അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ
56 . വിപ്ലവകാരികളുടെ മുന്നേറ്റം.
നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചത്, ആവേശപൂർവ്വം സമര രംഗത്തേക്ക് വന്ന യുവാക്കളെ നിരാശരാക്കി. സായുധസമരമാണ് മോചനപാത എന്ന ആശയം വീണ്ടും ശക്തിപ്പെടാൻ തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ദേശീയ രംഗത്തെ ത്രസിപ്പിച്ച ഭീകരപ്രവർത്തനം, ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഏറെക്കുറെ ശ്രമിച്ചിരുന്നു. അതിസാഹസിക വിപ്ലവ പ്രസ്ഥാനത്തിൻറെ ആദ്യഘട്ടം അങ്ങനെ അവസാനിക്കുകയും ചെയ്തു. എന്നാൽ പുതിയ ഭാവത്തിലും രൂപത്തിലും കൂടുതൽ ഊർജ്ജസ്വലതയോടെയാണ് ഭീകര വിപ്ലവ പ്രസ്ഥാനം വീണ്ടും തലപൊക്കിയത്. റഷ്യൻ വിപ്ലവത്തിന്റെ വിജയവും, ആ വിപ്ലവത്തിന് വഴികാട്ടിയായ മാർക്സിസ്റ്റ് ആശയങ്ങളും സായുധസമരത്തിന്റെ മാർഗ്ഗത്തിലേക്ക് തിരിയാൻ ഇന്ത്യൻ യുവാക്കൾക്ക് പ്രേരണയായിത്തീർന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ തുടങ്ങിയ ഭാഗങ്ങൾ ആയിരുന്നു അവരുടെ പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രങ്ങൾ എങ്കിലും അവരുടെ ധീരസാഹസികത രാജ്യത്തെയാകെ ആവേശം കൊള്ളിച്ചു. യുഗാന്ധർ, അനുശീലൻ, ബംഗാൾ വളണ്ടിയേഴ്സ്, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി, നൗജവാൻ ഭാരത് സഭ തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പുകളായാണ് ഈ വിപ്ലവകാരികൾ സംഘടിച്ചിരുന്നത്.
ഉത്തരേന്ത്യയിൽ പലഭാഗങ്ങളിലായി ചിതറിക്കിടന്ന തീവ്രവാദികളെയും വിപ്ലവകാരികളെയും ഒന്നിപ്പിച്ച് ഒരു സംഘടനയ്ക്ക് രൂപം നൽകാൻ മുൻകൈയെടുത്തത് രാം പ്രസാദ് ബിസ്മിൻ, ജോഗേഷ് ചാറ്റർജി, സജീന്ദ്രനാഥ് സന്യാൽ തുടങ്ങിയവരായിരുന്നു. 1924 ഒക്ടോബറിൽ ഇവർ ഒത്തുകൂടി "ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന സംഘടന രൂപീകരിച്ചു. കൊളോണിയൽ ഭരണം അട്ടിമറിക്കാനും, അതിൻറെ സ്ഥാനത്ത് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു റിപ്പബ്ലിക് സ്ഥാപിക്കാനുമായി സായുധ വിപ്ലവം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘടന പ്രഖ്യാപിച്ചു. സായുധ വിപ്ലവം സംഘടിപ്പിക്കാൻ ഏറെ പണച്ചെലവ് വരും. ആയുധവും വേണം. വിപ്ലവകാരികൾക്ക് പരിശീലനം നൽകണം. ഇതിനെല്ലാം പണം സ്വരൂപിക്കുന്നതിന് കൊള്ള നടത്താൻ അവർ മടിച്ചില്ല. ഒരു തീവണ്ടി കൊള്ളയ്ക്കും അവർ തയ്യാറായി. ഒരു പാസഞ്ചർ വണ്ടി കൊള്ള ചെയ്യാനായിരുന്നു പരിപാടി. 1925 ആഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം .ആ വണ്ടി തിരഞ്ഞെടുത്തതിന് പ്രത്യേക കാരണമുണ്ടായിരുന്നു. റെയിൽവേ ജീവനക്കാർക്കുള്ള ശമ്പളം കൊടുക്കാൻ 'പേ മാസ്റ്റർ' ആ വണ്ടിയിൽ വരുന്നു എന്ന് അവർക്ക് വിവരം കിട്ടി.
തീവണ്ടി തടയാൻ വിപ്ലവകാരികൾ ലക്ഷ്യമിട്ടിരുന്നത് ലക്നോ സ്റ്റേഷനിൽ നിന്നും 14 നാഴിക അകലെ അഹമ്മദ് നഗറിനും കക്കോരി എന്ന ഒരു ഗ്രാമത്തിനും ഇടയിൽ വച്ചായിരുന്നു . കക്കോരി എന്ന പേരിൽ അവിടെ ഒരു റെയിൽവേ സ്റ്റേഷനും ഉണ്ടായിരുന്നു.
വിപ്ലവകാരികൾ ഷാജഹാൻപൂർ സ്റ്റേഷനിൽ വെച്ച് വണ്ടിയിൽ കയറി. ഗാർഡിൻറെ മുറിക്കകത്താണ് പേ മാസ്റ്റർ (ശമ്പളം വിതരണം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ) സഞ്ചരിച്ചിരുന്നത്.
രാത്രി ഏഴേകാൽ മണിക്ക് വണ്ടി കക്കോരി റെയിൽവേ സ്റ്റേഷൻ വിട്ടു. ലക്നോവിലേക്കാണ് വണ്ടി പൊയ്ക്കൊണ്ടിരുന്നത്. വണ്ടിയിളകിത്തുടങ്ങിയപ്പോൾ ഗാർഡിൻറെ ശ്രദ്ധയിൽപ്പെടാതെ മുറിക്കകത്ത് കയറിക്കൂടിയിരുന്ന നാലു യുവാക്കൾ ഗാർഡിന്റെ അടുത്ത് ചെന്ന് തങ്ങളുടെ പെട്ടികൾ സ്റ്റേഷനിൽ മറന്നു വെച്ച്പോയെന്നും, അത് എടുത്തുകൊണ്ടു വരുവോളം വണ്ടി നിർത്തി ഇടണമെന്നും ആവശ്യപ്പെട്ടു. ഗാർഡ് കൂട്ടാക്കിയില്ല. ഉടനെ രണ്ടുപേർ റിവോൾവർ കാട്ടി ഗാർഡിനെ നിശ്ചലനാക്കുകയും മുറിക്കകത്തെ വാർത്താവിനിമയ ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അപ്പോഴേക്കും പല മുറികളിൽ നിന്നും ചാടിയിറങ്ങി വന്ന പതിനാറ് ആയുധധാരികൾ മുറിക്കകത്ത് കയറി പണപ്പെട്ടി കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു .
വണ്ടി നിറുത്തിയത് കണ്ട് യാത്രക്കാർ ഇറങ്ങി നിന്നു. ഗാർഡിന്റെ മുറിയിലെ ബഹളം കേട്ട് അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തോക്ക്ധാരിയായ ഗൂർഖാ പട്ടാളക്കാരൻ തോക്ക് ചൂണ്ടാൻ ഭാവിച്ചപ്പോഴേക്കും വിപ്ലവകാരികളിൽ ഒരാളുടെ വെടിയേറ്റ് അയാൾ മരിച്ചുവീണു. ഒരു യൂറോപ്യൻ യാത്രക്കാരൻ വിപ്ലവകാരികളുടെ നേരെ തോക്കുമായി പാഞ്ഞടുത്തു. അയാൾക്ക് വെടിയേറ്റു മാരകമായി പരിക്കുപറ്റി.
അപ്പോഴേക്കും ലക്നോവിൽ നിന്നുമുള്ള (എതിർ ദിശയിലേക്ക്) ഒരു തീവണ്ടി കുതിച്ചുവരികയായിരുന്നു. വണ്ടി അവിടെ നിർത്തിയേക്കും എന്ന് മനസ്സിൽ തോന്നിയ വിപ്ലവകാരികൾ പണപ്പെട്ടിയുമായി തീവണ്ടിയിൽ നിന്നും ചാടിയിറങ്ങി സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
പോലീസ് വിപ്ലവകാരികൾക്ക് വേണ്ടി തിരച്ചിൽ നടത്തി. നാലുമാസത്തെ തീവ്രശ്രമത്തിനുശേഷം ഡിസംബർ 25ന് രാംപ്രസാദ് ബിസ്മിനെയും രാജേന്ദ്രനാഥ് ലാഹരിയെയും, റോഷൻ സിംഗ് എന്ന മറ്റൊരു വിപ്ലവകാരിയെയും പിടിച്ചു. ദിവസങ്ങൾക്കുള്ളിൽ സംഘത്തിൽ പെട്ട വേറെ ചിലരും പിടിയിലായി. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റു ചില കേസുകളിലും പ്രതികളായിരുന്നു. പിടികിട്ടാത്തവരെ 'കിട്ടാപ്പുള്ളി' കളായി പ്രഖ്യാപിച്ചുകൊണ്ട് കേസ്സു വിചാരണ തുടർന്നു. കക്കോരി ഗൂഢാലോചനക്കേസ് തീവ്രവാദി പ്രസ്ഥാനത്തിന് ഏറ്റവും കനത്ത ആഘാതമായിരുന്നു. ഈ തിരിച്ചടി അതിജീവിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ യുവാക്കളായ ഒട്ടേറെ പേർ സന്നദ്ധരായി. യു.പി. യിലെ അജയഘോഷ്, ബിജോയ് കുമാർ സിൻഹ, ശിവ വർമ്മ, പഞ്ചാബിലെ ഭഗത് സിങ്, ഭഗവതി ചരൺ വോറ, സുഖദേവ് തുടങ്ങിയവർ ഇവരിൽ ഉൾപ്പെടും .
ഇവരെയെല്ലാം ഒത്തൊരുമിപ്പിക്കുന്ന ചുമതല ചന്ദ്രശേഖർ ആസാദിനായിരുന്നു. 1928 സെപ്റ്റംബർ 9, 10 തീയതികളിൽ ഡൽഹിയിലെ ഫിറോഷാകോട്ല ഗ്രൗണ്ടിൽ ഉത്തരേന്ത്യയിലെ യുവ വിപ്ലവകാരികൾ യോഗം ചേർന്നു. ഒരു കൂട്ടുനേതൃത്വത്തിന് യോഗം രൂപം നൽകി. തങ്ങളുടെ ലക്ഷ്യം സോഷ്യലിസം ആണെന്ന് യോഗത്തിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു. ഈ ലക്ഷ്യത്തിന് യോജിച്ച തരത്തിൽ പാർട്ടിയുടെ പേർ "ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ" എന്നാക്കി മാറ്റുകയും ചെയ്തു പുതിയ കാഴ്ചപ്പാട് ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തന ശൈലിയിലേക്ക് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനും അതിൻറെ നേതൃത്വവും നീങ്ങിക്കൊണ്ടിരുന്നു. വ്യക്തിഗത അതിസാഹസികത ആയിരുന്നു അതുവരെ തീവ്രവാദികളായ വിപ്ലവകാരികളുടെ മുഖമുദ്ര. ഈ രീതിയിൽ നിന്നും മാറാൻ തുടങ്ങുമ്പോഴാണ് 1928 ഒക്ടോബർ 30ന് ലാഹോറിൽ ദേശീയ നേതാവ് ലാലാ ലജ്പത് റായിയെ പോലീസ് ഭീകരമായി മർദ്ദിച്ചത്. പോലീസിൻറെ നിഷ്ഠൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ ലാലാ ലജ്പത് ഏതാനും നാളുകൾക്കകം മരിച്ചു.
ലാലാ ലജ്പത്റായി യിയുടെ നേരെ നടന്ന ലാത്തിച്ചാർജിന്റെ ചുമതല വഹിച്ചിരുന്നത് പോലീസ്സ് സൂപ്രണ്ട് സാൻഡേഴ്‌സ് ആയിരുന്നു.
സാൻഡേഴ്സിനെ കൊലചെയ്ത് പകരം വീട്ടിയാൽ മാത്രമേ തങ്ങൾ അടങ്ങുകയുള്ളൂ എന്ന് ഭഗത് സിങും അദ്ദേഹത്തിൻറെ വിപ്ലവപ്പാർട്ടിയിലെ യുവാക്കളും തീരുമാനിച്ചു. ലാലാജിയുമായി ഭഗത് സിങിന് വേറെയും ബന്ധമുണ്ടായിരുന്നു. ഗുരുശിഷ്യബന്ധം . ലാഹോർ കോളേജിൽ ലാലാ ജി ഭഗത് സിംഗിന്റെ ഗുരുനാഥനായിരുന്നു.
1929 ഡിസംബർ 17ന് ലാഹോറിലെ പോലീസ് സ്റ്റേഷന് സമീപം വെച്ച് സാൻഡേഴ്സ് വെടിയേറ്റ് മരിച്ചു. ഭഗത് സിങും, രാജഗുരുവും, ചന്ദ്രശേഖർ ആസാദുമായിരുന്നു സാൻഡേഴ്സനെ കൊലചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെടാൻ ഭഗത് സിങിനും കൂട്ടുകാർക്കും കഴിഞ്ഞു.
സാൻഡേഴ്സിന്റെ ഘാതകന്മാർക്ക് വേണ്ടി ഉത്തരേന്ത്യയിൽ അങ്ങോളമിങ്ങോളം പോലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പം കിട്ടിയില്ല. അപകടം പതിയിരിക്കുന്ന ലാഹോറിൽ നിന്നും രക്ഷപ്പെടാൻ വിപ്ലവകാരികൾ ശ്രമിച്ചു. കല്ക്കത്തയിലേക്ക് കടന്നുകളയാനാണ് തീരുമാനിച്ചത് .അതിനായി മൂന്നുപേരും വേഷം മാറി. ഭഗത് സിങ് അപ്പോഴേക്കും തിരിച്ചറിയാൻ പാടില്ലാത്ത തരത്തിൽ വേഷം മാറിയിരുന്നു.തല നിശ്ശേഷം മൊട്ടയടിച്ചു. സായിപ്പിൻറെ വേഷവിധാനങ്ങൾ സ്വീകരിച്ചു. തലയിൽ സായിപ്പിൻറെ മട്ടിൽ തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചു.
ചന്ദ്രശേഖർ ആസാദ് ഒരു ഹിന്ദു സന്യാസിയുടെ വേഷമാണ് സ്വീകരിച്ചിരുന്നത്. ഒരു ഹൈന്ദവ സന്യാസി വാരണാസിയിലേക്ക് യാത്ര പോകുന്ന ഒരു തീർത്ഥാടക സംഘത്തിൻറെ ഒപ്പമുള്ള യാത്ര തികച്ചും സുരക്ഷിതമായിരുന്നു. തീവണ്ടിയിൽ ഒന്നാം ക്ലാസ് മുറിയിലാണ് ഭഗത് സിംഗ് യാത്ര ചെയ്തത് സംശയം തോന്നാതിരിക്കാൻ ഭഗവതി ചരൺ വോറയുടെ സഹധർമ്മിണി ദുർഗാദേവിയെയും സചി എന്ന പേരുള്ള അവരുടെ കുഞ്ഞിനെയും കൊണ്ടുപോയിരുന്നു. ഒരു ധനിക കുടുംബം എന്ന പ്രതീതിയുളവാക്കാൻ രാജഗുരു ധനികന്റെ പരിചാരകനായും. ബംഗാളിൽ നിന്ന് അവർ പിന്നീട് ആഗ്രയിലേക്ക് പോയി അവിടെ ഒരു രഹസ്യ മുറി വാടകയ്ക്ക് വാങ്ങി താമസം തുടങ്ങി.
തയ്യാറാക്കിയത് : പ്രസന്നകുമാരി. ജി.
No comments:
Post a Comment