അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
31. സാമൂഹിക സാംസ്കാരിക നവോത്ഥാനം.
അക്കാലത്തെ കവികളും സാഹിത്യകാരന്മാരും സാഹിത്യ രംഗത്ത് പ്രവർത്തിച്ചിരുന്ന മിക്കവാറും എല്ലാ ബുദ്ധിജീവികളും നവോത്ഥാന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയവരായിരുന്നു. തുടക്കം മുതൽ തന്നെ അവർ ഈ ദേശീയ ധാരയിൽ ഇഴുകിച്ചേർന്നു. എല്ലാ ഭാഷകളിലുമുള്ള സാഹിത്യനായകന്മാർ അവരുടെ സിദ്ധിയുടെ പരമാവധി സംഭാവനകൾ നൽകി.
ഇന്ത്യയിലെ പ്രശസ്തനായ ഉറുദു= പേർഷ്യൻ കവിയും ഇസ്ലാമിക ചിന്തകനും ആയിരുന്ന മുഹമ്മദ് ഇഖ്ബാൽ ആണ് ഇന്ത്യക്കാരെ അഭിമാനം കൊള്ളിക്കുന്ന 'സാരേ ജഹാം സേ അച്ഛാ' എന്ന വിശ്രുതഗാനം രചിച്ചത്. ബംഗാളിലെ നീലം കൃഷിക്കാരുടെ ജീവൽ പ്രശ്നങ്ങളെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് അരങ്ങു തകർത്തിരുന്ന നീല ദർപ്പൻ എന്ന നാടകം ജനശ്രദ്ധ പിടിച്ചുപറ്റി. ഇതേ രീതിയിലുള്ള അതിശക്തമായ മറ്റൊരു സാഹിത്യസൃഷ്ടിയായിരുന്നു 'ആനന്ദമഠം' എന്ന ആഖ്യായിക. ബങ്കിം ചന്ദ്ര ചാറ്റർജി എന്ന സാഹിത്യനായകൻ ആയിരുന്നു കർത്താവ്. സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരെ ആഞ്ഞടിക്കാൻ ആവേശം നൽകുന്ന ഒരു ഒന്നാന്തരം സാഹിത്യസൃഷ്ടിയായിരുന്നു ആ ഗ്രന്ഥം. അതിലെ ഭവാനന്ദൻ എന്ന കഥാപാത്രം വിപ്ലവത്തിന് ഒരുങ്ങും മുമ്പ് ഭാരതാംബയെ പ്രകീർത്തിച്ചുകൊണ്ട് പ്രാർത്ഥനാ രൂപത്തിലുള്ള ഒരു ഗാനം ആലപിക്കുന്നുണ്ട്. വന്ദേമാതരം എന്ന് തുടങ്ങുന്ന ഗാനം അക്കാലത്ത് ജനങ്ങളിൽ ആവേശം ഉയർത്തിയ ഒരു ശക്തി മന്ത്രമായി പ്രയോജനപ്പെട്ടിരുന്നു ഈ ഗാനം. ഇത് പിന്നീട് നമ്മുടെ ദേശീയ ഗീതമായി തീർന്നു. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനക്കാർ ഏതു ചടങ്ങിന്റെ തുടക്കത്തിലും ഇത് ആലപിച്ചു തുടങ്ങി. കൊച്ചുകുട്ടികൾ പോലും ഈ ദേശഭക്തിഗാനത്തിൽ നിന്നും ആവേശം ഉൾക്കൊണ്ടു . ബ്രിട്ടീഷുകാരെ ഏറ്റവും അധികം വിറളി കൊള്ളിച്ചതും ഈ ഗാനമായിരുന്നു. അതുകാരണം വന്ദേമാതരം ആലപിക്കുന്നതും അത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നതും കുറ്റകരമാക്കി.
വന്ദേമാതരം പകർത്തുന്നതും പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹമായി. വന്ദേമാതരം ആലപിക്കുന്നവരെ ജയിലിൽ ഇട്ടു. കൊച്ചുകുട്ടികളെ പോലും നിയമം പിടികൂടി ശിക്ഷിച്ചു. എന്നിട്ടും ജനങ്ങൾ മാത്രം കൈയൊഴിഞ്ഞില്ല.
1850കളിൽ ജീവിച്ചിരുന്ന ജനങ്ങളിൽ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം വളർത്തുകയും ചെയ്ത ബംഗാളിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു ഹെൻട്രി വിവിയൻ ഡെറോസിയോ. രാജാറാം മോഹൻ റോയ് തുറന്ന പാതയിലൂടെ കുറേക്കൂടി പുരോഗമനപരമായ ആശയങ്ങളുമായി മുന്നോട്ടുപോയ ഡോറോസിയോ 1809 ലാണ് ജനിച്ചത് . ആംഗ്ലോ ഇന്ത്യൻ വംശജൻ ആയിരുന്ന ഡെറോസിയോ രൂപം നൽകിയ 'യങ് ബംഗാൾ' അഥവാ 'യുവ ബംഗാൾ' പ്രസ്ഥാനം,
സാമൂഹിക രംഗത്ത് വലിയ സ്വാധീനം ചെലുത്തി.
ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ കാലവും ഇഴുകിച്ചേർന്ന ഒരു മഹാനായിരുന്നു ദാദാഭായ് നവറോജി.അനുഭവ സമ്പന്നനും ജ്ഞാനിയും സമാരാധ്യാനുമായ ആയ ഭാരതീയൻ .
മഹാനായ ആ ഭാരതീയൻ പ്രസ്ഥാനത്തിനുവേണ്ടി തൻറെ സ്വത്തും ധനവും ചൈതന്യവും ഒഴിഞ്ഞുവെച്ചു . ഇന്ത്യയുടെ സമ്പത്തും മൂലധനം പോലും ബ്രിട്ടീഷ് കോളനിവാഴ്ച പോലെ ചോർത്തിക്കൊണ്ടുപോകുന്നതിന്റെ ഫലമായാണ് ഇന്ത്യ പരമ ദരിദ്രം ആയത് എന്ന് ഇംഗ്ലണ്ടിൽ ചെന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശസ്നേഹിയായിരുന്നു ദാദാഭായ്.
സ്ത്രീകളുടെ മോചനത്തിനു വേണ്ടി സാമൂഹ്യ നവോത്ഥാനത്തിന് വിലപ്പെട്ട സംഭാവന നൽകുകയും ചെയ്ത പണ്ഡിത രമാഭായ് പൂന സ്വദേശിനിയാണ് 1858 ൽ ജനിച്ച രമാഭായി പൂന ആസ്ഥാനമായി ആര്യ മഹിളാ സഭ സ്ഥാപിച്ചു. ആചാരങ്ങളും പാരമ്പര്യങ്ങളും അടിച്ചേൽപ്പിച്ച അടിമത്തത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മഹിളാസഭ ജന്മം കൊണ്ടത് . ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ രമാഭായ് ഇംഗ്ലണ്ടും സന്ദർശിച്ചു .തിരിച്ചു നാട്ടിലെത്തിയ അവർ ക്രിസ്തുമതം സ്വീകരിച്ചു. വിധവകൾക്ക് വേണ്ടി ശാരദ സദനം തുടങ്ങിയ അവർ പിന്നീട് രമാഭായി മുക്തി മിഷൻ സ്ഥാപിച്ചു.
ഇതേ കാലത്ത് പ്രകാശഗോപുരങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന ഒരു കൂട്ടം നേതാക്കൾ രാഷ്ട്രീയ രംഗത്ത് വളർന്നുവന്നു. സുരേന്ദ്രനാഥ ബാനർജി ആയിരുന്നു അവരിൽ പ്രധാനി. രാജ് നാരായണൻ ബോസ്, ജ്യോതീന്ദ്രനാഥ ടാഗോർ, ശിവനാഥ് ശാസ്ത്രി, വിപിൻ ചന്ദ്രപാൽ, ബാലാദേവി തുടങ്ങിയവരും പ്രധാനികളായിരുന്നു .സ്വരാജ് ലക്ഷ്യമാക്കി കൊണ്ടാണ് പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തത്. നിലവിലുള്ള വ്യവസ്ഥിതിക്കെതിരായി സായുധ വിപ്ലവത്തിലൂടെ മുന്നേറാനാണ് അവർ ശ്രമം തുടങ്ങിയത് .എന്നാൽ വിപൽകരമായ ഇത്തരം പരിപാടികൾക്ക് വേണ്ടി വേണ്ടത്ര അനുയായികളെ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭരണഘടനാപരമായ ശൈലി അല്ലാതെ മറ്റൊന്നിനും ജനഹൃദയം അപ്പോൾ സന്നദ്ധമായിരുന്നില്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്നുണ്ടായ അറുകൊലയുണ്ടാക്കിയ ഞെട്ടൽ ഇന്ത്യക്കാരിൽ നിന്നും വിട്ടു മാറിയിരുന്നില്ല. ഒരു വിഭാഗം യുവാക്കൾ ആ വഴി ചിന്തിക്കുകയും അഗ്നിസ്ഫുലിംഗം അണഞ്ഞു പോകാതെ സൂക്ഷിക്കുകയും ചെയ്തു. ഇവരുടെ ആവേശം പ്രധാനമായും വിവേകാനന്ദൻറെ പ്രഭാഷണങ്ങൾ ആയിരുന്നു. കാവി വസ്ത്രം അണിഞ്ഞ സന്യാസി ആയിരുന്നെങ്കിലും അദ്ദേഹം ആത്മീയവാദിയും ഒപ്പം ഒരു ഭൗതികവാദിയും ആയിരുന്നു .മാതൃഭൂമിയെ മോചിപ്പിക്കാനും സമൂഹത്തിലെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കാനും, ജാതിമത ഭ്രാന്തിന്റെ മതിൽക്കെട്ട് തകർക്കാനും, വിശക്കുന്ന വയറിന് ഭക്ഷണം എത്തിച്ചു കൊടുക്കാനും, ജീവൻ വെടിയേണ്ടി വന്നാൽ അതിനു മടിക്കുന്ന താണ് ഈശ്വരനിന്ദ എന്ന ശൈലിയിലുള്ള വിവേകാനന്ദൻറെ ബോധനത്തിൽ നിന്നും പ്രബുദ്ധത കൈവരിച്ചവരായിരുന്നു ഇവർ.
മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായിരുന്നു മഹാത്മാ ഫുലെ എന്ന പേരിൽ അറിയപ്പെട്ട ജ്യോതിറാവു ഗോവിന്ദ റാവു ഫുലെ. ഏറ്റവും അടിത്തട്ടിൽ കഴിയുന്ന അധകൃത ജന വിഭാഗങ്ങളെ സാമൂഹിക പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിൽ നിർണായക സംഭാവന നൽകിയ മഹാനാണ് ഫുലെ.
മാലി എന്ന താഴ്ന്ന ജാതിയിൽ 1827 ൽ ജനിച്ച ഫുലെ ജാതിവ്യവസ്ഥയ്ക്ക് എതിരെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അക്ഷീണം യത്നിച്ചു. സ്ത്രീകളുടെ, പ്രത്യേകിച്ച് താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസത്തിന് ഫുലെ പ്രത്യേകം ഊന്നൽ നൽകിയിരുന്നു .വിധവാ വിവാഹത്തിൻറെ ശക്തനായ വക്താവായിരുന്നു അദ്ദേഹം .യുക്തിസഹമായ വാദമുഖങ്ങളിലൂടെ ജാതിവ്യവസ്ഥ അർത്ഥശൂന്യമാണെന്ന് ഫുലെ സമർത്ഥിച്ചു. 'മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മംകൊണ്ട് ആരും വിശുദ്ധരല്ല' ഫുലെ ചൂണ്ടിക്കാട്ടി. മതത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള ചേരിതിരിവുകളും അനാവശ്യമാണെന്ന് ഫുലെ വാദിച്ചു. 1890 ൽ ഫുലെ അന്തരിച്ചു.
തയ്യാറാക്കിയത്: പ്രസന്നകുമാരി ജി