അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
52 . ചൗരി ചൗര
ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും ജനപിന്തുണ ആർജ്ജിച്ചു മുന്നേറുകയായിരുന്നു.
ഇതിനിടയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ നേതാക്കന്മാരായിരുന്ന, അലി സഹോദരന്മാർ എന്ന പേരിൽ അറിയപ്പെടുന്ന, മൗലാന ഷൗക്കത്തലിയേയും അനുജൻ മൗലാന മുഹമ്മദ് അലിയേയും പോലീസ് അറസ്റ്റ് ചെയ്തു. കറാച്ചിയിൽ വെച്ച്. അവിടെ ഒരു ഖിലാഫത്ത് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ .ഡോക്ടർ കിചുലുവും, ശാരദാപീഠം ജഗദ് ഗുരു ശങ്കരാചാര്യരും വേറെ ചിലരും പ്രസംഗിക്കാൻ ഉണ്ടായിരുന്നു. അലി സഹോദരന്മാരുടെ പ്രസംഗം, ഖിലാഫത്ത് പ്രസ്ഥാനക്കാർ ആരും തന്നെ പട്ടാളത്തിൽ ചേരാൻ പാടില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. പട്ടാളത്തിലുള്ള മുസ്ലീങ്ങൾ ജോലി ഉപേക്ഷിച്ച് തിരിച്ചുവന്ന് പ്രസ്ഥാനം നയിക്കണമെന്ന് അവർ ആവശ്യപ്പെട്ടു . ഇതാണ് അറസ്റ്റിനു കാരണം. അവരെ കോടതി രണ്ടുവർഷം വീതം തടവിനു ശിക്ഷിച്ചു .
ഈ സംഭവം നടക്കുമ്പോൾ ഗാന്ധിജി ദക്ഷിണേന്ത്യയിൽ തൃശ്ശിനാപ്പള്ളിയിൽ കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. അലിസഹോദരന്മാരുടെ അറസ്റ്റ് ഗാന്ധിജിയെ കുപിതനാക്കി. കറാച്ചിയിൽ അലി സഹോദരന്മാർ പ്രസംഗിച്ച രീതിയിൽ സേനാ വിരുദ്ധ പ്രസംഗങ്ങൾ നടത്താൻ കോൺഗ്രസുകാരെ ആഹ്വാനം ചെയ്യണമെന്ന ഗാന്ധിജിയുടെ നിർദേശം കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു. സർക്കാരിനോട് ഒരു വെല്ലുവിളിയായി കോൺഗ്രസുകാരും സേനാവിരുദ്ധ പ്രസംഗങ്ങൾ നടത്തി.
ഇതിനിടയിലാണ് ബ്രിട്ടനിലെ കിരീടാവകാശിയായ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കാനായി എത്തിയത്. 1921 നവംബർ 17ന് രാജകുമാരൻ ബോംബെയിൽ കപ്പലിറങ്ങുമ്പോൾ രാജ്യമാകെ ഹർത്താൽ ആചരിക്കുകയായിരുന്നു. ബോംബെയിൽ അന്നു നടന്ന പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്യാൻ ഗാന്ധിജിയും എത്തിയിരുന്നു.എൽഫിൻസ്റ്റോൺമിൽ പരിസരത്തായിരുന്നു പൊതുയോഗം. യോഗ സ്ഥലത്ത് വിദേശ വസ്ത്രങ്ങൾ കുന്നു കൂട്ടി തീ കൊളുത്തുകയും ചെയ്തു.
എന്നാൽ കുറെ ബ്രിട്ടീഷുകാരും പാർസികളും അടങ്ങുന്ന ഒരു സംഘം ആളുകൾ യൂണിയൻ ജാക്കും(ബ്രിട്ടീഷ് കൊടി) വെയിൽസ് രാജകുമാരന് സ്വാഗതം പറഞ്ഞുകൊണ്ടുള്ള മുദ്രാവാക്യവുമായി യോഗം അലങ്കോലപ്പെടുത്താൻ എത്തി. തക്ക സമയത്ത് പോലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. അത് കണ്ടു നിന്ന ജനക്കൂട്ടം ബ്രിട്ടീഷ് അനുകൂലികളെ കയ്യേറ്റം ചെയ്തു. അപ്പോഴാണ് തോക്കും ലാത്തിയുമായി പോലീസ് കുതിച്ചെത്തുന്നത്. അതോടെ പോലീസ് വെടിവെപ്പും അക്രമവും തുടങ്ങി. മൂന്ന് ദിവസം നഗരത്തിൽ കുഴപ്പങ്ങൾ തുടർന്നു .
പോലീസ് വെടിവെപ്പിൽ അനേകം പേർ കൊല്ലപ്പെട്ടു. അക്രമങ്ങളും ലഹളയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി മൂന്നുദിവസം നിരാഹാരം അനുഷ്ഠിച്ചു. തുടർന്നാണ് സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
രാജകുമാരൻ ചെല്ലുന്നിടത്തെല്ലാം ജനങ്ങളുടെ പ്രതികരണം ഇതുതന്നെയായിരുന്നു. വ്യാപാരികൾ കട തുറന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. കോടതിയിൽ ഇന്ത്യക്കാരായ അഭിഭാഷകരും ഹാജരായില്ല.
രാജകുമാരൻ
കൽക്കത്തയിൽ എത്തിയപ്പോൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയത് ചിത്തരഞ്ജൻ ദാസും സഹധർമ്മിണിയും അവരുടെ പുത്രിയും നിരവധി മഹിളകളും ചേർന്നായിരുന്നു.
രാജകുമാരന്റെ സന്ദർശനവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ലാലാ ലജ്പത് റായി ,മോത്തിലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി നിരവധി പേർ ജയിലിലായി. ഇതോടെ നാടെങ്ങും ഇളകി മറിഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും നടന്നു. പോലീസിന്റെ നയ വൈകല്യം എവിടെയും കുഴപ്പം സൃഷ്ടിച്ചു. നാടുമുഴുവൻ അറസ്റ്റ് നടന്നു. മുപ്പതിനായിരം സന്നദ്ധ ഭടന്മാർ ഈ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. എന്നാണ് കണക്ക്.
നിസ്സഹകരണ പ്രസ്ഥാനം നഗരങ്ങളിലും ഇടത്തരക്കാരിലും മാത്രം ഒതുങ്ങി നിന്നില്ല. ഗ്രാമങ്ങളിലേക്കും കർഷകരിലേക്കും സമരം പടർന്നു. ഉത്തർപ്രദേശ്, ആന്ധ്ര, ബംഗാൾ ,മലബാർ തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കർഷകർ വ്യാപകമായ തോതിൽ സമരത്തിൽ പങ്കുചേർന്നു. കൂട്ട അറസ്റ്റും ഭീകരമായ മർദ്ദനങ്ങളും വഴിയാണ് ഗവൺമെൻറ് സമരത്തെ നേരിട്ടത്. ഗാന്ധിജി ഒഴിച്ച്, മിക്ക നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും പത്രസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള പൗരസ്വാതന്ത്ര്യങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ നിയമലംഘനം തുടങ്ങുമെന്ന് 1922 ഫെബ്രുവരി ഒന്നിന് ഗാന്ധിജി പ്രഖ്യാപിച്ചു. വൈസ്രോയിയ്ക് ഗാന്ധിജി വിശദമായ കത്ത് എഴുതി. ഏഴു ദിവസത്തിനകം ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരം തുടങ്ങും എന്നായിരുന്നു ഗാന്ധിജിയുടെ അന്ത്യശാസനം. സമരം ആദ്യം തുടങ്ങേണ്ട സ്ഥലവും നിശ്ചയിച്ചു. ഗുജറാത്തിലെ ബർദോളിയാണ് നികുതി നിഷേധം ഉൾപ്പെടെയുള്ള നിയമലംഘന സമരം പരീക്ഷിക്കാൻ തെരഞ്ഞെടുത്തത്. സമരത്തിന് നേതൃത്വം നൽകാൻ വല്ലഭായി പട്ടേലിനെയും നിയോഗിച്ചു. സമരം തുടങ്ങേണ്ടിയിരുന്നത് ഫെബ്രുവരി 7 ന് ആയിരുന്നു. എന്നാൽ അതിന് രണ്ടുദിവസം മുമ്പ് ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരക്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായ ദുരന്തത്തിന്റെ പേരിൽ സമരം പിൻവലിക്കപ്പെട്ടു ചൗരി ചൗരാ സംഭവമായിരുന്നു അത്.
വിദേശ വസ്ത്ര ബഹിഷ്കരണത്തിനും മദ്യഷാപ്പ് പിക്കറ്റിങ്ങിനും നേതൃത്വം നൽകിക്കൊണ്ട് സത്യാഗ്രഹികളും വാളണ്ടിയർമാരും ചേർന്ന് അവിടെ സമരം നടത്തുകയായിരുന്നു .ഒരു വലിയ ജനക്കൂട്ടം സംഭവം കാണാൻ ചുറ്റും തടിച്ചു കൂടിയിരുന്നു. അവർക്കിടയിലൂടെ തോക്കും ബയനറ്റും ലാത്തിയുമായി പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു. സത്യാഗ്രഹികൾ ബോധവൽക്കരണം നടത്തി കൊണ്ടാണ് സമരം നയിച്ചു കൊണ്ടിരുന്നത്. മദ്യം വിഷമാണ് , അത് വ്യക്തിയെ മാത്രമല്ല കുടുംബത്തെയും നശിപ്പിക്കും, കുടുംബം നശിച്ചാൽ ഗ്രാമം നശിക്കും, ഗ്രാമം നശിച്ചാൽ നാം നശിക്കും, രാജ്യം നശിക്കും ഈ ശൈലിയിൽ ആയിരുന്നു പ്രബോധനങ്ങൾ .പോലീസ് സത്യഗ്രഹികളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു .അപ്പോഴാണ് അയൽ ഗ്രാമത്തിൽ നിന്നും ഒരു നിര സമരരംഗത്തെത്തുന്നത്. അതുകാരണം ജനക്കൂട്ടത്തിൽ തിരക്കനുഭവപ്പെട്ടു .കടന്നു വരാനുള്ള വഴി സത്യാഗ്രഹികൾ തന്നെ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിൽ പോലീസ് വെടിവെപ്പ് തുടങ്ങി. യോഗ സ്ഥലത്ത് മൂന്നുപേർ മരിച്ചുവീണു .മൂന്നുപേരെ കൊല്ലാനുള്ള വെടിയുണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലീസിൻറെ പക്കൽ.ക്ഷുഭിതരായ ജനക്കൂട്ടം ആക്രമിക്കുമെന്ന് ഭയന്ന് പോലീസുകാർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. ജനം പോലീസ് സ്റ്റേഷൻ വളഞ്ഞു പോലീസുകാർ ജനലുകളും വാതിലുകളും അടച്ചുപൂട്ടി അകത്തിരുന്നു. പോലീസ് പുറത്തിറങ്ങി പരസ്യമായി മാപ്പ് ചോദിക്കണമെന്ന് ജനങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അകത്തിരുന്ന പോലീസ് മിണ്ടിയില്ല .കൂട്ടത്തിൽ ഗാന്ധിജിയെ അപഹസിച്ചു കൊണ്ടുള്ള തെറിവിളികൾ അകത്തുനിന്നും കേട്ടുതുടങ്ങി. ജനക്കൂട്ടം അതു സഹിച്ചില്ല .അവർ പോലീസ് സ്റ്റേഷന് തീ വെച്ചു. 21 പോലീസുകാർ കൊല്ലപ്പെട്ടു. ചൗരി ചൗര സംഭവത്തിന്റെ പേരിൽ 225 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇവരിൽ 172 പേരെയും തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി ആദ്യം വിധിച്ചത് .പിന്നീട് വിധി മാറ്റി. 19 പേരെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ നാടുകടത്താനും വിധിച്ചു. പോലീസുകാരുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയോടൊപ്പം ഗാന്ധിജി ഉടൻ പ്രാബല്യത്തിൽ വരത്തക്കവണ്ണം നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു .അറസ്റ്റിന് ഇടയാവുന്ന യാതൊരു സമരപരിപാടിയിലും ആരും പങ്കെടുക്കരുതെന്നും ഗാന്ധിജി നിർദ്ദേശിച്ചിരുന്നു. ജയിലിൽ കഴിയുന്ന നേതാക്കളെ ഗാന്ധിജിയുടെ ഈ നടപടി പ്രകോപിതരാക്കി .ഭാവന ശൂന്യം എന്നും ഭീരുത്വം എന്നും അവർ ഈ നടപടിയെ വിശേഷിപ്പിച്ചു. സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു,' ഇതൊരു ദേശീയ വിപത്താണ് '.ജയിലിൽ ഉണ്ടായിരുന്ന ജവഹർലാൽ നെഹ്റു ഇതേ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. മുതലാൽ നെഹ്റുവും സി ആർ ദാസും നിശിതമായ ശൈലിയിൽ ഗാന്ധിജിക്ക് എഴുതി. എന്നിട്ടും ഗാന്ധിജി തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. സത്യഗ്രഹമെന്ന പരിപാവനമായ ആദർശം ബലികഴിച്ചുകൊണ്ട് സ്വരാജ്യം കിട്ടിയാൽ തന്നെ, അങ്ങനെ ലഭിക്കുന്ന സ്വരാജ്യം എനിക്ക് ആവശ്യമില്ലെന്ന് ഞാൻ പറയും .ഗാന്ധിജി പറഞ്ഞു.
1922 ഫെബ്രുവരി 12ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ബർദ്ദോളിയിൽ യോഗം ചേർന്നു. സമരം പിൻവലിക്കുന്നതായി വർക്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.
നിസഹകരണ സമരം പിൻവലിച്ചതിനെ തുടർന്നുള്ള സ്ഥിതി മുതലാക്കാൻ ബ്രിട്ടീഷ് അധികൃതർ ഉടൻ നീക്കം തുടങ്ങി. ഇതിൽ ആദ്യത്തെ നടപടി ഗാന്ധിജിയെ അറസ്റ്റ് ചെയ്തതായിരുന്നു. 1922 മാർച്ച് പത്തിന്. ഡൽഹിയിൽ കോൺഗ്രസ് നിർവാഹക സമിതിയിൽ പങ്കെടുത്ത് അഹമ്മദാബാദിൽ തിരിച്ചെത്തി വിശ്രമിക്കുമ്പോഴാണ് പോലീസ് സൂപ്രണ്ട് അറസ്റ്റ് വാറന്റുമായി ചെന്നത്. ഗാന്ധിജി ഉടൻ പുറപ്പെടാൻ ഒരുങ്ങി .അല്പം വിശ്രമിച്ച ശേഷം മതി എന്ന് സൂപ്രണ്ട് പറഞ്ഞു. വിശ്രമം 'ജയിലിലാവാം' എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. രണ്ട് പുതപ്പുകൾ, മൂന്നുനാല് ഗ്രന്ഥങ്ങൾ എല്ലാം ഒരു ഭാണ്ഡമാക്കി കെട്ടി ഗാന്ധിജി പോലീസ് വാഹനത്തിൽ കയറി. അപ്പോൾ സബർമതിയിൽ ഉണ്ടായിരുന്ന കസ്തൂർബായും സരോജിനി നായിഡുവും ഗാന്ധിജിയെ ജയിലിന്റെ കവാടം വരെ അനുയാത്ര ചെയ്തു .കുറച്ചു സത്യാഗ്രഹികളും. അറസ്റ്റിനു ശേഷം മാർച്ച് 18ന് ജില്ലാ കോടതിയിൽ കേസ് വിചാരണയ്ക്ക് വന്നു. കേസെടുത്തിരുന്നത്, 'യങ് ഇന്ത്യ' യിൽ അദ്ദേഹം എഴുതിയ മൂന്നുനാല് ലേഖനങ്ങളിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഗവൺമെൻറിന് എതിരായി ജനങ്ങളിൽ അമർഷം ഇളക്കിവിടുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കുറ്റം.കുറ്റം സമ്മതിച്ചുകൊണ്ട് ഗാന്ധിജി പറഞ്ഞു ഞാൻ എഴുതിയെന്നത് ശരിയാണ്. എൻറെ ജനങ്ങൾക്ക് ബ്രിട്ടീഷ് ഭരണത്തോട് അമർഷം ഉണ്ടായി എന്നതും ശരിയാണ്. പക്ഷേ ലേഖനം എഴുതിയതുകൊണ്ടോ അത് വായിച്ചതുകൊണ്ടോ അല്ല അവർക്ക് അമർഷം ഉണ്ടായത്. അതിനുമുമ്പ് തന്നെ അവരും ഞാനും ഞങ്ങളെല്ലാവരും അങ്ങ് പ്രതിനിധീകരിക്കുന്ന ഗവൺമെന്റിനോട് അമർഷം വെച്ചുപുലർത്തുന്നവരാണ്. നൂറ്റാണ്ടുകളായി ലോക ജനതയോടൊപ്പം തലയുയർത്തി നിന്നവരായിരുന്നു ഞങ്ങൾ എന്ന് അങ്ങയുടെ പൂർവപിതാക്കൾ രഹസ്യമായി നിങ്ങളോട് പറഞ്ഞുതരും. അവരെ ഈ നിലയിൽ ആക്കി തീർത്തത് കൊണ്ടാണ് ബ്രിട്ടീഷുകാർ തടിച്ചു വളർന്നതെന്നും നിങ്ങൾക്ക് മനസ്സിലാക്കി തരും. നിങ്ങളുടെ പൂർവികരും നിങ്ങളും ഊറ്റികുടിച്ച് ചണ്ടിയാക്കിയ എൻറെ നാടിനെ നിവർന്നു നിൽക്കാൻ സഹായിക്കാനുള്ള യജ്ഞത്തിനിടയിൽ അവർ കാണിച്ച ജീവൻറെ ലക്ഷണമാണ് നിങ്ങൾ എൻറെ പേരിൽ ആരോപിച്ച കുറ്റത്തിന് കാരണമായി തീർന്നിരിക്കുന്നത്. ഒരു നല്ല പൗരന്റെ മഹത്തായ കടമ എന്ന നിലയിൽ ഞാൻ ചെയ്തത് കുറ്റമാണെങ്കിൽ ആ കുറ്റം ഞാൻ ഏറ്റു പറയുകയും അതിനുള്ള ശിക്ഷ നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു സന്തോഷം എനിക്കുണ്ട് ഞാൻ ചെയ്തത് കുറ്റമല്ലെന്നും, നിങ്ങൾ ഇപ്പോൾ ചെയ്യാൻ പോകുന്നതാണ് കുറ്റമെന്നും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ നിങ്ങളുടെ രാജ്യത്തും ലോകം മുഴുവനും ഉണ്ട്. അക്കാര്യം മറക്കാതിരിക്കണം എന്ന് അപേക്ഷയുമുണ്ട്.
ഗാന്ധിജിയുടെ ദീർഘമേറിയ പ്രസ്താവന ശ്വാസം അടക്കി പിടിച്ചുകൊണ്ടാണ് ന്യായാധിപൻ ശ്രവിച്ചത്. അദ്ദേഹം വിധി പ്രസ്താവിക്കും മുമ്പ് പറഞ്ഞു. മിസ്റ്റർ ഗാന്ധി, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ ജനകോടികളുടെ കണ്ണിൽ മഹാനായ ഒരു നേതാവാണ്. അക്കാര്യം ആരും സമ്മതിച്ചു തരും അങ്ങ് ശ്രേഷ്ഠനുമാണ്. പക്ഷേ നിയമത്തിന്റെ കണ്ണിൽ കുറ്റം ചെയ്ത ഒരു പ്രതിയാണ് .എനിക്ക് അങ്ങയെ ശിക്ഷിക്കാതിരുന്നുകൂടാ. അത് വഴി ഞാൻ എന്റെ കർത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്.
ആറു വർഷത്തെ തടവു ശിക്ഷയായിരുന്നു ഗാന്ധിജിക്ക് നൽകിയത്.
തയ്യാറാക്കിയത് :
പ്രസന്നകുമാരി. ജി
No comments:
Post a Comment