അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
53. സ്വരാജ് പാർട്ടി
നിയമലംഘന സമരം പെട്ടെന്ന് പിൻവലിച്ചത് ജനങ്ങളിൽ നിരാശയുണ്ടാക്കി. സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവി പരിപാടികൾ നിർദ്ദേശിക്കാനുമായി 1922 ജൂണിൽ എ ഐ സി സി ഒരു കമ്മറ്റിയെ നിയോഗിച്ചു. മോത്തിലാൽ നെഹ്റു ആയിരുന്നു കമ്മറ്റിയുടെ തലവൻ. രാജ്യത്തിൻറെ പല ഭാഗങ്ങളിലും കമ്മറ്റി പര്യടനം നടത്തി .ഇന്ത്യൻ മനസ്സിനെ നയിക്കുന്നത് ഗാന്ധിജി ആണെന്നായിരുന്നു കമ്മറ്റിയുടെ അനുഭവം വിലയിരുത്തി കൊണ്ട് മോത്തിലാൽ നെഹ്റു അഭിപ്രായപ്പെട്ടത് .
ഭാവി സമരമാർഗ്ഗങ്ങളെക്കുറിച്ച് കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ വളർന്നു. 1922 ഡിസംബറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഈ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി രംഗത്ത് വന്നു. ചിത്തരഞ്ജൻ ദാസ് ആയിരുന്നു അന്ന് കോൺഗ്രസ് പ്രസിഡൻറ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് സി ആർ ദാസ്, മോത്തിലാൽ നെഹ്റു തുടങ്ങിയവർ വാദിച്ചപ്പോൾ എല്ലാ രംഗത്തും ബഹിഷ്കരണവും നിർമ്മാണാത്മക പ്രവർത്തനങ്ങളും തുടരണമെന്നായിരുന്നു മറ്റൊരു വിഭാഗത്തിൻറെ നിലപാട്. സർദാർ വല്ലഭായി പട്ടേൽ, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി തുടങ്ങിയവർ ആയിരുന്നു ഇവരിൽ പ്രമുഖർ. നിയമസഭ ബഹിഷ്കരണം ഉപേക്ഷിക്കണം എന്ന് വാദിച്ചവർ മാറ്റത്തെ അനുകൂലിക്കുന്നവരും മറ്റു വിഭാഗക്കാർ മാറ്റത്തെ അനുകൂലിക്കാത്തവരുമായാണ് അറിയപ്പെട്ടത് .ഗയാ സമ്മേളനത്തിൽ നിയമസഭാ ബഹിഷ്കരണം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സി ആർ ദാസ് ഇപ്രകാരം പറഞ്ഞു .'കൂട്ടത്തോടെ ഒരു നിയമലംഘന പ്രസ്ഥാനത്തിന് സമയമായില്ല എന്നാണ് എൻറെ അഭിപ്രായം. നിയമനിർമ്മാണ സഭകൾ എന്നതിന് പകരം നിയമസഭകളിൽ കടന്നുചെന്ന് അകത്തു വച്ച് നിസ്സഹകരണ പ്രസ്ഥാനം നയിക്കാം. നദിയെ അതിൻറെ ഉത്ഭവ സ്ഥാനത്തുതന്നെ തടഞ്ഞുനിർത്തുന്നതാണ് ഏറെ ഫലപ്രദം. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെ അസംബ്ലിയുടെ അകത്തു നിന്നുകൊണ്ട് എതിർത്തു തോൽപ്പിക്കാം. നിയമനിർമ്മാണ സഭകളിൽ വെച്ച് തന്നെ അതിനു തടയിടാം.' അധ്യക്ഷന്റെ ഈ വാദഗതി പലരും അംഗീകരിച്ചു. ഇതാണ് ഫലപ്രദമായ മാർഗം എന്ന് പലരും സമർത്ഥിച്ചു. എന്നാൽ കോൺഗ്രസ്സിലെ വലിയ ഭൂരിപക്ഷം നിയമസഭകളിൽ കടന്നുചെല്ലുന്നതിനെ എതിർത്തു .അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ വോട്ടിനിട്ട് ഒരു തീരുമാനത്തിലെത്താം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. പ്രമേയം ഇങ്ങനെയായിരുന്നു,
" ഗവൺമെന്റിന്റെ പ്രവർത്തനം അസാധ്യമാക്കിത്തീർക്കുന്നതിന് നിയമസഭകളിലും കൗൺസിലുകളിലും ഏകീകൃതവും അനസ്യൂതവും ആയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിക്കുന്നു."
പ്രമേയം വോട്ടിനിട്ടപ്പോൾ പ്രതികൂലമായി 1740 വോട്ടുകളും അനുകൂലമായി 890 വോട്ടുകളും ലഭിച്ചു. പ്രമേയം തിരസ്കരിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് സി ആർ ദാസ് അധ്യക്ഷ പദവി ഒഴിയാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ സി ആർ ദാസ് പറഞ്ഞു.
"അസംബ്ലിയിലും കൗൺസിലുകളിലും സ്ഥാനം വഹിക്കാനുള്ള ദുർമോഹം കൊണ്ടല്ല ഞാൻ ഈ പ്രമേയം അവതരിപ്പിച്ചത് .അങ്ങനെ മോഹിക്കുന്നവരിൽ അവസാനത്തെ ആൾ പോലും ആവില്ല ഞാൻ. എനിക്ക് ഗാന്ധിജിയോടും, അദ്ദേഹം നയിക്കുന്ന പ്രസ്ഥാനങ്ങളോടും അതിരറ്റ കൂറും ബഹുമാനവും ഉണ്ട് .എന്നെ ഇക്കാര്യത്തിൽ ദയവായി സംശയിക്കാതിരിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു .ഞാൻ കൂടുതൽ ഫലപ്രദമായ ഒരു ക്രിയാമാർഗ്ഗം നിർദ്ദേശിച്ചു എന്ന് മാത്രം നിയമനിർമാണത്തിന്റെ ഉരുക്കു ചട്ടക്കൂട് പണിയുന്ന ബ്രിട്ടീഷുകാരെ നിർബാധം വിടുകയും പിന്നീട് നിയമങ്ങൾ തിരസ്കരിക്കുകയും ചെയ്യുന്നതിന് പകരം ചട്ടക്കൂടിനകത്ത് കടന്നു ചെന്ന് അതിനെ തകർക്കുക എന്നതാണ് കൂടുതൽ ബുദ്ധിപരവും പ്രയോജനകരവും എന്ന് ഞാൻ വിശ്വസിക്കുന്നു.'' സി ആർ ദാസിന്റെ ഉജ്ജ്വല ഭാഷണം കേട്ട് സദസ്സ് സ്തബ്ദരായിരിക്കെ, അദ്ദേഹം സഭ വിട്ടിറങ്ങി. പട്ടേലും, ഹക്കീം അജ്മൽ ഖാനും, മദൻ മോഹൻമാളവ്യയും വേറെ ചിലരും സി ആർ ദാസിനെ അനുഗമിച്ചു. നിലവിലുള്ള സംവിധാനം തന്നെ തുടർന്നാൽ മതി എന്ന് അഭിപ്രായക്കാരായ ഭൂരിപക്ഷത്തെ നയിച്ചതിൽ പ്രധാനികൾ രാജഗോപാലാചാരിയും ഡോക്ടർ അൻസാരിയും വല്ലഭായി പട്ടേലും ജവഹർലാൽ നെഹ്റുവും ആയിരുന്നു.
ഇറങ്ങിപ്പോയശേഷം അവർ പ്രത്യേക യോഗം ചേർന്ന് ഒരു പുതിയ പാർട്ടി ഉണ്ടാക്കി. കോൺഗ്രസ്- ഖിലാഫത്ത് -സ്വരാജ് പാർട്ടി എന്നായിരുന്നു തുടക്കത്തിലെ പേര്. ഖിലാഫത്ത് പ്രസ്ഥാനക്കാരുടെ സഹകരണവും ഇക്കൂട്ടർക്കുണ്ടായിരുന്നു
ഒടുവിൽ സ്വരാജ് പാർട്ടി എന്ന നാമത്തിൽ മാത്രം ഈ പ്രസ്ഥാനം അറിയപ്പെട്ടു.
കോൺഗ്രസിലെ ഭിന്നിപ്പ് ഗാന്ധിജിയെ വല്ലാതെ വ്യാകുലനാക്കി .സി ആർ ദാസിന്റെയും മറ്റും ഈ നവീകരണ പ്രസ്ഥാനവുമായി ഗാന്ധിജിക്ക് തെല്ലും യോജിപ്പുണ്ടായിരുന്നില്ല. ഇക്കാര്യം മോത്തിലാൽ നെഹ്റുവിനെയും മറ്റും കണ്ട് ഗാന്ധിജി വ്യക്തമാക്കിയിരുന്നു. പരാജയം ഒരു പ്രശ്നമാക്കേണ്ടതില്ലെന്നും അത് താൽക്കാലികം ആണെന്നും ഗാന്ധിജി പറഞ്ഞു നോക്കി .പക്ഷേ ഫലമുണ്ടായില്ല. സ്വരാജ് പാർട്ടി അതിൻറെ ശൈലിയിൽ തന്നെ പ്രവർത്തനം തുടർന്നു .1923 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള കർമ്മപദ്ധതികളുമായി മുന്നോട്ടു നീങ്ങി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്വരാജ് കക്ഷി പലയിടത്തും ജയിച്ചു. വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചു.
സെൻട്രൽ പ്രൊവിൻസിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സ്വരാജ് പാർട്ടി ഉയർന്നു. ഐക്യസംസ്ഥാനത്തും അസമിലും രണ്ടാംസ്ഥാനത്തായിരുന്നു. ബംഗാളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ എത്തിയെങ്കിലും ഭരിക്കാൻ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാൽ ചില മുസ്ലിം സ്വതന്ത്രന്മാരുടെ കൂട്ടുകെട്ടോടെ ഭരണസമിതി ഉണ്ടാക്കി. നിയമസഭയിൽ 101 സ്ഥാനങ്ങളിൽ 42 സീറ്റ് സ്വരാജ് പാർട്ടി നേടിയെടുത്തു. 1923 ൽ ഡൽഹിയിൽ വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിൽ ഇരുവിഭാഗക്കാരും തമ്മിൽ ധാരണയിലെത്തി. സ്വരാജ് കക്ഷി നിയമസഭകളിൽ അവരുടെ പ്രവർത്തന ശൈലി അനുസരിച്ച് മത്സരിക്കുകയും അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്യണം. മറ്റുള്ളവർ സംഘടനയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.രമ്യമായ ഈ ഒത്തു തീർപ്പിൽ ഇരു വിഭാഗക്കാരും സംതൃപ്തരായിരുന്നു. എന്നാൽ സ്വരാജ് കക്ഷിക്ക് അവർ ഉദ്ദേശിച്ച രീതിയിൽ അസംബ്ലിക്ക് അകത്ത് തിളക്കം ലഭിച്ചില്ല .അത്രയും ദുസഹമായ കടമ്പകൾ സൃഷ്ടിച്ചിരുന്നു ബ്രിട്ടീഷ് ഭരണാധികാരികൾ. എടുത്ത് പറയത്തക്ക ഒരു നേട്ടം 1925 ൽ സ്വരാജ് നേതാവായ വിതൽഭായി പട്ടേലിന് കേന്ദ്ര നിർമ്മാണ സഭയുടെ അധ്യക്ഷ പദവിയിൽ ഇരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു. സി ആർ ദാസിന് കൽക്കത്ത നഗരത്തിന്റെ മേയർപദവി ലഭിച്ചു എന്നതായിരുന്നു മറ്റൊന്ന്.
1925ൽ സ്വരാജ് പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവായ സി ആർ ദാസ് അന്തരിച്ചു. സ്വരാജ് കക്ഷി പ്രതിസന്ധിയിലായി. സ്വരാജ് പാർട്ടിക്കകത്ത് ഛിദ്രവാസന തിരി നീട്ടിത്തുടങ്ങി. ഗവൺമെന്റിന്റെ നയങ്ങൾ മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
മൊണ്ടേഗു- ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതേപടി നടപ്പാക്കുക എന്നല്ലാതെ പുതുതായി ഒന്നും തന്നെ നടപ്പാക്കാൻ ബ്രിട്ടൻ ഒരുക്കമല്ല എന്നും വ്യക്തമായി.
ഒടുവിൽ സഹികെട്ട് മോത്തിലാൽ നെഹ്റു കുറ്റസമ്മതത്തോടെ പറഞ്ഞു," ഞങ്ങൾ നീട്ടിയ സഹകരണ ഹസ്തം അവർ നിന്ദാപൂർവ്വം തട്ടിമാറ്റുന്നു .ഈ അവസ്ഥയിൽ ഇനിയെന്ത് എന്ന് ചിന്തിക്കേണ്ട സമയമായി"
സ്ഥാനമോഹം ലഹരിയായി മാറിയ ചില നേതാക്കളാണെങ്കിൽ കാലുറക്കാത്ത നിലയിൽ പെരുമാറാനും തുടങ്ങി. മധ്യപ്രദേശിലെ ഒരു സ്വരാജ് പാർട്ടി അംഗം പിൻവാതിലിലൂടെ ഭരണപക്ഷത്തേക്കു മാറുകപോലും ചെയ്തു. പാർട്ടിയിൽ വളർന്നുവന്ന ഈ അന്ത:ഛിദ്രവും അധികാര മോഹവും കണ്ട് മനം മടുത്ത് ജയ്ക്കർ, കേൽക്കര്‍ തുടങ്ങിയ ചില പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു . ചിലർ ചേർന്ന് 'ഇന്ത്യൻ നാഷണൽ പാർട്ടി' എന്ന ഒരു പുതിയ സംഘടന ഉണ്ടാക്കി. ചിലർ ഹിന്ദുമഹാസഭയിൽ ചേർന്നു.
ലാലാ ലജ്പത് റായി, മദൻ മോഹൻ മാളവ്യ എന്നീ നേതാക്കൾ പാർട്ടി വിട്ടുകൊണ്ട് "ഇൻഡിപ്പെൻഡൻസ് കോൺഗ്രസ്" എന്ന പുതിയ ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു. ഇതൊക്കെ കണ്ട് മനം മടുത്ത മോത്തിലാൽ നെഹ്റു പാർട്ടിയുടെ അന്തസ്സിന് കളങ്കം വരുത്തുന്നവരെ കഠിനമായി ശാസിച്ചിരുന്നു.
തയ്യാറാക്കിയത്: പ്രസന്നകുമാരി
No comments:
Post a Comment