ദേശീയ കായിക ദിനം ( ഓഗസ്റ്റ് 29 ധ്യാൻചന്ദ് ജൻമദിനം)
1936- ബർലിനിൽ ഒളിംബിക്സ് ഹോക്കി ഫൈനൽ മത്സരം നടക്കുന്നു.
നാൽപ്പതിനായിരത്തോളം കാണികയുടെ പിന്തുണയുമായ് ജർമനി
ഇന്ത്യക്കെതിരെ കളത്തിലിറങ്ങുകയാണ് . ഫൈനൽ കാണാൻ സാക്ഷാൽ
ഹിറ്റ്ലർ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഉദ്ഘാടനത്തിനോട്
അനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഹിറ്റ്ലറെസല്യൂട്ട് ചെയ്യാൻ മടി
കാണിച്ച ടീമിൻ്റെ തോൽവിക്കായ് ഹിറ്റ്ലർ അക്ഷമനായ് കാത്തുനിന്നു.
കറുത്തു മെലിഞ്ഞ ഒരു ഇന്ത്യക്കാരനായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.
കളി തുടങ്ങി ആദ്യം ഗോളടിച്ചത് ജർമനി ആയിരുന്നു. കാണികൾ ആവേശത്തിൻ്റെ
കൊടുമുടിയിലെത്തി. എന്നാൽ പിന്നങ്ങോട്ട് ഇന്ത്യയുടെ തേർവാഴ്ച്ചയായിരുന്നു.
ജർമൻ പോസ്റ്റിലേക്ക് തുടർച്ചയായ് ഗോളുകൾ വീണു കൊണ്ടിരുന്നു.
ധ്യാൻചന്ദ് എന്ന ഇതിഹാസ താരത്തിൻ്റെ ഹോക്കി സ്റ്റിക്കിൽ നിന്ന് എണ്ണം പറഞ്ഞ
മൂന്നു ഗോളുകളാണ് പിറന്നത്. ജർമ്മൻകാരുടെ പരുക്കൻ കളിയിൽ ധ്യാൻചന്ദിൻ്റെ
ഒരു പല്ല് നഷ്ടപ്പെടുക പോലുമുണ്ടായി. ഹാട്രിക്കോടെ ഇന്ത്യയെ വിജയത്തിലേക്ക്
നയിച്ച ധ്യാൻചന്ദിൻ്റെ ആരാധകനായ് മാറി ഹിറ്റ്ലർ.ഹിറ്റ്ലർ നൽകിയ
അത്താഴ വിരുന്നിൽ പങ്കെടുത്ത ധ്യാൻ ചന്ദിന് ഹിറ്റ്ലർ ജർമൻ പൗരത്വവും
ജർമൻ പട്ടാളത്തിൽ കേണൽ പദവിയും വാഗ്ദാനം ചെയ്യുകയുണ്ടായി.
എന്നാൽ ഇന്ത്യൻ പട്ടാളത്തിൽ ലാൻസ് കോർപ്പൽ മാത്രമായിരുന്ന
ധ്യാൻചന്ദ് അതിന് തയ്യാറായില്ല. എന്തു തന്നാലും ജർമനിക്ക് വേണ്ടി കളിക്കില്ല
കാരണം ഇന്ത്യ എൻ്റെ ഇന്ത്യയാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
1932 ലെ ലോസ് ഏഞ്ചലിസ് ഒളിംബിക്സിൽ ഇന്ത്യ അമേരിക്കയെ 23 ഗോളുകൾക്കാണ്
തോൽപ്പിച്ചത്.24-1 എന്നതായിരുന്നു ഫൈനൽ സ്കോർ . ധ്യാൻചന്ദ് അന്ന് നേടിയത്
8 ഗോളാണ്. സഹോദരൻ രൂപ് സിങിനെ
I0 ഗോൾ നേടാൻ സഹായിക്കുകയും ചെയ്തു. ആ മത്സരത്തിനിടെ രസകരമായ
ഒരു സംഭവം ഉണ്ടായി. ധ്യാൻചന്ദിൻ്റെ കൈയ്യിലുള്ളത് മാന്ത്രിക വടിയാണെന്ന് ഒരു
അമേരിക്കൻ താരം റഫറി യോട് പരാതി പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടെ
ധ്യാൻ ചന്ദ് ആ അമേരിക്കൻ താരത്തിന്റെ ഹോക്കി സ്റ്റിക്ക് വാങ്ങുകയും
അദ്ദേഹത്തിൻ്റെ ഹോക്കി സ്റ്റിക്ക് അമേരിക്കൻ താരത്തിന് നൽകുകയും ചെയ്തു.
ഫലമോ ധ്യാൻചന്ദിൽനിന്നും വീണ്ടും ഗോളുകൾ ഒഴുകിക്കൊണ്ടേയിരുന്നു.
24 - 1 എന്ന സ്കോർ ഇന്നുംതകർക്കപ്പെടാത്ത ഒളിംബിക്സ് റെക്കോർഡാണ്.
തുടർച്ചയായ മൂന്ന് ഒളിമ്പിക്സ് സ്വർണ്ണമാണ് ധ്യാൻചന്ദും കൂട്ടരും ഇന്ത്യയിലേക്ക്
കൊണ്ടുവന്നത് (1928-ആംസ്സ്റ്റർ ഡാം ഒളിംമ്പിക്സ്, 1932-ലോസ് എഞ്ചലിസ്
ഒളിമ്പിക്സ്, 1936- ബർലിൻ ഒളിമ്പിക്സ് ).1905 ഓഗസ്റ്റ് 29 ന് അലഹാബാദിൽ ജനിച്ച
ധ്യാൻചന്ദിൻ്റെ പിതാവും ഒരു ഹോക്കിതാരമായിരുന്നു. പട്ടാളക്കാരനായിരുന്ന
അച്ഛനെ പിൻതുടർന്ന് ധ്യാൻചന്ദ് 17-ാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു.1926-ൽ
ഇന്ത്യൻ ആർമി ടീമിൻ്റെ ന്യൂസിലണ്ട് പര്യടനത്തിന് തെരഞ്ഞെടുക്കപ്പെട്ട
അദ്ദേഹം ന്യൂസിലണ്ടിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 21 മത്സരങ്ങളിൽ
ഇന്ത്യ 18 ലും ജയിച്ചു . 1926 മുതൽ 1948 വരെഏതാണ്ട് 400 അന്താരാഷ്ട്ര ഗോളുകളാണ്
അദ്ദേഹം അടിച്ചുകൂട്ടിയത്. ധ്യാൻ സിങ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ
പേര്. 'ദ ഗോൾ ' അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. 1956 ൽ പദ്മഭൂഷൻ നൽകി
അദ്ദേഹത്തെ രാജ്യം ആദരിച്ചു. ഇന്ത്യയിലെ കായിക രംഗത്തെ
സമഗ്ര സംഭാവനക്ക് കേന്ദ്ര സർക്കാർ അദ്ദേഹത്തിൻ്റെ പേരിൽ പുരസ്ക്കാരം
ഏർപ്പെടുത്തി' ധ്യാൻചന്ദ് പുരസ്ക്കാരം'.2002 മുതലായിരുന്നു ഇത് 5 ലക്ഷം രൂപയും
പ്രശസ്തിപത്രവുമാണ് നൽകുന്നത്. ധ്യാൻചന്ദിൻ്റെ സംഭാവനകൾ രാജ്യം എന്നും
ഓർമ്മിക്കും.\
ധ്യാൻചന്ദ് - ക്വിസ്
1. ഇന്ത്യയിൽ കായികരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്ക്കാരം ഏത്?
ധ്യാൻചന്ദ് പുരസ്ക്കാരം
2. ധ്യാൻചന്ദിൻ്റെ ആത്മകഥ?
ദ ഗോൾ
3. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഹോക്കി താരം?
ധ്യാൻചന്ദ്
4. ദേശീയ കായിക ദിനമായ് ആചരിക്കുന്നത് ആരുടെ ജൻമദിനമാണ്?
ധ്യാൻചന്ദ്
5. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ആര്?
ധ്യാൻചന്ദ്
6. ധ്യാൻചന്ദിൻ്റെ യഥാർത്ഥ പേരെന്ത്?
ധ്യാൻ സിങ്
7. ധ്യാൻചന്ദിൻ്റെ ജൻമ സ്ഥലം?
അലഹാബാദ്
8.2020ലെ ധ്യാന ചന്ദ് അവാർഡ് നേടിയ മലയാളി താരം ആര്?
ജിൻസി ഫിലിപ്പ്
തയ്യാറാക്കിയത്
അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി .എസ് കുമ്പനാട്
പത്തനംതിട്ട