അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
54. തൊഴിലാളികൾ ദേശീയ ധാരയിൽ.
മതത്തിൻറെ പേരിൽ ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ വർഗീയശക്തികൾ ശ്രമിക്കുമ്പോൾ തന്നെ, ഇത്തരം വിഭാഗീയ ചിന്തകൾക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും അണിനിരത്താനും ചില പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ വളർന്നുവന്നിരുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകളും പ്രസ്ഥാനങ്ങളുമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ തുടക്കവും ഈ കാലഘട്ടത്തിലായിരുന്നു.
19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയിൽ വ്യവസായശാലകൾ ഉണ്ടായിത്തുടങ്ങിയത്. വ്യവസായശാലയോടൊപ്പം അനിവാര്യമായും ഉണ്ടാകുന്നത് ഒരു വിഭാഗം തൊഴിലാളികളാണ്. ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് തൊഴിലാളികളുടെ എണ്ണവും പെരുകിത്തുടങ്ങി. തുണി മില്ലുകളും ചണമില്ലുകളുമായിരുന്നു ആദ്യകാലത്തെ പ്രധാന വ്യവസായശാലകൾ. ബ്രിട്ടീഷുകാർ ആരംഭിച്ച തോട്ടങ്ങളിലും തൊഴിലാളികളെ ജോലിക്ക് എടുത്തിരുന്നു. തൊഴിലാളികളുടെ സ്ഥിതി ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ദുരിതം നിറഞ്ഞതായിരുന്നു. ദിവസവും 16 മണിക്കൂർ ജോലി ചെയ്യണം . 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ച സ്ഥാപനങ്ങളും ഉണ്ടായിരുന്നു. കൂലിയാണെങ്കിൽ തുച്ഛം. തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ ഒന്നുമില്ല. അതീവ ശോചനീയമായ ഈ ദു:സ്ഥിതിയിൽ
തൊഴിലാളികൾക്ക് പ്രതിഷേധവും രോഷവും ഉണ്ടാവുക സ്വാഭാവികം. എന്നാൽ യോജിച്ചു നിന്നു പ്രതിഷേധിക്കാനുള്ള സാഹചര്യമില്ലായിരുന്നു. അവർ സംഘടിതരായിരുന്നില്ല. തൊഴിലാളികളുടെ ദയനീയ ജീവിത സാഹചര്യത്തിൽ ചില മനുഷ്യസ്നേഹികൾ അവരെ സംഘടിപ്പിക്കാനും സഹായിക്കാനും മുന്നോട്ടു വന്നു. അവരിൽ അവിസ്മരണീയനായ ഒരാൾ എൻ. എം. ലോഖാണ്ഡെയാണ്. മഹാരാഷ്ട്രയിൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻറെ നായകനായിരുന്ന മഹാത്മ ഫൂലെയുടെ സഹപ്രവർത്തകനായിരുന്നു ലോഖാണ്ഡെ.
തൊഴിലാളികളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി അവരിൽ ഐക്യബോധം വളർത്താൻ ലോഖാണ്ഡെ കിണഞ്ഞു ശ്രമിച്ചു. അദ്ദേഹത്തിൻറെ നിരന്തര യജ്ഞത്തിന്റെ ഫലമായി 1890 ൽ "ബോംബെ മിൽ ആൻ്റ് മിൽഹാൻസ് അസോസിയേഷൻ" എന്ന സംഘടന രൂപീകരിച്ചു. ജോലിസമയം കുറയ്ക്കുക, വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങൾ സംഘടനയുടെ പേരിൽ അധികൃതർക്ക് സമർപ്പിച്ചു. 5500 തൊഴിലാളികൾ വരെ നിവേദനങ്ങളിൽ ഒപ്പുവച്ചു. ബംഗാളിലെ ചണമിൽ തൊഴിലാളികളെ സഹായിക്കാൻ ഇതേപോലെ ചിലർ രംഗത്തു വന്നു. കൽക്കത്തയുടെ പ്രാന്ത പ്രദേശമായ ബരാന ഗോരിൽ ശശിപാദ ബാനർജി തൊഴിലാളികൾക്ക് വേണ്ടി നിശാപാഠശാലകളും മറ്റും തുടങ്ങി. "ഭാരത് ശ്രമജീവി" എന്ന് ഒരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.
ബംഗാൾ വിഭജനത്തിനെതിരായ ജനങ്ങളുടെ മുന്നേറ്റവും അതോടനുബന്ധിച്ചുള്ള സ്വദേശി പ്രസ്ഥാനവും തൊഴിലാളികളിൽ വമ്പിച്ച സ്വാധീനം ചെലുത്തി. തൊഴിലാളികൾ സംഘടനകൾ ഉണ്ടാക്കി. പണിമുടക്കുകൾ വർദ്ധിച്ചു പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണ നൽകിക്കൊണ്ട് ബിബിൻ ചന്ദ്രപാൽ, സി ആർ ദാസ്, ലിയാഖത്ത് ഹുസൈൻ തുടങ്ങിയ നേതാക്കന്മാർ തൊഴിലാളികളുടെ യോഗങ്ങളിൽ പ്രസംഗിച്ചു. 1905 ൽ ബംഗാൾ വിഭജനം സംബന്ധിച്ച വിജ്ഞാപനം അടങ്ങുന്ന ഗസറ്റ് അച്ചടിക്കാൻ കൽക്കത്ത ഗവൺമെൻറ് പ്രസ്സിലെ തൊഴിലാളികൾ വിസമ്മതിച്ചു . ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന 1905 ഒക്ടോബർ 16ന് ബംഗാളിൽ നടന്ന ഹർത്താലിൽ നിരവധി വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ പങ്കെടുത്തു.
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട തൊഴിലാളി സമരങ്ങൾ ബംഗാളിൽ മാത്രമായി ഒതുങ്ങിയില്ല. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സുബ്രഹ്മണ്യ ശിവയെയും, ചിദംബരം പിള്ളയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൂത്തുക്കുടിയിലും തിരുനെൽവേലിയിലും തൊഴിലാളികൾ പണിമുടക്കി. പഞ്ചാബിലെ റാവൽപിണ്ടിയിലും തൊഴിലാളികൾ പണിമുടക്കി സ്വദേശി പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചു. ഈ കാലയളവിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ സമരം ബോംബെയിലായിരുന്നു. 1908ൽ ബാലഗംഗാധരതിലകനെ ആറു വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ ബോംബെയിലെ രണ്ടുലക്ഷത്തോളം തുണിമിൽ തൊഴിലാളികൾ പണിമുടക്കി. പണിമുടക്ക് ആറ് ദിവസം നീണ്ടുനിന്നു. ഒരു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ഒരു ദിവസം എന്നതോതിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പണിമുടക്ക് ആയിരുന്നു ഇത്.
ഒന്നാം ലോകയുദ്ധവും തുടർന്നുള്ള സാമ്പത്തിക കുഴപ്പവും ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ വർദ്ധിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായി. ബ്രിട്ടീഷ് ഭരണാധികാരികളാണെങ്കിൽ റൗലത്ത് ആക്ട് പോലുള്ള കരി നിയമങ്ങളും മർദ്ദനവും വഴി ജനങ്ങളെ അടിച്ചമർത്താനാണ് ശ്രമിച്ചത്. ഇതിനെതിരായി എതിർപ്പ് പലരൂപങ്ങളിലും ജനങ്ങൾ പ്രകടിപ്പിച്ചു. 1919- 22 കാലത്ത് രാജ്യത്തിൻറെ പലഭാഗങ്ങളിലും തൊഴിലാളികൾ സമര രംഗത്ത് വന്നു. 1920 ന്റെ ആദ്യത്തെ 6 വർഷങ്ങളിൽ 15 ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറിലേറെ പണിമുടക്കുകളാണ് നടന്നത്. തൊഴിലാളികളുടെ സംഘടനകൾ പലസ്ഥലങ്ങളിലും രൂപം കൊള്ളാൻ തുടങ്ങി. 1918ൽ മദ്രാസിൽ സംഘടിപ്പിച്ച മദ്രാസ് ലേബർ യൂണിയൻ ആയിരുന്നു ഇവയിൽ ഒന്ന്. ബി വി വാദിയ, വി കല്യാണസുന്ദരം, ചക്കര ചെട്ടിയാർ തുടങ്ങിയവരായിരുന്നു മദ്രാസിലെ തൊഴിലാളി പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാക്കൾ.
1920 ഒക്ടോബർ 31ന് ബോംബെയിൽ നടന്ന സമ്മേളനത്തിൽ വച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് രൂപംകൊണ്ടു.(എ. ഐ. ടി. യു. സീ.) തൊഴിലാളി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സംഭവം .ഇന്ത്യയിലെ തൊഴിലാളികളുടെ ആദ്യത്തെ ദേശീയ സംഘടനയാണിത്. സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് ലാല ലജ്പത് റായിയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കാൻ സമ്മേളനം പുറപ്പെടുവിച്ച അഭ്യർത്ഥനയിൽ തൊഴിലാളികളോട് ആവശ്യപ്പെട്ടു. സി ആർ ദാസ്, സി എഫ് ആൻഡ്രൂസ്, മോത്തിലാൽ നെഹ്റു ,ആനി ബസന്റ്, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു തുടങ്ങി ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കന്മാരെല്ലാം തന്നെ തുടർന്നുള്ള കാലത്ത് എഐടിയുസിയുമായി ബന്ധപ്പെട്ടിരുന്നു. തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന കൂലി, ജോലിസമയം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് പുറമേ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിലും സമരം ചെയ്യാൻ തൊഴിലാളികൾ തയ്യാറായിരുന്നു.
രാജകുമാരന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ബോംബെയിലും മറ്റും നടന്ന പഠിപ്പ് മുടക്കുകൾ ഇതിൻറെ നല്ല ഉദാഹരണങ്ങളാണ്. 1922ൽ നടന്ന എഐടിയുസി സമ്മേളനം "പൂർണ സ്വരാജ്" ആണ് നമുക്ക് ആവശ്യം എന്ന് പ്രഖ്യാപിച്ചു .കോൺഗ്രസ് നേതൃത്വം അന്നൊന്നും 'പൂർണ സ്വരാജ്' എന്ന് ആവശ്യം ഉന്നയിച്ചിരുന്നില്ല ഏഴ് വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസ് പൂർണസ്വരാജ് ഒരു ലക്ഷ്യമായി അംഗീകരിച്ചത്.
1922 മുതൽ 1927 വരെയുള്ള കാലത്ത് തൊഴിലാളി പ്രസ്ഥാനം പൊതുവേ നിർജ്ജീവമായിരുന്നു. സൈമൺ കമ്മീഷൻ ബഹിഷ്കരിക്കാൻ ഉള്ള പ്രക്ഷോഭത്തോടെയാണ് ദേശീയ ജീവിതത്തിൽ തൊഴിലാളി പ്രസ്ഥാനം വീണ്ടും കരുത്താർജ്ജിച്ചത്. സൈമൺ കമ്മീഷൻ ബോംബെയിൽ വന്നിറങ്ങിയ 1928 ഫെബ്രുവരി മൂന്നിന്, നിരോധനം ലംഘിച്ചുകൊണ്ട് മുപ്പതിനായിരത്തിൽ പരം തൊഴിലാളികളാണ് പ്രകടനം നടത്തിയത്. "ജോലി സമയം എട്ടുമണിക്കൂർ ആക്കുക," "ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ," "സ്വാതന്ത്ര്യത്തിൽ കുറഞ്ഞ മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല," തുടങ്ങിയവയായിരുന്നു തൊഴിലാളികളുടെ മുദ്രാവാക്യങ്ങൾ .1928 ഡിസംബറിൽ കൽക്കത്തയിൽ കോൺഗ്രസ് സമ്മേളനം നടക്കുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികളും കൃഷിക്കാരും പ്രകടനമായി എത്തി. ഉന്നയിച്ച ആവശ്യങ്ങൾ തൊഴിലാളികളുടെ സമരോത്സുകതയുടെ തെളിവായിരുന്നു. രണ്ടുമണിക്കൂറോളം സമ്മേളന പന്തൽ പ്രകടനക്കാരുടെ നിയന്ത്രണത്തിലായി. അവർ ഒരു പ്രമേയവും അംഗീകരിച്ചു .
"പൂർണ്ണ സ്വാതന്ത്ര്യം നേടും വരെ തൊഴിലാളികളും കൃഷിക്കാരും അടങ്ങിയിരിക്കില്ലെന്ന് തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഈ യോഗം പ്രഖ്യാപിക്കുന്നു".
1928 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ബോംബെയിലെ തുണിമിൽ തൊഴിലാളികൾ ഗിർണികാംഗർ യൂണിയൻറെ നേതൃത്വത്തിൽ നടത്തിയ ആറുമാസം നീണ്ടുനിന്ന ഐതിഹാസിക സമരം തൊഴിലാളി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ്.
തയ്യാറാക്കിയത്: പ്രസന്നകുമാരി ജി
No comments:
Post a Comment