൃഭൂമിയുടെ സന്തതികൾ ആണെന്നും നമ്മുടെ സുഖദുഃഖങ്ങൾ ഒന്നാണെന്നും നമ്മുടെ പ്രശ്നങ്ങൾ ഒന്നാണെന്നും ഇത് നേതാക്കളും ഉദ്ബോധിപ്പിച്ചു. അത്യാവേശത്തോടെയാണ് അന്ന് അവരുടെ പ്രഭാഷണങ്ങൾ ജനങ്ങൾ ശ്രദ്ധിച്ചത്.
മലബാറിൽ അക്കാലത്ത് ഖിലാഫത്ത് പ്രസ്ഥാനവും ശക്തമായിരുന്നു. വിശേഷിച്ചും കോഴിക്കോടിന് തെക്ക്, തെക്കേ മലബാറിൽ. ഏറനാട്, വള്ളു വനാട്, പൊന്നാനി ഭാഗങ്ങളിൽ. അവ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനവും ശക്തി പ്രാപിച്ചു.
1921ൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഭാഗമായി കോഴിക്കോട്ട് ഒരു മഹായോഗം ചേരാൻ തീരുമാനിച്ചു .മദിരാശിയിലെ ഖിലാഫത്ത് നേതാവായിരുന്ന യാക്കൂബ് ഹസൻ ഈ യോഗത്തിൽ പ്രസംഗിക്കാൻ എത്തിയിരുന്നു. യോഗത്തിൽ പ്രസംഗിക്കേണ്ടവർ യു.ഗോപാലമേനോൻ,
കെ മാധവൻ നായർ എന്നീ കോൺഗ്രസ് നേതാക്കളും, ഖിലാഫത്ത് നേതാവായ മൊയ്തീൻ കോയയും ആയിരുന്നു .യോഗം ആരംഭിച്ചപ്പോൾ, പ്രസംഗങ്ങൾ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് വന്നു. ഉത്തരവ് ലംഘിച്ച് പ്രസംഗം തുടങ്ങി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ഉത്തരവു ലംഘിച്ച നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മലബാറിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരായിരുന്നു ഇവർ.
ഇതേ വർഷം ഏപ്രിലിൽ 21ന് ഒറ്റപ്പാലത്ത് വെച്ച് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്നു. അഖിലകേരളാടിസ്ഥാനത്തിലുള്ള പ്രഥമ സമ്മേളനം ആയിരുന്നു ഇത്. കൊച്ചിയിൽ നിന്നും തിരുവിതാംകൂറിൽ നിന്നുമുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു . ആന്ധ്രാകേസരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടി പ്രകാശമായിരുന്നു അധ്യക്ഷൻ .അഹിംസാ മാർഗ്ഗത്തിലൂടെ തികച്ചും ശാന്തവും ക്ഷമാപൂർണ്ണവുമായ നിലയിലായിരിക്കണം നിസ്സഹകരണ സമരങ്ങളെന്നും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർ മാത്രമേ സമരത്തിൽ പങ്കെടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു .സർവ്വമത സാഹോദര്യത്തിന്റെ മഹത്വവും അദ്ദേഹം എടുത്ത് പറഞ്ഞു.
സമ്മേളനം നടന്നുകൊണ്ടിരിക്കെ, പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ഒരു സംഘം പോലീസു കാരുമായി കുതിച്ചെത്തി. യാതൊരു മുന്നറിയിപ്പും കൂടാതെ യോഗം കയ്യേറി. മൃഗീയമായ കയ്യേറ്റമായിരുന്നു അത്. അത്ഭുതപൂർവ്വമായ ക്ഷമാശീലത്തോടെയാണ് സദസ്സ് പെരുമാറിയത്. അവർ മഹാത്മാഗാന്ധിക്ക് ജയ് വിളിച്ചുകൊണ്ട് പോലീസിന്റെ പ്രഹരം നിസ്സംഗരായി ഏറ്റുവാങ്ങി.
എന്നാൽ മഞ്ചേരിയിൽ നടന്ന അഞ്ചാം സമ്മേളനം പതിവു പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. രാഷ്ട്രീയ രംഗത്ത് വന്നുകൊണ്ടിരുന്ന മാറ്റങ്ങളായിരുന്നു ഇതിന് കാരണം. സംഘടനയിലെ മിതവാദികളും തീവ്രവാദികളും തമ്മിലുണ്ടായ ഉരസൽ ഏറ്റവും കൂടുതൽ പ്രകടമായതും, അവർ ചേരിതിരിഞ്ഞ് പൊരുതിയതും മഞ്ചേരി സമ്മേളനത്തിൽ വച്ചായിരുന്നു. മൊണ്ടെഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെ പറ്റിയും , റൗലത്ത് കരിനിയമത്തെപറ്റിയും ചൂടേറിയ വാദപ്രതിവാദം നടന്നു. മൊണ്ടേഗു പരിഷ്കാരം ചില ഭേദഗതികളോടെ കോൺഗ്രസ് സ്വീകരിക്കണം എന്ന് അഭിപ്രായ ഗതിയായിരുന്നു സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ച ആനിബസന്റിനും മറ്റു ചിലർക്കും. അതിനായി ആനിബസന്റ് ഒരു പ്രമേയം കൊണ്ടുവന്നു. അവരെ സഹായിക്കാൻ മിതവാദികളായ ചിലരും തയ്യാറായി. മലബാറിലെ ചില ജന്മിമാരും മറ്റുമായിരുന്നു അവർ. ഒരു എതിർ പ്രമേയവുമായി കെ പി കേശവമേനോൻ തന്റെ അഭിപ്രായം തുറന്നടിച്ചു. ഒരു കാരണവശാലും ഭരണപരിഷ്കാരം സ്വീകരിക്കാൻ പാടില്ല എന്നതായിരുന്നു എതിർ പ്രമേയത്തിന്റെ ഉള്ളടക്കം. ഒടുവിൽ വോട്ടിനിടുകയും കേശവമേനോന്റെ പ്രമേയം ഭൂരിപക്ഷം നേടുകയും ചെയ്തു. ഇതിൽ കുപിതയായ ആനി ബസന്റ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. വേറെ ചിലരും യോഗം ബഹിഷ്കരിച്ചു. ജന്മി വിഭാഗമായിരുന്നു ഇറങ്ങിപ്പോയവർ.
കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക സംഭവമായിരുന്നു ഇത്.
അതിന്ശേഷമാണ് ആനിബസന്റ് തൻറെ രാഷ്ട്രീയ ജീവിതം മതിയാക്കിയതും അഡയാറിലെ തിയോസോഫിക്കൽ സ്ഥാപനത്തിൽ ഒരുങ്ങി കൂടിയതും. അന്ന് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ നായകന്മാർ കെ കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ മൊയ്തു മൗലവി തുടങ്ങിയവരായിരുന്നു.
തയ്യാറാക്കിയത് പ്രസന്നകുമാരി.ജി
No comments:
Post a Comment