അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം,/ സംഭവങ്ങൾ.
58. ചിറ്റഗോങ് കലാപം.
സായുധ സമരത്തിലൂടെ ഇന്ത്യയുടെ മോചനം സ്വപ്നം കാണുകയും ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജീവൻ പണയപ്പെടുത്തി പൊരുതുകയും ചെയ്ത ഒരു സംഘം വിപ്ലവകാരികൾ നയിച്ച സമരമാണ് ചിറ്റഗോങ് കലാപം.
ചിറ്റഗോങ് ബംഗാളിലാണ്. കൽക്കത്തയിൽ നിന്ന് മുന്നൂറ്റിഅറുപതിൽപ്പരം കിലോമീറ്റർ കിഴക്കു മാറി, ബംഗാൾ ഉൾക്കടലിന്റെ കിഴക്കേത്തീരത്തുള്ള തീരഭൂമി. നിരവധി കടലിടുക്കുകളോടും ചെങ്കുത്തായ പാറകളോടും കൊച്ചു കൊച്ചു മലകളോടും കാടുകളോടും കൂടിയത്. പലയിടത്തും അപ്രാപ്യമായ പാറക്കൂട്ടങ്ങളും മലയിടുക്കുകളും വാസയോഗ്യമല്ലാത്ത നിരവധി ഭൂഭാഗങ്ങളുമുള്ള ഒരു പ്രദേശം.
സ്കൂൾ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന സൂര്യസെൻ 1922 ൽ അവിടെ ഒരു പുതിയ പ്രസ്ഥാനത്തിന് രൂപം നൽകി. ഇരുപതിന് താഴെ പ്രായമുള്ളവരെ അംഗങ്ങളായി ചേർത്തുകൊണ്ട് ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അവർ രഹസ്യമായി യുദ്ധ പരിശീലനം നേടി. ഒളിപ്പോരിൽ വൈദഗ്ദ്ധ്യം സമ്പാദിച്ചു. സായുധ കലാപം വഴി ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
അവർക്ക് വേണ്ടത്ര ആയുധമില്ലായിരുന്നു. അതും കൊള്ള ചെയ്ത് ശേഖരിക്കാൻ സൂര്യസെൻ പുതിയ പദ്ധതിയിട്ടു. ചിറ്റഗോങിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധശേഖരങ്ങളും പോലീസ് സ്റ്റേഷനുകളും ആക്രമിക്കുക, ആയുധം പിടിച്ചെടുക്കുക, തുടങ്ങിയവ പദ്ധതിയിൽ ഉണ്ടായിരുന്നു. സൂര്യസെന്നിൻറെ സുസംഘടിതമായ ഈ സംഘത്തിൽ ആയുധ പരിശീലനം ലഭിച്ച വിപ്ലവകാരികളായ യുവതികളും ഉണ്ടായിരുന്നു.
1930 ഏപ്രിൽ 18ന് ചിറ്റഗോങിലെ ബ്രിട്ടീഷുകാരുടെ മൂന്ന് ആയുധ ശേഖരങ്ങൾ ആക്രമിച്ചു കീഴടക്കാൻ അവർ പരിപാടിയിട്ടു. ചിറ്റഗോങ് പട്ടണത്തിലും മൈമൻ സിങ്ങിലും ബാരിസാലിലുമായിരുന്നു ബ്രിട്ടീഷുകാരുടെ മൂന്ന് ആയുധ ശേഖരങ്ങൾ. ഈ മൂന്ന് കേന്ദ്രങ്ങളും ഒരേ സമയത്ത് ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായി സൂര്യസെൻ തൻ്റെ സംഘത്തെ മൂന്നായി വിഭജിച്ചു. ഗണേഷ്ഘോഷ്, അനന്ത സിങ്, അംബികാ ഭട്ടാചാര്യ തുടങ്ങിയവരും കൽപ്പന ദത്ത്, പ്രീതിലത, സുഹാസിനി, സാവിത്രി എന്നീ മഹിളകളും ചേർന്നതായിരുന്നു ഇതിന്റെ നേതൃത്വം. ആക്രമണം തുടങ്ങും മുമ്പ് ചിറ്റഗോങും ഇതര ഭാഗങ്ങളും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാക്കിയിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരുടെ യൂണിഫോറത്തിലായിരുന്നു സൂര്യസെന്നിന്റെ സംഘം.
റിപ്പബ്ലിക്കൻ സൈന്യം ചിറ്റഗോങ്ങ് ആയുധപ്പുര വളഞ്ഞു . കാവൽക്കാരെ വെടിവെച്ചു വീഴ്ത്തി. അകത്തുണ്ടായിരുന്ന യൂറോപ്യന്മാരെയും വകവരുത്തി. കാറുകളിൽ ആയുധങ്ങൾ കടത്തി. അതിനിടയിൽ ആയുധപ്പുരയുടെ മുമ്പിലുണ്ടായിരുന്ന യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) വലിച്ചുകീറുകയും, റിപ്പബ്ലിക്കൻ പതാക പകരം ഉയർത്തുകയും ചെയ്തു. ചിറ്റഗോങ് പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു. സൂര്യസെൻ ഭരണം ഏറ്റെടുത്തതായും പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
വളരെ കഴിഞ്ഞാണ് പോലീസ് സംഘം എത്തിയത്. അവർ കലാപകാരികളെ ആക്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. പുലരുന്നതിന് മുമ്പ് റിപ്പബ്ലിക്കൻ സൈന്യം അവരുടെ ഒളിസങ്കേതമായ ജലാലാബാദ് കുന്നിലേക്ക് കടന്നു. പോലീസ് പിന്തുടർന്നു . കുന്നിൻ മുകളിൽ രണ്ടു വിഭാഗവും ഏറ്റുമുട്ടി. ഇരുഭാഗത്തും ആൾനാശമുണ്ടായി. വിപ്ലവകാരികളിൽ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പോലീസ് സേനയിലും മരണമുണ്ടായി. 64 പേർ. കുന്നിൻ മുകളിൽ കയറിച്ചെന്ന് കലാപകാരികളുടെ സങ്കേതം തകർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. അത്രയും ശക്തമായ പ്രതിരോധമാണ് കലാപകാരികൾ സൃഷ്ടിച്ചിരുന്നത് . പോലീസ് തിരിച്ചു പോന്നു.
കലാപകാരികൾ പിന്നീട് ചെറു സംഘങ്ങളായി പിരിഞ്ഞ് ഒളിപ്പോരിൽ ഏർപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ അവർ പോലീസ്സുമായി നിരന്തര സംഘട്ടനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. റെയിൽവേ സ്റ്റേഷൻ ആക്രമിക്കുക, തീവണ്ടി ഗതാഗതം സ്തംഭിപ്പിക്കുക, ഖജാനകൾ കൊള്ളയടിക്കുക ഇതൊക്കെയായിരുന്നു പരിപാടി.
സൂര്യസെൻ അതോടെ ബംഗാളികളുടെ ആരാധനാപാത്രമായി. ഇതിഹാസ പുരുഷനായി.
വിപ്ലവകാരികൾ യുദ്ധം തുടർന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടായി. പോലീസിനു പകരം പട്ടാളം രംഗത്തിറങ്ങി. പിടിക്കപ്പെട്ട മുറയ്ക്ക് വിപ്ലവകാരികളെ ആന്തമാനിലേക്ക് നാടുകടത്തുകയോ വെടിവെച്ചു കൊല്ലുകയോ ദീർഘകാലത്തേക്ക് ജയിലിൽ അടയ്ക്കുകയോ ചെയ്തുകൊണ്ടിരുന്നു .
ഒരു ഘട്ടത്തിൽ റിപ്പബ്ലിക് സംഘത്തിലെ വീര വനിതയായ പ്രീതിലതയും ഒരു സംഘം ഒളിപ്പോരാളികളും ഒരു യൂറോപ്യൻ ക്ലബ്ബ് ആക്രമിച്ചു. അതിനകത്ത് സായിപ്പന്മാരുടെ ഒരു വിരുന്ന് സൽക്കാരം നടക്കുകയായിരുന്നു. അവരെ കൊന്നുമുടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. കലാപം തുടങ്ങിയതിൽ പിന്നെ വളരെ കരുതലോടെ കഴിയുകയായിരുന്നു യൂറോപ്യന്മാർ. ആത്മരക്ഷയ്ക്ക് അവർ ഉറക്കത്തിൽ പോലും ആയുധം കൊണ്ടു നടക്കുമായിരുന്നു. അവർ പ്രത്യാക്രമണം നടത്തി. പ്രീതിലതയും സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രീതിലതയെ അവർക്ക് പിടിക്കാൻ കഴിഞ്ഞു. ഒപ്പം കൊണ്ടുനടന്ന പൊട്ടാസ്യം സയനൈഡ് എന്ന മാരകമായ വിഷ ഗുളിക കഴിച്ച് ജീവനൊടുക്കി.
അവസാനം ഒരു ഒറ്റുകാരന്റെ സഹായത്തോടെ സൂര്യസെന്നിനെ പോലീസ് കുടുക്കിലാക്കി .ഒരു ഗ്രാമക്കുളത്തിലെ ചെടിപ്പടർപ്പുകളുടെ നടുവിൽ സൂര്യസെന്നും സംഘവും ഒളിച്ചിരിക്കുകയായിരുന്നു. കാമറൂൺ എന്ന സായിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സേന കുളം വളഞ്ഞു .ചതി മനസ്സിലാക്കിയ സൂര്യ സെൻ, സംഘട്ടനത്തിൽ കാമറൂണിനെ വധിച്ചു.
പക്ഷേ സൂര്യസെൻ പിടിക്കപ്പെട്ടു. പട്ടാളക്കോടതി സൂര്യ സെന്നിന് വധശിക്ഷ വിധിച്ചു.
തൂക്കി കൊന്നിട്ടും ബ്രിട്ടീഷുകാർക്ക് സൂര്യ സെന്നിനോട് പക തീർന്നില്ല. വേലുത്തമ്പി ദളവയെ ചെയ്തതുപോലെ സൂര്യ സെന്നിന്റെ ജഡം അവർ അറുത്തു മുറിച്ച് ചാക്കിൽ കെട്ടി ഒരു കപ്പലിൽ ആഴക്കടലിലേക്ക് കൊണ്ടുപോയി വലിച്ചെറിഞ്ഞു. മഹാനായ ആ വിപ്ലവകാരിയുടെ ജഡം പോലും ഇന്ത്യൻ മണ്ണിൽ ലയിക്കാൻ അവസരം നൽകില്ല എന്ന ദുർവാശിയോടെ.
സൂര്യസെൻ ഒളിവിൽ കഴിയുന്ന ദിവസങ്ങളിൽ സാവിത്രി എന്ന വിധവയാണ് അഭയം നൽകിയിരുന്നത്. അവരെ പോലീസ് പിടിച്ചു. എന്നാൽ, പ്രീതിലതയുടെ ശൈലിയിൽ ആ സ്ത്രീയും വിഷഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഗണേഷ് ഘോഷിനെ പോലീസ് അറസ്റ്റു ചെയ്യുകയും തൂക്കിക്കൊല്ലുകയും ചെയ്തു. അവസാനനിമിഷം പോലും വിപ്ലവ സംഘത്തെപ്പറ്റിയോ, പ്രവർത്തനങ്ങളെപ്പറ്റിയോ, സൂര്യ സെൻ എവിടെ ഒളിച്ചിരിക്കുന്നു എന്നതിനെപ്പറ്റിയോ ഒരക്ഷരം ഗണേഷ് ഘോഷ് മിണ്ടിയില്ല. തൂക്കി കൊല്ലപ്പെടുന്നതിന്റെ അന്ത്യ നിമിഷം വരെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയിരുന്നു. അവർക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ "സൂര്യസെൻ എവിടെ?" ഗണേഷ് ഘോഷ് വാ തുറന്നില്ല.
ഒടുവിൽ സഹികെട്ട് ഗണേഷിനെ പീഡിപ്പിച്ച പോലീസ് മേധാവി ടൈഗാർട്ട് കോപാക്രാന്തനായി അലറിയത്രെ. "അവനെ കിട്ടാൻ വേണ്ടി ഞങ്ങൾക്ക് 64 ജീവൻ ഉപേക്ഷിക്കേണ്ടിവന്നു".
ടൈഗാർട്ടിന്റെ കണക്ക് കളവായിരുന്നു .ബ്രിട്ടീഷ് സൈന്യത്തിലെ നൂറ്റിയറുപത് പേരാണ് വധിക്കപ്പെട്ടത്.
കൽപ്പനാദത്ത് ഉൾപ്പെടെ സംഘടനയിൽ അവശേഷിച്ചവർ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.
No comments:
Post a Comment