അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
46 . ഹോംറൂൾ പ്രസ്ഥാനം
1916 ൽ ഇന്ത്യൻ ദേശീയ രംഗത്ത് പുതിയ ഒരു പ്രസ്ഥാനം കൂടി രൂപം കൊണ്ടു- ഹോംറൂൾ പ്രസ്ഥാനം . ബാലഗംഗാധര തിലകനും ആനി ബസന്റുമായിരുന്നു അതിൻറെ പ്രാണേതാക്കൾ. ആ വർഷം ഏപ്രിലിൽ പൂന ആസ്ഥാനമാക്കിയാണ് തിലകൻ ഈ പ്രസ്ഥാനം ആരംഭിച്ചത്. അതേവർഷം സെപ്റ്റംബറിൽ ആനി ബസന്റും ദക്ഷിണേന്ത്യയിൽ അടയാറിൽ ഇതേ പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. രണ്ടും പിന്നീട് ഒന്നായി. ആനി ബസന്റും തിലകനും ഒപ്പം പ്രവർത്തിക്കുകയും ചെയ്തു.
ഹോംറൂൾ പ്രസ്ഥാനം കോൺഗ്രസിന്റെ എതിർ സംഘടനയൊന്നുമായിരുന്നില്ല. ഒരു അനുബന്ധ സംഘടനയായാണ് പ്രവർത്തിച്ചിരുന്നത്. ദേശീയതയെ ഒന്നുകൂടി പ്രബുദ്ധമാക്കുക എന്നതായിരുന്നു പ്രവർത്തന ലക്ഷ്യം ഇങ്ങനെയൊരു പ്രസ്ഥാനമുണ്ടാക്കാനുള്ള പ്രചോദനം ഇതായിരുന്നു.
'ഹോംറൂൾ' എന്നാൽ സ്വയംഭരണം എന്നാണർത്ഥം. ഈ പ്രസ്ഥാനത്തിന് നല്ല പ്രചാരം ലഭിച്ചു.ഹോംറൂൾ(സ്വയംഭരണം) ലഭിച്ചാൽ (അത് പൂർണ്ണ സ്വരാജ് ആവില്ലെങ്കിലും) രാജ്യത്തിന് ക്ഷേമം വരുത്താൻ പ്രസ്ഥാനം ഉപയുക്തമാവും എന്നായിരുന്നു കാരണം. (പൂർണ്ണ സ്വരാജ് എന്ന സങ്കല്പം ഈ ഘട്ടത്തിലും ഉണ്ടായിരുന്നില്ല) 1916 ലക്‌നോവിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ തിലകനും അനിബെ സെന്റും സന്നിഹിതരായിരുന്നു. ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത് .
യുദ്ധമാരംഭിച്ചപ്പോൾ ഇന്ത്യക്കാരുടെ സഹായത്തിനും സഹകരണത്തിനും വേണ്ടി ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യൻ ജനതയെ വല്ലാതെ മോഹിപ്പിച്ചിരുന്നു .യുദ്ധം കഴിഞ്ഞാൽ, അവർ ഇന്ത്യ വിട്ടുപൊയ്ക്കൊള്ളും എന്നുപോലും ജനങ്ങൾക്ക് പ്രതീക്ഷയുണ്ടാകുന്ന രീതിയിൽ അവർ ജനങ്ങളെ പ്രലോഭിപ്പിച്ചിരുന്നു അതുകാരണം പൂർണ സഹകരണമാണ് അവർക്ക് നൽകിയിരുന്നത്. ഗാന്ധിജി പോലും രംഗത്തിറങ്ങി യുദ്ധത്തിന് അനുകൂലമായി പ്രവർത്തിച്ചു .യുവാക്കളെ പട്ടാളത്തിൽ ചേരാൻ പ്രേരിപ്പിക്കുക കൂടി ചെയ്തു .ഫണ്ടു പിരിവ് നടത്തി. എന്നാൽ അതിൻറെ ദുരന്തം താങ്ങാവുന്നതിലേറെയായിരുന്നു .ഇന്ത്യയുടെ ആയിരക്കണക്കിന് അരുമ സന്തതികൾ ആർക്കോവേണ്ടി യൂറോപ്യൻ യുദ്ധഭൂമികളിൽ ജീവനൊടുക്കേണ്ടി വന്നു. പക്ഷേ ഇതൊക്കെ ഒരു കോളനി രാജ്യത്തിന് നിർവഹിക്കേണ്ട കർത്തവ്യങ്ങൾ എന്നാണ് ബ്രിട്ടൻ കരുതിയത്.
ഇക്കാലത്ത് ഇന്ത്യ അതിൻറെ ഏറ്റവും ദുർഘടം പിടിച്ച കാലഘട്ടങ്ങളെ നേരിടുകയായിരുന്നു. യുദ്ധം ഭീമാകാരനായ ഒരു കാട്ടാളനെ പോലെ സർവ്വനാശം വിതച്ചു. അമിതമായ വിലക്കയറ്റവും പഞ്ഞവും പട്ടിണിയും രാജ്യത്തെ നാശത്തിൽ നിന്ന് നാശത്തിലേക്ക് വലിച്ചിഴച്ചു. ഒരു ഭാഗത്ത് കൂറില്ലാത്ത ഒരു ഗവൺമെൻറ് .മറുഭാഗത്താകട്ടെ കൊള്ളലാഭക്കാരും കോതിയന്മാരുമായ ഇവിടുത്തെ ചൂഷക വർഗ്ഗവും ജനങ്ങളെ ഞെക്കിക്കൊല്ലുകയായിരുന്നു. അതിനോടൊപ്പം പകർച്ചവ്യാധിയും വ്യാപിച്ചു. 1917 ൽ പടർന്നു പിടിച്ച പ്ലേഗ് ബാധയിൽ എട്ടു ലക്ഷം ഭാരതീയരാണ് ചത്തൊടുങ്ങിയത്. അടുത്ത വേനൽക്കാലത്ത് വിഷപ്പനി മൂലം ആയി രങ്ങൾ ചത്തൊടുങ്ങി. അതിവൃഷ്ടിയും തുടർന്നു കടുത്ത വരൾച്ചയും വന്നു. വിളവുകൾക്ക് നാശം സംഭവിച്ചു. നാശം വറുതിയുടെ രൂപത്തിൽ മൃത്യു താണ്ഡവമാടി. ഇങ്ങനെ എല്ലാംകൊണ്ടും ശകുനപ്പിഴ യുള്ള ഒരു കാലഘട്ടമായിരുന്നു യുദ്ധകാലം. എന്നിട്ടും ജനങ്ങൾ സഹിച്ചത് ബ്രിട്ടീഷുകാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിപ്പോയതുമൂലമാണ്. തിലകൻ പോലും ഈ പ്രതീക്ഷയുമായാണ് അടങ്ങിയൊതുങ്ങി കൂടിയത്.
ലക്നോ കരാർ.
ലക്നോ സമ്മേളനം കോൺഗ്രസിൻറെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. ഇതോടൊപ്പം, തൊട്ടടുത്ത് മറ്റൊരു സ്ഥലത്ത് മുസ്ലിം ലീഗിൻറെ സമ്മേളനവും ചേരുന്നുണ്ടായിരുന്നു. ഇരു സംഘടനകളും പരസ്പരം യോജിച്ചു കൊണ്ടാണ് ഈ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്.
കോൺഗ്രസ് സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് അംബികാ ചരൺ മഞ്ചുംദാർ ആയിരുന്നു. ലീഗ് സമ്മേളനം നിയന്ത്രിച്ചിരുന്നത് മുഹമ്മദലി ജിന്നയും. യുദ്ധാവസാനം സാരമായ ചില ഭരണപരിഷ്കാരങ്ങൾ ഇന്ത്യയിൽ വരുത്താനിടയുണ്ട് എന്ന ധാരണയിൽ ബ്രിട്ടീഷ് ഗവൺമെന്റിനോട് ഒന്നിച്ചു നിന്ന് വിലപേശാൻ ഒരുങ്ങുകയായിരുന്നു അവർ. അതിലെ വ്യവസ്ഥകൾ എന്തായിരിക്കണം എന്നതിന്റെ കരട് രൂപം തയ്യാറാക്കുകയായിരുന്നു ഇരു സംഘടനകളും. രണ്ട് സമ്മേളനങ്ങളും പ്രത്യേകം തീരുമാനമെടുത്ത ശേഷം സംയുക്ത യോഗം ചേർന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്നും മോത്തിലാൽ നെഹ്റുവും സുരേന്ദ്രനാഥ് ബാനർജിയും തിലകനും ആയിരുന്നു പങ്കെടുത്തത്.
മുസ്ലിംലീഗ് പക്ഷത്ത് മുഹമ്മദലി ജിന്നയോടൊപ്പം ഉണ്ടായിരുന്നത് മൗലാനാ മുഹമ്മദലിയും അൻസാരിയും മറ്റുമായിരുന്നു.
ഇരു സംഘടനകളുടെയും നേതാക്കൾ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ഐക്യത്തിന്റെ പാത വെട്ടിത്തെളിച്ചു. യുദ്ധാനന്തരം ഇന്ത്യയ്ക്ക് സ്വരാജ്യം ലഭിക്കാൻ ഹിന്ദു മുസ്ലിം ഭിന്നിപ്പ് തടസ്സമായി നിൽക്കരുത് എന്ന് ഇരു കൂട്ടരും അഭിപ്രായപ്പെട്ടു. സ്വരാജ്യം ആവശ്യപ്പെടുന്നതിൽ കോൺഗ്രസിനെ മുസ്ലിം ലീഗ് സഹായിക്കും. പ്രത്യേക നിയോജകമണ്ഡലം എന്ന ലീഗിൻറെ ആവശ്യത്തിന് കോൺഗ്രസ്, ലീഗിന് പിന്തുണ നൽകും. ഈ വ്യവസ്ഥ അടങ്ങുന്ന വിശദമായ ഒരു കരാർ അവർ എഴുതിയുണ്ടാക്കി ഗവൺമെന്റിന് സമർപ്പിച്ചു.ലക്നോ കരാർ എന്നായിരുന്നു ഇതിനുപേർ (ലക്നോ പാക്റ്റ്). ഇന്ത്യയുടെ മോചനം ഹിന്ദു- മുസ്ലിം ഐക്യം കൊണ്ടു മാത്രമേ സാധിക്കൂ എന്ന ചിന്തയാണ് ഇങ്ങനെയൊരു കരാർ എഴുതിയുണ്ടാക്കാൻ ഇരു സംഘടനകളെയും പ്രേരിപ്പിച്ചത്.
1916 നവംബറിൽ വൈസ്രോയിയുടെ കൗൺസിലിലെ 19 അനൗദ്യോഗിക അംഗങ്ങൾ ഒപ്പിട്ടുകൊണ്ട് ലക്നോ കരാർ സർക്കാരിന് സമർപ്പിച്ചു.
സർക്കാരിനെ സംബന്ധിച്ചിടത്തോളം അത് ഒരു അശുഭ ലക്ഷണം ആയിരുന്നു. തങ്ങൾ ഒരിക്കലും യോജിച്ചു കാണണം എന്ന് ആഗ്രഹിക്കാത്ത ഇരുവിഭാഗങ്ങൾ തമ്മിലാണ് ഐക്യം ഉണ്ടായിരിക്കുന്നത്.
എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് ലക്നോ കരാറിനെ പറ്റി നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. കോൺഗ്രസ് അതിൻറെ തത്വങ്ങളിൽ നിന്നും പിന്നോക്കം പോയിരിക്കുകയാണ് എന്നായിരുന്നു അവരുടെ നിഗമനം. സംഘടനയുടെ മതേതര സ്വഭാവത്തിന് ലക്നോ കരാർ പരിക്കേൽപ്പിച്ചിരിക്കുകയാണ് എന്നാണ് അവർ അഭിപ്രായപ്പെട്ടത്. ലീഗിൻറെ അവകാശവാദങ്ങൾ അംഗീകരിച്ചു കൊടുക്കുന്നത് മതസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു. ഗാന്ധിജിക്കും ഇതേക്കുറിച്ച് നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. അഭ്യസ്ത വിദ്യരും സമ്പന്നരുമായ ഹിന്ദു വിഭാഗവും അതേ തട്ടിലുള്ള മുസ്ലിം വിഭാഗവും തമ്മിലുള്ള ഈ ഉടമ്പടി ഇന്ത്യയിലെ സാധാരണക്കാരെ മറന്നു കൊണ്ടുള്ളതാണെന്ന് ഗാന്ധിജി പറഞ്ഞു. എന്തുകാരണം കൊണ്ടോ ലക്നോ കരാർ പിന്നെ അടുത്ത വർഷങ്ങളിലൊന്നും വെളിച്ചം കണ്ടില്ല. പുറത്തുവന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം 1921ൽ.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജീ.
No comments:
Post a Comment