🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, October 28, 2023

താളും തകരയും /adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

നാലാം ക്ലാസ്സിലെ താളും തകരയുമെന്ന പാഠഭാഗത്തിലെ പ്രവർത്തനമാണ് ക്ലാസിൽ  വിഭവങ്ങൾ ഓരോ കുട്ടികളും കൊണ്ടുവന്ന് പങ്കു വച്ച് കഴിക്കുന്ന ഈ പ്രവർത്തനം പങ്കുവക്കലിന്റെ പാഠം കൂടി ഉൾക്കൊള്ളുന്നുണ്ട്. പ്രവർത്തനശേഷം കുട്ടികൾ തയ്യാറാക്കിയ സംഭാഷണം, ഡയറി, ദൃക്സാക്ഷിവിവരണം, അനുഭവ വിവരണം തുടങ്ങിയ വിവിധ മേഖലയിലെ വായനാ കാർഡുകളാക്കിയപ്പോൾ.
സുമിത ടീച്ചർ
കൃഷ്ണ എ.എൽ.പി.എസ്
പാലക്കാട്



Friday, October 27, 2023

ഖുദി റാമും പ്രഫുല്ല ചാക്കിയും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
 39.ഖുദി റാമും  പ്രഫുല്ല ചാക്കിയും.
            സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി ദേശീയ നേതാക്കളെ തുറുങ്കിലടയ്ക്കുകയോ നാടുകടത്തുകയോ തൂക്കിലിടുകയോ ചെയ്തുകൊണ്ട് ഇന്ത്യക്കാരുടെ കൊടിയ ശത്രുവായി വർത്തിച്ച കിംഗ്സ് ഫോർഡ് കൽക്കത്ത കോടതിയിലെ ജഡ്ജിയായിരുന്നു. ഇവിടെ ഉന്നത പദവിയിലുള്ള മറ്റ് ഏതൊരു ബ്രിട്ടീഷ് മേധാവിയെക്കാളും ക്രൂരനായിരുന്നു അദ്ദേഹം. ഗവൺമെന്റിന് പോലും ഇക്കാര്യം അറിയാമായിരുന്നു. അക്കാരണത്താലാണ് ഒരു സന്ദർഭത്തിൽ കിംഗ്സ് ഫോർഡിനെ ഭീകര പ്രസ്ഥാനക്കാരുടെ താവളമായിരുന്ന കൽക്കത്തയിൽ നിന്നും മുസാഫർ പുരിയിലേക്ക് മാറ്റിയത് . 
         ഒരിക്കൽ അരവിന്ദ ഘോഷിനെ ഒരു കേസുമായി ബന്ധപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്യുകയും കിംഗ്സ് ഫോർഡിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. അരവിന്ദഘോഷിന്റെ പേരിൽ കുറ്റം ചുമത്തിക്കൊണ്ട് സാക്ഷിയായി ബിപിൻ ചന്ദ്രപാലിനെയും പിടിച്ചിരുന്നു .പക്ഷേ ബിപിൻ ചന്ദ്രപാൽ ഘോഷിനെതിരെ സാക്ഷി പറയാൻ കൂട്ടാക്കിയില്ല എന്ന കാരണത്താൽ കിംഗ്സ് ഫോർഡിന് അരവിന്ദ് ഘോഷിനെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ ബിപിൻ ചന്ദ്രപാലിനെ വിട്ടില്ല. കോടതിയലക്ഷ്യക്കുറ്റം ചുമത്തി ആറുമാസം കഠിന തടവിന് ശിക്ഷിച്ചു.  ഇന്ത്യൻ ദേശീയ നേതാക്കൾക്കെതിരായി ഈ രീതിയിൽ എത്രയോ കള്ളക്കേസുകൾ ചമയ്ക്കാൻ പോലീസിനെ സഹായിച്ച ക്രൂരൻ ന്യായാധിപനായിരുന്നു കിംഗ്സ് ഫോർഡ്.
   അദ്ദേഹത്തെ എവിടേക്ക് മാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചാലും ഇന്ത്യയുടെ ഏത് കോണിലും ചെന്ന് വധിക്കണം എന്ന് വാശിയുള്ളവരായിരുന്നു വിപ്ളവ പ്രസ്ഥാനക്കാർ. ആ നിലയിലാണ് കൽക്കത്തയിൽ നിന്ന് മുസാഫർ പൂരിലേക്ക് മാറ്റിയപ്പോഴും ബിംബത്തിനു നിഴൽ പോലെ വിപ്ലവ പ്രസ്ഥാനക്കാർ കിംഗ്സ് ഫോർഡിനെ വിടാതെ കൂടിയിരുന്നത് .
   കിംഗ്സ്ഫോർഡിനെ വധിക്കാൻ നിയോഗിച്ചത് പ്രായം കുറഞ്ഞ രണ്ട് യുവാക്കളെ ആയിരുന്നു. ഖുദിറാംബോസിനെയും പ്രഫുല്ല ചാക്കിയേയും. ഖുദിറാം ബോസിന് വയസ്സ് 19. പ്രഫുല്ലചാക്കിക്ക് 20. 
      പ്രായപൂർത്തി എത്തും മുമ്പ് സ്വദേശി പ്രസ്ഥാനവുമായി രാഷ്ട്രീയത്തിലിറങ്ങിയ ബാലനായിരുന്നു ഖുദിറാം. അസാധാരണമായ മനക്കരുത്തും ധൈര്യവുമായിരുന്നു ആ കുട്ടിക്ക് . ബോർഡിംഗ് സ്കൂളിൽ താമസിച്ചു കൊണ്ടാണ് പഠിച്ചത്. കുഴപ്പം പിടിച്ച കാലത്ത് ഒരു ദിവസം ബോർഡിംഗ് സ്കൂളിൽ നിന്നും പുലർച്ചെ ഒരു മണിക്ക് ഒരു ഹെഡ്കോൺസ്റ്റബിളും നാലഞ്ചു പോലീസുകാരും വന്ന് ഖുദിറാമിനെ പൊക്കിയെടുത്തു കൊണ്ടുപോയി. പോലീസ് സ്റ്റേഷനിൽ ഇട്ടു ചൂരൽ പ്രയോഗം നടത്തി. ഉറക്കപ്പിച്ചോടെ എല്ലാ പ്രഹരവും ഏറ്റു വാങ്ങിയ ഖുദിറാമിനെ പോലീസ് ബോർഡിംഗ് ഹൗസിൽ തിരിച്ചുകൊണ്ടു വിട്ടു. ഉറക്കം നഷ്ടപ്പെടുത്തിയതിൽ പോലീസിന് നേരെ പിറുത്തുകൊണ്ട് യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ കുട്ടി ഉറക്കം തുടരുകയും ചെയ്തു.  ഇത്രയും തന്റേടമുള്ള കുട്ടിയായിരുന്നു ഖുദിറാം.                പ്രഫുല്ല ചാക്കിയും ഏതാണ്ട് ഇതേ മൂശയിൽ കാച്ചിയെടുത്ത യുവാവാണ്. ക്ലാസിൽ വന്ദേമാതര ഗാനം ആലപിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി. പിന്നെ പഠനം തുടർന്നില്ല .വന്നിറങ്ങിയത് പടക്കളത്തിൽ. കൂട്ടുകാർ രണ്ടുപേരും മുസാഫർ പുരിയിലെത്തി. മുമ്പ് പരിചയമില്ലാത്ത പ്രദേശം. പരിസരപഠനത്തിനായി  അഞ്ച് പത്ത് ദിവസം ഒരു ധർമ്മശാലയിൽ താമസമുറപ്പിച്ചു. പകൽ മുഴുവൻ  പരിസര നിരീക്ഷണത്തിൽ വ്യാപൃതരായി. കിംഗ്‌സ് ഫോർഡിന്റെ  ബംഗ്ളാവ്, കോടതി, അദ്ദേഹം പെരുമാറുന്ന മറ്റിടങ്ങൾ ഇതൊക്കെ സൂക്ഷ്മമായി പഠിച്ചു.  ഒരു ഡിറ്റക്ടീവിന്റെ നിരീക്ഷണ പാടവത്തോടെ.  രണ്ടുപേരുടെയും കൈകളിൽ ബോംബും സ്വയം പ്രവർത്തനശേഷിയുള്ള കൈ തോക്കും. വിപത്ഘട്ടത്തിൽ ഉപയോഗിക്കാൻ സയനൈഡ് ഗുളിക. മുസാഫർ പുരിയുടെ സ്ഥലനിർണയ പടം, തീവണ്ടി ആപ്പീസിലേക്കുള്ള ദൂരവും വണ്ടിയുടെ സമയവും കാണിക്കുന്ന സമയ പട്ടിക, ഇത്രയും കരുതലോടെയാണ് അവർ കൃത്യനിർവഹണത്തിന് ഒരുങ്ങിയത്.പക്ഷെ, വെടിയുതിർത്തപ്പോൾ കൈത്തെറ്റ് സംഭവിച്ചു. രാത്രി എട്ടുമണിയോടടുത്ത്  രണ്ട് ഒറ്റക്കുതിരവണ്ടികൾ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിലാണ് നിശാ ക്ലബ്ബിൽ നിന്നും പുറപ്പെട്ടത്. മുന്നിലത്തെ വണ്ടിയിലാണ് കിംഗ്സ് ഫോർഡ് എന്ന് അവർ കരുതി. അവിടെയാണ് അമളി പറ്റിയത്. അതിൽ സഞ്ചരിച്ചിരുന്നത് മിസ്സിസ് കെന്നഡി എന്ന സ്ത്രീയും മകളും ആയിരുന്നു അവർക്കാണ് വെടിയുണ്ട കൊണ്ടത്. അവരുടെ വണ്ടിയാണ് ബോംബേറിൽ തകർന്നതും. അക്കാര്യം മനസ്സിലാവുന്നത് പിറ്റേന്ന് പ്രഭാതത്തിൽ പത്രം വായിച്ചപ്പോൾ. 
    കൃത്യം നടത്തി, അരനാഴിക പോലും പാഴാക്കാതെ അവർ രക്ഷപ്പെടാനായി ശ്രമിച്ചു. ബെദ്ധപ്പാടിൽ ഒരു വൃക്ഷച്ചുവട്ടിൽ അഴിച്ചു മാറ്റി ഇട്ടിരുന്ന അവരുടെ പാദരക്ഷകൾ എടുക്കാൻ വിട്ടു പോയി. 
  രാത്രി മുഴുവൻ ഒരിടത്തും നിൽക്കാതെ രണ്ട് പേരും ഓടി. ഗ്രാമം പകുത്തുകൊണ്ട് നീണ്ടുപോകുന്ന റെയിൽപാളമല്ലാതെ കണ്ണത്താവുന്ന ദൂരത്തിൽ എങ്ങും തീവണ്ടി ആപ്പീസ് ദൃശ്യമായിരുന്നില്ല. എന്നാൽ ഒരേ ദിശയിൽ രണ്ടുപേരും ചേർന്ന് സഞ്ചരിക്കുന്നത് അപകടകരമാണെന്നതിനാൽ അവർ അവിടെ മുതൽ പിരിഞ്ഞു. ഒരാൾ തെക്കോട്ട് യാത്ര തുടർന്നു. മറ്റേയാൾ വടക്കോട്ടും പ്രഫുല്ല ചാക്കി ഓടുന്ന ദിശയിൽ ആയിരുന്നു റെയിൽവേ സ്റ്റേഷൻ . അത് മൊഖമേഘട്ട് റെയിൽവേ സ്റ്റേഷൻ ആണെന്നും അവിടെ അരമണിക്കൂറിനിടയിൽ ഒരു ലോക്കൽ വണ്ടി എത്തിച്ചേരാനുണ്ടെന്നും പ്രഫുല്ലക്ക് മനസ്സിലായി. അതുകണക്കാക്കി പ്രഫുല്ല ചാക്കി ഓട്ടത്തിനു വേഗത കൂട്ടി. സ്റ്റേഷനിൽ എത്താറായപ്പോൾ അകലെ ചൂളം വിളി കേട്ടു. ബദ്ധപ്പെട്ട് ചെന്ന് സമസ്തിപ്പൂരിലേക്ക് ടിക്കറ്റ് എടുത്തു. വണ്ടി വന്നപ്പോൾ പുലർച്ചയായതിനാൽ ഒഴിഞ്ഞു കിടന്ന തീവണ്ടി മുറികളിൽ ഒന്നിൽ കയറിപ്പറ്റി. എന്നാൽ വണ്ടി പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് തനിക്കെതിരെ ഒരു മധ്യവയസ്കൻ ഇരുപ്പുറപ്പിച്ചിരിക്കുന്നത് പ്രഫുല്ല കണ്ടത്. അയാൾ ഒരു വായാടിയെപ്പോലെ സംസാരിച്ചു തുടങ്ങിയപ്പോൾ പ്രഫുല്ല അസ്വസ്ഥത കാട്ടി,  മിതഭാഷിയാണ് താനെന്ന് അപരന് തോന്നട്ടെ എന്ന മട്ടിൽ ആവശ്യത്തിന് മാത്രം സംസാരിച്ചു. പക്ഷേ അപരൻ വിട്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ നേരം വെളുത്തിരുന്നു. തീവണ്ടി ആപ്പീസിന്റെ പിറകിൽ ശുദ്ധജലം ഒഴുകുന്ന ഒരു നദി കണ്ടു. അതിൽ ഇറങ്ങി വെള്ളം കുടിക്കുകയും തിരിച്ചുവന്ന് മറ്റൊരു മുറിയിൽ കയറിയിരിക്കുകയും ചെയ്യാമെന്ന് കരുതി. വണ്ടി നിന്ന ഉടനെ പ്ലാറ്റ്ഫോം കുറുകെ കടന്ന് അയാൾ നദിയിൽ നിന്ന് വെള്ളം കോരി കുടിച്ചു. തിരികെ വന്ന് മറ്റൊരു മുറിയിൽ കയറി . താൻ ഒഴിവാക്കിയ മാന്യൻ അതേ മുറിയിൽ തനിക്ക് അഭിമുഖമായി ഇരിപ്പുറപ്പിച്ചത് കണ്ട പ്രഫുല്ല ഒരിക്കൽ കൂടി ഞെട്ടി.പ്രഫുല്ലയുടെ നഗ്ന പാദങ്ങളും മുഖത്തെ പാരവശ്യവും കണ്ട് അദ്ദേഹത്തിന് സംശയം തോന്നിയിരുന്നു. അയാൾ മഫ്ടിയിൽ സഞ്ചരിക്കുന്ന പോലീസുകാരനാണ് എന്ന കാര്യം ഊഹിച്ചത് പോലുമില്ല . അടുത്ത സ്റ്റേഷനിൽ അയാൾ ഇറങ്ങിയപ്പോൾ മാത്രമാണ് പ്രഫുല്ലയ്ക് ശ്വാസം നേരേ വീണത്. പക്ഷേ അയാൾ ഇറങ്ങിയത് സമസ്തിപൂർ സ്റ്റേഷൻ മാസ്റ്ററുമായി ഫോണിൽ ബന്ധപ്പെടാനായിരുന്നു. റെയിൽവേ പോലീസിനുള്ള ഒരു സന്ദേശം കൈമാറാൻ വേണ്ടി. ഇതൊന്നും പ്രഫുല്ലയ്ക്  ഊഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ശല്യം ഒഴിഞ്ഞു കിട്ടി എന്ന മനശാന്തിയോടെ സമസ്തിപൂർ സ്റ്റേഷൻ വരെ സഞ്ചരിച്ച പ്രഫുല്ലചാക്കി അവിടെ വണ്ടി ഇറങ്ങിയപ്പോൾ കണ്ടത് ഒരുകൂട്ടം പോലീസുകാരെയാണ്. നേരത്തെ കണ്ട മാന്യനും അരികിൽ നിൽപ്പുണ്ടായിരുന്നു. താൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായ ഉടൻ എളിയിൽ നിന്നും കൈതോക്ക് വലിച്ചെടുത്ത് പോലീസിന് നേരെ വെടിവെച്ചു. ഒരാൾ മരിച്ചു വീണു. തനിക്കു രക്ഷപ്പെടാൻ കഴിയില്ല എന്ന് ബോധ്യം വന്നപ്പോൾ രണ്ടാമത്തെ നിറയൊഴിച്ചത് സ്വന്തം കഴുത്തിന് നേരെ.
പ്രഫുല്ല അവിടെത്തന്നെ മരിച്ചു വീണു.
  പ്രഫുല്ലചാക്കിയെ കെണിയിൽ അകപ്പെടുത്തിയ സഹയാത്രികൻ നന്ദലാൽ ബാനർജി എന്ന സബ്ഇൻസ്പെക്ടർ ആയിരുന്നു. അവധി കഴിഞ്ഞ്  സമസ്തിപൂരിൽ ജോലിക്ക് ചേരാൻ പോവുകയായിരുന്നു ബാനർജി. 
     പ്രഫുല്ല ചാക്കിയേ പിടിച്ചുകൊടുത്ത വകയിൽ ഗവൺമെൻറ് അയാൾക്ക് 1000 ഉറുപ്പിക പാരിതോഷികം നൽകി അഭിനന്ദിച്ചിരുന്നു. പക്ഷേ സംഭവം നടന്ന് ആറുമാസം മുഴുമിക്കും മുമ്പ് കൽക്കത്ത നഗരത്തിലെ നടുറോഡിൽ വച്ച് വിപ്ലവകാരികൾ അയാളെ വെടിവെച്ചുകൊന്നു . 
   രാത്രി പുലരുവോളം റെയിൽവേ പാളത്തിലൂടെ ഓടുകയായിരുന്ന പ്രഫുല്ലയുടെ കൂട്ടുകാരൻ ഖുദിറാം പോലീസ് വലയത്തിൽ അകപ്പെട്ടു. നഗ്നപാദങ്ങളാണ് ആ യുവാവിനെയും അപകടപ്പെടുത്തിയത്. പോലീസ് വലയത്തിൽ അകപ്പെട്ടപ്പോൾ കൈവശം കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ഖുദിറാം ശ്രമിച്ചു. എന്നാൽ പോലീസ് ഖുദിറാമിന്റെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് അയാളെ പിടികൂടി.
 കോടതിയിൽ ഖുദിറാം ഹാജരാക്കപ്പെട്ടു. കേസ്സ് വിസ്താരവും ശിക്ഷാവിധിയും കഴിഞ്ഞു. തൂക്കിക്കൊല്ലാനാണ് വിധിക്കപ്പെട്ടത്. 1908 ആഗസ്റ്റ് 11ന് പ്രഭാത സമയത്ത് സമസ്തിപൂർ ജയിലിനകത്തെ തൂക്കുമരത്തിൽ ഖുദിറാം വധിക്കപ്പെട്ടു. ജഡം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയോ അന്ത്യ ദർശനത്തിന് പോലും അനുവദിക്കുകയോ ചെയ്യാതെ തൊട്ടടുത്ത ഗണ്ഡ നദീതീരത്ത് സംസ്കരിച്ചു. കൂട്ടുകാരനായ പ്രഫുല്ല ചാക്കിയുടെ ജഡം ഏതോ അജ്ഞാതമായ സ്ഥലത്താണ് സംസ്കരിച്ചത്.
 കിംഗ്സ് ഫോർഡിന്റെ വധ ശ്രമത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഖുദിറാമിന്റെയും പ്രഫുല്ല ചാക്കിയുടെയും സത്കൃത്യത്തെ അഭിനന്ദിച്ചുകൊണ്ടും ന്യായീകരിച്ചുകൊണ്ടും കേസരിയിൽ ബാലഗംഗാധര തിലകൻ ശക്തമായ ശൈലിയിൽ മുഖ ലേഖനം എഴുതി. ഇന്ത്യൻ ദേശീയതയെ തുരങ്കം വയ്ക്കുന്ന ശകുനം മുടക്കികളായ ഉദ്യോഗസ്ഥന്മാർക്ക് ഒരു താക്കീത് എന്ന നിലയിലായിരുന്നു ലേഖനം. ഒരു  സത്കൃത്യമാണ് ഖുദിറാമും കൂട്ടുകാരനും  ചപേത്കർ സഹോദരന്മാരും  ചെയ്തിരിക്കുന്നത് എന്നതിനാൽ അവരെ ക്രിമിനലുകളായി കാണാൻ പാടില്ല എന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം.  അതേ തുടർന്നാണ് തിലകനെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.  
ബർമ്മയിലെ മാണ്ട്ലെയിൽ നാടുകടത്തിക്കൊണ്ട് ജയിലിൽ കഴിയുന്ന കാലയളവിൽ ആണ് തിലകൻ തൻറെ വിശ്രുതമായ ഭഗവത്ഗീത ഭാഷ്യം എഴുതിയത് ,'ഗീതാ രഹസ്യം' . ഇതേ കാലത്താണ് പഞ്ചാബിലെ ഒരു കർമ്മ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ 1907ൽ പഞ്ചാബ് സിംഹം എന്ന പേരിൽ രാഷ്ട്രീയ രംഗത്ത് അറിയപ്പെട്ടിരുന്ന  ലാലാ ലജ്പത് റായിയെയും ബർമയിലേക്ക് നാടുകടത്തിയത്. ഖുദിറാമും പ്രഫുല്ല ചാക്കിയും രക്തസാക്ഷിത്വം വരിച്ച വാർത്ത ബംഗാളിനെ പുളകമണിയിച്ചു. ഇന്ത്യ മുഴുവൻ വാർത്ത പരന്നതോടെ അവർ എല്ലാവരുടെയും പ്രിയപുത്രന്മാരായി. ബംഗാളിലെ അമ്മമാർ സ്വന്തം മക്കളുടെ വിരഹം പോലെ അവരുടെ വേർപാടിൽ കണ്ണുനീർ തൂകി .കുറ്റകൃത്യം ചെയ്തശേഷം നഗ്നപാദരായാണ് അവർ പലായനം ചെയ്തത് എന്ന വാർത്ത കേട്ട് സ്കൂൾ വിദ്യാർത്ഥികൾ പാദരക്ഷകൾ ഉപേക്ഷിച്ചു. പ്രഫുല്ലചാക്കി കുപ്പായം ധരിച്ചിരുന്നില്ല എന്ന വാർത്ത കേട്ട സ്കൂൾ വിദ്യാർത്ഥികൾ കുപ്പായം ഉപേക്ഷിച്ചു കൊണ്ടാണ് ക്ലാസുകളിൽ ഹാജരായത്. അതോടെ ബംഗാൾ വീണ്ടും ഒരു സമരഭൂമിയായി മാറി. പോലീസും അർദ്ധ സൈനിക വിഭാഗവും തെരുവുകളിൽ റോന്ത് ചുറ്റി. ഖുദിറാമിന്റെയോ പ്രഫുല്ല ചാക്കിയുടെയോ നാമം ഉച്ചരിക്കുന്നതുപോലും കുറ്റകരമായി കണക്കാക്കിക്കൊണ്ട് പോലീസ് സർവത്ര നരവേട്ട നടത്തി .ബോംബിനും കൈത്തോക്കിനും വേണ്ടി വീടുകളിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടയിൽ ഒരു ബോംബ് നിർമ്മാണ കേന്ദ്രം കണ്ടുപിടിച്ചു. അവിടെയുണ്ടായിരുന്ന നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വരെ പ്രതികൾ ആക്കി ഒരു ഗൂഢാലോചന കേസ് ഉണ്ടാക്കി അവരെ കോടതിയിൽ ഹാജരാക്കി വിചാരണ നടത്തി. അവരിൽ ഒരാളെ മാപ്പുസാക്ഷിയാക്കുകയും അയാളെക്കൊണ്ട് പോലീസിന്  അനുകൂലമാം വിധം സാക്ഷി പറയിക്കുകയും ചെയ്തു.
 മണിക്തലയിൽ നടന്ന സംഭവമായതിനാൽ ഇതിനു മണിക് തല ബോംബ് കേസ് എന്നും അലിപ്പൂർ ഗൂഢാലോചന കേസ് എന്നും പറഞ്ഞുവരുന്നു .കേസിൽ അരവിന്ദനും അനുജൻ ബരീൻഘോഷും അരവിന്ദ് ഘോഷിന്റെ പതിനാറും പതിനെട്ടും പ്രായമുള്ള പല ശിഷ്യന്മാരും പ്രതികളായിരുന്നു. തെളിവില്ലെന്ന കാരണത്താൽ അരവിന്ദ് ഘോഷിനെ കോടതി നിരുപാധികം വിട്ടെങ്കിലും സഹോദരൻ ബരീൻ ഘോഷും ശിഷ്യവൃന്ദവും സമരാനുകൂലികളും ശിക്ഷിക്കപ്പെട്ടു. ബരീൻഘോഷിന്  ജീവപര്യന്തം നാടുകടത്തൽ ശിക്ഷയാണ് ലഭിച്ചത്. കെട്ടിച്ചമച്ച ഇത്തരം ഒരു കേസിൽ മാപ്പുസാക്ഷിയായിരുന്ന നരേൻ ഗോസായി എന്ന ചതിയനെ കനൈലാൽ,  സത്യേന്ദ്രപാ ക്കി എന്നീ വിപ്ലവകാരികൾ ചേർന്നു വെടിവെച്ചുകൊന്നു. കനൈലാലിനെയും സത്യേന്ദ്രപാക്കിയേയും തൂക്കിക്കൊന്നു. 
 അരവിന്ദ  ഘോഷിന്റെ ജീവിതസരണിയുടെ സുപ്രധാന വഴിത്തിരിവായി ഈ സംഭവം. അദ്ദേഹത്തിന് മനം മടുപ്പുണ്ടായി .സഹോദരൻ ബരീൻ ഘോഷും കുറേ ശിഷ്യ സമൂഹവും കള്ളക്കേസിൽ കുടുങ്ങി നാടുകടത്തപ്പെടേണ്ടി വന്നതിലുള്ള ദുഃഖമായിരുന്നു ഈ മനം മാറ്റത്തിന് നിദാനം. പിന്നീട് അരവിന്ദൻ പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം മാറിനിന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്നുവച്ചു. ഒടുവിൽ സന്യാസം സ്വീകരിച്ചുകൊണ്ട് ബംഗാൾ വിട്ടു. ദക്ഷിണേന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശമായ പോണ്ടിച്ചേരിയിൽ കടലോരത്ത് ഒരു ആശ്രമം സ്ഥാപിച്ചുകൊണ്ട് ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായി. ജീവിതാവസാനം വരെ ഇഹലോക ചിന്തകൾ പരിത്യജിച്ച ഒരു സന്യാസിയാണ് പിന്നീട് അദ്ദേഹം ജീവിച്ചത്. അരവിന്ദൻ സ്ഥാപിച്ച പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം ഇന്ന് വിശ്വപ്രസിദ്ധമാണ്.   
    ബരീൻ ഘോഷിനൊപ്പം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരിൽ ഇന്ദുഭൂഷൺ എന്ന ഒരു വിദ്യാർത്ഥിയും ഉണ്ടായിരുന്നു .ആ യുവാവ് ഒരു ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കേസിൽ കുടുങ്ങിയത്. ഘോഷിന്റെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു ഇന്ദുഭൂഷൺ.  ആ ഇളം പ്രായക്കാരന് കടുത്ത പീഡനമാണ് ആന്തമാനിൽ അനുഭവിക്കേണ്ടിവന്നത്. പന്ത്രണ്ട്, പതിനാല് മണിക്കൂർ നേരത്തെ കഠിനാധ്വാനം. അതുകാരണം ആരോഗ്യം നിശ്ശേഷം തകരുകയും ക്ഷയരോഗ ബാധിതൻ ആവുകയും ചെയ്തു. എന്നിട്ടും വിശ്രമിക്കാൻ അവസരം നൽകിയില്ല എഴുന്നേറ്റു നിൽക്കാൻ പോലും ശേഷി നശിച്ച മട്ടിൽ അവശനായി കഴിഞ്ഞിരുന്ന ഇന്ദുഭൂഷണ് ജയിൽ അധികൃതർ നൽകിയ ശിക്ഷ ഏതു ശിലാഹൃദയത്തെയും ആർദ്രമാക്കുന്ന മട്ടിലുള്ളതായിരുന്നു. എണ്ണയാട്ടുന്ന ചക്കുകുറ്റിക്ക് ചുറ്റും നടക്കുന്ന കാളയെ മുഖത്തണ്ടിൽ നിന്നും അഴിച്ചുമാറ്റി പകരം ഇന്ദുവിനെ കെട്ടി ചുറ്റിക്കുകയായിരുന്നു അവർ. രാവിലെ മുതൽ സന്ധ്യയാകും വരെ ഒരേ വട്ടംചുറ്റൽ!  മരണം കൊണ്ട് മാത്രമേ തനിക്ക് ഈ പീഡനത്തിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ എന്ന് തീരുമാനിച്ച ഇന്ദുഭൂഷൺ ഒരു രാത്രിയിൽ ജയിലറയിലെ ജനലഴികളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. 
 അലിപ്പൂർ ഗൂഢാലോചന കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് കൽക്കത്തയിലെ പ്രസിദ്ധ ബാരിസ്റ്ററും ദേശീയ നേതാക്കളിൽ പ്രമുഖനുമായിരുന്ന ചിത്തരഞ്ജൻ ദാസ് ആയിരുന്നു .(സി .ആർ. ദാസ് )1922 ഗയയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് ഇദ്ദേഹമായിരുന്നു .ഒരു അഭിഭാഷകൻ എന്ന നിലയിൽ ലക്ഷങ്ങൾ മാസം വരുമാനം ഉണ്ടായിരുന്ന ചിത്തരഞ്ജൻ ദാസ് അഭിഭാഷകവൃത്തി ഉപേക്ഷിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1920ൽ ഗാന്ധിജി നയിച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത് .ഒപ്പം കൽക്കത്തയിലെ കൊട്ടാരസദൃശ്യമായ വീടും സ്വത്തും ദേശീയപ്രസ്ഥാനത്തിന് വിട്ടുകൊടുക്കുകയായിരുന്നു. സി ആർ ദാസിനോടുള്ള ആദരവുകാരണം ജനങ്ങൾ അദ്ദേഹത്തെ 'ദേശബന്ധു: എന്ന വിശേഷണം ചേർത്താണ് വിളിച്ചിരുന്നത് .സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കൽക്കത്തയിൽ സ്ഥാപിച്ച തീവണ്ടി എൻജിൻ നിർമ്മാണശാലയ്ക്ക് ചിത്ഥരഞ്ജൻ ലോക്കോ മോട്ടിവ് എന്ന സജ്ഞ നൽകിയത് ഈ ദേശീയ നേതാവിനെ സ്മരണ നിലനിർത്തി കൊണ്ടാണ് അവിടെ നിർമ്മിക്കപ്പെട്ട ആദ്യത്തെ തീവണ്ടി എൻജിൻ ദേശബന്ധു എന്ന പേരിൽ അറിയപ്പെട്ടതും ഈ മഹാന്റെ സേവനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.

Tuesday, October 24, 2023

അന്യം നിന്ന തൊഴിലുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


യന്ത്രങ്ങളുടേയും പുതിയ സംവിധാനങ്ങളുടേയും കടന്നുവരവ് തൊഴിൽ മേഖലയെ മാറ്റിമറിച്ചിരിക്കുന്നു. പുതിയ  കാലഘട്ടത്തിൽ അന്യം നിന്നതോ  സജീവമല്ലാതായതോ ആയ തൊഴിലുകളെ പറ്റി ചില കാര്യങ്ങൾ കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ ഇ. ബുക്കായി  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ, GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.


Monday, October 23, 2023

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും 38. മിത്രമേളൻ /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും 

 38.  മിത്രമേളൻ
           നമ്മുടെ ദേശീയ സമരങ്ങളെ സമാന സ്വഭാവമുള്ള അന്തർ ദേശീയ സമരങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ യുവാക്കളുടെ മനസ്സിൽ സായുധ വിപ്ലവത്തിൻറെ അനിവാര്യതയെപ്പറ്റി ബോധം ഉണ്ടാക്കാൻ നിരന്തരം യത്നിച്ച വ്യക്തിയായിരുന്നു കൃഷ്ണ വർമ്മ .'ഇന്ത്യൻ സോഷ്യോളജിസ്റ്റ്' എന്ന പത്രത്തിൻറെ താളുകൾ അതിനുവേണ്ടിയാണ് കൂടുതലും പ്രയോജനപ്പെടുത്തിയത്.
    ഇന്ത്യൻ യുവാക്കളുടെ മനസ്സ് വിപ്ലവത്തിൻറെ ഉലയിൽ തപ്തമായി നിൽക്കുന്ന കാലഘട്ടത്തിലാണ് മഹാരാഷ്ട്രയിലെ മണ്ണിൽ നിന്നും മറ്റൊരു സാഹസികനായ വിപ്ലവകാരി രൂപപ്പെട്ടുവന്നത്. വിനായക ദാമോദര സവർക്കർ. സഹപ്രവർത്തകനും കൂട്ടുകാരനും ആയി സഹോദരൻ ഗണേഷ് സവർക്കറും. സഹോദരന്മാരും വേറെ രണ്ടു മൂന്നു കൂട്ടുകാരും ചേർന്ന് നാസിക്ക് കേന്ദ്രമാക്കി "മിത്രമേളൻ" എന്നൊരു കൊച്ചു സംഘടനയ്ക്ക് രൂപം കൊടുത്തു. മിത്രമേളൻ എന്ന പദത്തിനർത്ഥം സുഹൃത്തുക്കളുടെ കൂടിച്ചേരൽ എന്നാണ്. ഈ സഹോദരന്മാർ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ജനിച്ചത്.
   സ്വന്തം ഗ്രാമത്തിലെ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം ഫർഗൂസൻ  കോളേജിൽ ഉപരിപഠനത്തിന് ചേർന്നു. പക്ഷേ പഠിത്തം  മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ബംഗാൾ വിഭജന പ്രക്ഷോഭവും സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാൽ കോളേജിൽ നിന്നും കോളേജ് ഹോസ്റ്റലിൽ നിന്നും ബഹിഷ്കൃതനായി. ഈ സംഭവം സവർക്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. തിലകനായിരുന്നു രാഷ്ട്രീയ ഗുരു. ഇന്ത്യയിൽ ഉപരിപഠനത്തിനുള്ള സൗകര്യം നിഷേധിക്കപ്പെട്ടപ്പോൾ തിലകന്റെ സഹായത്തോടെ സവർക്കർക്ക് ലണ്ടനിൽ പഠനം തുടരാൻ സൗകര്യം ലഭിച്ചു. 
   അങ്ങനെ സവർക്കർക്ക് ഇംഗ്ലണ്ടിലെ പ്രമുഖരായ വിപ്ലവ പ്രസ്ഥാനക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ശ്യാംജി കൃഷ്ണവർമ്മയുമായി ബന്ധപ്പെട്ടതും ഈ അവസരത്തിലാണ്. അവിടെ വച്ചാണ് ദാദാഭായ് നവറോജിയുമായി ബന്ധപ്പെടാൻ കഴിഞ്ഞതും. അവരുടെയൊക്കെ അനുഗ്രഹാശ്ശിസ്സുകളോടെമിത്രമേളന്റെ ഒരു ശാഖ ഇംഗ്ലണ്ടിൽ സ്ഥാപിച്ചു .പേര് 'ഫ്രീ ഇന്ത്യ സൊസൈറ്റി'  എന്ന് മാറ്റി.
    അനുജന്റെ അസാന്നിധ്യത്തിൽ ഇന്ത്യയിലെ മിത്രമേളൻ്റെ പ്രവർത്തനം ജ്യേഷ്ഠനായ ഗണേഷ് സവർക്കർ ആണ് നിയന്ത്രിച്ചിരുന്നത്. 
       സുരേന്ദ്രനാഥ് ബാനർജി, രമേശ് ചന്ദ്രദത്ത് എന്നിവരുമായി ഇംഗ്ലണ്ടിൽ വച്ചാണ് സവർക്കർ പരിചയപ്പെട്ടത്. അവർ സവർക്കറെ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചു. എങ്കിലും സവർക്കർ കൂട്ടാക്കിയില്ല. കോൺഗ്രസിന്റെ മതേതര സ്വഭാവത്തെപ്പറ്റി അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി കാണാനാണ് തൻറെ ആഗ്രഹം എന്ന് അസന്നിഗ്ദ്ധമായി സവർക്കർ പ്രഖ്യാപിച്ചു. സവർക്കറുടെ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന വിശ്രുതരായ
 ചില ഇന്ത്യക്കാരിൽ, ഇന്ത്യയിലെ പ്രശസ്ത കവയത്രി സരോജിനി നായിഡുവിന്റെ സഹോദരൻ ബീരേന്ദ്രനാഥ് ചതോപാധ്യായും മാഡംകാമയും അജിത്ത് സിംഗും ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ പ്രവാസികളായി കഴിഞ്ഞിരുന്ന മിക്കവാറും എല്ലാ ഇന്ത്യൻ വിപ്ലവകാരികളും 'ഫ്രീ ഇന്ത്യ സൊസൈറ്റി' യുമായി സജീവബന്ധം പുലർത്തിയിരുന്നു. ഹർദയാൽ, രവിശങ്കർശുക്ല, സിക്കന്തർ ഹയത് ഖാൻ,  ഭായ് പരമാനന്ദ്, ബംഗാളിലെ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ  മകൻ മദൻ ലാൽ ഡിങ്ക്റെഎന്നീ പ്രമുഖർ ഈ വിപ്ലവ സംഘടനയിലെ സജീവ അംഗങ്ങളായിരുന്നു. ഇന്ത്യ ഹൗസ് കേന്ദ്രമായാണ് ഇവർ രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 
     'ഫ്രീ ഇന്ത്യ സൊസൈറ്റി' യുടെ ഉപശാഖ എന്ന നിലയിൽ പ്രവർത്തിച്ച അഭിനവ ഭാരത സൊസൈറ്റി, വിദേശങ്ങളിൽ നിന്ന് ധാരാളം ആയുധങ്ങൾ ശേഖരിക്കുകയും, മുറതെറ്റാതെ  രഹസ്യ മാർഗങ്ങളിലൂടെ അവ ഇന്ത്യയിലേക്ക് കടത്തുകയും ചെയ്തു. ഒപ്പം സവർക്കർ രചിച്ച വിപ്ലവ സാഹിത്യങ്ങളും. ഇതിനായി സമർത്ഥമായ ഒരു ഗൂഢ സംഘവും സമിതിക്കുണ്ടായിരുന്നു. സാഹിത്യങ്ങളിൽ ചിലത് ഗണേഷ് സവർക്കറുടെ മേൽവിലാസത്തിലാണ് അയച്ചുകൊണ്ടിരുന്നത്. മറാഠി ഭാഷയിൽ രചിക്കപ്പെട്ട ഈ വിപ്ലവ സാഹിത്യങ്ങളുടെ കെട്ടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വിശ്വ സാഹിത്യ കൃതികളിൽപ്പെട്ട ഏതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ ലേബൽ ഒട്ടിച്ചാണ് പാഴ്സൽ ആക്കിയിരുന്നത്. രമേഷ് സവർക്കർ ഇവ രഹസ്യമായി അച്ചടിച്ച് വിതരണം നടത്തി. എന്നാൽ ഒരു സന്ദർഭത്തിൽ ഗണേഷ് സവർക്കറുടെ വീട് സെർച്ച് ചെയ്തപ്പോൾ ഈ വിപ്ലവ കവിതകൾ പോലീസ് പിടിച്ചെടുത്തു. സവർക്കറുടെ വിപ്ലവ കവിതാ സമാഹാരമായ 'ലഘു അഭിനവഭാരത് മാല' അടക്കം സവർക്കർ ഇംഗ്ലണ്ടിൽ നിന്ന് അയച്ച കുറെ കത്തുകളും ലേഖനങ്ങളും അതിൽ ഉണ്ടായിരുന്നു . റഷ്യ എങ്ങനെയാണ് വിപ്ലവം സംഘടിപ്പിച്ചത് എന്ന് വിശദീകരിക്കുന്ന ലേഖനമായിരുന്നു അവയിൽ ഒന്ന്. ഇതിൻറെ പേരിൽ ഗണേഷ് സവർക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കോടതി ഗണേഷിനെ ജീവപര്യന്തം തടവിനും നാടുകടത്തലിനും ശിക്ഷിച്ചു.
 കഴ്സൻ പ്രഭു ഇന്ത്യാ വൈസ്രോയി ആയിരുന്നപ്പോൾ അദ്ദേഹത്തിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു കഴ്സൺ വൈലി. 1901ൽ അയാൾ ഇന്ത്യയിലെ സർവീസ് അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചുപോയി. ഇന്ത്യയിൽ വളരെ മോശമായ അഭിപ്രായം ആയിരുന്നു അയാളെപ്പറ്റി. സന്ദർഭം കിട്ടുമ്പോഴൊക്കെ അയാൾ ഇന്ത്യക്കാരെ പറ്റി മോശമായ അഭിപ്രായം പറയുമായിരുന്നു. കഴ്സൻ പ്രഭുവിന്റെ  ക്രൂരമായ നയങ്ങൾക്കു പിന്നിൽ ഈ ഇന്ത്യൻ വിരുദ്ധന്റെ ഉപദേശമുണ്ടായിരുന്നു. ഇതുകാരണം അയാൾ  ഇന്ത്യൻ തീവ്രവാദികളുടെ നോട്ടപ്പുള്ളികളിൽ ഒരാളായി.
 ജോലിയിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ ലണ്ടനിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽനോട്ടക്കാരനായി അയാൾക്ക് ജോലി കിട്ടി. വിദ്യാർത്ഥികളുടെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചു പോലീസിനെ അപ്പപ്പോൾ ഒറ്റുകൊടുക്കുകയായിരുന്നു അയാളുടെ ജോലി. ഈ നിലയിൽ ലണ്ടനിലും വൈലി  ഇന്ത്യൻ യുവാക്കളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടിരുന്നു.   അങ്ങനെയിരിക്കെയാണ് ലണ്ടനിലെ ഇന്ത്യക്കാരുടെ സംഘടനയായ നാഷണൽ ഇന്ത്യൻ അസോസിയേഷൻ അതിൻറെ വാർഷിക പരിപാടി നടത്തിയത്.        1909ൽ  ലണ്ടൻ നഗരത്തിലെ ജഹാംഗീർ ഹാളിൽ ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ പ്രമുഖർ പങ്കെടുത്ത ആ സമ്മേളനത്തിൽ വൈലി മുഖ്യാതിഥി ആയിരുന്നു. ആ യോഗത്തിൽ മറ്റ് ഇന്ത്യൻ യുവാക്ക ളോടൊപ്പം സവർക്കറുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായ മദൻലാൽ ഡിങ്ക്റെയും സന്നിഹിതനായിരുന്നു. അയാൾ ഒന്നു രണ്ടു മണിക്കൂർ നേരത്തെ തന്നെ സ്ഥലം പിടിച്ചിരുന്നു. വൈലിയും ഡിങ്ക്റെയും തമ്മിൽ പൂർവ്വ പരിചയമുണ്ടായിരുന്നു. ഇന്ത്യയിൽ വെച്ച് തന്നെ സൗഹൃദത്തിൽ ആയിരുന്നു. പഞ്ചാബ് കാരനായ മദൻലാലിന്റെ പിതാവ് വഴിയാണ് ഈ സൗഹൃദം തുടങ്ങിയത് ഒരു മെഡിക്കൽ പ്രാക്ടീഷണർ ആയിരുന്ന അച്ഛനും വൈലിയും സുഹൃത്തുക്കളായിരുന്നു. എൻജിനീയറിങ് പഠനത്തിനായി ഡിങ്ക്റെ യെ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറ്റിയപ്പോൾ മകനെ പരിചയപ്പെടുത്തിക്കൊണ്ട് അച്ഛൻ സുഹൃത്തായ വൈലിക്ക് കത്ത് കൊടുക്കുകയും യഥാസമയം കത്ത് കൈമാറുകയും ചെയ്തിരുന്നു .സ്റ്റേജിൽ സംഗീത പരിപാടി കഴിഞ്ഞ് പിന്നെയാണ് മുഖ്യാതിഥിയുടെ  പ്രഭാഷണം. അതിനായി വിശിഷ്ടാതിഥി എഴുന്നേറ്റു്‌ നടന്നു പോകുന്നതിനിടയിൽ ഡിങ്ക്റെ യെ കണ്ടു പരസ്പരം പുഞ്ചിരിക്കുകയും ഉപചാര വാക്കുകൾ കൈമാറുകയും ചെയ്തു. വൈലി  അല്പം  കൂടി മുന്നോട്ടു നീങ്ങി. അപ്പോഴാണ് വെടിയുണ്ട ഏറ്റത്. അഞ്ചു വെടിയുണ്ടകൾ ഒന്നിന് പിറകെ ഒന്നായി വൈലി നിലം പതിച്ചു. 
അപ്പോൾ സദസ്സിൽ നിന്നും ഒരാൾ ഡിങ്ക്റെയെ ലക്ഷ്യം വെച്ചുകൊണ്ട് കുതിച്ചു. ഒരു വെടിയുണ്ട അയാൾക്ക് നേരെയും ചീറിപ്പാഞ്ഞു. അയാൾ ഇന്ത്യക്കാരനായിരുന്നു,  ലാൽക്ക .ഓടി കൂടിയവർ അക്രമിയെ കീഴടക്കി. അതിനുമുമ്പ് സ്വയം വെടിവെച്ചു മരിക്കാൻ  ഡിങ്ക്റെ ഒരു വിഫല ശ്രമം നടത്തി.
          കേസ് കോടതിയിലെത്തി.ഡിങ്ക്റെ കുറ്റം ഏറ്റുപറഞ്ഞു. ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദ്യത്തിന് പറഞ്ഞ മറുപടി ഇതു മാത്രമായിരുന്നു . എനിക്ക് ലാൽക്കയ  വധിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കോടതി ഡിങ്ക്റയെ വധശിക്ഷയ്ക്ക് വിധിച്ചു 1909 ആഗസ്റ്റ് 17ന് ബെന്റോൺ വില്ല ജയിലിൽ ആ വിപ്ലവകാരിയെ തൂക്കിക്കൊന്നു. വൈലിയുടെ വധത്തിനു പിന്നിൽ സവർക്കർ ആയിരുന്നു എന്ന നിഗമനത്തിലായിരുന്നു ലണ്ടൻ പോലീസ്. ഇന്ത്യാഹൗസ് പരിശോധനയ്ക്ക് വിധേയമാക്കി. വിപ്ലവകാരികളുടെ 'ഹിറ്റ് ലിസ്റ്റി' ൽ ഇനി ആരൊക്കെ എന്ന്  കണ്ടുപിടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ ഒന്നും  കണ്ടുകിട്ടിയില്ല. കിട്ടിയത് ശ്യാംജിയുടെ പത്രാധിപത്യത്തിൽ നടത്തിയിരുന്ന ഇന്ത്യൻ സോഷ്യോളജിസ്റ്റിന്റെ ചില ലക്കങ്ങൾ മാത്രം. അവർ വെറും കൈയോടെ തിരിച്ചുവന്നു.
   ഗണേഷ് സവർക്കറെ നിസ്സാരമായ ഒരു കുറ്റത്തിന് ജീവപര്യന്തം നാടുകടത്താൻ വിധിച്ച ജാക്സനെ വക വരുത്താൻ സവർക്കറും കൂട്ടുകാരും തീരുമാനിച്ചു. ജാക്സൺ ആ സന്ദർഭത്തിൽ നാസിക്കിലെ മജിസ്ട്രേറ്റ് ആയിരുന്നു. ജാക്സനെ വധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങി. അപ്പോഴാണ് പാരീസിൽ നിന്നും സവർക്കർ രഹസ്യമായി അയച്ചുകൊടുത്ത കുറേ ഓട്ടോമാറ്റിക് തോക്കുകൾ അവർക്ക് ലഭിച്ചത് .കൃത്യം നടത്താൻ വേണ്ടി ഔറംഗാബാദിലെ ഭാരത് സംഘം എന്ന വിപ്ലവ പ്രസ്ഥാനത്തിൻറെ നെടുംതൂണുകളിൽ ഒരാളായ ആനന്ദ് ലക്ഷ്മൺ കൻഹാരെ അവർ വിളിച്ചുവരുത്തി അദ്ദേഹത്തെ സഹായിക്കാൻ നാസിക് ഹയർ എലിമെൻ്ററി സ്കൂളിൽ അധ്യാപക ജോലിചെയ്യുന്ന ദേശ് പാണ്ഡെ എന്ന വിപ്ലവകാരിയെയും ഏർപ്പാട് ചെയ്തു. മുമ്പ് പ്രയോഗിച്ചു പരിചയമില്ലാത്ത തോക്ക് ആയിരുന്നതിനാൽ പഞ്ചവടി നദീതീരത്തിലെ കാടുകളിൽ രാത്രി മുഴുവൻ രണ്ടുപേരും കൂടി വെടിയുതിർത്ത് പരിശീലനം നേടി. ആയിടക്കാണ് ജാക്സണ് സ്ഥലം മാറ്റം ഉണ്ടായത്. സ്ഥലം മാറിപ്പോകുന്നത് പ്രമാണിച്ച് നാസിക്കിലെ പ്രമാണിമാരും ഉദ്യോഗസ്ഥന്മാരും ചേർന്ന് അദ്ദേഹത്തിന് ഒരു വിരുന്നൊരുക്കി. സൽക്കാരത്തീയതി വിപ്ലവകാരികൾ മുൻകൂട്ടി മനസ്സിലാക്കി. ആഘോഷം സംഘടിപ്പിച്ച ഹാളിലേക്ക് പ്രവേശനം പാസ്സ് മൂലമാണ് നിയന്ത്രിച്ചത്. എന്നിട്ടും കൻഹാരെയ്ക്കും രണ്ട് സഹായികൾക്കുമായി മൂന്ന് പാസ്സ് സംഘടിപ്പിക്കാൻ വിപ്ലവകാരികൾക്ക് കഴിഞ്ഞു. ചടങ്ങ് നടന്നുകൊണ്ടിരിക്കെ വെടിപൊട്ടി. അധ്യക്ഷ വേദിയിൽ ഉപവിഷ്ടനായിരുന്ന ജാക്സൺ ഇരിപ്പിടത്തിൽ നിന്നും മറിഞ്ഞുവീണു. തൽക്ഷണം മരിക്കുകയും ചെയ്തു. സംഭവം സ്ഥലത്തുവച്ച് തന്നെ കൻഹാരയെ പോലീസ് പിടികൂടി. സഹായികളെയും അറസ്റ്റ് ചെയ്തു. സഹായികളുടെ കൂട്ടത്തിൽ പാസ് വാങ്ങി കടന്ന് മൂന്നു പേരെ കൂടാതെ വേറെയും മൂന്നുപേർ ഉണ്ടായിരുന്നു. കൻഹാരെ, ദേശ്പാണ്ഡെ ഗോപാൽ  കാർവെ എന്നിവരെ ബോംബെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മറ്റു മൂന്നു പേരെയും നാടുകടത്തി .1910 ഏപ്രിൽ 19ന് നാസിക് സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കി.
   സവർക്കറാണ് ജാക്സൺ  വധത്തിനുപയോഗിച്ച  തോക്കുകൾ അയച്ചുകൊടുത്തതെന്ന് പോലീസ് പിന്നീട് കണ്ടുപിടിച്ചു. സവർക്കറെ അറസ്റ്റ് ചെയ്യാൻ ബോംബെ പോലീസ് ലണ്ടനിൽ ലണ്ടൻ പോലീസിന് നിർദ്ദേശം നൽകി .നിർദ്ദേശം ലണ്ടനിൽ നിന്നും അതിരഹസ്യമായി പാരീസിലേക്ക് കൈമാറി. ഇക്കാര്യം മനസ്സിലാക്കാതെ സവർക്കർ പാരീസിൽ നിന്നും വീണ്ടും ഇംഗ്ലണ്ടിലേക്ക് തന്നെ അതി രഹസ്യമായി തിരിച്ചുവരികയായിരുന്നു. ചാരന്മാർ മുഖേന സവർക്കറുടെ ചലനം മനസ്സിലാക്കിയ ലണ്ടൻ പോലീസ് അദ്ദേഹം വിക്ടോറിയ ടെർമിനൽസ് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ ഉടനെ അറസ്റ്റ് ചെയ്തുകൊണ്ട് കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വഴിയിൽ മർസിലീസ്സിന് അടുത്ത് വെച്ച് കപ്പലിൽ നിന്നും സമുദ്രച്ചുഴിലേക്കു ചാടി നീന്തി കരപൂകി .കര പറ്റിയാൽ എത്തുന്നത് ഫ്രാൻസിന്റെ മണ്ണിലായിരുന്നു. അന്തർദേശീയ നിയമമനുസരിച്ച് ഫ്രാൻസിന്റെ മണ്ണിൽ വെച്ച് വിദേശ പോലീസിന് അവരുടെ കുറ്റവാളിയാണെങ്കിലും അറസ്റ്റ് ചെയ്യാൻ നിയമം അനുവദിക്കുമായിരുന്നില്ല. എന്നിട്ടും അവിടുത്തെ പോലീസിന്റെ ഒത്താശയോടെയാണ് സവർക്കറെ അറസ്റ്റ് ചെയ്തത്. ഈറൻ വസ്ത്രങ്ങളോടെ അദ്ദേഹത്തെ പിടിച്ചു കെട്ടി വീണ്ടും കപ്പലിൽ എത്തിച്ചു. ഇന്ത്യയിൽ എത്തുവോളവും കോടതിയിൽ കൊണ്ടുവരുവോളവും സവർക്കറുടെ കൈകാലുകളിലും കഴുത്തിലും കൂച്ചുവിലങ്ങിട്ട് ബന്ധിച്ചിരുന്നു. ഇന്ത്യയിൽ എത്തി ബോംബെ കോടതികളിൽ സവർക്കർ വിചാരണ ചെയ്യപ്പെട്ടു. വിവിധ കേസുകളിൽ പ്രതിയായിരുന്നു സവർക്കർ. എല്ലാ കേസുകളിലും ആയി 50 വർഷത്തെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ആന്തമാനിലേക്ക് നാടുകടത്താനും വിധിയുണ്ടായി. സവർക്കറുടെ ചൈതന്യവത്തായ യുവത്വം മുഴുവൻ ആന്തമാനിലെ ജയിലറകൾ കാർന്നു തിന്നു .ആന്തമാനിൽ വേറെയും രാഷ്ട്രീയ തടവുകാർ ഉണ്ടായിരുന്നു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ. പുളിൻ ബിഹാരി ദാസ്, യുഗാന്തർ സമിതിയുടെ ഉപേന്ദ്രനാഥ് ബാനർജി, ആശുതോഷ് ലാഹിരി,  ഹേമേന്ദ്രദാസ് തുടങ്ങിയവർ. വധശിക്ഷക്ക് വിധിക്കപ്പെടുകയും , പിന്നീട് നാടുകടത്തപ്പെടുകയും ചെയ്ത വേറെയും എത്രയോ വിപ്ലവകാരികൾ സവർക്കറോടൊപ്പം മാതൃഭൂമിയുടെ മോചനത്തിനായി വർണ്ണനാതീതമായ യാതനകളും പീഡനങ്ങളും അനുഭവിച്ചുകൊണ്ട്  ആന്തമാനിൽ കഴിഞ്ഞിരുന്നു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി.ജി

Thursday, October 19, 2023

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും./adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 37.  ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
      പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും, ഇരുപതാംശതകത്തിന്റെ ആദ്യ വർഷങ്ങളിലും ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടി മിന്നലുകളായി പ്രത്യക്ഷപ്പെടുകയും കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപടലമായി മേഘങ്ങൾക്കുള്ളിൽ ലയിക്കുകയും ചെയ്ത അതിസാഹസികരായ ഒരുകൂട്ടം വിപ്ലവകാരികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ വർണ്ണോജ്വല കഥാപാത്രങ്ങളാണ് അവർ.
     സ്വദേശി പ്രസ്ഥാനവും വിദേശ വസ്ത്ര ബഹിഷ്കരണവും നിയന്ത്രണാധീതമാവുകയും  ലാത്തികൊണ്ടും, വെടിയുണ്ട കൊണ്ടും ഭരണം അതിനെ ക്രൂരമായി നേരിടുകയും ചെയ്തു തുടങ്ങിയപ്പോൾ,  എഴുതിവെക്കപ്പെട്ട ഒരു ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കേണ്ടവരാണ് തങ്ങൾ എന്ന ധാർമിക ബോധം ബ്രിട്ടീഷുകാർ നിശ്ശേഷം കൈവെടിഞ്ഞു. നേതാക്കളെ പോലും അവർ മർദ്ദിച്ച് അവശരാക്കി. "സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് അതെനിക്ക് ലഭിച്ചേ തീരൂ" എന്ന് ഉറക്കെ പ്രഖ്യാപിച്ച, ദേശീയതയുടെ അനിഷേധ്യ വക്താവായ ബാലഗംഗാധര തിലകന്റെ പേരിൽ കള്ളക്കേസ് ഉണ്ടാക്കി. ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു കൊണ്ട് മാണ്ഡ്ലയിലേക്ക് നാടുകടത്തി. സുരേന്ദ്രനാഥ് ബാനർജിയോട് വെള്ളക്കാരനായ ഒരു മജിസ്ട്രേറ്റ് സ്വന്തം വീട്ടിലെ മുറിക്കുള്ളിൽ വെച്ച് അപമര്യാദയായി പെരുമാറുകയും കോടതിയുടെ പടിവാതിൽ പോലും കാണാൻ അവസരം നൽകാതെ വിചാരണ കൂടാതെ ശിക്ഷിക്കുകയും ചെയ്തു. നിയമം ലംഘിക്കുകയും പൗരാവകാശങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന ഭരണത്തെ പുറത്താക്കാൻ ബലം പ്രയോഗിക്കണം എന്ന് വിശ്വസിക്കുന്നവരായിരുന്നു അതിസാഹസികരായ വിപ്ലവകാരികൾ.
   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിഞ്ഞ പ്രവർത്തന ശൈലിയും ഭീകര പ്രസ്ഥാനക്കാർക്ക് അരോചകമായിത്തീർന്നു. ഇന്ത്യയിൽ അധിവസിക്കുന്ന 30 കോടി ജനങ്ങളുടെ 60 കോടി കൈകളിലും തോക്ക് ഉണ്ടാവണമെന്ന് അവർ വിശ്വസിച്ചു. ശക്തിയെ ശക്തികൊണ്ടുതന്നെ ചെറുത്ത് തോൽപ്പിക്കണം എന്നും അവർ വിശ്വസിച്ചു. ഈ ലക്ഷ്യം വെച്ചുകൊണ്ട് അവർ ആയുധം ശേഖരിക്കാൻ തുടങ്ങി. യുദ്ധമുറ പരിശീലിച്ചു. ഉന്നം തെറ്റാതെ വെടിവെക്കാൻ പഠിച്ചു. ബോംബ് നിർമ്മിച്ചു. യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് വിപ്ലവ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി. പോലീസിന്റെ ശ്രദ്ധ തിരിക്കാനായി അത്തരം പ്രസ്ഥാനങ്ങൾക്ക് ആരോഗ്യകേന്ദ്രമെന്നോ കായിക പരിശീലന കേന്ദ്രമെന്നോ ഭാരതസംഘം എന്നോ കള്ളപ്പേരുകൾ നൽകി. ഇത്തരക്കാരെ സഹായിക്കാൻ വിദേശങ്ങളിൽ പ്രവാസികളായി കഴിഞ്ഞുകൂടുന്ന ഇന്ത്യക്കാരും സമാന സംഘടനകൾ ഉണ്ടാക്കി ഫണ്ടു പിരിച്ചു, ആയുധശേഖരം നടത്തി ഇന്ത്യയിലേക്ക് ആയുധങ്ങൾ അയച്ചു.
   കൊല മരത്തിലേക്ക് തീർത്ഥയാത്ര നടത്തിയ ധാരാളം വിപ്ലവ പ്രസ്ഥാനങ്ങൾ അക്കാലത്ത് ഇന്ത്യയിലും വിദേശങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഇംഗ്ലണ്ടിൽ ഇത്തരമൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖൻ ഗുജറാത്ത്കാരനായ ശ്യാംജി കൃഷ്ണവർമ്മ യായിരുന്നു. ശ്യാംജി ജനിച്ചത് ഗുജറാത്തിലെ കത്തിയവാറിൽ ഒരു നിർധന കുടുംബത്തിൽ. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം . പതിനെട്ടാം വയസ്സിലാണ് സംസ്കൃത പഠനത്തിൽ അത്യന്തം മികവു കാട്ടിയ ഈ യുവാവ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ചേരുന്നത്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ഒരു ഇംഗ്ലീഷ് പ്രൊഫസർ ആണ് ശ്യാംജിയെ കണ്ടെത്തിയത് ശ്യാംജിയുടെ അപാരമായ സംസ്കൃത പാണ്ഡിത്യം കണ്ടറിഞ്ഞ് അദ്ദേഹത്തെ സ്നേഹപൂർവ്വം ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചതായിരുന്നു. അവിടെ സംസ്കൃത ഭാഷാ പഠനത്തിൻറെ തലവനായാണ് ശ്യാംജി കൃഷ്ണവർമ്മയെ കൊണ്ടുപോയത്.
 വിജ്ഞാന ദാഹിയായിരുന്ന കൃഷ്ണ വർമ്മ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ കുട്ടികളെ പഠിപ്പിക്കുന്ന വേളയിൽ തന്നെ സായാഹ്ന ക്ലാസുകളിൽ ചേർന്ന് നിയമം പഠിക്കുകയും നിഷ്പ്രയാസം ' ബാർ അറ്റ്ലോ' എന്നാ ഉന്നത ബിരുദം നേടുകയും ചെയ്തു . ഇതിനിടയിലാണ് ഇംഗ്ലണ്ടിലെ പ്രവാസികളായ ഇന്ത്യക്കാർക്കിടയിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ താല്പര്യമുള്ള ചിലരുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വിപ്ലവ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. കൃഷ്ണവർമ്മ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ബോംബെയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം ജനഗഡ് രാജാവിൻറെ ദിവാനായി.  ഈ പദവിയിലിരിക്കുമ്പോൾ തന്നെ മഹാരാഷ്ട്രയിലെ തീവ്രവാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു . എന്നാൽ വളരെക്കാലം ഇന്ത്യയിൽ കഴിയാനായില്ല മഹാരാഷ്ട്രയിലെ വിപ്ലവ പ്രസ്ഥാനക്കാരെ പോലീസ് അരിച്ചു പെറുക്കി നടന്ന കാലമായിരുന്നു അത് വിപ്ലവകാരി എന്ന നിലയിൽ ഇംഗ്ലണ്ടിൽ ഇതിനകം പ്രഖ്യാപിതനായി കഴിഞ്ഞിരുന്ന തന്നെ പോലീസുകാർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുമെന്ന് മനസ്സിലാക്കിയ കൃഷ്ണവർമ്മ അവരുടെ കണ്ണുവെട്ടിച്ച് വീണ്ടും പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി പോലീസ് തന്നെ പിന്തുടർന്നേക്കുമെന്ന് സംശയമുള്ളതിനാൽ ഇംഗ്ലണ്ടിലും അയാൾ നിന്നില്ല .പാരീസിലേക്ക് കടന്നു. പിന്നീടുള്ള പ്രവർത്തനങ്ങൾ അവിടെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു.  നിരവധി വർഷങ്ങൾ പാരീസ് ആയിരുന്നു ശ്യാംജിയുടെ വിപ്ലവ പ്രവർത്തന കേന്ദ്രം. ബ്രിട്ടീഷ് പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ആയിരുന്നു ശ്യാംജി. അദ്ദേഹത്തിൻറെ നിഴൽ വീഴുന്നിടം നോക്കി നടക്കുകയായിരുന്നു അവർ .
അതുകാരണമാണ് ലണ്ടൻ ഉപേക്ഷിച്ചുകൊണ്ട് ജർമനിയിലേക്ക് കടക്കേണ്ടി വന്നത് എന്നാൽ അവിടെയും ആ വിപ്ലവകാരിക്ക് സ്വൈര്യം ലഭിച്ചിരുന്നില്ല ലണ്ടൻ പോലീസ് മണത്തറിഞ്ഞ് പാരീസിലും ചെന്നു. പിന്നീട് അതി രഹസ്യമായി പോലും ശ്യാംജിക്ക് ഇംഗ്ലണ്ടിലെ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല.  ജർമ്മനിയിലും സ്വസ്ഥത കിട്ടാതായപ്പോൾ ശ്യാംജി ഭാര്യസമേതനായി ജനീവയിലേക്ക് മാറി. ഒന്നാം ലോകയുദ്ധം നടക്കുമ്പോഴാണ് അദ്ദേഹത്തിന് ജർമ്മനി വിടേണ്ടിവന്നത്. ജനീവയിൽ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമായിരുന്നു ശ്യാംജിയുടേത്. തുണയായി ജീവിതസഖി മാത്രം . അപ്പോഴേക്കും അദ്ദേഹം അവശനായിക്കഴിഞ്ഞിരുന്നു .വയസ്സ് 70ലധികം.  ജനീവയിലെ ഒരു വീടിൻറെ മുകളിലത്തെ വാടക മുറിയിലാണ് കഴിഞ്ഞു കൂടിയത്.  ഈ ഏകാന്തവാസം അദ്ദേഹത്തിന് സഹിക്കാമായിരുന്നില്ല. അനാരോഗ്യം കാരണം ഭാര്യയും നിശ്ശേഷം അവശയായിത്തീർന്നു. 1930 മാർച്ച് 30ന് ശ്യാംജി കൃഷ്ണവർമ്മ അന്ത്യശ്വാസം വലിച്ചു സഹതപിക്കാനോ കണ്ണീർ ചൊരിയാനോ സ്വന്തം സഹധർമ്മിണി ഒഴികെ മറ്റാരുമില്ലാത്ത സാഹചര്യത്തിൽ ബഹദൂർഷായുടെ അവസാന നിമിഷം അനുസ്മരിപ്പിക്കും മട്ടിൽ മൃതദേഹം അനാഥ പ്രേതം കണക്കേ രണ്ടുമൂന്നു ദിവസം ശവമെടുപ്പ് കാരെയും കാത്തു കിടക്കേണ്ടി വന്നു . മൂന്നാം ദിവസമാണ് ആരാധകർ ജഡവും അന്വേഷിച്ചെത്തിയത് അവരാണ് ജഡം സംസ്കരിച്ചതും, ഭൗതിക അവശിഷ്ടം എന്ന നിലയിൽ ചിതാഭസ്മം ശേഖരിച്ചതും.   2030 ആം ആണ്ട് വരെ ചിതാഭസ്മം സൂക്ഷിക്കാൻ അവർ തീരുമാനിച്ചു . ആ വർഷം ആകുമ്പോഴേക്കും ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് ഭരണം വരുമെന്നും ഗവൺമെൻറ് ചിതാഭസ്മം അന്വേഷിച്ചു വരുമെന്നും രാജകീയ പ്രൗഢിയോടെ ശ്യാംജിയുടെ പാവനമായ ആ ഭൗതിക അവശിഷ്ടം അന്ന് സംസ്കരിക്കാം എന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് അവർക്കുണ്ടായിരുന്നത്. മരണത്തിനുശേഷം കൂടുതൽ അനാഥയായി തീർന്ന കൃഷ്ണവർമ്മയുടെ ജീവിതസഖി തൻറെ സ്വത്തുക്കൾ മുഴുവൻ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നീക്കിവെച്ചു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി

Wednesday, October 18, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 36. കോൺഗ്രസിലെ പിളർപ്പ് ./Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 36. കോൺഗ്രസിലെ പിളർപ്പ് .
   കോൺഗ്രസ് പ്രസ്ഥാനത്തിൽ മിതവാദി തീവ്രവാദി ഭിന്നത രൂക്ഷമായി. അവർ തീർത്തും എതിർധ്രുവങ്ങളിലായി  നിലയുറപ്പിച്ചു . സ്വദേശി പ്രസ്ഥാനത്തെ പറ്റി പോലും അവർ തമ്മിൽ ആശയ ഐക്യം ഉണ്ടായില്ല. സ്വദേശിവ്രതം മിതവാദികൾ ഇഷ്ടപെട്ടെങ്കിൽ ബഹിഷ്കരണം മിതവാദികൾക്ക് പഥ്യമാവുന്നുണ്ടായിരുന്നില്ല. ചുട്ടുകരിക്കലിനെതിരെ മിതവാദികൾ കടുത്ത അമർഷം കാട്ടിയിരുന്നു. അതൊരു പ്രാകൃതമായ സമരമുറ ആണെന്നായിരുന്നു അവരുടെ വ്യാഖ്യാനം. ഈ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ സംഘടനാ പ്രവർത്തനങ്ങളിലും ചേരിപ്പോര് ശക്തിപ്പെട്ടു. 1906  ൽ കോൺഗ്രസിന്റെ 23ആം സമ്മേളനം സൂറത്തിലാണ് നടന്നത്. ഈ സമ്മേളനത്തിലാണ് മിതവാദികളും തീവ്രവാദികളും തമ്മിൽ രൂക്ഷമായ അഭിപ്രായ അനൈക്യം ഉണ്ടായതും കയ്യാങ്കളിയിലെത്തിയതും തെറ്റിപ്പിരിഞ്ഞതും.  1600 പ്രതിനിധികളാണ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നത് അവരിൽ ബഹുഭൂരിപക്ഷം മിതവാദികൾ ആയിരുന്നു. സ്വദേശി പ്രസ്ഥാനത്തിലെ ചില പ്രവർത്തന ശൈലികൾ മാറ്റണമെന്ന അഭിപ്രായവുമായാണ് അവർ വന്നത്. വിദേശ വസ്ത്ര ബഹിഷ്കരണവും വസ്ത്രം കത്തിക്കലും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇക്കാര്യം യോഗത്തിൽ ചർച്ചയ്ക്ക് വന്നാൽ ശക്തമായി എതിർക്കണം എന്ന ലക്ഷ്യമിട്ടും കൊണ്ടാണ് തീവ്രവാദികൾ വന്നത്. തിലകന്റെ നേതൃത്വത്തിൽ ഒരു ശക്തി പരീക്ഷണത്തിന് ഒരുങ്ങി വന്നവരായിരുന്നു അവർ. തുടക്കം തന്നെ വിവാദത്തിന്  തീ കൊളുത്തപ്പെട്ടു.  യോഗാധ്യക്ഷനെ നിർണയിക്കുന്ന  കാര്യത്തിലായിരുന്നു അഭിപ്രായഭിന്നത. അധ്യക്ഷ സ്ഥാനത്തേക്ക് ലാലാ ലജ്പത് റായ് വേണമെന്ന് തീവ്രവാദികൾ ശഠിച്ചു . റാഷ്ബിഹാരി ഘോഷ് വേണമെന്ന് മിതവാദികളും.  ലജ്പത്റായി വിഭജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം  കഴിഞ്ഞ് പുറത്തുവന്ന സമയമായിരുന്നു അത്. അതുകാരണം അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്ന സമയവുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് ഘോഷിന് പ്രാമുഖ്യം നൽകിയത് തിലകനും സംഘത്തിനും ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയാണ് ഒരു ശക്തി പരീക്ഷണം നടന്നത്. ഇക്കാര്യത്തിൽ ഭൂരിപക്ഷം നിശ്ചയിച്ചുകൊണ്ട് റാഷ്ബിഹാരി ഘോഷിനുതന്നെ അധ്യക്ഷ സ്ഥാനം ലഭിച്ചു. യോഗം നടന്നുകൊണ്ടിരിക്കെ ബഹളം തുടങ്ങി. തിലകൻ യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. മിതവാദികൾ തിലകനെ എതിർത്തു. അവരുടെ ഇടപെടൽ വല്ലാതെ വർദ്ധിച്ചു. തിലകൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. നടന്നില്ല. മിതവാദികൾ സകല മര്യാദകളും മറന്നാണ് തിലകനെ നിശബ്ദനാക്കാൻ ശ്രമിച്ചത്. തീവ്രവാദികളും വിട്ടുകൊടുത്തില്ല. യോഗത്തിൽ കുഴപ്പം മൂർച്ഛിച്ചു. ഇരുഭാഗത്തും പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും നടന്നു. മുതിർന്ന നേതാക്കൾ അണികളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് കയ്യാങ്കളിയിലെത്തിയത്. അതിനിടയിൽ യോഗത്തിൽ നിന്നും ഒരു പ്രതിനിധി കാലിലെ ചെരുപ്പൂരി ആരെയോ ലക്ഷ്യം വച്ചുകൊണ്ട് എറിഞ്ഞു. ഏറ് കൊണ്ടത് ഫിറോസ് മേത്തയ്ക്ക്. അതോടെ രംഗം കൂടുതൽ പ്രക്ഷുബ്ധമായി. തിലകൻ കയ്യേറ്റം ചെയ്യപ്പെട്ടു. തൽസമയത്ത് അദ്ദേഹത്തെ രക്ഷിക്കാൻ എത്തിയത് മിതവാദി നേതാവായ ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു.  ഈ ആക്രമണങ്ങൾ മുതിർന്ന നേതാക്കൾ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അവർക്ക് നിയന്ത്രിക്കാനായില്ല. കടുത്ത പോരാട്ടം തന്നെ നടന്നു. ഒടുവിൽ വെളിയിൽ കാവൽ നിന്ന പോലീസ് ഇടപെട്ടുകൊണ്ടാണ് ബഹളം ശമിച്ചത്.
   പക്ഷേ യോഗം പിന്നെ നടന്നില്ല തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികൾ ഇറങ്ങിപ്പോക്ക് നടത്തി. അച്ചടക്ക ലംഘനത്തിന് തിലകനും മറ്റും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു സമാന്തര പ്രവർത്തനങ്ങളുമായി തിലകൻ രംഗത്ത് തന്നെ നിൽക്കുകയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിലകൻ വീണ്ടും പ്രസ്ഥാനത്തിലേക്ക് തിരിച്ചുവന്നത്.
  നാണക്കേടുണ്ടാക്കിയ ഈ സംഭവം ദേശീയ പ്രബുദ്ധതയുള്ള അന്നത്തെ ആരെയും വ്യാകുലപ്പെടുത്തിയിരുന്നു. ഇരു വിഭാഗത്തെയും രമ്യതയിൽ എത്തിക്കാൻ സമാധാന ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും തൽക്കാലം ഫലമുണ്ടായില്ല. 
  തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി

Sunday, October 15, 2023

35 . ബംഗാൾ വിഭജനവും സ്വദേശി പ്രസ്ഥാനവും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

35 . ബംഗാൾ വിഭജനവും സ്വദേശി പ്രസ്ഥാനവും.
   വളർന്നുവരുന്ന ദേശീയ  പ്രസ്ഥാനം ദുർബലമാക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾ പല തന്ത്രങ്ങൾക്കും രൂപം നൽകി. അവയിൽ സുപ്രധാനമായ ഒന്നായിരുന്നു ബംഗാൾ വിഭജനം. ബ്രിട്ടീഷ് ഭരണത്തിനെതിരായ,  പ്രസ്ഥാനത്തിൻറെ ശക്തികേന്ദ്രമായ ബംഗാളിനെ മുറിക്കുന്നത് ദേശീയ പ്രസ്ഥാനത്തിൻറെ ശക്തി കുറയ്ക്കാൻ സഹായിക്കുമെന്ന് ഭരണാധികാരികൾ കണക്കുകൂട്ടി. അതോടൊപ്പം ഹിന്ദു മുസ്ലിം ഐക്യം ശിഥിലമാക്കാനും ബംഗാൾ വിഭജനം വഴിവെക്കുമെന്നായിരുന്നു അവരുടെ ധാരണ. ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിക്കുമെന്ന് ബ്രിട്ടീഷ് ഗവർണർ ജനറൽ കഴ്സൺ പ്രഭു 1905 ജൂലൈ 19 ന് പ്രഖ്യാപിച്ചു. കിഴക്കൻ ബംഗാളും  ആസ്സാമും ഒരു പ്രവിശ്യ. പടിഞ്ഞാറൻ ബംഗാളും ബീഹാറും ഒറീസ്സയും ചേർന്ന് മറ്റൊരു പ്രവിശ്യ. കിഴക്കൻ ബംഗാൾ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയാകുമെന്നതുകൊണ്ട് വിഭജനം വഴി മുസ്ലീങ്ങളുടെ പിന്തുണ നേടിയെടുക്കുകയായിരുന്നു കഴ്സൺ പ്രഭുവിന്റെ തന്ത്രം. ഇന്ത്യക്കാരെ പുച്ഛത്തോടെ നോക്കി കണ്ട  ഭരണാധികാരിയായിരുന്നു കഴ്സൺ പ്രഭു .1904 ൽ വിഭജന ഉത്തരവ് പ്രഖ്യാപിക്കുന്നതിനും തൊട്ടുമുമ്പത്തെ വർഷം പിടിവാശിക്കാരനും പ്രതികാരമൂർത്തിയുമായ കഴ്സൺ പ്രഭുവിന്റെ ദുർവാശിക്കെതിരേ ബംഗാളിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഒരുങ്ങി നിൽക്കാനും ത്യാഗം ചെയ്യാൻ തയ്യാറെടുക്കാനും സാഹോദര്യവും മതേതരത്വവും മുറുകെപ്പിടിച്ചു നിൽക്കുന്ന ദേശീയ പ്രസ്ഥാനത്തിന് പിന്നിൽ അണിനിരക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.
    ദേശീയ പത്രങ്ങളും സാമൂഹ്യപ്രവർത്തകരും കവികളും കലാകാരന്മാരും ഈ നീക്കത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു. മഹാകവി രവീന്ദ്രനാഥ ടാഗോറിനെ പോലുള്ള ഉന്നതരായ കവികളും ശ്രേഷ്ഠ വ്യക്തികളും കഴ്സൺ പ്രഭുവിന്റെ ഷൈലോക്ക് സംസ്കാരത്തെ നിശിതമായി വിമർശിച്ചു. 
  ബംഗാൾ ദൃഢനിശ്ചയത്തോടെ സമര രംഗത്തിറങ്ങി. പ്രശ്ന ഭൂമിയായ കിഴക്കൻ ബംഗാളിൽ ആയിരുന്നു തുടക്കം .രണ്ടുമാസം കൊണ്ട് 500 ലേറെ പ്രതിഷേധ യോഗങ്ങൾ അവിടെ മാത്രമായി നടന്നു. എല്ലാ മത വിഭാഗക്കാരും ഒറ്റക്കെട്ടായാണ് സമര രംഗത്തിറങ്ങിയത് .മുസ്ലിം ജനവിഭാഗത്തിന് ഗുണം ചെയ്യാനാണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്ന് ചില പ്രമാണിമാരെ വൈസ്രോയി ധരിപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം മുസ്ലീങ്ങളും വെട്ടി മുറിക്കലിന് എതിരായിരുന്നു. ദിവസം കൂടുന്തോറും സമരത്തിന് മുറുക്കം കൂടുകയും വ്യാപ്തി വർധിക്കുകയും ചെയ്തു. 
   സമരത്തിൻറെ ഭാഗം എന്ന നിലയിൽ എല്ലാ വിദേശ വസ്തുക്കളും വർജിക്കുവാൻ നേതാക്കൾ തീരുമാനിച്ചു പകരം സ്വദേശി നിർമ്മിത വസ്തുക്കൾ മാത്രം ഉപയോഗിക്കാനും.   ഒപ്പം വിദേശ വസ്ത്ര ബഹിഷ്കരണവും. സ്വന്തം രാജ്യത്ത് ഉണ്ടാക്കുന്ന ഉപഭോഗ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന തീരുമാനവും ബംഗാൾ വിഭജന പ്രക്ഷോഭത്തിന്റെ ഭാഗമായി സ്വീകരിച്ചു. സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാൻ ദേശീയ നേതാക്കളുടെ ഒരു നിര തന്നെ സജീവമായി രംഗത്തിറങ്ങി ഫിറോസ് ഷാ മേത്ത,  ഗോപാലകൃഷ്ണ ഗോഖലെ,  സുരേന്ദ്രനാഥ് ബാനർജി തുടങ്ങിയവർ. തീവ്രവാദികളും രാഷ്ട്രീയ രംഗത്ത് സജീവമായി. തിലകൻ, അമരാവതിയിലെ ലാഹോറിൽ നിന്നും ലാലാ ലജ്പത്റായി, ബംഗാളിൽ നിന്നും ബിപിൻ ചന്ദ്രപാൽ, അരവിന്ദ ഘോഷ്, ബ്രഹ്മബന്ധു ഉപാധ്യായ എന്നിവർ .
   വിദേശ വസ്തു ബഹിഷ്കരണ പരിപാടിയുടെ ഭാഗമായി സാധാരണക്കാരും പടക്കളത്തിൽ ഇറങ്ങി. സ്ത്രീകൾ പോലും സജീവമായി രംഗത്തെത്തി. വിദ്യാർത്ഥി സമൂഹവും വിദ്യാലയം വിട്ട് പുറത്തിറങ്ങി .വന്ദേമാതര ഗാനവുമായി വഴിനീളെ അവർ പ്രകടനമായി നടന്നു. വിദേശ വസ്ത്രങ്ങൾ ഹോമകുണ്ഡം ഉണ്ടാക്കി നടുറോടുകളിൽ ദഹിപ്പിച്ചു തുടങ്ങി. അവരെ തല്ലി ചതയ്ക്കാൻ പോലീസ് ലാത്തിയുമായി പരക്കം പാഞ്ഞു. ഭ്രാന്തൻ പട്ടികളെ എന്നതുപോലെയാണ് പോലീസ് അവരെ മർദ്ദിച്ചൊതുക്കിയിരുന്നത്. എന്നിട്ടും കൂടുപൊട്ടി പുറത്തിറങ്ങിയ കടന്നലുകളെ പോലെ കെട്ടടങ്ങാത്ത ആവേശവുമായി വിദ്യാർത്ഥി സമൂഹം പാഞ്ഞു നടന്നു. സമരം നിയന്ത്രണം വിട്ടു തുടങ്ങിയപ്പോൾ സൂത്രശാലിയായ പ്രഭു തീരുമാനം മാറ്റിവെക്കുന്നു എന്ന് സമരക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം പ്രശ്നം തൽക്കാലത്തേക്ക് മരവിപ്പിച്ചു .കഴ്സൺ പ്രഭുവിന്റെ മട്ടും മാതിരിയും അറിയാവുന്ന അവർ തൽക്കാലം ഒതുങ്ങി കൂടിയെങ്കിലും മനസ്സിനകത്തെ അഗ്നി കെടാതെ സൂക്ഷിച്ചിരുന്നു. ഇതു മനസ്സിലാക്കാതെ കഴ്സൺ അല്പം ഇടവേളയ്ക്കുശേഷം നല്ലൊരു സന്ദർഭം കിട്ടി എന്ന് തോന്നിയ മൂഢ വിശ്വാസത്തോടെ വിഭജന തീയതി പ്രഖ്യാപിച്ചുകൊണ്ട് വിളംബരം നടത്തി. ഒക്ടോബർ 16 മുതൽ വിഭജനത്തിന് നിയമപ്രാബല്യം നൽകിക്കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം.
   വിളംബരം കേട്ട് ജനങ്ങൾ ഞെട്ടിയില്ല .ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും എന്ന് അറിയാമായിരുന്നു അവർക്ക് .കെടാതെ സൂക്ഷിച്ച തീ വീണ്ടും ഊതി കത്തിച്ചു ശക്തമായ രീതിയിൽ. നാടകീയമായിരുന്നു ഈ തിരിച്ചുവരവ്. അന്നേദിവസം ദുഃഖാചരണ ദിനമായി ആചരിക്കാൻ  ജനങ്ങൾ തീരുമാനിച്ചു .പിറ്റേന്ന് ബംഗാളിന്റെ പ്രഭാതം തുടുത്തത് ഗംഗാതീരത്തിൽ. നദീതീരം മനുഷ്യ മഹാസമുദ്രമായി. അവർ നദിയിലിറങ്ങി സ്നാനം ചെയ്തു.' നിനക്കു ഞാനും എനിക്ക് നീയും' എന്ന അർത്ഥത്തിൽ രക്ഷാബന്ധൻ കെട്ടി. വന്ദേമാതര ഗാനവും മഹാകവി ടാഗോർ എഴുതി ചിട്ടപ്പെടുത്തിയ 'സോണാർ ബംഗ്ല' യെ പറ്റിയുള്ള സ്തുതി ഗീതങ്ങളും ആലപിച്ചു. അതത് മതവിഭാഗത്തിന്റെ ഈശ്വര സങ്കല്പങ്ങൾ മനസ്സിൽ വച്ചുകൊണ്ട് പ്രാർത്ഥന നടത്തി . സന്ധ്യ ചുവക്കുവോളവും ഉണ്ണാവൃതവുമായി നദീതീരത്ത്   ഭജനമിരുന്നു.  അവിഭക്ത ബംഗാളിന് വേണ്ടിയുള്ള സമരം തുടരാൻ പ്രതിജ്ഞയെടുത്തു. അന്ന് വൈകുന്നേരം ലക്ഷം പേർ പങ്കെടുത്ത ഒരു മഹായോഗം കൽക്കത്തയിൽ നടന്നു. സമ്മേളനത്തിൽ നല്ലൊരു വിഭാഗം സ്ത്രീകൾ ആയിരുന്നു. ജനങ്ങൾ അവിടെ വെച്ച് പ്രതിജ്ഞ എടുത്തു. 'ഞങ്ങൾ വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കും ആവശ്യത്തിനല്ലാതെ ആഡംബരത്തിനു വസ്ത്രം വേണ്ട'. 'സ്വദേശി വസ്ത്രങ്ങൾ മാത്രം ധരിക്കും അലങ്കാര വസ്തുവായി പോലും വിദേശ വസ്തുക്കൾ ഉപയോഗിക്കില്ല' 'ഭക്ഷണത്തിന് പരുക്കൻ ധാന്യം മാത്രം'  'ഉപ്പും പഞ്ചസാരയും പോലും വിദേശനിർമ്മിതമെങ്കിൽ കൈകൊണ്ട് സ്പർശിക്കില്ല.' 
തുടർന്ന് നേതാക്കന്മാരുടെ പ്രസംഗങ്ങൾ നടന്നു അഖണ്ഡ ബംഗാളിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു അവരുടേത് .സ്വദേശി പ്രസ്ഥാനത്തെപ്പറ്റിയും വിദേശ വസ്ത്ര ബഹിഷ്കരണത്തെ പറ്റിയും അവർ പരാമർശിച്ചു. സ്വദേശി പ്രസ്ഥാനത്തിൻറെ വിജയത്തിനായി ചർക്കയും കൊണ്ട് നൂൽ നൂൽപ്പ് പഠിപ്പിക്കാനുള്ള ഒരു പരിശീലന പാഠശാല നിർമിക്കാൻ തീരുമാനമെടുത്തു. ഈ ഘട്ടത്തിൽ  കഴ്സൺപ്രഭുവിന് ഇന്ത്യ വിടേണ്ടി വന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു മഹത്തായ രക്ഷപെടൽ ആയിരുന്നു. ഇംഗ്ലണ്ടിൽ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് വന്ന മാറ്റമായിരുന്നു കാരണം. അവിടെ യാഥാസ്ഥിതിക കക്ഷി തെരഞ്ഞെടുപ്പിൽ തോറ്റു. ലേബർ കക്ഷി അധികാരത്തിൽ വന്നു. തുടർന്ന് പ്രഭുവിന് സ്ഥാനം നഷ്ടപ്പെട്ടു പകരം വന്നത് മിന്റൊ.  സ്റ്റേറ്റ് സെക്രട്ടറിയായി മോർലിയും .
  സ്വദേശി പ്രസ്ഥാനം ഇന്ത്യൻ ജനതയുടെ സ്വന്തം ഹൃദയമിടിപ്പ് പോലെയായി. താഴ്ന്ന തട്ടുകളിൽ പോലും പെട്ടെന്നാണ് അതിൻറെ സ്പന്ദനം ഉൾക്കൊണ്ടത്. അതിനു കാരണക്കാർ അതിൻറെ പ്രചാരകർ തന്നെ . അവരുടെ ലളിതമായ പ്രവർത്തന ശൈലിയും പ്രബോധന രീതിയും. ഒരു മുത്തശ്ശിക്കഥ പറയുന്ന ചാരുതയോടെയാണ് നേതാക്കന്മാരും പ്രവർത്തകരും സ്വദേശി പ്രസ്ഥാനത്തെപ്പറ്റി ജനസഹസ്രങ്ങൾക്ക് പറഞ്ഞു കൊടുത്തിരുന്നത്. സ്വദേശി പ്രസ്ഥാനത്തിൻറെ മഹത്വം ജനങ്ങളിൽ ഇറങ്ങിച്ചെല്ലാൻ സമയം വേണ്ടിവന്നില്ല. സാധാരണക്കാരന് പോലും പ്രസ്ഥാനത്തോട് ഒട്ടിച്ചേരാൻ കഴിഞ്ഞു. സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യക്കാരുടെ ദേശീയത സടകുടഞ്ഞ് എഴുന്നേറ്റ ഈ കാലഘട്ടത്തിലായിരുന്നു .ഇന്ത്യയ്ക്ക് ഒരു ദേശീയ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കാൻ ശ്രമം നടന്നത്. ഇന്ത്യയുടെ മഹത്തായ പൈതൃകവും സംസ്കാരവുമായി ബന്ധമില്ലാത്ത ഒരു ബോധന രീതിയാണ് ഇംഗ്ലീഷ് പഠനം മൂലം നമുക്ക് ലഭ്യമായിക്കൊണ്ടിരുന്നത് എന്ന് നേതാക്കൾ ചിന്തിച്ചു തുടങ്ങിയിരുന്നു .ഇംഗ്ലീഷു പഠനം നമ്മുടെ ഇളം തലമുറയെ ആപൽക്കരമാം വിധം വഴിതെറ്റിക്കുന്നു എന്നവർക്ക് തോന്നി. വിദേശീയമായ ഭാഷാ പഠനത്തിലൂടെ ഒരു രാജ്യത്തിനും ദേശസ്നേഹികളായ ഒരു പൗര സഞ്ചയത്തെ വാർത്തെടുക്കാൻ കഴിയില്ല എന്നും അവർക്ക് ബോധ്യപ്പെട്ടു .സ്വന്തം ഭാഷയിൽ ബോധനം നടത്തിയാൽ മാത്രമേ നമുക്ക് ദേശീയമായ ഉയർത്തെഴുന്നേൽപ്പ് സാധ്യമാവുവെന്ന് അവർ ചിന്തിച്ചു. ഈ ചിന്തയുടെ ഫലമായി അക്കാലത്ത് ഉണ്ടായ പുതിയ  പ്രസ്ഥാനമായിരുന്നു ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ബംഗാളിലെ നാഷണൽ കോളേജ് ആണ് ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയതിന്റെ ആദ്യ ഫലം. തുടർന്ന് വേറെയും നിരവധി ദേശീയ സ്ഥാപനങ്ങൾ വളർന്നുവന്നു .കിഴക്കൻ ബംഗാളിൽ മാത്രം 24 ദേശീയ ഹൈസ്കൂൾ സ്ഥാപനങ്ങൾ ഉണ്ടായി, ബോധനം മാതൃഭാഷയിലൂടെ എന്ന മുദ്രാവാക്യവുമായി.        
      പൊതുവേദികളിൽ വസ്ത്രം കത്തിക്കുന്നതും വന്ദേമാതരം ഗാനമാലപിക്കുന്നതും നിയമം മൂലം തടഞ്ഞു. കോളേജുകളിലും മറ്റുമുള്ള വിദ്യാർത്ഥികൾ സ്വദേശി പ്രസ്ഥാനവുമായി രംഗത്തിറങ്ങിയിരുന്ന വേളയിൽ ലാത്തി കൊണ്ടും ബയണറ്റുകൊണ്ടുമാണ് അവരെ ഭരണാധികാരികൾ നേരിട്ടത് . സ്വദേശി പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിക്കപ്പെടുന്ന കോളേജുകൾ അടച്ചുപൂട്ടിക്കാൻ സർക്കാർ പ്രത്യേക നിയമവും ഉണ്ടാക്കി .തെറ്റ് ചെയ്യുന്നത് വിദ്യാർത്ഥികൾ ആണെങ്കിലും ശിക്ഷ സ്ഥാപനങ്ങൾക്ക് ആയിരിക്കുമെന്ന വിധത്തിലാണ് നിയമം വന്നത് .അവർക്ക് ഗവൺമെൻറ് നൽകുന്ന സഹായധനം നിർത്തലാക്കുകയും സ്ഥാപനത്തിലെ അധ്യാപകരടക്കം രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നതായിരുന്നു ഉത്തരവ്. മാത്രമല്ല അത്തരം വിദ്യാലയങ്ങളിലെ അധ്യാപകർ തെറ്റ് ചെയ്യുന്ന കുട്ടികളെ അറസ്റ്റ് ചെയ്തു അടുത്ത പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു കൊടുക്കണമെന്നും വ്യവസ്ഥ വന്നു.
   വന്ദേമാതരം ഗാനം ആലപിക്കുന്ന കൊച്ചു വിദ്യാർഥികളെയും നിയമം വെറുതെ വിട്ടുരിന്നില്ല. ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ശിക്ഷ വിധിച്ചിരുന്നു . ജില്ലാ മജിസ്‌ട്രേറ്റുമാർ വിദ്യാഭ്യാസ  മേലധ്യക്ഷന്മാർക്കും അവർ വഴി വിദ്യാലയ അധികൃതർക്കും അയച്ചുകൊടുത്ത 'വന്ദേമാതര നിരോധന' നിയമത്തിന്റെ ഉത്തരവിപ്രകാരമായിരുന്നു "വന്ദേമാതരം ആലപിക്കുകയോ ഗാനം പകർത്തുകയോ ചെയ്യുന്ന വിദ്യാർഥികൾ ശിക്ഷാർഹരാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് പോലും ഈ നിയമം ബാധകമാണ്."
    സാധാരണ പൗരന്മാർക്കുള്ള ശിക്ഷ, വന്ദേമാതരം ആലപിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുകയോ ഒപ്പം ആലപിക്കുകയോ ചെയ്യുന്നവരും ശ്രോതാക്കളായി പങ്കെടുക്കുന്നവരും ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ഉത്തരവ് തെറ്റി നടക്കുന്നവർ സമൂഹത്തിൽ എത്ര വലിയ മാന്യസ്ഥാനത്ത് ഇരിക്കുന്നവരായാലും മുഖം നോക്കാതെ ശിക്ഷിക്കപ്പെടുമായിരുന്നു. മാന്യന്മാരാണെങ്കിൽ അത്തരക്കാരെ അപമാനിക്കുകയും തേജോ വധം ചെയ്യുന്നതുമായ പ്രാകൃതമായ ശിക്ഷകളാണ് പോലീസ് നൽകിയിരുന്നത്. ഇത്തരം പ്രാകൃത ശിക്ഷകളുടെ മാതൃക പിന്നീട് പോലീസ് സ്റ്റേഷനിലെ ഫയലുകളിൽ നിന്നും തപ്പി പിടിച്ചെടുത്തതനുസരിച്ച്,
ഇപ്രകാരമായിരുന്നു. ഉന്നത സ്ഥാനീയനായ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു കുറ്റവാളി. അദ്ദേഹം ഒരു ദേശീയ വാദിയായിരുന്നു. പോലീസിന്റെ നോട്ടപ്പുള്ളിയും. ഏതോ സമ്മേളനത്തിൽ ശ്രോതാവായി പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു അദ്ദേഹം .വഴിയിൽ പോലീസ് പിടികൂടി. സ്റ്റേഷനിൽ കൊണ്ടുവന്ന് അവർ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച ഊരിയെടുക്കുകയും നഗ്നനാക്കി നിർത്തുകയും ചെയ്തു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ പോലീസ് ഉടുപ്പ് ധരിപ്പിച്ചുകൊണ്ട് അയാളുടെ നഗ്നത മറച്ചു. തൊപ്പി ഇടുവിച്ചു. കയ്യിൽ ലാത്തി പിടിപ്പിച്ചു .തുടർന്ന് വഴിയോരത്തുള്ള കത്തുന്ന പഞ്ചായത്ത് വിളക്കിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി. ഒരു നോക്കുകുത്തിയെപ്പോലെ. രാത്രിയുടെ കാവൽക്കാരനായി മണിക്കൂറുകൾ അതേ നിൽപ്പിൽ. ശിക്ഷ അവസാനിപ്പിച്ചത് അയാൾ മാപ്പ് എഴുതിക്കൊടുത്ത ശേഷം .
      സ്വദേശി പ്രസ്ഥാനങ്ങളിൽ പങ്കെടുത്ത മുതിർന്ന വിദ്യാർത്ഥികളും ഇത്തരം പ്രാകൃതമായ ശിക്ഷയ്ക്ക് വിധേയരാകേണ്ടിവന്നു. വിദ്യാർത്ഥികളെ കാലിക്കൂട്ടം എന്നപോലെ വളഞ്ഞുപിടിച്ചുകൊണ്ട് വാഹനങ്ങളിൽ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. വിജന സ്ഥലത്ത്, കരകടത്തുന്ന കള്ളപ്പൂച്ചകളെ പോലെ തുറന്നു വിട്ടു .നൂറും, നൂറ്റമ്പതും നാഴിക അകലെ പ്രദേശങ്ങളിലോ വനഭൂമികളിലോ .അവരുടെ പക്കലുള്ള അവസാനത്തെ ചില്ലിക്കാശ് പോലും പോലീസുകാർ എടുത്തുകൊണ്ട് പോകും. വഴി തെറ്റിയും ഒരുതുള്ളി ജലം കിട്ടാതെയും അവർ നരകയാതന അനുഭവിച്ചു.
 കൊച്ചുകുട്ടികളോട് മാത്രം പോലീസ് ഇത്തിരി ദാക്ഷിണ്യം കാണിച്ചു. അവർക്ക് പകരം പീഡിപ്പിക്കപ്പെട്ടത് അവരുടെ കുടുംബാംഗങ്ങൾ കുടുംബങ്ങളെ പോലീസ് കുടിയിറക്കി അവരുടെ വീടുകൾ അടച്ചുപൂട്ടി മുദ്രവച്ചു .എപ്പോഴെങ്കിലും തിരിച്ചുവന്ന് പുനരധിവസിക്കാതിരിക്കത്തക്കവണ്ണം വീട്ടിനു മുമ്പിൽ ഗുണ്ടകളെ കാവൽ നിർത്തി. ഇത് ഭയന്ന് പല കുടുംബങ്ങളും 'കൊച്ചു രാജ്യദ്രോഹി' കളെയും കൊണ്ട് രാജ്യം വിട്ടു എന്നാൽ ഇത്തരം മനുഷ്യത്വഹീനമായ മർദ്ദന മുറകൾ കൊണ്ട് കുഴപ്പം വർദ്ധിക്കുകയാണുണ്ടായത് . നാട്ടിൽ ഉടനീളം ഭീകര പ്രവർത്തനം സജീവമായി. നീതിന്യായ സമ്പ്രദായത്തോട് വെറുപ്പ് ഉണ്ടായി. നീതിന്യായം നിഷ്പക്ഷമായി നടത്താൻ ന്യായാധിപന്മാർ പോലും പക്ഷം ചേർന്നാണ് പ്രവർത്തിക്കുന്നത് എന്ന് അവർക്ക് തോന്നി. പ്രത്യേകിച്ചും ബ്രിട്ടീഷുകാരായ ന്യായാധിപർ. തോക്കും വെടിമരുന്നും കൊണ്ട്  അത്തരക്കാരെ നേരിടാൻ ഭീകരവാദികൾ ഒരുങ്ങി. ഇതിനായി തോക്കും വെടിമരുന്നും  ശേഖരിച്ചു. ആയുധം സമാഹരിക്കാൻ അവർ വിദേശങ്ങളിൽ രഹസ്യ സന്ദർശനം നടത്തി ഇന്ത്യയിലും വിദേശങ്ങളിലും അവരെ സഹായിക്കാൻ പുതിയ പുതിയ പ്രസ്ഥാനങ്ങൾ നേതാക്കളുമുണ്ടായി.റാൻഡെ വധം ഇത്തരക്കാരുടെ പ്രവർത്തനങ്ങളുടെ ആദ്യത്തെ ശ്രമമായിരുന്നു എന്നും ഇന്ത്യയിലെ തന്നെ ചില തീവ്രവാദി നേതാക്കൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നും പോലീസ് കണ്ടുപിടിച്ചു.
 തിലകനായിരുന്നു റാൻഡെ വധത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി എന്ന് പോലീസ് സംശയിച്ചു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി.

Thursday, October 12, 2023

സ്കൂൾ ദിനാചരണ പ്രവർത്തനങ്ങൾ മാർഗ്ഗരേഖ : എസ്.സി.ഇ.ആർ.ടി/adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്കൂൾ ദിനാചരണ പ്രവർത്തനങ്ങൾ മാർഗ്ഗരേഖ : എസ്.സി.ഇ.ആർ.ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 
ഈ അദ്ധ്യയന വർഷം സംഘടിപ്പിക്കുന്ന ദിനാചരണ പ്രവർത്തനങ്ങളുടെ മാർഗരേഖ.


 

Tuesday, October 10, 2023

34. മിതവാദികളും തീവ്രവാദികളും. / Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

34. മിതവാദികളും തീവ്രവാദികളും.
       ദേശീയ പ്രസ്ഥാനത്തിൻ്റെ ആരംഭഘട്ടം മുതൽക്കുതന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ ആധുനിക പൗരാവകാശങ്ങളെ പറ്റി തികച്ചും ബോധവാന്മാരായിരുന്നു. മൗലികാവകാശങ്ങൾ അവരുടെ ധർമ്മ ബോധത്തിന് പ്രബലമായ അടിത്തറ പാവുകയും ചെയ്തിരുന്നു .പ്രസംഗം,  എഴുത്ത്, ചിന്ത,  സംഘടന എന്നിവയുടെ കാര്യത്തിലുള്ള മൗലിക സ്വാതന്ത്ര്യം -- അതാണ് ആധുനിക പൗരാവകാശങ്ങൾ. ഈ മൗലിക സ്വാതന്ത്ര്യത്തിന്റെ ഏതെങ്കിലും വശത്ത് ഗവൺമെൻറ് മെല്ലെയൊന്ന് കത്തിവെക്കാൻ തുടങ്ങുമ്പോഴേക്കും നാടാകെ ഉണരുകയായി. പ്രതിഷേധം ഉയരുകയായി. 1878-ൽ  ഇന്ത്യൻ ഭാഷാപത്രങ്ങളുടെ വായ മൂടി കെട്ടാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കിയ നാട്ടുഭാഷാ പ്രസ് ആക്ട് നാട്ടുകാരുടെ സംഘടിതമായ എതിർപ്പിന് വിധേയമായി. ഒടുക്കം ഗതികെട്ട് ആക്ട് പിൻവലിക്കേണ്ടി വന്നു. ഇതുപോലെതന്നെ ഔദ്യോഗിക രഹസ്യ സംരക്ഷണത്തിന്റെ മൂടുപടവും ചാർത്തിക്കൊണ്ട് പത്ര സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കാൻ ഒരുമ്പെട്ട ഔദ്യോഗിക സംരംഭങ്ങളും നാട്ടുകാരുടെ സംഘടിതമായ എതിർപ്പിന് ഇരയായി.
   ഔദ്യോഗിക രഹസ്യ സംരക്ഷണനിയമത്തിന് ഇരയായവരിൽ പ്രഥമഗണനീയനാണ്  ബാലഗംഗാധര തിലകൻ. കോൺഗ്രസിന്റെ നാലാം സമ്മേളനം മുതൽക്ക് തന്നെ ഉയർന്നു കേട്ടുതുടങ്ങിയിരുന്ന തിലകന്റെ തീവ്രവാദസ്വരം ബ്രിട്ടീഷുകാർക്ക് ഒട്ടുംതന്നെ ഹിതമായിരുന്നില്ല. 1897ൽ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെൻ്റിന് എതിരായി ദുഷ്പ്രചരണം നടത്തുന്നു എന്ന കുറ്റം ചുമത്തി തിലകനെ അറസ്റ്റ് ചെയ്തു. അതോടൊപ്പം നിരവധി രാഷ്ട്രീയ നേതാക്കന്മാരും, ദേശഭക്തരായ പത്രാധിപന്മാരും ഇരുമ്പഴിക്കകത്തായി. ഗീതാ രഹസ്യത്തിലൂടെ ഭാരതത്തിൻറെ ആധ്യാത്മിക വീക്ഷണത്തിന് പ്രായോഗികമായ ഭാവം നൽകിയ തിലകൻ, അനീതിയെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ കൂട്ടാക്കാത്ത ഒരു ധീര സേനാനിയായിരുന്നു. നയതന്ത്രപരമായ  സമീപനത്തെക്കാൾ പ്രത്യക്ഷമായ ആക്രമണത്തിലാണ് അദ്ദേഹം ആത്മാവിഷ്കാരത്തിനുള്ള വഴി കണ്ടെത്തിയത്.
    കോൺഗ്രസ് ഉരുത്തിരിഞ്ഞു  വരുമ്പോഴേക്കും മഹാരാഷ്ട്രയിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരുജ്ജ്വല തേജോ ഗോളമായി വിളങ്ങിയ തിലകന് രാജ്യദ്രോഹത്തിന്റെ പേരിൽ 18 മാസത്തെ കഠിനതടവാണ് വിധിക്കപ്പെട്ടത്.
   ഗവൺമെന്റിന്റെ നയ വൈകല്യങ്ങളെ വിമർശിക്കുക എന്ന അടിസ്ഥാനപരമായ പത്രധർമ്മത്തിൽ നിന്ന് വ്യതിചലിച്ച് യാതൊന്നും ആ മഹാനായ ദേശസ്നേഹി ചെയ്തിരുന്നില്ല . 
   പ്രസംഗ സ്വാതന്ത്ര്യത്തിനും , പത്ര സ്വാതന്ത്ര്യത്തിനും,  അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി ഭാരതത്തിലെ ബുദ്ധിജീവികൾ സംഘടിച്ചു. രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി. ഈ കോലാഹലങ്ങൾക്കിടയിൽ ഏറ്റവും അധികം ജനപ്രീതി അർഹിച്ച ബഹുജന പ്രിയനായ നേതാവായി ഉയർന്നു തിലകൻ. ജനങ്ങൾ അദ്ദേഹത്തിന് 'ലോകമാന്യൻ 'എന്ന ബിരുദം നൽകി .
   ഇതേ ഘട്ടത്തിൽ തന്നെ മിതവാദിയും ശാന്തശീലനും ആയ ഗോപാലകൃഷ്ണ ഗോഖലെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നു .1889 ലാണ് തിലകനും ഗോഖലെയും ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തത്.
     അഗ്നിനാളം പോലെ തിളക്കം  പൂണ്ട് നിന്ന തിലകൻ ജനിച്ചത് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരു അധ്യാപകന്റെ മകനായി 1856 ൽ ആണ്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബം ആയിരുന്നു അദ്ദേഹത്തിൻറെ. ആ നിലയിൽ അന്നത്തെ ആചാരമനുസരിച്ച് തിലകൻ ബാല്യം വിടും മുൻപെ വിവാഹിതനായി. എന്നാൽ മുറപ്രകാരം  പഠിപ്പ് തുടർന്നു. സംസ്കൃതത്തിലും കണക്ക് വിഷയങ്ങളിലും വ്യാകരണ ശാസ്ത്രത്തിലും പ്രത്യേക താല്പര്യം ഉള്ളതിനാൽ ആ വിഷയങ്ങൾ ശ്രദ്ധിച്ചു പഠിച്ചു . പിന്നെ ഇംഗ്ലീഷ് രീതിയിലുള്ള വിദ്യാഭ്യാസത്തിന് ചേർന്നു. ബോംബെയിലെ ഫർഗൂസൻ കോളജിലാണ് പഠനം തുടർന്നത്. അവിടെ ബിരുദം എടുത്തതിനുശേഷം നിയമം പഠിച്ചു . വക്കിൽ പണിക്ക് അർഹത നേടി. പക്ഷേ ജോലി സ്വീകരിച്ചില്ല.
 പൊതുരംഗത്ത് ഇറങ്ങുന്നതിലായിരുന്നു താല്പര്യം പത്രപ്രവർത്തനത്തിലും തൽപരനായിരുന്നു . ആ നിലയിൽ പ്രസിദ്ധീകരണം നിർത്തിവച്ചിരുന്ന 'കേസരി' എന്ന പത്രത്തിൻറെ ഉടമസ്ഥാവകാശം പത്രാധിപരിൽ നിന്നും വാങ്ങി . ഒരു ഇംഗ്ലീഷ് പത്രം ആയിരുന്ന മറാഠ യുടെയും. രണ്ടു പത്രങ്ങളും മുറതെറ്റാതെ പ്രസിദ്ധീകരിച്ചു്‌ 'കേസരി' മറാട്ടി ഭാഷയിലായിരുന്നു പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തിൽ അഭിരുചിയുണ്ടായിരുന്ന തിലകന്.  ഉറച്ച ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു. അദ്ദേഹം .കേസരി പത്രത്തിൽ വൈദേശിക ആധിപത്യത്തിനെതിരെ ആവേശമുള്ള ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. അതോടെ കേസരിയുടെ പ്രചാരം പതിന്മടങ്ങ് വർദ്ധിച്ചു. മഹാരാഷ്ട്രയ്ക്ക് അകത്തും പുറത്തും ധാരാളം വായനക്കാർ ഉണ്ടായി. കേസരി മഹാരാഷ്ട്രയുടെ ദേശീയ പത്രമായി. തിലകൻ ജനകീയ നേതാവായി. "സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. മനുഷ്യരുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും. അതു കാത്തുസൂക്ഷിക്കാൻ ദൈവം പോലും നമുക്ക് സഹായം അരുളും. അതിനുമീതെ ആരും കൈ വയ്ക്കരുത് . അങ്ങനെ അമരുന്ന കൈ വെട്ടി മാറ്റണമെങ്കിൽ അതിനും തുനിയണം. അത് ഹിംസ അല്ല .ആണെങ്കിൽ തന്നെ അത് പാപമല്ല. ഞാൻ സങ്കൽപ്പിക്കുന്ന നാട്,  ഈ നാട് (മഹാരാഷ്ട്ര ) മാത്രമല്ല. ഭാരതം എന്ന നാടാണ്. ഇന്ത്യ എന്ന മഹാരാജ്യം. ഈ രാജ്യം വിദേശികൾ തട്ടിപ്പറിച്ചിരിക്കുന്നു. "ഭാരതാംബയുടെ കരചരണങ്ങളിൽ കൂച്ചുവിലങ്ങ് വീണിരിക്കുന്നു. അമ്മയെ മോചിപ്പിക്കേണ്ട കർത്തവ്യവുമായാണ് നാമിപ്പോൾ നിൽക്കുന്നത്. ആ സംരംഭത്തിൽ പതിഞ്ഞു നടത്തമോ അലംഭാവമോ പാടില്ല. കുതിച്ചുയരണം, പോർവിളി നടത്തണം, അട്ടഹസിക്കണം. ഇതായിരുന്നു തിലകന്റെ ശൈലി .
    പൊതുവേ ശാന്തശീലൻ ആയിരുന്നു ഗോപാലകൃഷ്ണ ഗോഖലെ . സ്വന്തം ജീവിത പശ്ചാത്തലമാണ് അദ്ദേഹത്തെ അങ്ങനെ രൂപപ്പെടുത്തിയത്. ജനിച്ചത് ഒരു നിർധന കുടുംബത്തിൽ .തിലകൻ ജനിച്ച അതേ ജില്ലയിൽ. രത്നഗിരിയിലെ കോലാപ്പൂരിൽ. ഭക്ഷണത്തിന് പോലും ഏറെ പ്രയാസം അനുഭവിക്കേണ്ടിവന്ന കുടുംബസാഹചര്യം. വിധവയായ അമ്മയുടെ ഒരിക്കലും വറ്റാത്ത കണ്ണീരുറവ കണ്ടുകൊണ്ടാണ് ഗോഖലെ വളർന്നത്. പഠിക്കാൻ വളരെ താല്പര്യമായിരുന്നു. എങ്കിലും പഠിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണ വാങ്ങാൻ പോലും ഗതിയില്ലാത്തതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസകാലം മുതൽ ഗ്രാമത്തിലെ പഞ്ചായത്ത് വിളക്കിന്റെ ചുവട്ടിൽ തപസ്സനുഷ്ഠിക്കുന്നതുപോലെ ചെന്നിരുന്നുകൊണ്ടാണ് പഠിച്ചത് .
എന്നിട്ടും സ്വപ്രയത്നത്താൽ ഗോഖലെ ബിരുദം എടുത്തു. ഇരുപതാം വയസ്സിൽ അധ്യാപകനായി 22 ആം വയസ്സിൽ ബോംബെ ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. 32 ആം വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നത നേതാവും.  തിലകനും അതേ വർഷത്തിലാണ് കോൺഗ്രസ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത് 
    പൊതുജീവിതത്തിലേക്ക് കടന്നു വരാനുള്ള ഗോഖലെയുടെ പ്രചോദനം മഹാദേവ ഗോവിന്ദറാനഡെയായിരുന്നു. ഗോഖലയെ കോൺഗ്രസ് പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയതും റാനഡെ.  ഈ സമയത്ത് ഗോഖലെ പൂനയിലെ ഫർഗൂസൻ കോളേജിൽ ചരിത്രവിഭാഗം പ്രൊഫസർ ആയി ജോലി നോക്കുകയായിരുന്നു. റാനഡെ നടത്തിയ ഡെക്കാൻ എഡ്യൂക്കേഷണൽ സൊസൈറ്റിയിലും സാർവ്വജനിക് സഭയിലും ഗോഖലെയും അംഗമായിരുന്നു. അതുവഴിയാണ് തൻറെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ച റാനഡെയുമായി അടുത്ത സമ്പർക്കം ഉണ്ടായത് .കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് ഗോഖലയെ കൈപിടിച്ച് ആനയിച്ചതും റാനഡെ ആയിരുന്നു .സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലും വിദ്യാഭ്യാസ ചിന്തകൻ എന്ന നിലയിലും ചരിത്രകാരൻ, നിയമജ്ഞൻ എന്നീ നിലകളിലും സമാദരണീയനായിരുന്നു റാനഡേ. 
    ഗോപാലകൃഷ്ണ ഗോഖലെയും തിലകനെയും പോലെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയുടെ വരിഷ്ട സന്തതിയായിരുന്നു അദ്ദേഹവും.  പൂനയിലെ സാർവജനിക് സഭയിലും മൂന്നുപേരും ഒന്നായി പ്രവർത്തിച്ചിരുന്നു .1905ൽ ഗോഖലെ 'സർവെൻസ് ഓഫ് ഇന്ത്യ സൊസൈറ്റി'  എന്ന ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തിരുന്നു. ജീവിതകാലം മുഴുവൻ അശരണരെ സഹായിക്കാനുള്ള പ്രവർത്തന ശൈലി സ്വീകരിക്കുമെന്ന് പ്രതിജ്ഞ എടുത്തവർക്കു മാത്രമുള്ളതായിരുന്നു ഈ പ്രസ്ഥാനം. അതിലെ അംഗങ്ങൾ സ്വന്തം പേരിലോ ബന്ധുക്കളുടെ പേരിലോ ധനം സമ്പാദിക്കരുതെന്ന് കർശന നിയമം പാലിക്കേണ്ടതുണ്ടായിരുന്നു. ഹിന്ദുക്കൾക്കിടയിലുള്ള ഉച്ചനീചത്വവും ജാതിമത പരിഗണനയും, അധ:കൃത വർഗ്ഗ മർദ്ദനവും എതിർത്തു കൊണ്ടുള്ള ഈ പ്രസ്ഥാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയ ഒരു മഹാപ്രസ്ഥാനമായി വളർന്നു.  ഗോഖലയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു ദക്ഷിണാഫ്രിക്കയിൽ കറുത്ത വംശജരുടെ മോചനത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന ഗാന്ധിജി ദേശീയ നേതൃത്വം ഏറ്റെടുക്കാൻ 1915 ൽ ഇന്ത്യയിൽ വന്നത്. ഗോഖലെ റാനഡയെ വിശേഷിപ്പിച്ചിരുന്നത് പോലെ,  ഗാന്ധിജി ഗോഖലെയെ എൻ്റെ രാഷ്ട്രീയ ഗുരു എന്നാണ് പ്രകീർത്തിച്ചത് . 
   ബ്രിട്ടീഷ് ഭരണത്തിന്റെ ദുഷ് ചെയ്തികൾ യുവജനങ്ങളിൽ പ്രതിഷേധവും രോഷവും വളർത്തി .ഇന്ത്യക്കാരെ ദ്രോഹിക്കുന്ന ബ്രിട്ടീഷുകാരെ കായികമായി വക വരുത്താൻ പോലും അവരിൽ ചിലർ തയ്യാറായി. പൂനയിൽ 1897 ജൂൺ 22ന് രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ കൊലചെയ്യപ്പെട്ടത് ഇന്ത്യൻ യുവാക്കളുടെ മാറുന്ന സമര ശൈലിക്ക് തെളിവായിരുന്നു.
       സായിപ്പന്മാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന പൂനെയിലെ ഒരു നിശാഭോജനശാലയിൽ നിന്ന് അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം സ്വവസതികളിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഉന്നതരായ രണ്ട് ഉദ്യോഗസ്ഥന്മാരെ അജ്ഞാതരായ ചിലർ വെടിവെച്ചുകൊന്നു .1897 ജൂൺ 22നായിരുന്നു സംഭവം. 
 മരിച്ചത് അട്ടാവ ജില്ലയിലെ അസിസ്റ്റൻറ് കളക്ടർ റാൻഡെയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ ലഫ്: അയേഴ്സ്റ്റും ആയിരുന്നു. കൊലപാതകത്തെപ്പറ്റി അന്വേഷിച്ച ഉദ്യോഗസ്ഥന്മാർക്ക് ഘാതകരെ പിന്നീട് തിരിച്ചറിയാൻ കഴിഞ്ഞു. രണ്ട് ബ്രാഹ്മണ യുവാക്കൾ. സഹോദരന്മാർ. ബാലകൃഷ്ണഹരി ചപേത്കറും,  ദാമോദരഹരി ചപേത്കറും. 
ഒരേ അമ്മയുടെ മക്കൾ.
      ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം സംഘടിപ്പിക്കപ്പെട്ട പ്രത്യേക വിരുന്നിൽ പങ്കെടുത്തു വരികയായിരുന്നു ആ ഉദ്യോഗസ്ഥർ . ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ വജ്ര ജൂബിലി പ്രമാണിച്ച് ഇന്ത്യാ ഗവൺമെൻറ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്.
   ഒരു പൂർവ്വ വൈരാഗ്യം തീർക്കാനുള്ള നടപടിയായിരുന്നു ഈ കൊലപാതകങ്ങൾ .ആ വർഷം പൂന മുമ്പൊരിക്കലുമില്ലാത്ത വിധം പ്ലേഗിന്റെ പിടിയിൽ അമർന്നിരുന്നു. തൊട്ടുമുമ്പത്തെ വർഷം പതിനായിരങ്ങളെ കൊന്നുമുടിച്ച ക്ഷാമത്തേത്തുടർന്നായിരുന്നു ഈ മഹാമാരി വീണ്ടും മൃത്യുവിന്റെ ഭീകരവേഷം പൂണ്ട് പ്രത്യക്ഷമായത്. ചക്രവർത്തിനിയുടെ ജൂബിലി ആഘോഷച്ചടങ്ങിന്റെ അരങ്ങൊരുക്കുന്നതിനിടയിൽ സർക്കാരിന് ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ താല്പര്യമുണ്ടായില്ല രോഗ നിയന്ത്രണ നടപടികളിൽ ക്രൂരമായ അനാസ്ഥ കാട്ടി. ആയിരങ്ങൾ ചത്തൊടുങ്ങിയിട്ടും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതേയില്ല. തിലകനും സന്നദ്ധസംഘവും ആണ്ടുൽസവമായ മേളകൾ ഒഴിവാക്കി കൊണ്ടാണ് രംഗത്തിറങ്ങിയത്. സർക്കാരിൻറെ അനാസ്ഥയെ പറ്റി അവർ ബഹുജന പ്രക്ഷോഭം ആരംഭിച്ചു. അപ്പോൾ മാത്രമാണ് സർക്കാർ ഉണർന്നത് . രോഗ നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കാൻ ഒടുവിൽ ഉദ്യോഗസ്ഥന്മാർ നിയമിതരായി. ജില്ലയിലെ മജിസ്ട്രേറ്റ് ആയ റാൻഡെയെ കമ്മീഷണറായി നിയമിച്ചു അയാളുടെ സഹായിയായി അയേഴ്റ്റിനെയും . അവരും ക്രൂരമായ അനാസ്ഥ കാട്ടി. രോഗ നിയന്ത്രണത്തിന്റെ ഉത്തരവാദിത്വം പട്ടാളത്തെ ഏൽപ്പിച്ചു .മുഷ്കന്മാരായ പട്ടാളക്കാർ യുദ്ധ മുന്നണിയിലെ ശത്രുക്കളോട് പെരുമാറുന്ന മട്ടിലാണ് പ്രവർത്തിച്ചത്. അവർ പ്ലേഗിനേക്കാൾ അപകടകാരികളായി മാറി. രോഗം ഭയന്ന് ഗ്രാമങ്ങളിൽ നിന്നും ഓടിപ്പോകുന്ന ഗ്രാമീണരെ അവർ വേട്ടയാടി പിടിച്ചു കൊണ്ടുവന്ന് വീടുകളിൽ അടച്ചുപൂട്ടിയിട്ടു. രോഗം പടരുന്നത് തടയുന്നതിനുള്ള മുന്നൊരുക്കമായാണ് അവരത് ചെയ്തത് എന്നായിരുന്നു ന്യായീകരണം .രോഗം പിടിപെട്ട് മരണവുമായി ഏറ്റുമുട്ടിയ അത്യാസന്നക്കാരെ ശവം കണക്കെ ലോറികളിൽ കയറ്റി അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. വീട്ടിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകളെ പട്ടാളം മാനഭംഗപ്പെടുത്തി. രോഗപരിശോധനയ്ക്കെന്നും പറഞ്ഞ് സ്ത്രീകളെ വീടുകളിൽ നിന്നും ബലമായി ഇറക്കി കൊണ്ടുവന്ന് പൊതുസ്ഥലങ്ങളിൽ വെച്ച് നഗ്നരാക്കി ക്യാമ്പിലേക്ക് നടത്തിക്കൊണ്ടു പോവുകയും ചെയ്തു. മരണം മൂലവും ഒഴിച്ചുപോകൽ മൂലവും ഒഴിഞ്ഞു കിടന്ന വീടുകൾ എലികളുടെ വംശനാശത്തിന്റെ പേരിൽ അഗ്നിക്കിരയാക്കി . റാൻഡെയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇതൊക്കെ ചെയ്തത്. പ്ലേഗ് ശുസ്രൂഷാരംഗത്ത് അഹോരാത്രം സേവനമനുഷ്ഠിച്ച ചപേത്കർ സഹോദരന്മാർ ഇത്തരം ക്രൂരതകൾക്ക് ദൃക്സാക്ഷികളായി. തരം കിട്ടിയാൽ റാൻഡെയെ വധിക്കുവാൻ അവർ പരിപാടിയിട്ടു. അങ്ങനെയാണ് അവർക്ക് പറ്റിയ സന്ദർഭം കരഗതമായത്. എന്നാൽ അയേഴ്സ്റ്റിനെ അവർക്ക് കൊല്ലണമെന്നുണ്ടായിരുന്നില്ല . അബദ്ധത്തിൽ ചെയ്തു പോയതാണെന്ന് ദാമോദരചപേത്കർ ജയിലിൽ നിന്ന് തയ്യാറാക്കിയ ഡയറിക്കുറിപ്പിൽ എഴുതി വച്ചിരുന്നു. ഈ രണ്ട് സഹോദരന്മാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
   വേറെ രണ്ട് കൊലപാതകങ്ങൾ കൂടി ജൂബിലി സംഭവവുമായി ബന്ധപ്പെട്ട് നടന്നു . ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഒരു ഗണേഷ് ശങ്കർ ദ്രാവിഡിനെ! ചപേത്കർ സഹോദരന്മാരെ പിടിച്ചു കൊടുക്കാമെന്ന വാഗ്ദാനത്തിൽ ജയിൽ അധികൃതർ അയാളെ പരോളിൽ വിട്ടതായിരുന്നു. പിടിച്ചു കൊടുക്കുന്നവർക്ക് ഗവൺമെൻറ് പ്രഖ്യാപിച്ച പതിനായിരം രൂപ നേടാനുള്ള മോഹമായിരുന്നു അയാൾക്ക്. ഈ കരാർ അനുസരിച്ച് ഗണേഷ് ശങ്കർ ജയിൽ വിട്ടു പുറത്തിറങ്ങി. പൂനയിലെ വിപ്ലവപ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദ്രാവിഡിന് അവരുടെ ഒളി സങ്കേതങ്ങൾ കണ്ടുപിടിക്കാൻ പ്രയാസമുണ്ടായില്ല. അയാൾ പോലീസിനു വേണ്ടി ചാരപ്പണി നടത്തി. അതുവഴി ദാമോദർ ചപേത്ക്കറിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചു .ബാലകൃഷ്ണ ചപേത്ക്കറിനെ പിടികിട്ടിയതുമില്ല . പകുതി സംഖ്യക്ക് മാത്രം അർഹനായ അദ്ദേഹം മറ്റേ പകുതിക്ക് വേണ്ടി രണ്ടാമനെ പിടിക്കാൻ ശ്രമം തുടർന്നു. എന്നാൽ ആ ശ്രമം ഫലപ്രാപ്തിയിൽ എത്തിക്കാൻ അയാൾക്ക് കഴിഞ്ഞില്ല .അതിനുമുമ്പ് ചാരൻ വെടിയേറ്റ് മരിച്ചു. കൊന്നത് ചപേത്കർ സഹോദരന്മാരിൽ മൂന്നാമനായ വാസുദേവചപേത്കർ ആയിരുന്നു .അയാളെ പോലീസ് കെണിവെച്ച് പിടിച്ചു . ഒപ്പും അയാളുടെ കൂട്ടുകാരൻ ആയിരുന്ന മഹാദേവറാനഡെ എന്ന മറ്റൊരു സാഹസികനെയും. പിന്നീട് അവരെയും തൂക്കിക്കൊന്നു.
 കൊല മരത്തിലേക്ക് നടക്കുമ്പോഴും പതറാത്ത ധീരന്മാരായിരുന്നു സഹോദരന്മാർ . അവരുടെ അന്ത്യനാളുകളെക്കുറിച്ച് അന്നത്തെ ജയിൽ സൂപ്രണ്ട് അദ്ദേഹത്തിൻറെ ഡയറിയിൽ കുറിക്കുന്നുണ്ട് .'പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു അവർ തൂക്കുമരത്തിനടുത്തേക്ക് നടന്നു ചെന്നത്'. ജയിൽ സൂപ്രണ്ട് അനുസ്മരിക്കുന്നു . തൂക്കിലേറ്റുന്നതിന് മുമ്പ് ഒരു ജയിൽ ഉദ്യോഗസ്ഥനും ദാമോദർ  ചപേത്കറും തമ്മിൽ നടന്ന സംഭാഷണവും ജയിൽ സൂപ്രണ്ട് ഉദ്ധരിക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ ദാമോദറിനോട് ചോദിച്ചു. 'ഇപ്പോൾ എന്ത് തോന്നുന്നു ദാമോദർ?  'എന്ത് തോന്നാൻ മരണം പലർക്കും പലവിധത്തിൽ.റാൻഡെ വെടിയേറ്റ് മരിച്ചു. ചിലർ കുതിരപ്പുറത്ത് നിന്ന് തെറിച്ചു വീണു മരിക്കുന്നു. മട്ടുപ്പാവുകളിൽ നിന്നു കാൽതെറ്റി വീണു ചിലർ മരിക്കുന്നു. രോഗം കൊണ്ടു മരിക്കുന്നു മറ്റു പലരും. ഞാനും എൻറെ സഹോദരന്മാരും കൊലക്കയറിൽ കുരുങ്ങി മരണം വരിക്കുന്നു അത്രതന്നെ.' ദാമോദർ മറുപടി നൽകി. 
     സഹോദരന്മാരുടെ ധീരമായ ജീവത്യാഗം നമ്മുടെ സ്വാതന്ത്ര്യ സമര കഥയിലെ അപൂർവമായ സംഭവങ്ങളിൽ ഒന്നാണ്. മൂന്നു മക്കളുടെ ജീവത്യാഗത്തിൽ മനംനൊന്തു കഴിഞ്ഞ അവരുടെ ശ്രേഷ്ഠയായ മാതാവിനെ സമാശ്വസിപ്പിക്കാൻ വിവേകാനന്ദൻറെ ആത്മീയ ശിഷ്യയായിരുന്ന നിവേദിത അവരെ സന്ദർശിച്ചിരുന്നു. ദുഃഖിതയായ മാതാവിനെ ആശ്വസിപ്പിക്കാൻ വാക്കില്ലാതെ അവർ നിന്നപ്പോൾ ആ വീര മാതാവ് നിവേദിതയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ഇതിനേക്കാൾ ധന്യമായ അന്ത്യം വേറെ എന്തുണ്ട് പ്രതീക്ഷിക്കാൻ?  അവരുടെ മാതാവാകാൻ ഭാഗ്യം സിദ്ധിച്ചത് മൂലം ധന്യയായ എന്നെക്കാൾ ഭാഗ്യവതിയായ ഒരു സ്ത്രീ ഈ ഭൂമിയിൽ വേറെ ആരുണ്ട്?"
    റാൻഡേ വധത്തിന് പിന്നിൽ ബാലഗംഗാധര തിലകൻ ആണെന്ന് പോലീസ് കരുതി ചപേത്കർ സഹോദരന്മാരുടെ ആത്മത്യാഗം ജനങ്ങളിൽ പുതിയ ഉണർവ് ഉണ്ടാക്കി. തിലകനെ പോലീസ് അറസ്റ്റ് ചെയ്തു. 18 മാസത്തെ കഠിനതടവിന് ജയിലിലേക്ക് അയച്ചു. ജയിലിൽ തിലകനോട് വളരെ മൃഗീയമായാണ് പോലീസ് പെരുമാറിയത്. തിലകന്റെ മഹത്വം അറിയാവുന്ന ചില യൂറോപ്യൻ പണ്ഡിതന്മാർ ഈ വിവരം അറിഞ്ഞ് ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി. അവരുടെ സമ്മർദ്ദം മൂലം കാലാവധി തീരും മുമ്പ് തിലകൻ മോചിതനായി പുറത്തുവന്നു.
     ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പതിമൂന്നാം വർഷാന്ത സമ്മേളനം ഈ കാലയളവിൽ ആണ് അമരാവതിയിൽ നടന്നത്. അധ്യക്ഷൻ സർ. സി. ശങ്കരൻ നായർ ആയിരുന്നു. കോൺഗ്രസിന്റെ അധ്യക്ഷന്മാരിൽ ഒരേയൊരു മലയാളിയായിരുന്നു ശങ്കരൻ നായർ. അദ്ദേഹം അന്ന് മദ്രാസ് സംസ്ഥാന കോൺഗ്രസിന്റെ പ്രസിഡൻറ് ആയിരുന്നു.
 റാൻഡെ വധവുമായി ബന്ധപ്പെട്ടു കൊണ്ട് തിലകനെ ജൂലൈ 21 ന് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതിൽ അമരാവതി  കോൺഗ്രസ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളോടും ഇന്ത്യക്കാരോടും ബ്രിട്ടീഷ് ഭരണം ഇത്തരം കടുത്ത നടപടികൾ തുടർന്നാൽ ഇവിടെ വീണ്ടും ഒരു സായുധവിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് കാലതാമസം ഉണ്ടാവുകയില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരെ കുരുതി കൊടുക്കേണ്ടി വരുന്ന ഇത്തരം തീവ്ര പ്രവർത്തനങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്,  കോൺഗ്രസ് ഭരണഘടനാ മാർഗത്തിലൂടെയുള്ള പ്രവർത്തന ശൈലി കൈവിടാതിരിക്കുന്നത് എന്ന് ഗവൺമെന്റിന് താക്കീത് നൽകി,
 അധ്യക്ഷൻ ശങ്കരൻ നായർ പറഞ്ഞു.
    "തിലകന്റെ പേരിൽ കേസെടുക്കും മുമ്പേ റാൻഡെ വധം പോലുള്ള സംഭവം എങ്ങനെയുണ്ടാവുന്നു എന്ന് , എന്തുകൊണ്ടാണ് ഭരിക്കുന്നവർ അന്വേഷിക്കാതിരുന്നത്? ഇന്ത്യക്കാരായ സകലരുടെയും മനസ്സിൽ ഈ ചോദ്യമുണ്ട് .ചരിത്രം പഠിക്കുന്ന ഭാവി. തലമുറയും ഇത് ചോദിക്കും. രാജ്യത്തിൻറെ ജീവൽപ്രശ്നങ്ങൾ പലതും ഗവൺമെൻറ് ശ്രദ്ധിക്കാതിരിക്കുന്നു. അതിനു നേരെ കണ്ണും കാതും അടച്ചുപിടിക്കുന്നു. ഈ നിഷേധ ഭാവം ഒരളവോളം  കുത്തിയിരിക്കുന്നത്" 
 ശങ്കരൻ നായരുടെ ഈ ശൈലി ഗവൺമെന്റിനെ ഞെട്ടിപ്പിച്ചു. അവർ ഉടൻ ഒരു നിയമം കൊണ്ടുവന്നു 'വാക്കാലോ,  പ്രവർത്തിയാലോ,  സാന്നിധ്യം കൊണ്ടോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക യോഗങ്ങളിലോ കൺവെൻഷനുകളിലോ ഗവൺമെന്റ് ജോലിക്കാർ പങ്കെടുക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് കുറ്റകരമാകും.' അമരാവതിയിലെ ആ യോഗം മുതൽക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് സർക്കാരിന് അനഭിമതമായി തീർന്നത്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

Sunday, October 8, 2023

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്/adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

അധ്യാപകക്കൂട്ടം ഗ്രൂപ്പുകളിൽ പങ്കിടുന്ന പ്രതിദിന ക്വിസിന്റെ ആദ്യ 25 ദിനങ്ങളിലെ
ചോദ്യവും ഉത്തരങ്ങളും.

DAY  1

1) ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ എന്റെ വടക്കുഭാഗം കർണാടകവും  പടിഞ്ഞാറ് ഭാഗo അറബിക്കടലുമാണ്.
 ഉത്തരം  : കേരളം 

2) കേരളത്തിലെത്ര ജില്ലകൾ
 ഉത്തരം :  14 

3) കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല
 ഉത്തരം,:  തിരുവനന്തപുരം 

4) കേരളത്തിന്റെ വടക്കേ ജില്ല
 ഉത്തരം  :കാസർഗോഡ്

5) രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരേ ഒരു ജില്ല 
 ഉത്തരം  : വയനാട് ( തമിഴ്നാടും കർണാടകവും  )*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  2

6) കേരളത്തിലെ ഏറ്റവും വലിയ ജില്ല 
 ഉത്തരം  : ഇടുക്കി 

7) ഏറ്റവും ചെറിയ ജില്ല 
 ഉത്തരം :  ആലപ്പുഴ 

8) സംസ്ഥാനത്ത്  തീവണ്ടി പാത ഇല്ലാത്ത രണ്ടു ജില്ലകൾ 
 ഉത്തരം,: ഇടുക്കി, വയനാട് 

9)പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം  : തിരുവനന്തപുരം

10) ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
 ഉത്തരം : പത്തനംതിട്ട 

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  3

11) കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം  : വയനാട് 

12)പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം :  തൃശ്ശൂർ

13) പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം   
 ഉത്തരം : കുട്ടനാട് (ആലപ്പുഴ)

14) തെയ്യങ്ങളുടെ നാട്  എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം  : കണ്ണൂർ 

15) സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം : ഇടുക്കി

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  4

16) അക്ഷരനഗരം അഥവാ അക്ഷരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്  
 ഉത്തരം  : കോട്ടയo

17) ആരാധനാലയങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്
 ഉത്തരം : പത്തനംതിട്ട

18) കിഴക്കിന്റെ വെനീസ്  
 ഉത്തരം : ആലപ്പുഴ

19) അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്  
 ഉത്തരം  : കൊച്ചി ( എറണാകുളം )

20) ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
 ഉത്തരം : മറയൂർ ( ഇടുക്കി )

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  5

21) കേരളത്തിന്റെ ഔദ്യോഗിക ഫലം    
 ഉത്തരം  : ചക്ക 

22) ഔദ്യോഗിക പാനീയം  
 ഉത്തരം : ഇളനീർ   

23) ഔദ്യോഗിക മൃഗം  ( സംസ്ഥാന മൃഗം  )   
 ഉത്തരം : ആന

24) ഔദ്യോഗിക പക്ഷി ( സംസ്ഥാന പക്ഷി  )  
 ഉത്തരം  : മലമുഴക്കി വേഴാമ്പൽ / മരവിത്തലച്ചി  

25) സംസ്ഥാന ചിത്രശലഭം  
 ഉത്തരം : ബുദ്ധമയൂരി 

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  6

26) സംസ്ഥാന മത്സ്യം     
 ഉത്തരം  : കരിമീൻ  

27) സംസ്ഥാന വൃക്ഷം   
 ഉത്തരം : തെങ്ങ്   

28) സംസ്ഥാന പുഷ്പം 
 ഉത്തരം : കണിക്കൊന്ന  

29) കേരളത്തിന്റെ ഔദ്യോഗിക ഭാഷ 
 ഉത്തരം  : മലയാളം 

30) കേരള സംസ്ഥാനo നിലവിൽ വന്നത്   
 ഉത്തരം : 1956  നവംബർ 1  

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  7

31) 'അക്ഷയ പദ്ധതി'ക്ക് തുടക്കം കുറിച്ച ജില്ല   
 ഉത്തരം  : മലപ്പുറം 

32) സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല 
 ഉത്തരം : എറണാകുളം 

33) കേരളത്തിലെ ധന്വന്തരി ഗ്രാമം എന്നറിയപ്പെടുന്നത്    
 ഉത്തരം : കോട്ടക്കൽ ( മലപ്പുറം )

34) 'എല്ലാവർക്കും ഇന്റർനെറ്റ് 'എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഇന്റർനെറ്റ് പദ്ധതി    
 ഉത്തരം  : കെ. ഫോൺ

35)കെ. ഫോൺ ഉദ്ഘാടനം ചെയ്ത ദിവസം
 ഉത്തരം : 2023 ജൂൺ 5 

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  8

36) കശുവണ്ടി വ്യവസായത്തിന് പേര് കേട്ടത്  ( ഈറ്റില്ലം )
 ഉത്തരം  : കൊല്ലം

37) 'അനന്തപുരി' എന്നറിയപ്പെടുന്ന ജില്ല  
 ഉത്തരം : തിരുവനന്തപുരം   

38) ' ജലത്തിലെ പൂരം ' എന്നറിയപ്പെടുന്നത്     
 ഉത്തരം : ആറന്മുള വള്ളംകളി  ( ആറന്മുള ഉത്രട്ടാതി വള്ളംകളി )

39) പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിൽ    
 ഉത്തരം  : പമ്പാ നദി 

40) ആറന്മുള വള്ളംകളി നടക്കുന്നത് ഏത് ജില്ലയിൽ 
 ഉത്തരം : പത്തനംതിട്ട  

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  9

41) ഒരേയൊരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല 
 ഉത്തരം  : പത്തനംതിട്ട ( തിരുവല്ല റെയിൽവേ സ്റ്റേഷൻ )

42) വനപ്രദേശം കൂടുതലുള്ള ജില്ല    
 ഉത്തരം : ഇടുക്കി   

43) വനപ്രദേശo ഏറ്റവും കുറവുള്ള ജില്ല      
 ഉത്തരം : ആലപ്പുഴ 

44) സമുദ്രതീരവും റെയിൽപാതകളും ഇല്ലാത്ത ജില്ല  
 ഉത്തരം  : ഇടുക്കി , വയനാട്  

45) കേരളത്തിന്റെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്നത്  
 ഉത്തരം : തിരുവനന്തപുരം  ( സെൻട്രൽ  ) 

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  10

46)ഇന്ത്യയിലെ  ആദ്യ ബാല സൗഹൃദ ജില്ല
 ഉത്തരം  : ഇടുക്കി 

47) കേരളത്തിന്റെ കാശ്മീർ / കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്നത്    
 ഉത്തരം : മൂന്നാർ ( ഇടുക്കി  ജില്ല )

48) ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല   
 ഉത്തരം : കാസർഗോഡ്  

49) കേരളത്തിലെ മെക്ക ( ചെറിയ മെക്ക )
 ഉത്തരം  : പൊന്നാനി ( മലപ്പുറം ജില്ല )

50) ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 
 ഉത്തരം : പത്തനംതിട്ട ജില്ല  ( റാന്നി താലൂക്ക് )

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  11

51) കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ഏക ജില്ല
 ഉത്തരം : കോട്ടയം 

52) റെയിൽവേ ഇല്ലാത്ത രണ്ട് ജില്ലകളിൽ ഒന്ന് വയനാട്  എങ്കിൽ രണ്ടാമത്തേത്  
 ഉത്തരം  : ഇടുക്കി 

53) കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല    
 ഉത്തരം : കോട്ടയo

54) കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്    
 ഉത്തരം : നേര്യമംഗലം ( എറണാകുളം )  

55) കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത് 
 ഉത്തരം  : ചിന്നാർ   ( ഇടുക്കി  ജില്ല )

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  12

56) കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല  
 ഉത്തരം : മലപ്പുറം 

57) കേരളത്തിൽ ജനസംഖ്യ ഏറ്റവും  കുറഞ്ഞ ജില്ല  
 ഉത്തരം  :  വയനാട്

58) കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന ജില്ല   
 ഉത്തരം : കാസർഗോഡ്  

59) കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം  
 ഉത്തരം : മംഗളവനo ( എറണാകുളം )  

60) കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം 
 ഉത്തരം  : തട്ടേക്കാട്  ( എറണാകുളം ജില്ല )

തയ്യാറാക്കിയത് : സുമന ടീച്ചർ*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  13

61) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി   
 ഉത്തരം : കാക്ക 

62) പക്ഷി ശാസ്ത്രജ്ഞനായ ഡോക്ടർ സലിം അലിയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരോടുകൂടി നാമകരണം ചെയ്യപ്പെട്ട പക്ഷി സങ്കേതം 
 ഉത്തരം  : തട്ടേക്കാട്  പക്ഷി സങ്കേതം( എറണാകുളo)

63) 'ഒരു കുരുവിയുടെ പതനം 'ആരുടെ ആത്മകഥ?   
 ഉത്തരം : ഡോക്ടർ സലിം അലി  

64) കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം 
 ഉത്തരം : തട്ടേക്കാട്  ( എറണാകുളം )  

65) വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വേമ്പനാട് പക്ഷി സങ്കേതം എന്ന് പേരുള്ള    എനിക്ക് മറ്റൊരു പേര് കൂടിയുണ്ട് 
 ഉത്തരം  : കുമരകം പക്ഷി സങ്കേതം ( കോട്ടയം )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  14

66) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
 ഉത്തരം : പെരിയാർ 

67) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം  
 ഉത്തരo : ശാസ്താംകോട്ട 

68) കേരളത്തിലെ ഏറ്റവും വലിയ കായൽ     
 ഉത്തരം : വേമ്പനാട്ടുകായൽ  

69) ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി  
 ഉത്തരം : പെരിയാർ  

70) ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല 
 ഉത്തരം : കാസർഗോഡ്

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  16

76) ഒരു പുഴയെ നദി എന്ന് വിളിക്കണമെങ്കിൽ ചുരുങ്ങിയത് എത്ര നീളം വേണം
 ഉത്തരം :15 കിലോമീറ്റർ  

77) കേരളത്തിലൂടെ ഒഴുകുന്നത് എത്ര നദികൾ 
 ഉത്തരo : 44

78) കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്നവ     
 ഉത്തരം : 41

79) കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികൾ ഏതെല്ലാം 
 ഉത്തരം : പാമ്പാർ,  കബനി , ഭവാനി    

80) കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം 
 ഉത്തരം :  ശിവഗിരി മല  (ഇടുക്കി ജില്ല)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  17

81) കേരളത്തിലെ സർക്കാർ മുതല വളർത്തു കേന്ദ്രം 
 ഉത്തരം : പെരുവണ്ണാമൂഴി ( കോഴിക്കോട് ജില്ല ) 

82) കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ തേക്കിൻ തോട്ടം 
 ഉത്തരo : നിലമ്പൂർ ( മലപ്പുറം )

83) കോഴിക്കോട് ജില്ലയിലുള്ള തടി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം   
 ഉത്തരം : കല്ലായി 

84) കേരളത്തിലെ (ലോകത്തിലെ തന്നെ) ഏറ്റവും വലിയ എലിഫന്റ് പാർക്ക് 
 ഉത്തരം : പുന്നത്തൂർ കോട്ട  ( തൃശ്ശൂർ )

85) വരയാടുകളുടെ സംരക്ഷണ കേന്ദ്രം  
 ഉത്തരം : ഇരവികുളം ദേശീയോദ്യാനം  (ഇടുക്കി ജില്ല)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  18

86) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം  
 ഉത്തരം : ചൂലന്നൂർ / മയിലാടുംപാറ   ( പാലക്കാട് ജില്ല ) 

87) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം 
 ഉത്തരo : ഇരവികുളം   ( ഇടുക്കി ജില്ല )

88) കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനo
 ഉത്തരം :  ഇരവികുളം ( ഇടുക്കി ജില്ല )

89) കേരളത്തിലെ  ഏറ്റവുo ചെറിയ ദേശീയോദ്യാനം 
 ഉത്തരം :  പാമ്പാടും ചോല  ( ഇടുക്കി  )

90) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല 
 ഉത്തരം :  ഇടുക്കി ജില്ല

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  19

91) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്  
 ഉത്തരം : പുന്നമടക്കായൽ    ( ആലപ്പുഴ  ജില്ല ) 

92) നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യത്തെ പേര് 
 ഉത്തരo : പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി  

93) ആരുടെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് നെഹ്റുട്രോഫി വളളം കളി ആരംഭിക്കുന്നത്
 ഉത്തരം : ജവഹർലാൽ നെഹ്റു 

94) എല്ലാവർഷവും ഏതു ദിവസമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്  
 ഉത്തരം : ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച 

95) വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വള്ളം  
 ഉത്തരം : ചുണ്ടൻ വള്ളം  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  20

96) തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ 
 ഉത്തരം : ഭവാനി, പാമ്പാർ 

97) ഭാരതപ്പുഴയുടെ മറ്റൊരു  പേര് 
 ഉത്തരo : നിള ,  പൊന്നാനി 

98) കർണാടകയിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി 
 ഉത്തരം : കബനി 

99) ഏതു നദിക്ക് കുറുകെയാണ് ഇടുക്കി ഡാം   
 ഉത്തരം : പെരിയാർ  

100) 'കേരളത്തിന്റെ ജീവരേഖ 'എന്നറിയപ്പെടുന്ന ഞാൻ തന്നെയാണ് അവിടത്തെ ഏറ്റവും നീളം കൂടിയ നദി 
 ഉത്തരം : പെരിയാർ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  21

101)" കേരളം മലയാളികളുടെ മാതൃഭൂമി" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് 

 ഉത്തരം : ഇ.എം.എസ് നമ്പൂതിരിപ്പാട്  

102) "ഒരു കുരുവിയുടെ പതനം " എഴുതിയത്എഴുതിയത് 
 ഉത്തരo : ഡോക്ടർ സലിം അലി 

103) "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ " എന്ന നോവൽ എഴുതിയത്  
 ഉത്തരം : എം. മുകുന്ദൻ 

104) 'കേരളത്തിലെ പക്ഷികൾ 'എന്ന പുസ്തകത്തിന്റെ രചയിതാവ് 
 ഉത്തരം : ഇന്ദുചൂഡൻ  

105) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം 
 ഉത്തരം : റെഡ് ഡാറ്റ ബുക്ക് ( റെഡ് ലിസ്റ്റ് )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  22

106) സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി
 ഉത്തരം : പ്രാവ് 

107) വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി 
 ഉത്തരo : മൂങ്ങ 

108) പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി 
 ഉത്തരം : കാക്ക  

109) ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്ന പക്ഷി 
 ഉത്തരം : കഴുകൻ 

110) പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകൾ ഉണ്ട് 
 ഉത്തരം : 4

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  23

111) കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി 
 ഉത്തരം : മൂങ്ങ 

112) അന്യ പക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി  
 ഉത്തരo : കുയിൽ

113) കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
 ഉത്തരം : മംഗളവനം  

114) പ്രസിദ്ധമായ കടലുണ്ടി പക്ഷി സങ്കേതം എവിടെയാണ്
 ഉത്തരം : മലപ്പുറം

115) വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്ന കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിൽ  
 ഉത്തരം : കോട്ടയം

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  24

116) കേരളത്തിലെ ആദ്യത്തെ പത്രം 
ഉത്തരം : രാജ്യസമാചാരം 

117) കേരളത്തിലെ ആദ്യത്തെ കാഴ്ച ബംഗ്ലാവ്   
 ഉത്തരo : തിരുവനന്തപുരം 

118) കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
 ഉത്തരം : തിരുവനന്തപുരം 

119) 'കേരളത്തിലെ  ആദ്യത്തെ ജലവൈദ്യുത പദ്ധതി 
 ഉത്തരം : പള്ളിവാസൽ  

120) കേരളത്തിലെ ആദ്യത്തെ മലയാള പുസ്തകം
 ഉത്തരം : സംക്ഷേപവേദാർത്ഥം  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  25

121) കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ 
ഉത്തരം : മട്ടാഞ്ചേരി  1818 ൽ 

122) കേരളത്തിലെ ആദ്യത്തെ അച്ചടിശാല 
 ഉത്തരo : സി. എം. എസ്. പ്രസ് കോട്ടയം (1821)

123) മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ
 ഉത്തരം : ഇന്ദുലേഖ  

124) മലയാളത്തിൽ അച്ചടിച്ച ആദ്യപത്രം  
 ഉത്തരം : രാജ്യസമാചാരം 

125) കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല( ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതു വായനശാല  / ലൈബ്രറി )
 ഉത്തരം : തിരുവനന്തപുരം പബ്ലിക് ലൈബ്രറി  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

Saturday, October 7, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ

  33 .ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പിറവിയും വളർച്ചയും.

       1884 ഡിസംബർ,  മത നവീകരണത്തിന്റെയും ഭരണപരിഷ്കാരങ്ങളുടെയും വക്താവായിരുന്ന ദിവാൻ ബഹദൂർ രഘുനാഥ റാവുവിന്റെ മദ്രാസിലുള്ള വസതിയിൽ 17 പേർ ഒത്തുകൂടി. അഡയാറിൽ ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള തിയസോഫിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന പ്രതിനിധികളുടെ കൂട്ടത്തിൽപ്പെട്ടവരാ യിരുന്നു ഈ 17 പേരിൽ ഭൂരിഭാഗവും. ബാക്കിയുള്ളവർ സഹയാത്രികരും സഹാനുഭൂതിയുള്ള സുഹൃത്തുക്കളും. ഭാരതത്തിൻറെ ഉജ്ജ്വലമായ ഭൂതകാലം വീണ്ടെടുക്കുക, അടിമത്തത്തിന് അറുതി വരുത്തുക എന്നീ ആവേശജനകമായ പൊതുലക്ഷ്യങ്ങളാണ് ഇവരെ ഒരുമിപ്പിച്ചത്. അവരുടെ ഹൃദയങ്ങളിലെല്ലാം ഭാരതത്തിൻ്റെ ഭാസുരമായ ഭാവിയെ കുറിച്ചുള്ള മധുര സ്വപ്നങ്ങൾ തുടിച്ചു നിന്നു. അവർ ഒരുമിച്ചിരുന്നു ചർച്ച ചെയ്തു പരിപാടികൾ ആസൂത്രണം ചെയ്തു. ആ 17 പേരും ഒരു താൽക്കാലിക കമ്മിറ്റിയായി സ്വയം രൂപപ്പെട്ടു. ഓരോ അംഗവും തൻ്റെ സ്വന്തം നഗരത്തിലും ഗ്രാമത്തിലും പരിസരങ്ങളിലും ഉള്ള സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു ഫലപ്രദമായ സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെടണമെന്ന് തീരുമാനിച്ചു. പിന്നീട് നിശ്ചയിക്കുന്ന ഒരു സ്ഥലത്തും സമയത്തും കൂടുതൽ സുഹൃത്തുക്കളും പ്രതിനിധികളും സഹയാത്രികരുമായി വീണ്ടും കൂടാനും വിശദമായ പരിപാടികൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോകാനും പ്ലാനിട്ടു. ധീര സേനാനികളുടെ നായകനായ നരേന്ദ്രനാഥ സെൻ (കൽക്കത്ത ) ഈ ചെറിയ ഗ്രൂപ്പിൽ ഒരംഗം ആയിരുന്നു. അദ്ദേഹം നടത്തിയിരുന്ന 'ഇന്ത്യൻ മിറർ' എന്ന പത്രത്തിൽ ഈ പേരുകൾ പിന്നീട് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ അവരവർ ജനിച്ച സമൂഹത്തിൽ നേതൃത്വം വഹിച്ചിരുന്ന ഈ അനൗദ്യോഗിക പ്രതിനിധികൾ താഴെപ്പറയുന്നവരായിരുന്നു. മദ്രാസ് : ശ്രീ എസ് സുബ്രഹ്മണ്യ അയ്യർ,  പി രംഗയ്യനായിഡു, പി. ആനന്ദാചാർലു. കൽക്കത്ത:  നരേന്ദ്രനാഥ് സെൻ, സുരേന്ദ്രനാഥ ബാനർജി , എം. ഘോഷ്.  ബോംബെ : ശ്രീ. വി .എൻ. മണ്ഡ്ലിക്,  ശ്രീ .കെ. ടി.ടെലാങ്,  ദാദാഭായ് നവറോജി .
പൂന : വിജയരംഗ മുതലിയാർ,  പാണ്ഡുരംഗ ഗോപാൽ.
 ബനാറസ് : സർദാർ ദയാൽ സിംഗ്.
 അലഹബാദ്:  ഹരിശ്ചന്ദ്ര.
 വടക്ക് പടിഞ്ഞാറൻ സംസ്ഥാനം:  കാശി പ്രസാദ്, പണ്ഡിറ്റ് ലക്ഷ്മി നാരായണൻ.
 ബംഗാൾ : ചാരുചന്ദ്ര മിത്തർ
 ഔധ്: ശ്രീറാം .
 ഇങ്ങനെ 17 നല്ല മനുഷ്യർ മാതൃഭൂമിയുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിന് വേണ്ടി തികച്ചും ദേശീയ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന സങ്കൽപ്പത്തിന് രൂപം കൊടുത്ത ആദ്യത്തെ ദേശീയ നേതാക്കൾ. ഇവരുടെ പ്രാഥമിക പ്രവർത്തനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഹരിശ്രീ കുറിച്ചത്.
    1885 മാർച്ചിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികളുടെ സമ്മേളനം ആ കൊല്ലം ക്രിസ്തുമസ് കാലത്ത് ചേരാൻ തീരുമാനിച്ചു. എല്ലാ ഭാഗത്തുനിന്നും പ്രതിനിധികൾക്ക് വന്ന് ചേരാൻ ഏറ്റവും പറ്റിയ കേന്ദ്രപ്രദേശം എന്ന നിലയ്ക്ക്,  പൂന, സമ്മേളന രംഗമായി നിർണയിക്കപ്പെട്ടു. പൂനയിൽ കോളറ പടർന്നു പിടിച്ചിരുന്നത് മൂലം ഡിസംബർ 28ആം തീയതി ബോംബെയിലെ ഗോകുൽദാസ് തേജ് പാൽ സംസ്കൃത കോളേജിലാണ് യോഗം ചേർന്നത്. സമ്മേളനത്തിനെ കോൺഗ്രസ് എന്നു വിളിച്ചിരുന്നു. 
   1885 ഡിസംബർ 28 പകൽ 12 മണി. ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളജിലെ വിശാലമായ മുറിയിൽ ഒരു യോഗം നടക്കുന്നു.
 76 പേർ. 74 ഇന്ത്യക്കാരും രണ്ട് ഇംഗ്ലീഷുകാരും അവിടെ ഒത്തുകൂടിയിട്ടുണ്ട് അവർ എത്തിച്ചേർന്നിരിക്കുന്നത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രാദേശികമായി പ്രവർത്തിച്ചിരുന്ന ചില പ്രധാന ദേശീയ സംഘടനകളുടെ പ്രതിനിധികളാണ് അവർ പലതരക്കാരായിരുന്നു ഭാഷ കൊണ്ടും മതവിശ്വാസം കൊണ്ടും സമൂഹത്തിൽ ആർജിച്ചിരുന്ന അംഗീകാരം കൊണ്ടും വൈവിധ്യമാർന്ന വ്യക്തിത്വമുള്ളവർ നാനാത്വത്തിൽ അവർക്കുള്ള ഏകത്വം അവർ ഭാരതീയൻ ആണെന്നുള്ളതും ഇംഗ്ലീഷ് ഭാഷ സുഗമമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണെന്നുള്ളതും ആയിരുന്നു സംഘാടകരിൽ രണ്ടുപേർ ഇംഗ്ലീഷുകാരായിരുന്നു ഒരാൾ അലൻ  ഒക്ടോവിയൻ ഹ്യൂം മറ്റേയാൾ റിപ്പൺ പ്രഭുവിനു ശേഷം വന്ന ഗവർണർ ജനറൽ മാർക്ക്വിസ് ഓഫ് ഡഫറിനും .ഡബ്ലിയു .സി. ബാനർജി എന്ന വംഗ ദേശക്കാരനായ ഒരു അഭിഭാഷകനായിരുന്നു അന്നത്തെ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുടക്കം കുറിച്ച ചരിത്ര പ്രധാന സമ്മേളനം ആയിരുന്നു അത്. സമ്മേളനത്തിൽ കാര്യമായ രാഷ്ട്രീയ ചർച്ചകളോ ശക്തമായ തീരുമാനങ്ങളോ ഉണ്ടായില്ല. മുഖപരിചയം പോലുമില്ലാത്ത കുറെ ഇന്ത്യക്കാർ ഒന്നായി കണ്ടുമുട്ടി എന്നതിൽ കവിഞ്ഞ് . ഒരുപക്ഷേ അത് ബോധപൂർവ്വം ആയിരിക്കാം. ഇന്ത്യക്കാരുടെ ഏത് സംരംഭവും ഭയാശങ്കകളോടെ വീക്ഷിക്കുന്ന ബ്രിട്ടീഷ് ഭരണവർഗ്ഗം സംശയത്തിന്റെ തലനാരിഴയിൽ തൂങ്ങി നിന്ന് പ്രസ്ഥാനത്തെ മുളയിൽ തന്നെ നുള്ളി കളഞ്ഞേക്കുമോ എന്ന ആശങ്ക അവർക്കും ഉണ്ടായിരുന്നിരിക്കാം. അവർക്ക് സംശയം ജനിക്കാതിരിക്കാനാവാം ഒരു ഇംഗ്ലീഷ് കാരനെ കൊണ്ട് തന്നെ ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഈ യോഗത്തിൽ പങ്കെടുത്ത ചില പ്രമുഖ വ്യക്തികൾ ഇവരൊക്കെയായിരുന്നു. വന്ധ്യവയോധികനായ ദാദാഭായ് നവറോജി, ഡബ്ലിയു. സി .ബാനർജി, മഹാദേവ് ഗോവിന്ധറാനഡെ, ബോംബെ കോർപ്പറേഷൻ നേതാവായിരുന്ന ഫിറോസ് ഷാ മേത്ത, മദ്രാസിലെ മഹാ ജനസഭയുടെ സൂത്രധാരനായിരുന്ന ശ്രീരംഗയ്യ നായിഡു, ആനന്ദപാർലു,  എസ്. സുബ്രഹ്മണ്യ അയ്യർ, മദ്രാസിലെ പ്രമുഖ നേതാവായിരുന്ന വീരരാഘ വാചാര്യ , കെ .ടി .തലാംഗ് എന്നിവർ.
 അടുത്തവർഷം രണ്ടാം സമ്മേളനം നടന്നത് കൽക്കത്തയിൽ. ദാദാഭായ് നവറോജിയുടെ അധ്യക്ഷതയിൽ ആയിരുന്നു.
മദ്രാസിൽ ആയിരുന്നു കോൺഗ്രസിന്റെ മൂന്നാം വാർഷിക സമ്മേളനം. സാധാരണയിൽ കവിഞ്ഞ ആർഭാടങ്ങളോടെയാണ് പ്രസ്തുത സമ്മേളനം നടത്തിയത്. നാല് ചുവരുകൾക്കിടയിൽ നിന്നും സമ്മേളനം സവിശേഷമായി അലങ്കരിച്ച വിസ്തൃതമായ പന്തലിനുള്ളിൽ ആയി. പ്രതിനിധികളുടെ പെരുപ്പം കൂടി. പ്രതിനിധികൾ 600. മുസ്ലിം പ്രതിനിധികൾ കഴിഞ്ഞ സമ്മേളനത്തിനുള്ള തിന്റെ ഇരട്ടി. ധാരാളം തൊഴിലാളികളും മറ്റു സാമാന്യ ജനങ്ങളും പന്തൽ നിറച്ചു. സമ്മേളനത്തിന് ആവശ്യമായ ചെലവുകൾക്കുള്ള തുക പിരിച്ചുണ്ടാക്കുന്നതിൽ അവരാണ് മുൻകൈ എടുത്തത് .
  1890ല്‍ കൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ചവരിൽ ഒരു മഹിളാ നേതാവ് ഉണ്ടായിരുന്നു കാദംബിനി ഗാംഗുലി കൽക്കട്ട സർവ്വകലാശാലയിൽ നിന്നും ആദ്യമായി ബിരുദം നേടിയ വനിതയായിരുന്നു കാദംബിനി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകൾ താൽപര്യം കാണിക്കാൻ തുടങ്ങിയതിന്റെ സൂചനയായിരുന്നു സമ്മേളനത്തിൽ കാദംബിനി ചെയ്ത പ്രസംഗം. 
   ഇതിനിടയിൽ തന്നെ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ പ്രവർത്തന ശൈലിയെ പറ്റിയുള്ള അഭിപ്രായ ഭിന്നതകൾ സംഘടനയ്ക്കുള്ളിൽ തന്നെ തല പൊക്കാൻ തുടങ്ങി. ആണ്ടോടാണ്ട് വാർഷിക സമ്മേളനം ചേരലും പ്രമേയം പാസാക്കലും നിവേദനം സമർപ്പിക്കലും ആയി കഴിയുന്ന രീതി ചിലരെ മടിപ്പിച്ചു. ഒരു സ്വേച്ഛാധിപതിയോട് എതിരിടേണ്ട ശൈലി അല്ല ഇത് എന്ന് അവർ കരുതി. വാർദ്ധക്യത്തിന്റെ ചൈതന്യം കെട്ട ഈ പതിഞ്ഞു നടത്തം അവർക്ക് ഇഷ്ടമാകുന്നതായിരുന്നില്ല. ഭിരുക്കളുടെ കയ്യിൽ പ്രസ്ഥാനം വളർച്ച മരവിച്ചു നിൽക്കുന്നു എന്ന് ചിലർക്ക് തോന്നി. ഗർജിക്കേണ്ടടത്ത് ഗർജിക്കാതിരുന്നാൽ  വാ തുറക്കാൻ പോലും പിന്നെ മടിയാവും എന്ന് അത്തരക്കാർ ചിന്തിച്ചു. സാഹസികത കാട്ടേണ്ട സന്ദർഭത്തിലാണ് നാം യോഗം ചേർന്നും നിവേദനം നടത്തിയും സാമ്രാജ്യത്വത്തിന് മംഗളംപാടിയും സന്ദർഭം പാഴാക്കുന്നത്. ഇത് ഭീരുത്വത്തിന്റെ ലക്ഷണം അല്ലെങ്കിൽ മറ്റെന്താണ്? ഇങ്ങനെ സാഹസിക ചിന്തയുമായി പ്രസ്ഥാനത്തിനകത്ത് തന്നെ ഒരു എതിർസംഘം രംഗത്തിറങ്ങി. അവരാണ് ചരിത്രത്തിൽ തീവ്രവാദികളായി മുദ്രയടിക്കപ്പെട്ടത്. സമന്വയത്തിന്റെയും സമവായത്തിന്റെയും മാർഗം സ്വീകരിച്ച വിഭാഗത്തെ മിതവാദികളായും കണക്കാക്കി മിതവാദികൾ തീവ്രവാദികളെ രക്തത്തിനുവേണ്ടി ദാഹം കൊള്ളുന്നവർ എന്നും പഴിച്ചു തുടങ്ങിയപ്പോൾ തീവ്രവാദികൾ മിതവാദികളെ ദുർബലരും ഭീരുക്കളുമായി പരിഹസിച്ചു. ഭീരുത്വം മരണമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു .തീവ്രവാദികളുടെ നായകൻ ലോകമാന്യ ബാലഗംഗാധര തിലകനായിരുന്നു. മിതവാദികളുടേത് ഗോപാലകൃഷ്ണ ഗോഖലെയും. സമരോത്സുകരുടെ ഞരമ്പുകളിൽ തൈലം നിറയ്ക്കുന്ന തിലകന്റെ ശൈലി അദ്ദേഹത്തിന് ധാരാളം ആരാധകരെ സൃഷ്ടിച്ചു കൊടുത്തു. എന്നാൽ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കുന്നു എന്നതിൻറെ പേരിൽ തിലകനെതിരെ പോലീസ് കേസെടുത്തു. കോടതി തിലകനെ ശിക്ഷിച്ചു ,18 മാസത്തെ കഠിഞ്ഞതടവ്. ശിക്ഷാവിധി കഴിഞ്ഞ് തിരിച്ചു വന്നപ്പോഴും തിലകൻ ഇതേ ശൈലിയിലാണ് പ്രവർത്തനം തുടർന്നത്. തിലകൻ വിപ്ലവകാരികളുടെ ഇതിഹാസപുരുഷനായി.
   തീവ്രവാദികളുടെ കൂട്ടത്തിൽ തിലകനോടൊപ്പം ജ്വലിച്ചു നിന്നത് പഞ്ചാബിലെ ലാലാ ലജ്പത് റായ്, ബംഗാളിലെ ബിപിൻ ചന്ദ്രപാൽ ഇവരൊക്കെയായിരുന്നു ത്രിമൂർത്തികളെ പോലെ ആയിരുന്നു ആ സമശീർഷർ. അവർ ലാൽ- ബാൽ -പാൽ എന്നായിരുന്നു സംഘടനാ രംഗത്ത് അറിയപ്പെട്ടിരുന്നത്. നേതൃത്വ നിരയിൽ മറ്റൊരു വിപ്ലവ ചിന്താഗതിക്കാരൻ കൂടി ഉണ്ടായിരുന്നു. ബംഗാളിയായ അരവിന്ദ്ഘോഷ്. എന്നാൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നില്ല. മിതവാദികളുടെ നേതാവായ ഗോപാലകൃഷ്ണ ഗോഖലെയും തിലകനും വളരെ അടുപ്പത്തിലായിരുന്നു. അവർ സഹപ്രവർത്തകരും ആയിരുന്നു. ശാന്തശീലനായിരുന്ന ഗോഖലെ 32 ആം വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗവുമായി.
  തയ്യാറാക്കിയത്:  പ്രസന്നകുമാരി ജി

Thursday, October 5, 2023

അധ്യാപകക്കൂട്ടം ഐ.ടി.മേളയ്ക്കൊരുങ്ങാം /Adhyapakakkoottam

അധ്യാപകക്കൂട്ടം ഐ.ടി.മേള

അധ്യാപകക്കൂട്ടം ഐ.ടി.മേളയ്ക്കൊരുങ്ങാം

ഐ ടി മേളയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്ക് ടീം അധ്യാപകക്കൂട്ടത്തിന്റെ കൈത്താങ്ങ്.
ശ്രീ. ജയദീപ് മാഷ് (മാസ്റ്റർ ട്രയ്നർ, കൈറ്റ് കോഴിക്കോട്) നയിച്ച ക്ലാസിന്റെ ലിങ്ക്.


Monday, October 2, 2023

സാമൂഹ്യശാസ്ത്ര മേളയ്ക്കൊരുങ്ങാം /adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യശാസ്ത്രമേള

സാമൂഹ്യശാസ്ത്ര മേളയ്ക്കൊരുങ്ങാം

സാമൂഹ്യ ശാസ്ത്രമേളയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കായി ടീം അധ്യാപക കൂട്ടത്തിൽ നേതൃത്വത്തിൽ നൽകിയ കൈത്താങ്ങ്.
ക്ലാസ് നയിച്ചത് :
സുനിൽ കുമാർ. കെ
വി.എച്ച്.എസ്.എസ് ഇളമണ്ണൂർ
(ജില്ലാ സെക്രട്ടറി സാമൂഹ്യശാസ്ത്ര കൗൺസിൽ പത്തനംതിട്ട)