🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 16, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ 55 . കമ്മ്യൂണിസ്റ്റു പ്രസ്ഥാനം./adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ

 55 . കമ്മ്യൂണിസ്റ്റു പ്രസ്ഥാനം.
     ദേശീയ രംഗത്ത് ഈ കാലഘട്ടത്തിൽ പുതിയൊരു പ്രസ്ഥാനം കൂടി കടന്നുവന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടേറെ സംഭവ വികാസങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമരങ്ങളായിരുന്നു ഒരു മുഖ്യഘടകം. ഈ സമരങ്ങളിൽ പങ്കെടുക്കുകയും അവയ്ക്കു നേതൃത്വം നൽകുകയും ചെയ്ത പലരും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി. നിസ്സഹകരണ പ്രസ്ഥാനം പെട്ടെന്ന് നിർത്തിവെച്ചത് സമരത്തിൽ ആവേശപൂർവ്വം പങ്കെടുത്ത യുവാക്കളിൽ കടുത്ത നിരാശയാണ് സൃഷ്ടിച്ചത് .ഗാന്ധിജിയുടെ സമര ശൈലിയെയും അക്രമരാഹിത്യ സിദ്ധാന്തത്തെയും അവർ ചോദ്യം ചെയ്തു. പുതിയ മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവർ നിർബന്ധിതരായി. അവരെ ആകർഷിച്ച സിദ്ധാന്തങ്ങളിൽ പ്രമുഖമായ ഒന്ന് മാർക്സിസം ആയിരുന്നു. ഇന്ത്യക്ക് പുറത്തുണ്ടായ ഏറ്റവും വലിയ സംഭവ വികാസം 1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവമാണ്. 
      സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന ജനങ്ങൾക്കു മുമ്പിൽ പുതിയൊരു പാത റഷ്യൻ വിപ്ലവം തുറന്നിട്ടു. ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും പുതുമയുള്ളതായിരുന്നു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികളാണ് അധികാരത്തിൽ വന്നത്. ഈ വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് അവിടെ മുൻതൂക്കം ലഭിച്ചു. 
     റഷ്യയിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ കാണാൻ ഇന്ത്യൻ വിപ്ലവകാരികളിൽ പലരും അവിടെ പോയി. കാബൂൾ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ദേശീയ വിപ്ലവകാരികൾ ആയിരുന്നു അവരിൽ ഭൂരിപക്ഷവും. ബർക്കത്തുള്ള ,എംപി ബി.ടി. ആചാര്യ, അബ്ദുൾ റബ്ബ് തുടങ്ങി പലരും മോസ്കോയിൽ എത്തി ലെനിനുമായി ചർച്ച നടത്തി. മറ്റു ചിലർ യൂറോപ്പ് വഴിയാണ് റഷ്യയിൽ എത്തിയത്. ബെർലിൻ ആസ്ഥാനമായി അക്കാലത്ത് നിരവധി ദേശീയ വിപ്ലവകാരികൾ പ്രവർത്തിച്ചിരുന്നു .യൂറോപ്പ് വഴി റഷ്യയിൽ എത്തിയവരിൽ ഒരാൾ എം. എൻ. റോയ് ആയിരുന്നു. ബംഗാളിലെ യുഗാന്തർ പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു മാനവേന്ദ്രനാഥ റോയ്. 1887 ഫെബ്രുവരി 6നാണ് റോയ് ജനിച്ചത്. വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ പോലീസിന്റെ നോട്ടപ്പുള്ളി ആയിത്തീർന്ന റോയ് ആദ്യം ജപ്പാനിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയി. അത് അമേരിക്കയിൽ നിന്നും റോയ് മെക്സിക്കോയിലെത്തി. മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാൾ എം.എൻ.റോയ് ആയിരുന്നു. മെക്സിക്കോയിൽ നിന്നാണ് ബെർലിൻ വഴി അദ്ദേഹം റഷ്യയിൽ എത്തിയത്. മോസ്കോയിൽ നടന്ന കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ രണ്ടാം സമ്മേളനത്തിൽ റോയ് പങ്കെടുത്തിരുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ എം. എൻ. റോയ് പ്രധാന പങ്കുവഹിച്ചു. എം.എൻ.റോയ്ക്  പുറമേ അക്കാലത്ത് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മറ്റൊരു ദേശീയ വിപ്ലവകാരി അബനിമുഖർജി ആയിരുന്നു. 
      കാബൂൾ ആസ്ഥാനമായി പ്രവർത്തനങ്ങൾ നടത്തിയ കമ്മ്യൂണിസ്റ്റ് ആശയക്കാരായ വിപ്ലവകാരികൾ 1920 ഒക്ടോബർ 17ന് കാബൂളിൽ യോഗം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കകത്തും ഈ ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപപ്പെട്ടുവരികയായിരുന്നു. ബോംബെയിൽ എസ്.എ.ഡാങ്കെ, കൽക്കത്തയിൽ മുസഫർ അഹമ്മദ്, മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നൽകിയത്.  നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഡാങ്കെ,1921ൽ പ്രസിദ്ധീകരിച്ച ഒരു ചെറു ഗ്രന്ഥം അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. "ഗാന്ധിയും ലെനിനും"  എന്ന ഈ പുസ്തകത്തിൽ ഗാന്ധിജിയുടെ സമര ശൈലിയെ ഇടതുപക്ഷ ചിന്താഗതിക്കാർ വിമർശിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ചു. 1922ൽ "സോഷ്യലിസ്റ്റ്''  എന്ന പേരിൽ ഒരു വാരിക ഡാങ്കെ പ്രസിദ്ധീകരിച്ചു. ബംഗാളിൽ മുസാഫർ അഹമ്മദ് തുടങ്ങിയ "ഗണവാണി" യും മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാർ ആരംഭിച്ച "ലേബർ കിസാൻ ഗസറ്റും" ലാഹോറിൽ ഗുലാം ഹുസൈൻ്റ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച "ഇങ്ക്വിലാബും" മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ച പ്രധാന മാധ്യമങ്ങൾ ആയിരുന്നു.
       കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തെയും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ  രൂപം കൊള്ളുന്നതിനെയും അതീവ ആശങ്കയോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികൾ കണ്ടത്. 'കമ്മ്യൂണിസ്റ്റ് വിപത്ത്'  മുളയിൽ തന്നെ നുള്ളാൻ അവർ ദൃഢനിശ്ചയം ചെയ്തു. 1924 ൽ കോൺപൂർ ബോൾഷെവിക് ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി ,ഡാങ്കെ, മുസാഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത തുടങ്ങിയ വിപ്ലവകാരികളെ അറസ്റ്റ് ചെയ്തു . ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്നതായിരുന്നു അവരുടെ മേൽ ചുമത്തിയ കുറ്റം. കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം ശിക്ഷിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ ബ്രിട്ടീഷ് ഭരണ ത്തിന് കഴിഞ്ഞില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ 1925 ഡിസംബർ 28 മുതൽ 30 വരെ  കോൺപൂരിൽ സമ്മേളിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ ഹസ്രത്ത് മൊഹാനിയായിരുന്നു. 1921ൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണ്ണ സ്വരാജ് എന്ന ആവശ്യം ഉന്നയിച്ച പ്രമുഖ കോൺഗ്രസ് നേതാവാണ് ഹസ്രത് മൊഹാനി. ആധ്യക്ഷം  വഹിച്ചത് ശിങ്കാരവേലു ചെട്ടിയാർ. മദ്രാസിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു അദ്ദേഹം. 1922 ൽ  ഗയയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഹസ്രത്ത് മൊഹാനിയെ പോലെ "പൂർണ്ണ സ്വരാജ്" ആയിരിക്കണം കോൺഗ്രസിന്റെ ലക്ഷ്യം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു .ഇന്ത്യൻ കമ്മ്യൂണിസ്റ്റ്പാർട്ടി രൂപം കൊണ്ടതായി സമ്മേളനം പ്രഖ്യാപിച്ചു.
     തൊഴിലാളികളുടെയും യുവാക്കളുടെയും ഇടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവരുന്നത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം കെടുത്തി .1928 -29 കാലത്ത് തൊഴിലാളി സമരങ്ങൾ കൂടുതലായത് കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീനത്തിന്റെ ഫലമാണെന്ന് അവർ വിലയിരുത്തി. കൂടുതൽ കർക്കശമായ നടപടികളിലൂടെ കമ്മ്യൂണിസ്റ്റുകാരെ ഒതുക്കാൻ ഭരണാധികാരികൾ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി മറ്റൊരു ഗൂഢാലോചന കേസ് കൂടി കെട്ടിച്ചമച്ചു. "മീററ്റ് ഗൂഢാലോചന കേസ്" . ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ഏറ്റവും പ്രസിദ്ധമായ കള്ളക്കേസുകളിൽ ഒന്നായിരുന്നു ഇത് .32 കമ്മ്യൂണിസ്റ്റുകാരെയാണ് ഗൂഢാലോചന കേസിൽ കുടുക്കിയത്.എം. എൻ. റോയ്, ബ്രിട്ടീഷ് പൗരനായ ഹുച്ചിൻസൻ എന്നിവർ ഒഴികെയുള്ളവരെയെല്ലാം  1929 മാർച്ചിൽ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ടവരിൽ എസ്. എ. ഡാങ്കെ, മുസഫർ അഹമ്മദ്,  ജി. അധികാരി,  പി. സി. ജോഷി,  എസ്. എസ്. മിറാജ്ക്കർ, സോഹൻസിങ് ജോഷ്, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരായ ഫിലിപ്പ് സ്റ്റ്രാറ്റ്,  ബെഞ്ചമിൻ ബ്രാഡ്ലെ എന്നിവർ ഉൾപ്പെടും.  "ബ്രിട്ടീഷ് രാജാവിന് ഇന്ത്യയുടെ മേലുള്ള പരമാധികാരം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി" എന്നതായിരുന്നു പ്രതികളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. വിചാരണയുടെ ദൈർഘ്യത്തിന്റെ കാര്യത്തിലും മീററ്റ് ഗൂഢാലോചന കേസ്സ് കുപ്രസിദ്ധി നേടി. 1929 മാർച്ച് 15ന് ആരംഭിച്ച കേസ്സിന്റെ വിചാരണ നാലര വർഷത്തിലേറെ നീണ്ടുപോയി. നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി തടവിലിട്ടത്, രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിയൊരുക്കി. 1929 ഒക്ടോബർ 27ന് ഗാന്ധിജി മീററ്റ് ജയിലിൽ തടവിൽ കഴിയുന്നവരെ സന്ദർശിച്ചു ചർച്ച നടത്തി. തടവുകാരെ സഹായിക്കാൻ  പണ്ഡിറ്റ് നെഹ്റു ജനങ്ങളോട് അഭ്യർത്ഥിച്ചു. "മീററ്റ് കേസ് തൊഴിലാളി വർഗ്ഗത്തിന് നേരെയുള്ള ഒരു ആഘാതമാണെന്ന്"  നെഹ്റു പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരുടെ ഒരു നിര തന്നെ കേസ്സു വാദിക്കാൻ രംഗത്തുവന്നു.  കെ. എഫ്. നരിമാൻ, എം. സി.ഛഗ്ല, സി.പി. ഗുപ്ത,  ഡി.പി. സിന്ഹ തുടങ്ങിയവർ അവരിൽ ഉൾപ്പെടും. നീണ്ട വിചാരണയ്ക്കു ശേഷം 1933 ജനുവരി 17ന് കോടതി വിധി പ്രഖ്യാപിച്ചു. മിക്ക പ്രതികൾക്കും ദീർഘകാലത്തെ കഠിനതടവായിരുന്നു വിധിച്ചത്.  മുസഫർ അഹമ്മദിനേയും മറ്റും നാടുകടത്താനും ശിക്ഷിച്ചു. ഈ വിധിക്ക് എതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ശിക്ഷയുടെ കാലാവധി ഗണ്യമായി കുറയ്ക്കാൻ  കഴിഞ്ഞു.
   തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

No comments:

Post a Comment