അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.
59. സൈമൺ കമ്മീഷൻ
ബ്രിട്ടീഷ് ഗവൺമെൻ്റ്1928-ൽ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചു . സർ ജോൺ സൈമണായിരുന്നു കമ്മീഷന് നേതൃത്വം നൽകിയത്. ഇന്ത്യക്കാർക്ക് പ്രാതിനിധ്യമില്ലാത്ത സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു. 1928 ഫെബ്രുവരി 3 ന് ബോംബെയിൽ കപ്പലിറങ്ങിയപ്പോൾ കരിങ്കൊടികളും പ്രതിഷേധ പ്രകടനങ്ങളുമാണ് സൈമൺ കമ്മീഷനെ എതിരേറ്റത്. കമ്മീഷൻ പോയ സ്ഥലങ്ങളിലെല്ലാം ഇതായിരുന്നു സ്ഥിതി. എങ്ങും മുഴങ്ങിക്കേട്ട ഒരേയൊരു മുദ്രാവാക്യം ഇതായിരുന്നു . "സൈമൺ കമ്മീഷൻ ഗോ ബാക്ക്"
തികച്ചും സമാധാനപൂർണമായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. ഒരിടത്തും ഒരു മാർഗ്ഗ തടസ്സം പോലുമുണ്ടായില്ല.
എന്നാൽ പോലീസ് വെറുതെ നിന്നില്ല .അവർ ശല്യം ചെയ്തു കൊണ്ടിരുന്നു. ചിലയിടങ്ങളിൽ ലാത്തിച്ചാർജു നടത്തി.
ലാഹോറിലാണ് സ്ഥിതി ഏറ്റവും മോശമായത്. അവിടെ പ്രകടനത്തിന് നേതൃത്വം നൽകിയത് ലാലാ ലജ്പത് റായി ആയിരുന്നു. പതിനായിരക്കണക്കിന് പ്രകടനക്കാരെ നയിച്ചുകൊണ്ടും സമാധാനഭംഗമുണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും മുൻനിരയിൽ തന്നെ നിന്നിരുന്നു മഹാനായ ആ നേതാവ്. യാതൊരു പ്രകോപനവുമില്ലാതെ ഒരു മുൻപക തീർക്കാനെന്നോണം യുവാവായ ഒരു ഇംഗ്ലീഷുകാരൻ ലാലാജിയുടെ നെഞ്ചിൽ തോക്കിന്റെ പാത്തികൊണ്ട് വീശിയടിച്ചു. ലാലാജി മറിഞ്ഞുവീണു.
ലാലാജി അന്നു മുതൽ രോഗാതുരനായി. ഏതാനും ആഴ്ചകൾക്ക് ശേഷം മരിച്ചു.
സൈമൺ കമ്മീഷൻ തിരിച്ചുപോയി . ഒന്നും നേടാതെ. എന്നാൽ എല്ലാം തങ്ങൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു എന്ന വ്യർത്ഥമായ പൊങ്ങച്ചത്തോടെ, അവർ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. സ്വന്തം നിലയിൽ ചില റിപ്പോർട്ടുകളുണ്ടാക്കി ഗവൺമെൻ്റിന് സമർപ്പിച്ചു. അതിൽ ഒരു സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
" 1919-ൽ മൊണ്ടേഗു ഭരണപരിഷ്കാര സമയത്തു കണ്ട ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ. അവരിപ്പോൾ കരുത്തരാണ്".
സൈമൺ കമ്മീഷൻ വിരുദ്ധ സമരം ഇന്ത്യയൊട്ടുക്കും ഒരു കൊടുങ്കാറ്റായി വീശിയടിച്ചപ്പോൾ കേരളത്തിലും അതിൻ്റെ ശക്തി രൂക്ഷമായി. മലബാർ കലാപത്തിനുശേഷം ആലസ്യം പൂണ്ട് കിടന്നിരുന്ന മലബാറിന്റെ ദേശീയ ചൈതന്യം വീണ്ടും കത്തിജ്ജ്വലിച്ചു തുടങ്ങിയത് ഇതോടുകൂടിയായിരുന്നു.
1924-ൽ കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരണം തുടങ്ങിയ 'മാതൃഭൂമി' പത്രവും, മുഹമ്മദ് അബ്ദുറഹിമാൻ 1928-ൽ ആരംഭിച്ച 'അൽ അമീൻ' പത്രവും ദേശീയ സമരത്തിൻ്റെ സന്ദേശവാഹകരായി .
കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവരായിരുന്നു നേതാക്കൾ. മലബാറിലെ പോലെ അത്ര സജീവമായിരുന്നില്ല കൊച്ചിയിലെ ദേശീയ പ്രസ്ഥാനം. മലബാറിന്റെ രാഷ്ട്രീയാന്തരീക്ഷവും നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയാന്തരീക്ഷവും തമ്മിലുള്ള അടിസ്ഥാനപരമായ വൈജാത്യമായിരുന്നു ഇതിനു കാരണം.
കൊച്ചിയിൽ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ഒരു ജില്ലാ ഘടകമുണ്ടായിരുന്നു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു ഒന്നാമത്തെ പ്രസിഡൻ്റ്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാന കാലത്ത് മലബാറിനെപ്പോലെ തന്നെ സജീവമായിരുന്നു കൊച്ചിയും. അതുമായി ബന്ധപ്പെട്ടുകൊണ്ട് കുറൂരും മറ്റു ചില നേതാക്കളും അറസ്റ്റ് വരിച്ചിരുന്നു.
കൊച്ചിയിലെ ആദ്യകാല നേതാക്കളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന പ്രമുഖന്മാർ ഇക്കണ്ടവാരിയരും പനമ്പള്ളി ഗോവിന്ദമേനോനും, എ.ആർ .മേനോനും, സി.അച്യുതമേനോനും, ഇ.ഗോപാലകൃഷ്ണമേനോനും മറ്റുമായിരുന്നു . രാജഭരണത്തിനെതിരെ, ജനാധിപത്യഭരണം കൈവരുത്താനുള്ള ലക്ഷ്യമിട്ടുകൊണ്ട് അവർ ആരംഭിച്ച ജനകീയ പ്രസ്ഥാനമായിരുന്നു പ്രജാമണ്ഡലം. നാട്ടുരാജ്യങ്ങളിൽ നാഷണൽ കോൺഗ്രസിന് സജീവ പ്രവർത്തനങ്ങൾ അന്ന് നിഷേധിക്കപ്പെട്ടിരുന്നു. അവിടങ്ങളിൽ പ്രവർത്തനം ശക്തമാക്കേണ്ടതില്ലെന്ന് കോൺഗ്രസ്സും തീരുമാനമെടുത്തു. എന്നാൽ, ഗാന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവിടങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങൾ സജീവമായി നടപ്പാക്കിയിരുന്നു.
തിരുവിതാംകൂറിൽ ബാരിസ്റ്റർ എ. കെ. പിള്ളയായിരുന്നു നേതാവ്. അദ്ദേഹം ഇംഗ്ലണ്ടിൽ നിന്ന് നിയമ ബിരുദം എടുത്തിരുന്നു. ഗാന്ധിജിയോടുള്ള ആരാധനാഭാവമാണ് എ കെ പിള്ളയെയും മറ്റും തിരുവിതാംകൂറിൽ കോൺഗ്രസ്ഘടകം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. തിരുവിതാംകൂറിലും, കൊച്ചിയിലെപ്പോലെ കോൺഗ്രസിന്റെ ഒരു ജില്ലാ ഘടകം തുടങ്ങുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.
എന്നാൽ തിരുവിതാംകൂറിൽ ഇങ്ങനെയൊരു ജനകീയ പ്രസ്ഥാനം തുടങ്ങുന്നതിന് എത്രയോ വർഷം മുമ്പുതന്നെ രാജഭരണത്തിനെതിരെ പടവാളെടുത്ത ദേശാഭിമാനിയായിരുന്നു കെ .രാമകൃഷ്ണപിള്ള. തൂലിക പടവാളാക്കി മാറ്റിയ ധീരനായ ഒരു പത്രപ്രവർത്തകനായിരുന്നു രാമകൃഷ്ണപിള്ള. ദിവാൻ ഭരണത്തിന്റെ കൊള്ളരുതായ്മകളെ ശക്തിയുക്തം എതിർത്തു പത്രാധിപന്മാരുടെ കൂട്ടത്തിലെ ആ ഭീഷ്മാചാര്യൻ.
ദിവാൻ മാത്രമായിരുന്നില്ല രാമകൃഷ്ണപിള്ളയുടെ കടന്നാക്രമണത്തിന് ശരവ്യമായത്. രാജാവിന് നേരെയും , രാജാവിനെ വലയം ചെയ്തിരുന്ന ദൂഷിത വർഗ്ഗങ്ങൾക്കു നേരെയും അദ്ദേഹം തൻറെ നിശിതാസ്ത്രങ്ങൾ തൊടുത്തുവിട്ടു. ഒടുവിൽ ഇരിക്കപ്പൊറുതികിട്ടാതെ, അദ്ദേഹത്തെ രാജാവും ദിവാനും ചേർന്ന് തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി.
തിരുവിതാംകൂറിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനം എന്ന നിലയിൽ എടുത്തു പറയാനുള്ളത് തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥി സമരമായിരുന്നു. 1921-ൽ ഫീസ് വർദ്ധനവിനെതിരായി വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭണം! എന്നാൽ ആ പ്രക്ഷോഭണത്തിന് വേണ്ടത്ര വിജയം വരിക്കാൻ കഴിഞ്ഞില്ല.
തയ്യാറാക്കിയത് :പ്രസന്ന കുമാരി ജി.
No comments:
Post a Comment