അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.
57 . ഭഗത് സിങ്, രാജഗുരു, സുഖ്ദേവ് എന്നിവർക്ക് വധശിക്ഷ.
സാൻഡേഴ്സ് വധത്തെ തുടർന്ന് ഭഗത് സിങും മറ്റും ഒളിവിൽ കഴിഞ്ഞിരുന്ന കാലത്താണ് ജനദ്രോഹപരമായ രണ്ട് ബില്ലുകൾ കേന്ദ്ര അസംബ്ലിയിൽ ചർച്ചയ്ക്ക് വന്നത്. പൊതുരക്ഷാഭേദഗതി ബില്ലും വ്യാപാരത്തർക്കബില്ലും. തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ വേണ്ടിയുള്ളതായിരുന്നു പൊതുരക്ഷാഭേദഗതി ബിൽ . ബിൽ ഒരുതവണ ചർച്ചയ്ക്ക് വന്നെങ്കിലും അസംബ്ലിയിൽ ഭൂരിപക്ഷം ലഭിച്ചില്ല. ആദ്ധ്യക്ഷപദവിയിൽ വിതൽ ഭായി പട്ടേൽ ആയിരുന്നു. ബില്ലിനെതിരെ ഭൂരിപക്ഷം ഉണ്ടാക്കി പാസ്സാക്കാൻ കഴിയാതെ വന്നാലും അന്നത്തെ ചട്ടപ്രകാരം വൈസ്രോയി പാസ്സാക്കും. ഇതിനെതിരെ ഇന്ത്യക്കാരുടെ രോഷം പ്രകടിപ്പിക്കാൻ അസംബ്ലിക്കുള്ളിൽ ബോംബെറിയണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ തീരുമാനിച്ചു. ബോംബെറിയാൻ ഭഗത് സിങും ബദുകേശ്വർ ദത്തുമാണ് നിയോഗിക്കപ്പെട്ടത്.
ഇങ്ങനെയൊരു സംരംഭത്തിൽ ഏർപ്പെടുന്നതിന് പാർട്ടിക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. പാർട്ടി വളരണമെങ്കിൽ, കുറ്റം ചെയ്യുകയും ഒളിച്ചു നടന്നുകൊണ്ട് കുറ്റവിമുക്തരാവാൻ ശ്രമിക്കുകയും ചെയ്യുന്നത് നന്നല്ല. അങ്ങനെ ചെയ്യുന്നത് മൂലം ജനങ്ങൾ തങ്ങളെ ഭീരുക്കളാണെന്നാണ് മുദ്രകുത്തുക. വ്യക്തിപരമായി ധീരതയും ത്യാഗവും കാട്ടി ബഹുജനാവേശം തട്ടിയുണർത്തണം. അതിനായി ചിലപ്പോൾ ആത്മബലിക്ക് തന്നെ തയ്യാറാവണം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഭഗത് സിങും ബദുകേശ്വരും പോലീസിന് പിടി കൊടുക്കാനും അതുവഴി രക്തസാക്ഷിയാകേണ്ടി വന്നാൽ അതിനും തയ്യാറായി അസംബ്ലിയിൽ ബോംബുമായി പ്രത്യക്ഷപ്പെടാനും തീരുമാനിച്ചത്.
ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഈ ബിൽ പാസ്സാക്കുക എന്നത് അന്തസ്സിന്റെ പ്രശ്നമായിരുന്നു. വിദേശികളായ സന്ദർശകരെ മൂക്കുകയറിടാനുള്ളതായിരുന്നു ഈ നിയമം. 1927ൽ അന്നത്തെ ബ്രിട്ടീഷ് പാർലമെൻറ് മെമ്പർ ആയിരുന്ന ഷപൂർജിസക്ലത്ത് വാലയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു നേതാവായ സെല്ലും ഇന്ത്യ സന്ദർശിച്ചു. അവർ ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ സന്ദർശിച്ചുകൊണ്ട് ഉജ്ജ്വല പ്രഭാഷണങ്ങൾ നടത്തി. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അവരുടെ സന്ദർശനവും പ്രഭാഷണങ്ങളും. ഇത് അട്ടിമറി ശ്രമമായി ബ്രിട്ടീഷ് സർക്കാർ കണ്ടു. സർക്കാരിനെ മറിച്ചിടാനുള്ള വിദേശികളുടെ ഇത്തരം സംരംഭങ്ങൾ നിയമം മൂലം തടയാൻ വേണ്ടിയായിരുന്നു ഈ ബില്ല്. രണ്ട് തവണയും പാസ്സാക്കാൻ കഴിയാതിരുന്നപ്പോൾ വൈസ്രോയിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മൂന്നാമതും ബിൽ അവതരിപ്പിച്ചു.
ഭഗത് സിങും ബദുകേശ്വർദത്തും സന്ദർശക ഗ്യാലറിയിൽ കയറിപ്പറ്റി .1929 ഏപ്രിൽ എട്ടിനായിരുന്നു സംഭവം. വ്യാപാര തർക്കബില്ലും പൊതുരക്ഷാബില്ലും പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വൈസ്രോയിയുടെ കൽപ്പന യോഗത്തിൽ ധനകാര്യ മന്ത്രി വായിക്കുകയായിരുന്നു. ഈ സന്ദർഭത്തിലാണ് സന്ദർശക ഗ്യാലറിയിൽ നിന്നും ഭഗത് സിങ് ഉള്ളം കയ്യിൽ ഒതുക്കിപ്പിടിച്ചിരുന്ന ബോംബ് വീശി എറിഞ്ഞത്. രണ്ടാമത്തെ ബോംബ് ബദുകേശ്വരും എറിഞ്ഞു. രണ്ടും മന്ത്രിമാർ ഇരിക്കുന്ന ഇരിപ്പിടത്തിന് പിന്നിലെ ചുവരിൽ ചെന്നുകൊണ്ടു പൊട്ടിത്തെറിച്ചു .അവർക്ക് ആരെയെങ്കിലും കൊല്ലണമെന്ന വിചാരം ഉണ്ടായിരുന്നില്ല. അക്കാര്യം അവർ പിന്നീട് അസംബ്ലിയിൽ തന്നെ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
ബോംബു കൊണ്ട് ഹാളിൽ പുകപടലം ഉയർന്നതിനിടയിൽ പലരും ആത്മരക്ഷ തേടി പരക്കം പാഞ്ഞു. അസംബ്ലിയിൽ അവതരിപ്പിച്ച മന്ത്രി ഒരു മേശയ്ക്കടിയിൽ ചെന്നൊളിച്ചു . പലരും പരക്കം പാഞ്ഞപ്പോൾ ഒരാൾ മാത്രം ഇരുന്നേടത്ത് സ്ഥിരചിത്തതയോടെ ഇരിപ്പുണ്ടായിരുന്നു. ആദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്ന വിതൽ ഭായി പട്ടേൽ . ഭഗത് സിങ് ഉറക്കെ മുദ്രാവാക്യം മുഴക്കി. ബദു കേശ്വർ ദത്ത് ഏറ്റുവിളിച്ചു. " ഇങ്ക്വിലാബ് സിന്ദാബാദ്"
നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര രംഗത്ത് ധാരാളം മുദ്രാവാക്യങ്ങൾ മുഴക്കേണ്ടി വന്നിട്ടുണ്ട്. വന്ദേമാതരം, സാമ്രാജ്യത്വം നശിക്കട്ടെ, ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കീ ജയ്, ചലോ ദില്ലി, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നിങ്ങനെ നിരവധി. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത വ്യക്തി എന്ന നിലയിലും കൂടി ഭഗത് സിങിന് ഇന്ത്യാ ചരിത്രത്തിൽ സ്ഥാനമുണ്ട്.
ഭഗത് സിങ് മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ ബദുകേശ്വർദത്ത് സന്ദർശക ഗ്യാലറിയിൽ നിന്നും താഴെയിറങ്ങി ഒപ്പം കൊണ്ടുവന്നിരുന്ന ചുവന്ന നിറമുള്ള ലഘുലേഖകൾ വലിച്ചെറിഞ്ഞു.
ഭഗത് സിങ് ഉടൻ ഒരു പ്രസ്താവന ചെയ്തു."അറച്ചു നിൽക്കാതെ ഞങ്ങൾക്ക് കൈവിലങ്ങ് വയ്ക്കണമെന്ന് ഉദ്ദേശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ കൃത്യം നിർവഹിക്കാം ഓടിരക്ഷപ്പെടാൻ ഞങ്ങൾക്കു കഴിയാഞ്ഞിട്ടല്ല .ആരെയും കൊല്ലണമെന്ന ഉദ്ദേശ്യവും ഞങ്ങൾക്കില്ല. ബോംബ് കൈപ്പിഴ കൊണ്ട് ചുവരിൽ ചെന്ന് തട്ടിയതുമല്ല. ലക്ഷ്യം തെറ്റാതെ എറിയാനും വെടിയുണ്ട പായിക്കാനും മറ്റാരെയുംകാൾ മിടുക്കുള്ളവരാണ് ഞങ്ങൾ. ഞങ്ങളത് പലവട്ടം തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഞങ്ങൾ ബോംബെറിഞ്ഞത് ഒച്ചയുണ്ടാക്കാനാണ്. അതുവഴി ഭാരതത്തിൻറെ ദീനരോദനം ബ്രിട്ടീഷ് ഗവൺമെന്റിന്റെ ബാധിര്യം ബാധിച്ച ശ്രവണപുടങ്ങളിൽ എത്തിക്കാനാണ് ശ്രമിച്ചത്."
ഇതൊക്കെ പറയുമ്പോഴും വിപ്ലവകാരികളുടെ അടുത്തേക്ക് ചെല്ലാൻ അറച്ചുനിൽക്കുന്ന പോലീസിനു നേരെ കൈകൾ ഉയർത്തിക്കൊണ്ട് അവർ ഉറക്കെ വിളിച്ചു പറഞ്ഞു "നിങ്ങൾക്ക് നിങ്ങളുടെ കൃത്യം നിർവഹിക്കാൻ വരാം. ഞങ്ങൾ നിരായുധരാണ് ഭയപ്പെടാതെ വന്നോളൂ!"
രണ്ടുപേരും കൈകൾ ഉയർത്തി നില്ക്കെ, പോലീസ് കൈയ്യാമവും ചങ്ങലയുമായി അവരെ സമീപിച്ചു.
അസംബ്ലിക്കകത്ത് ഇത്രയും കാര്യങ്ങൾ നടന്നുകൊണ്ടിരുന്ന വേളയിൽ, പുറത്ത് ചന്ദ്രശേഖർ ആസാദും മറ്റു കൂട്ടുകാരും ആകാംക്ഷാഭരിതരായി നിൽപ്പുണ്ടായിരുന്നു. പോലീസിന്റെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ . അവർ നോക്കിനിൽക്കെ ഭഗത് സിങിനേയും ബദുകേശ്വർദത്തിനേയും ഇരുമ്പുചങ്ങലയിട്ടു കൊണ്ട് പോലീസ് ലോക്കപ്പിലേക്ക് കൊണ്ടു പോയി.
അസംബ്ലിയിൽ ബോംബെറിഞ്ഞതും ഭഗത് സിങിനെ അറസ്റ്റ് ചെയ്തതും നാട്ടിലുടനീളം സജീവ ചർച്ചയായി. ബോംബറിഞ്ഞ കേസിൽ ഭഗത് സിങിനും കൂട്ടുകാരനും ജീവപര്യന്തം തടവായിരുന്നു കോടതി വിധിച്ച ശിക്ഷ . എന്നാൽ ഭഗത് സിങിനെ വക വരുത്തണമെന്ന വാശിയിലായിരുന്നു ബ്രിട്ടീഷ് ഭരണം. അവർ മറ്റു പല കള്ള കേസുകളും കെട്ടിച്ചമച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന 'ഗുരുതര' മായ കുറ്റത്തിന് ഭഗത് സിങിനേയും, രാജഗുരു, സുഖദേവ് എന്നിവരെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കേസുകളുടെ വിചാരണകൾക്കിടയിൽ ഭഗത് സിങ് കോടതിയിൽ ചെയ്ത പ്രസ്താവനകൾ വിപ്ലവകാരികളുടെ നിലപാടുകൾ വിശദീകരിക്കുന്നവയായിരുന്നു. വ്യക്തിഗത ഭീകര പ്രവർത്തനമല്ല, വിപ്ലവത്തിൻറെ മാർഗ്ഗമെന്ന് ഭഗത് സിങിന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. കോടതിയിൽ ഭഗത് സിങ് പറഞ്ഞു ," വിപ്ലവത്തിൽ വ്യക്തിഗത പ്രതികാര വാഞ്ചയ്ക്ക് ഒരു സ്ഥാനവുമില്ല. വിപ്ലവത്തിൻറെ അർത്ഥം ബോംബിനെയും തോക്കിനെയും പൂജിക്കുകയുമല്ല . വിപ്ലവം കൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് അനീതി നിറഞ്ഞ ഇന്നത്തെ വ്യവസ്ഥിതി മാറ്റുകയാണ്.
ജയിലിലും ഭഗത് സിങും കൂട്ടുകാരും അനീതിക്കും വിവേചനങ്ങൾക്കുമെതിരെ സമരം തുടർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യപ്പെട്ട ജതീന്ദ്രദാസ് , ഭഗത് സിങിനോടൊപ്പം ലാഹോർ ജയിലിൽ ഉണ്ടായിരുന്നു. ജയിലിലെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് തടവുകാർ നിരാഹാര സത്യാഗ്രഹം തുടങ്ങി. ആദ്യമെല്ലാം അധികൃതർ സമരം കണ്ടില്ലെന്നു നടിച്ചു. തടവുകാർ ഒറ്റക്കെട്ടായി സമരം തുടർന്നപ്പോൾ ജയിലിലെ സ്ഥിതി അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു. ചില പരിഷ്കാരങ്ങൾ ജയിലിൽ വരുത്തുകയും ചെയ്തു. ഇതേ തുടർന്ന് സത്യഗ്രഹം പിൻവലിച്ചെങ്കിലും ജതീന്ദ്രദാസ് പിൻമാറിയില്ല. നിരാഹാര സത്യഗ്രഹം 63 ദിവസം പിന്നിട്ടു. ശരീരത്തിന്റെ ചലനശേഷി നഷ്ടമായെങ്കിലും ആ മനസ്സ് പതറിയില്ല. വിപ്ലവകാരി അവസാനം ആവശ്യപ്പെട്ടത് ഇതായിരുന്നു ."ഒരു മതാചാരവും എന്റെ ജഡത്തെ സ്വൈര്യം കെടുത്തരുത്. 29 സെപ്റ്റംബർ 13ന് നിരാഹാര സത്യാഗ്രഹത്തിന്റെ 64 ആം ദിവസം ആ ധീര ദേശാഭിമാനി അന്ത്യശ്വാസം വലിച്ചു.
25 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജതീന്ദ്ര ദാസിന്റെ മരണം ജനങ്ങളെ ദുഃഖത്തിലാഴ്ത്തി.ലാഹോർ ജയിലിൽ നിന്നും ജതീന്ദ്ര ദാസിന്റെ ജഡം സ്വന്തം നാടായ ബംഗാളിലേക്ക് കൊണ്ടുപോയി. തീവണ്ടിയിലായിരുന്നു ജഡം കൊണ്ടുപോയത്. തീവണ്ടി കടന്നുപോയ വഴിയിൽ പ്രധാന സ്റ്റേഷനുകളിൽ എല്ലാം ജതീന്ദ്ര ദാസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്നു. കൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്നും കിയോർത്തല ശ്മശാന ത്തിലേക്കുള്ള വിലാപയാത്രയിൽ ആറു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. കൽക്കത്ത കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു. അത്.
ജതീന്ദ്ര ദാസിന്റെ മരണത്തിൽ സാർവ്വത്രികമായി പ്രകടിപ്പിക്കപ്പെട്ട ദുഃഖം, അന്ന് വിപ്ലവകാരികളോട് നാട്ടിലുടനീളം വളർന്നുവന്ന അനുഭാവത്തിന്റെ ഒരു സൂചന കൂടിയായിരുന്നു.
ഭഗത് സിങിനെയും, രാജ്ഗുരു, സുഖ്ദേവ് എന്നിവരെയും തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ വ്യാപകമായ പ്രതിഷേധം ഉയർന്നു. ദേശീയ നേതാക്കന്മാർ വധശിക്ഷയെ അപലപിച്ചു.
ഗാന്ധി- ഇർവിൻ കരാറിലെ വ്യവസ്ഥകളിൽ ഒന്നായി ഭഗത് സിങിന്റെ വധശിക്ഷ ഒഴിവാക്കൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ അതൊന്നും യാഥാർത്ഥ്യ മായില്ല. 1931 മാർച്ച് 31ന് വധശിക്ഷ നടപ്പാക്കി. ജയിലിൽ തൂക്കിക്കൊല്ലുക അതികാലത്താണ്. ഭഗത് സിങിന്റെയും കൂട്ടരുടെയും കാര്യത്തിൽ ഈ പതിവും ബ്രിട്ടീഷുകാർ ലംഘിച്ചു. വൈകിട്ടായിരുന്നു വധശിക്ഷ നടപ്പാക്കിയത്.ജഡം പോലും ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല .
ലാഹോർ ഗൂഢാലോചന കേസിൽ ഭഗത് സിങ് രാജഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിക്കൊല്ലാനും ഏഴുപേരെ ജീവപര്യന്തം നാടുകടത്താനുമാണ് ശിക്ഷിച്ചത് . മറ്റുചിലരെ വിവിധ കാലയളവിലേക്ക് കഠിനതടവിനു ശിക്ഷിച്ചു. വിപ്ലവ പ്രസ്ഥാനത്തിൻറെ കരുത്തരായ നേതാക്കന്മാരായിരുന്നു ഇവരെല്ലാം. കിഷോരിലാൽ, ജയദേവ, ശിവവർമ്മ, ഗയാപ്രസാദ്, മഹാവീർ സിങ് തുടങ്ങി ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചവർ ഉത്തരേന്ത്യയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരായിരുന്നു. ഇവരിൽ മഹാവീർ സിംഗ് ആന്തമാൻ ദ്വീപിലെ ജയിലിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കവേ മരണമടഞ്ഞു. ശിവവർമ്മ, ഗയാപ്രസാദ് തുടങ്ങിയവർ ജയിലിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഭഗത് സിങിന്റെ അടുത്ത സഹപ്രവർത്തകനും ലാഹോർ ഗൂഢാലോചന കേസിലെ പ്രതിയുമായിരുന്ന അജയഘോഷും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അജയഘോഷ്.
ഭഗത് സിങിനെ കൊലചെയ്തതോടൊപ്പം വിപ്ലവകാരികളെ അമർച്ച ചെയ്യാൻ ബ്രിട്ടീഷ് ഭരണാധികാരികൾ കോണ്ടുപിടിച്ച ശ്രമം നടത്തി . പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ചന്ദ്രശേഖർ ആസാദായിരുന്നു അധികൃതരുടെ ഒരു പേടി സ്വപ്നം.
ഉരുക്കുപോലെ ഉറച്ച ശരീരവും അതിനൊത്ത മനസ്സുള്ള ചന്ദ്രശേഖർ ആസാദ് ഉത്തരേന്ത്യയിലെ വിപ്ലവകാരികളെ കോർത്തിണക്കി കർമ്മ നിരതരാക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത് .1931 ഫെബ്രുവരിയിൽ അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ചു നടന്ന ഏറ്റുമുട്ടലിൽ ആ ധീര വിപ്ലവകാരി കൊലചെയ്യപ്പെട്ടു.
ചന്ദ്രശേഖർ ആസാദിന്റെ മരണം വിപ്ലവ പ്രസ്ഥാനത്തിന് കനത്ത ആഘാതമായി . ബ്രിട്ടീഷ് ഭരണത്തിന്റെ സംഘടിതമായ കടന്നാക്രമത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. മുപ്പതുകളുടെ മധ്യത്തോടെ പ്രസ്ഥാനം ക്ഷയിച്ചു ക്ഷയിച്ച് അപ്രത്യക്ഷമായി.
തയ്യാറാക്കിയത്: പ്രസന്നകുമാരി
No comments:
Post a Comment