🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 6, 2023

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും 41. ഗദർ പാർട്ടി. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

    ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും 

41. ഗദർ പാർട്ടി.
            ഇന്ത്യയുടെ മോചനത്തിനു വേണ്ടി, ആയുധ സന്നാഹത്തോടെ ഇന്ത്യൻ വംശജരായ നിരവധി വിപ്ലവകാരികൾ ഈ കാലയളവിൽ ഇന്ത്യയിലേക്ക് വരികയുണ്ടായി. 'ഗദർ' പ്രസ്ഥാനക്കാരായിരുന്നു അവർ . 'ഗദർ' എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം വിപ്ലവം എന്നാണ്. ഡോക്ടർ പാണ്ഡുരംഗ സദാശിവയും പണ്ഡിറ്റ് കാശിറാമുമായിരുന്നു ഈ പ്രസ്ഥാനത്തെപ്പറ്റി ആദ്യം ആലോചിച്ചത്. ഇതിനായി ആയോധന പരിശീലനം നേടാൻ സദാശിവ വിദേശത്തേക്ക് പോയി. അമേരിക്കയിലെ ഒരു മിലിട്ടറി അക്കാദമിയിൽ നിന്ന് സൈനിക പരിശീലനത്തിൽ ബിരുദം എടുത്തു. കാലിഫോർണിയയിൽ 'ഇന്ത്യ ഇൻഡിപെൻഡൻഡ്' എന്ന സംഘടന സ്ഥാപിച്ചു അവിടെ വച്ചാണ് കാശിറാം എന്ന വിപ്ലവകാരിയുമായി പരിചയപ്പെടുന്നത്. ഇരുവരും ഗദർ പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്തു. കാശിറാം തന്റെ സ്വത്ത് മുഴുവൻ പാർട്ടിക്ക് സംഭാവനയായി നൽകി.
   ആ സമയത്ത് ലാലാ ഹർദയാൽ അമേരിക്കയിലായിരുന്നു. അവിടെ ഇന്ത്യക്കാരെ സംഘടിപ്പിക്കാൻ വന്നതായിരുന്നു അദ്ദേഹം. ഹർദയാൽ ഡൽഹിക്കാരൻ ആയിരുന്നു .ബിരുദം എടുത്തത് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന്. ഉപരിപഠനം ഇംഗ്ലണ്ടിൽ സ്കോളർഷിപ്പോടുകൂടി.  അവിടെ സവർക്കറുടെയും ശ്യാംജി കൃഷ്ണവർമ്മയുടെയും മറ്റും കൂട്ടുകാരനായിത്തീർന്നു. സ്വന്തം മണ്ണിൽ വെച്ചു തന്നെയാണ് ബ്രിട്ടീഷുകാരെ നേരിടേണ്ടത് എന്ന തീരുമാനത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുപോയി, ദേശീയ പ്രസ്ഥാനത്തിൽ വ്യാപൃതനായി .
   ഹർദയാൽ പക്ഷേ ഇന്ത്യയിൽ പോലീസിന്റെ നോട്ടപ്പുള്ളിയായപ്പോൾ കൂട്ടുകാരുടെ നിർദ്ദേശം അനുസരിച്ച് ബർലിനിലേക്ക് പോയി. അമേരിക്കയിൽ പോലീസ് നിരീക്ഷണത്തിൽ അകപ്പെടാതിരിക്കാൻ സാൻഫ്രാൻസിസ്കോയിൽ പ്രൊഫസർ ജോലിയിൽ ഏർപ്പെട്ടു. ആ സന്ദർഭത്തിലാണ് ഇന്ത്യയിൽ നിന്നും എത്തിച്ചേർന്ന ഗദർ പാർട്ടി നേതാക്കളുമായി പരിചയപ്പെട്ടത്. കാനഡയിൽ മാത്രമായി അക്കാലത്ത് പത്തൊൻപതിനായിരത്തിലേറെ ഭാരതീയർ ഉണ്ടായിരുന്നു. എന്നാൽ അവർ അസംഘടിതരായിരുന്നു. ഇന്ത്യൻ പ്രശ്നങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കാനും വേണ്ടി വന്നാൽ 1857ലെ പോലെ ഒരു വിപ്ലവം സംഘടിപ്പിക്കാനും ബ്രിട്ടീഷുകാർക്ക് എതിരെ ഇന്ത്യയിൽ ഒരു സായുധസമരം നടത്താനും പാർട്ടി ലക്ഷ്യമിട്ടിരുന്നു. ഇതിനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യക്കാരെ ഈ പ്രസ്ഥാനത്തിൻറെ കീഴിൽ അണിനിരത്താൻ ഹർദയാൽ പ്രവർത്തനം തുടങ്ങി. ഇന്ത്യക്കാർ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ഗദർ പാർട്ടിയുടെ ശാഖകൾ സ്ഥാപിച്ചു .ഏഷ്യൻ രാജ്യങ്ങളിൽ ആയിരുന്നു ഇതിൻറെ പ്രധാന പ്രവർത്തനം. ജപ്പാനിലും ഹോങ്കോങ്ങിലും മലയയിലും മറ്റും അവിടെയുള്ള ഇന്ത്യക്കാരെ ഇന്ത്യൻ പ്രശ്നങ്ങൾ ധരിപ്പിക്കാൻ പാർട്ടിയുടെ മുഖപത്രമായ ഗദർ വിവിധ ഭാഷകളിൽ മുദ്രണം ചെയ്തിരുന്നു. ഹിന്ദിയിലും ഉറുദുവിലും മറാഠിയിലും ബംഗാളിയിലും മറ്റും. ഓരോ രാജ്യത്തും ഗദർ പാർട്ടിയുടെ ഊർജ്ജസ്വലരായ വിപ്ലവകാരികൾ രഹസ്യ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. ജപ്പാനിൽ ബർക്കത്തുള്ള, ഹോങ്കോങ്ങിൽ ഭഗവത് സിംഗ് തുടങ്ങിയ പലരും തങ്ങളുടെ രാജ്യത്ത് ഗദർ സന്ദേശവുമായി രഹസ്യ പ്രവർത്തനം നടത്തി. നേതാക്കളുടെ അതിരഹസ്യമായ ഒരു സമ്മേളനത്തിൽ ഹർദയാൽ പാർട്ടിയുടെ പരിപാടി വിളംബരപ്പെടുത്തി. ജർമ്മനി യുദ്ധസന്നാഹങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലായിരിക്കും ആദ്യത്തെ ഏറ്റുമുട്ടൽ. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശ്രദ്ധ മുഴുവൻ ജർമനിയെ നേരിടുന്നതിൽ ആയിരിക്കും .ആ സന്ദർഭത്തിൽ ഇന്ത്യ തിരിച്ചു പിടിക്കാൻ ഇന്ത്യക്കാർ തയ്യാറാവണം. അതിനായി വൻതോതിൽ ആയുധം ശേഖരിക്കേണ്ടതുണ്ടെന്നും എല്ലാ വിദേശികളായ ഇന്ത്യക്കാരും സായുധരായി കപ്പൽമാർഗ്ഗം ഇന്ത്യയിൽ എത്തേണ്ടതുണ്ടെന്നും ഹർദയാൽ അഭിപ്രായപ്പെട്ടു.  
    ഇതിനിടയിൽ അമേരിക്ക ഇന്ത്യക്കാർക്കെതിരെ ചില മുൻകരുതൽ എടുത്തു തുടങ്ങി. ഒരു പ്രത്യേക നിയമമുണ്ടാക്കി (ഏഷ്യാറ്റിക് എമിഗ്രേഷൻ ആക്ട്) . അത് പ്രകാരം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കപ്പലിൽ വരുന്ന ഇന്ത്യൻ വംശജരെ യാതൊരു കാരണവശാലും അമേരിക്കൻ തീരത്ത് ഇറങ്ങാൻ സമ്മതിക്കുകയില്ല. അമേരിക്കയിൽ ജോലിചെയ്യുന്ന തങ്ങളുടെ ബന്ധുക്കളെ കാണാനാണെങ്കിൽ പോലും .സ്ത്രീകളും കുട്ടികളും അടക്കം കപ്പലിൽ നിന്ന് കണ്ടു പോവുകയല്ലാതെ ആശയവിനിമയം നടത്താൻ പോലും സമ്മതിച്ചില്ല. അതിനെതിരെ ഗദർ പാർട്ടിയുടെ രഹസ്യ നേതൃത്വത്തിൽ അമേരിക്കൻ ഇന്ത്യക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല .
      ഈ സന്ദർഭത്തിലാണ് ബാബ ഗുരുദത്ത്സിംഗ് എന്ന കോടീശ്വരൻ ഒരു ജപ്പാൻ കപ്പൽ വാടകയ്ക്ക് എടുത്ത് ഷിപ്പിംഗ് കമ്പനി തുടങ്ങിയത്. 'കോമഗതമരു' എന്നായിരുന്നു കപ്പലിന്റെ പേര് ഏഷ്യാറ്റിക്എമിഗ്രേഷൻ ആക്ടിനെ മറികടക്കുകയായിരുന്നു ലക്ഷ്യം. കപ്പലിൽ നിറയെ ഇന്ത്യക്കാരുമായി ഹോങ്കോങ്ങിൽ നിന്നും യാത്ര തിരിച്ചു. അമേരിക്ക ലക്ഷ്യം വെച്ചുകൊണ്ട് കപ്പൽ പുറപ്പെട്ടു 47 ദിവസത്തോളം യാത്ര ചെയ്തു, കാനഡയിലെ വാൻകൂവർ തുറമുഖത്തെത്തി. കപ്പലിൽ 351 പഞ്ചാബികളും 21 മുസ്ലീങ്ങളും ആണ് ഉണ്ടായിരുന്നത്. അവരെല്ലാം തന്നെ കാനഡയിൽ ജോലിയുള്ള പഞ്ചാബികളുടെ ബന്ധുക്കൾ ആയിരുന്നു നിയമം ലംഘിച്ച് തങ്ങളുടെ കുടുംബക്കാരെ കാണാനാണ് അവർ പുറപ്പെട്ടത് എന്നാൽ കനേഡിയൻ പോലീസ് അതിനനുവദിച്ചില്ല കപ്പലിലുള്ളവർ ബഹളം കൂട്ടിയപ്പോൾ വലിയ വീപ്പ കളിൽ തിളക്കുന്ന വെള്ളവുമായി പോലീസ് നൗകകളിൽ  കപ്പലിന് അരികെ ചെന്ന് കപ്പലിന്റെ മേൽത്തട്ടിൽ നിന്നിരുന്ന യാത്രക്കാരുടെ നേർക്ക് ചൂടുവെള്ളം പമ്പ് ചെയ്തു. സഹിക്കെട്ട യാത്രക്കാർ കപ്പലിൽ കത്തിക്കൊണ്ടിരുന്ന കൽക്കരി കോരിയെടുത്ത് എറിഞ്ഞ് നൗകയിലുള്ള പോലീസ് വൃന്ദത്തേയും പൊള്ളിച്ചു. തുടർന്ന് പോലീസ് കപ്പലിന് നേരെ തുരുതുരെ വെടി തുടങ്ങി .കപ്പലിലുള്ളവർ തിരിച്ചു വെടിവെച്ചു ഇരുഭാഗത്തും ആൾനാശം ഉണ്ടായി .
  കപ്പലിൽ ഭക്ഷണവും വെള്ളവും തീർന്നിരിക്കുകയാണെന്നും യാത്രയ്ക്കിടയിൽ രോഗം പിടിപെട്ട് അവശരായ രോഗികൾക്ക് മരുന്ന് വേണ്ടതുണ്ടെന്നും ഇത് രണ്ടും സംഭരിക്കാൻ അനുവദിക്കുകയാണെങ്കിൽ തിരിച്ചു പൊയ്ക്കൊള്ളാമെന്നും കപ്പൽ തലവനായ ഗുരുദത്ത് പോലീസിനെ അറിയിച്ചു.
    ഒടുവിൽ അന്താരാഷ്ട്ര നിയമമനുസരിച്ച് ആഹാരവും മരുന്നും ശേഖരിക്കാൻ  ഗുരുദത്തിനെ മാത്രം കരയ്ക്ക് ഇറങ്ങാൻ പോലീസ് അനുവദിച്ചു. ഭക്ഷണവും മറ്റുമായി ഗുരുദത്ത് തിരിച്ചുവരികയും കപ്പൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. വാൻകൂവറിൽ നിന്നും പുറപ്പെട്ട കോമഗതമരു ഹൂഗ്ളീനദീ തുറമുഖത്ത് എത്തുന്നത് നൂറ്റിഇരുപത്താറ് ദിവസത്തെ ക്ലേശകരമായ യാത്രയ്ക്ക് ശേഷം സെപ്റ്റംബർ 28ന്. അപ്പോഴേക്കും അമേരിക്കയുടെ സന്ദേശം കൽക്കത്തയിൽ എത്തിക്കഴിഞ്ഞിരുന്നു. അതുപ്രകാരം അസംഖ്യം പോലീസുകാർ സായുധരായി തുറമുഖത്ത് കാത്തു നിന്നു.
    കപ്പൽ തുറമുഖത്ത് എത്തിയപ്പോൾ പോലീസ് സംഘം കപ്പലിൽ ചാടിക്കയറി. ആകെ ബഹളമയം. സംഭവിക്കുന്നതിനെപ്പറ്റി ഒരു രൂപവും കിട്ടാതെ എതിരിടാൻ തന്നെ കപ്പലിലുള്ളവർ തയ്യാറായി. സംഘട്ടനം  നടന്നു. കപ്പലിൽ വന്നവരെ പഞ്ചാബിലേക്ക് കൊണ്ടുപോകാനായി ഒരു ഒഴിഞ്ഞ തീവണ്ടി റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കി നിർത്തിയിരുന്നു. തങ്ങൾക്ക് പഞ്ചാബിലേക്കല്ല, കൽക്കത്ത നഗരത്തിലേക്കാണ്  പോകേണ്ടതെന്ന് നേതാവ് ഗുരുദത്ത് സിംഗ് പറഞ്ഞെങ്കിലും പോലീസ് സംഘം അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ യാത്രക്കാരെ മുഴുവൻ വലിച്ചിഴച്ചു തുടങ്ങി. സ്റ്റേഷനിൽ എത്തുവോളം തെരുവ് യുദ്ധം തന്നെയായിരുന്നു .പതിനെട്ട് യാത്രക്കാർ പോലീസ്  വെടിവയ്പിൽ മരിച്ചുവീണു. ചിലർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെയും തിരഞ്ഞുപിടിച്ചു ജയിലിലടച്ചു.
   കൽക്കത്തയിൽ നടന്ന ഈ കലാപം വിദേശ പത്രങ്ങളിൽ വലിയ പ്രാധാന്യം നൽകിയാണ് പ്രസിദ്ധീകരിച്ചത്. വിദേശ ഇന്ത്യാക്കാർക്കിടയിൽ അതൊരു യുദ്ധത്തിന്റെ ഭീതിയും ആവേശവും വളർത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ വിപ്ലവകാരികൾ കലാപം ആരംഭിച്ചിരിക്കുന്നു എന്ന പ്രതീതിയാണ് ഇതുമൂലം ഉളവായത്. വിദേശത്തുള്ള വിപ്ലവ പ്രസ്ഥാനക്കാർ അതിനനുസരിച്ചുള്ള പ്രചാരണവും ആരംഭിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി സായുധസമരം നടത്താൻ സമയമായിരിക്കുന്നു എന്ന രീതിയിലായിരുന്നു പ്രചാരണം. അതിൻ്റെ ഫലമായി 'തോസാമരു' എന്ന മറ്റൊരു കപ്പൽ കൂടി സായുധരായ വിപ്ലവകാരികളെയും കൊണ്ട് ഒക്ടോബർ 29ന് കൽക്കത്ത തുറമുഖത്തടുത്തു. കപ്പലിൽ നൂറ്റിയെഴുപത്തിമൂന്ന് യാത്രക്കാരുണ്ടായിരുന്നു. ഭൂരിപക്ഷവും സിക്കുകാർ. ഗവൺമെൻറ് വേണ്ടത്ര മുന്നൊരുക്കത്തോടെ കാത്തിരുന്നതിനാൽ അവരെ ഉടനുടൻ ജയിലിലേക്ക് അയച്ചു. എന്നാൽ മറ്റു പല രഹസ്യ മാർഗങ്ങളിലൂടെയും പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ 8000 ത്തിൽ പരം വിദേശ ഇന്ത്യക്കാർ അവരവരുടെ ഗ്രാമത്തിൽ സുരക്ഷിതരായി എത്തിക്കഴിഞ്ഞിരുന്നു. ഇവരെപ്പറ്റി ചാരന്മാർ മുഖേന അറിവ് ലഭിച്ചതിനാൽ അവർ ചെന്നുചേർന്ന മിക്ക സ്ഥലങ്ങളിലും രഹസ്യപ്പോലീസ് നിദാന്ത ജാഗ്രതയിലായിരുന്നു. ഇതേസമയം പഞ്ചാബിൽ റാഷ് ബിഹാരി ബോസിന്റെ മുഖ്യ നേതൃത്വത്തിൽ വിപ്ലവ പാർട്ടി ഒരു അന്ത്യ സമരത്തിനുള്ള പടയൊരുക്കത്തിൽ ആയിരുന്നു .ഭായി പരമാനന്ദ് , സചീന്ദ്രനാഥ് സന്യാൽ എന്നീ വിപ്ലവ നേതാക്കളുമായി സഹകരിച്ചുകൊണ്ട് ഹർദയാലിന്റെയും മറ്റും അറിവോടുകൂടിയായിരുന്നു ഈ പടയൊരുക്കം. റാഷ്ബീഹാരി ബോസ് സമർത്ഥനും തന്ത്രജ്ഞനും മിതഭാഷിയും കാര്യപ്രാപ്തിയും ഉള്ള സത്യസന്ധനായ ഒരു നേതാവായിരുന്നു. ജനിച്ചത് ബംഗാളിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ. 1886-ൽ .ഒരച്ചുകൂടത്തിലെ കംപോസിറ്റർ ആയിരുന്നു അച്ഛൻ. ചെറുപ്പത്തിൽ തന്നെ വിപ്ലവ പാർട്ടി അംഗമായിരുന്നു. ഡെറാഡൂണിൽ വനം വകുപ്പിൽ ഗുമസ്ഥനായിരുന്നു റാഷ്ബിഹാരി. വിപ്ലവ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായ  റാഷ്ബിഹാരി ജോലി ഉപേക്ഷിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങി. ഉത്തർപ്രദേശ് , ഡൽഹി,  പഞ്ചാബ് എന്നിവിടങ്ങളിൽ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു . വൈസ്രോയി ആയിരുന്ന ഹാർഡിങ് പ്രഭുവിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ശങ്കിച്ച് ഒളിവിൽ പോയി വാരണാസി കേന്ദ്രമാക്കി ബ്രിട്ടീഷ് ഗവൺമെൻ്റി നെതിരെ സായുധ കലാപം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്തു. ആ സംഭവവുമായി ബന്ധപ്പെട്ട വിപ്ലവകാരികളെ മുഴുവൻ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും റാഷ്ബിഹാരി സമർത്ഥമായി രക്ഷപ്പെട്ടു. 1905-ൽ ഇന്ത്യയെ വിട്ട് ജപ്പാനിൽ എത്തിച്ചേർന്നു. ജപ്പാൻ പൗരത്വം നേടി, ഒരു ജപ്പാൻ വനിതയെ വിവാഹം ചെയ്തു.'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്' എന്ന ഒരു സംഘടന ഉണ്ടാക്കി ഇന്ത്യയുടെ മോചനത്തിനായി ശ്രമിച്ചു. ഇന്ത്യൻ നാഷണൽ ആർമിയുമായും  സുഭാഷ് ചന്ദ്രബോസുമായും അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചു .
       ഒരു സായുധ വിപ്ലവത്തിലൂടെ ഇന്ത്യയെ മോചിപ്പിക്കാൻ ഉള്ള ശ്രമം ആയിരുന്നു റാഷ് ബിഹാരി ബോസ് നടത്തിയത് .
      എല്ലാ സജ്ജീകരണവും പൂർത്തിയായി എന്നുറപ്പുവരുത്തിയശേഷം വിപ്ലവം തുടങ്ങാനുള്ള തീയതി രഹസ്യമായി നിശ്ചയിച്ചു. 1916 ഫെബ്രുവരി 18ന് എല്ലാം സജ്ജമായി .വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പടക്കോപ്പുകൾ , ആക്രമിച്ചു കീഴടക്കിയ സ്ഥലങ്ങളിൽ നാട്ടാനുള്ള വിപ്ലവ പതാകകൾ എന്നിവ എത്തിച്ചു .പിടിച്ചടക്കിയ പ്രദേശത്തിന്റെ താൽക്കാലിക ഭരണത്തിന് നേതൃത്വം വഹിക്കേണ്ടവർ ആരൊക്കെ എന്ന് ലിസ്റ്റ് തയ്യാറാക്കി .യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ കലാപ സ്ഥലത്തേക്ക് ബ്രിട്ടീഷ് പട്ടാളത്തിന് എത്തിച്ചേരാൻ കഴിയാത്ത വിധം ഗതാഗത തടസ്സങ്ങൾ എവിടെയൊക്കെ വേണമെന്ന് നിശ്ചയിക്കപ്പെടുകയും അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ പ്രത്യേക സന്നദ്ധ സേനകളെ തയ്യാറാക്കുകയും ചെയ്തു. വാർത്താവിനിമയ ബന്ധം വിച്ഛേദിക്കാൻ പ്രത്യേകം വാളണ്ടിയർമാരെ നിശ്ചയിച്ചു. കലാപം തുടങ്ങിക്കഴിഞ്ഞാൽ വിപ്ലവകക്ഷിയുമായി ചേരാൻ ആയുധസമേതം വരുന്ന ഇന്ത്യൻ പട്ടാളം എവിടെയെല്ലാം സന്ധിക്കണമെന്ന് അവർക്ക് രഹസ്യ നിർദ്ദേശം നൽകി. പട്ടാള ക്യാമ്പുകളിലെ ആയുധപ്പുരയുടെ സൂക്ഷിപ്പുകാർ ആരുടെ കയ്യിൽ താക്കോൽ ഏൽപ്പിക്കണമെന്ന് നിശ്ചയിച്ചു. തടവിലാക്കപ്പെടുന്ന ശത്രു സൈന്യത്തെ അടച്ചുപൂട്ടാനുള്ള തടങ്കൽ പാളയങ്ങൾ പോലും നിശ്ചയിച്ചു.
     എന്നാൽ വിപ്ലവം ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ദിവസത്തിൻ്റെ തലേന്നാൾ സംഭവിക്കാൻ പാടില്ലാതിരുന്നത് സംഭവിച്ചു .വിവിധ കേന്ദ്രങ്ങളിൽ ബ്രിട്ടീഷ് പട്ടാളം താവളമടിച്ചു .ആറായിരം പേരുള്ള നേപ്പാളി ഭടന്മാരുടെ സംഘം (ഗൂർഖകൾ )വന്നെത്തി. ഒരേസമയത്ത് തന്നെ പഞ്ചാബിന്റെ വിവിധ കേന്ദ്രങ്ങളിൽ നേതാക്കന്മാർ അറസ്റ്റിലായി. ആയിരങ്ങളെയാണ് ഒരേസമയം അറസ്റ്റ് ചെയ്തത് .അതിൽ അഞ്ഞൂറോളം  വിപ്ലവകാരികളെ ബ്രിട്ടീഷ് പട്ടാളം വിവിധ കേന്ദ്രങ്ങളിൽ വച്ച് വധിച്ചു. എണ്ണൂറോളം പേരെ തടങ്കൽ പാളയങ്ങളിൽ അടച്ചിട്ടു. 500 വിപ്ലവകാരികളെ ആന്തമാനിലേക്കും മറ്റുമായികയറ്റി അയച്ചു. നാടുകടത്തപ്പെട്ടവരിൽ ഭായിപരമാനന്ദിനെപ്പോലുള്ള പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നു. ബാക്കിയുള്ള നിരവധി കലാപകാരികളെ പട്ടാള വണ്ടികളിൽ അജ്ഞാത ദിക്കുകളിലേക്ക് കൊണ്ടുപോയി. അവരെപ്പറ്റി പിന്നീട് ഒരിക്കലും ഒരു വിവരവും ലഭിച്ചില്ല.
     ബ്രിട്ടീഷ് പട്ടാളം പിടിച്ചെടുത്ത രേഖകളിലെ വിവരമനുസരിച്ച് വിപ്ലവകാരികൾ ഒരേ സമയത്ത് ലാഹോറിലും ഫിറോസ് പൂരിലും റാവൽ പിണ്ടിയിലും ബനാറസിലും ജബൽ പൂരിലും മറ്റു പല പ്രമുഖ കേന്ദ്രങ്ങളിലും കലാപം നടത്താൻ പരിപാടിയിട്ടിരുന്നു. അവിടങ്ങളിലെ കൂറുമാറിയ ഇന്ത്യൻ സൈനികർ സായുധരായി ക്യാമ്പ് വിട്ടു പുറത്തുവരണമെന്നും വിപ്ലവകാരികളോടൊപ്പം കലാപത്തിൽ പങ്കുചേരണം എന്നുമായിരുന്നു ധാരണ. എന്നാൽ എല്ലാം തകർന്നു. തകർത്തത് ബ്രിട്ടീഷ് പട്ടാളം ആണെങ്കിലും അവർക്കുവേണ്ടി ചാരപ്രവൃത്തി നടത്താൻ വിപ്ലവ സേനയിൽ തന്നെ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ഒരു 'മീർ ജാഫർ' ഉണ്ടായിരുന്നു- കൃപാൽ സിംഗ്. അയാൾ ബ്രിട്ടീഷ് ചാരനായാണ് പ്രവർത്തിക്കുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല.
    ബ്രിട്ടീഷ് പട്ടാളത്തിന്റെ ഈ നരവേട്ടയ്ക്ക് ശേഷം ഇന്ത്യൻ പ്രതിരോധ നിയമമനുസരിച്ച് ഒരു പ്രത്യേക ട്രിബ്യൂണലിനെ നിയമിക്കുകയും തടവിലാക്കപ്പെട്ട ചില പ്രമുഖ കലാപകാരികളെ ചേർത്ത് മൂന്ന് കേസുകൾ ചാർജ് ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തു .ലാഹോർ ഗൂഢാലോചന കേസുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
 രാജാവിനെതിരായി യുദ്ധം പ്രഖ്യാപിച്ചു എന്നതായിരുന്നു വിപ്ലവകാരികളിൽ ചുമത്തിയ പ്രധാന കുറ്റം. പട്ടാളക്കാർക്കിടയിൽ ഗൂഢപ്രവർത്തനം നടത്തി, ബോംബ് നിർമ്മിച്ചു, കൊലയ്ക്ക് പ്രേരിപ്പിച്ചു, പാലം പൊളിച്ചു, റെയിലുകൾ തകർക്കാനും ഗൂഢാലോചന നടത്തി എന്നിങ്ങനെ വേറെയും കുറ്റങ്ങൾ ഉണ്ടായിരുന്നു. കേസുകൾ തെളിയിക്കപ്പെട്ടതായി കണക്കാക്കുകയും ഇതുമായി ബന്ധപ്പെട്ട 36 പേരെ തൂക്കിക്കൊല്ലുകയും 72 വിപ്ലവകാരികളെ ആന്തമാനിലേക്ക് നാടുകടത്തുകയും 9 പേരെ ഇന്ത്യയിൽ കഠിന തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇവരിൽ 17 പേരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. ലാഹോർ ഗൂഡാലോചന കേസുകൾ സർക്കാർ കെട്ടിച്ചമച്ചുണ്ടാക്കിയതായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ ധാരാളം നിരപരാധികളെ പോലീസ് ഈ കേസിൽ കുടുക്കി. ഭീകര പ്രസ്ഥാനവുമായി ഇറങ്ങിപ്പുറപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാനും ഞെട്ടിപ്പിക്കാനും വേണ്ടി പോലീസ് നിസ്സാരമായ കുറ്റങ്ങൾക്കുപോലും കള്ള വകുപ്പുകൾ ഉൾപ്പെടുത്തി ഗൗരവമുള്ളതാക്കിത്തീർത്തു . നാടുകടത്തൽ ശിക്ഷയും വധശിക്ഷയും നൽകിയത് കള്ള തെളിവുകൾ ഉണ്ടാക്കിയാണ്. സ്ഥലത്തില്ലാത്തവരേയും സംഭവത്തിൽ യാതൊരു വിധത്തിലും ബന്ധപ്പെടാത്തവരെയും അവർ പ്രതികളാക്കി. റാഷ്ബിഹാരി ബോസ്‌ ലാഹോർ ഗൂഢാലോചന കേസിലെ മുഖ്യപ്രതിയായിരുന്നു. പക്ഷേ അദ്ദേഹത്തെ പിടികിട്ടിയില്ല .അദ്ദേഹം ഇന്ത്യാരാജ്യം തന്നെ വിട്ടു കഴിഞ്ഞിരുന്നു .1915 സെപ്റ്റംബർ 13നാണ് ഗൂഢാലോചന കേസിന്റെ വിധി പ്രസ്താവിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ ബാബാ സോഹൻസിംഗ്, ഭായി പരമാനന്ദ്,  സോഹൻ സിംഗ് ജോഷ്, കർത്താർ സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെട്ടിരുന്നു. ഇവരോടൊപ്പം ചില ഇന്ത്യൻ പട്ടാളക്കാരും ഉണ്ടായിരുന്നു .അവർ നേരിട്ട് വിപ്ലവത്തിൽ പങ്കെടുത്തവർ അല്ല. അനുഭാവം കാട്ടി എന്നതായിരുന്നു കുറ്റം. മീററ്റിലെ ഇരുപത്തിമൂന്നാം കാലാൾപ്പടയിലെ പന്ത്രണ്ട് ശിപായി മാരെയാണ് ഈ കുറ്റത്തിന് തൂക്കിലേറ്റിയത്. സംശയം തോന്നിയ ചില പട്ടാള റെജിമെന്റുകൾ പിരിച്ചുവിടുകയും ചെയ്തു.
      വിപ്ലവ സംരംഭം ഒറ്റുകൊടുത്ത കൃപാൽ സിംഗിനെ വിപ്ലവകാരികൾ പിന്നീട് വെടിവെച്ചുകൊന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സ്വന്തം ജീവിത രക്തം കൊണ്ട് വർണോജ്ജലമായ ഇതിഹാസം രചിച്ചവരായിരുന്നു ഭീകരവാദികൾ .പക്ഷേ സാമ്രാജ്യ ശക്തിയുടെ മുമ്പിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
 തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി

Sunday, November 5, 2023

പൂവിളി : കുട്ടിക്കവിതകൾ /adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കവിതകൾ

പൂവിളി : കുട്ടിക്കവിതകൾ
പി.ജ്യോതി
(Rtd Teacher )
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ
പാലക്കാട്.



Thursday, November 2, 2023

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും. 
40.ഭാരത് മാതാ അസോസിയേഷൻ. 
   തെക്കേ ഇന്ത്യയിൽ പ്രവർത്തിച്ച വിപ്ലവകാരികളുടെ സംഘടനയായിരുന്നു 'ഭാരത് മാതാ അസോസിയേഷൻ'. തിരുനെൽവേലി സ്വദേശിയായ ചിദംബരം പിള്ളയായിരുന്നു ഇതിൻറെ സ്ഥാപകൻ. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിൽ അദ്ദേഹം ഒരു കപ്പൽ കമ്പനി സ്ഥാപിച്ചിരുന്നു. 'കപ്പലോട്ടിയ മന്നൻ' എന്ന പേരിലാണ് ചിദംബരം പിള്ള അറിയപ്പെടുന്നത്.
 ഭാരതമാതാ അസോസിയേഷൻറെ ആസ്ഥാനം ചെങ്കോട്ടയായിരുന്നു. സംഘടനയുടെ പ്രധാന പ്രവർത്തകരിൽ രണ്ടുപേർ വാഞ്ചി അയ്യരും നീലകണ്ഠ ബ്രഹ്മചാരിയും ആയിരുന്നു. പുനലൂർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു വാഞ്ചി അയ്യർ. പുനലൂർ കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ ഈ സംഘടനയുടെ പ്രവർത്തനം വ്യാപിച്ചിരുന്നു.
    ബിബിൻ ചന്ദ്രപാൽ ആയിരുന്നു ചിദംബരം പിള്ളയ്ക് വിപ്ലവ പ്രവർത്തനത്തിന് പ്രചോദനം നൽകിയത്.
 തിരുനെൽവേലിയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ ചിദംബരം പിള്ള ബിപിൻ ചന്ദ്രപാലിനെ 'സ്വരാജ് സിംഹം'  എന്നു പ്രശംസിച്ചു. വിദേശിവസ്തുക്കൾ ബഹിഷ്കരിക്കുവാനും പ്രസ്ഥാനത്തിൽ സജീവ പങ്കാളികളായി രംഗത്തിറങ്ങുവാനും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങൾ ഇതിനു തയ്യാറാവുകയാണെങ്കിൽ വെറും 90 ദിവസം കൊണ്ട് ബ്രിട്ടീഷ് കാട്ടാളന്മാരെ ഇവിടെ നിന്നും പുറത്താക്കാൻ പറ്റുമെന്നും ഇന്ത്യ സ്വതന്ത്രമാവുമെന്നും ചിദംബരം പിള്ള പ്രസംഗിച്ചു.  ഇതൊരു സമരാഹ്വാനമാണെന്നും ജനങ്ങൾ ഇതുമൂലം ഇളകി വശായിരിക്കുക യാണെന്നും അവർ ലഹളയ്ക്കൊരുങ്ങാൻ സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോർട്ടിനെ ആസ്പദമാക്കി തിരുനെൽവേലി കളക്ടർ ചിദംബരം പിള്ളയെയും കൂട്ടുകാരൻ സുബ്രഹ്മണ്യ ശിവത്തേയും 1908 മാർച്ചിൽ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു. ജയിലിൽ ചിദംബരം പിള്ളയും ശിവവും അതികഠിനമായ പീഡനങ്ങൾക്ക് വിധേയരായി .1912 ഡിസംബർ 12ന് അദ്ദേഹം ജയിൽ മോചിതനായി. അതിനിടയിൽ അദ്ദേഹത്തിൻറെ സ്വദേശി നാവിഗേഷൻ കമ്പനിയെ ബ്രിട്ടീഷുകാർ തകർത്തിരുന്നു. വാഞ്ചി അയ്യരെയും നീലകണ്ഠ ബ്രഹ്മചാരിയെയും ഭാരത് മാതാ അസോസിയേഷന്റെ മറ്റു സജീവപ്രവർത്തകരെയും ഇതു രോഷം കൊള്ളിച്ചു ചിദംബരം പിള്ളയെ ജയിലിൽ അടച്ച തിരുനെൽവേലി കളക്ടർ ആഷിനെ വധിക്കാനുള്ള ഉത്തരവാദിത്വം വാഞ്ചി അയ്യർ സ്വയം ഏറ്റെടുത്തു. അതിനുള്ള സമയവും സൗകര്യവും നിരീക്ഷിച്ചുകൊണ്ട് വാഞ്ചി അയ്യർ കളക്ടറെ നിഴൽ പോലെ പിന്തുടർന്നു .
   1911 ജൂൺ 11. ആഷും കുടുംബവും അന്ന് കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസയാത്ര പോകാൻ പരിപാടി ഉള്ളതായി പത്രപംക്തികളിൽ നിന്നും വാഞ്ചി അയ്യർ മനസ്സിലാക്കി. തിരുനെൽവേലിയിൽ നിന്ന് മണിയാച്ചി ജംഗ്ഷൻ വരെയും, അവിടെനിന്ന് മറ്റൊരു തീവണ്ടിയിൽ കൊടൈക്കനാൽ റോഡ് വരെയും പ്രത്യേക സലൂണിൽ ആണ് യാത്ര. അവരുടെ സലൂണിനോടൊപ്പം കൊളുത്തിയിട്ടിരുന്ന ഒഴിഞ്ഞ കമ്പാർട്ട്മെന്റിൽ വാഞ്ചി അയ്യർ കയറിപ്പറ്റുകയായിരുന്നു. മണിയാച്ചി ജംഗ്ഷനിൽ സലൂൺ അഴിച്ചിട്ടു. മറ്റൊരു വണ്ടി വരാനുണ്ട്. അതിൽ കൊളുത്തി വേണം കളക്ടറുടെ സലൂൺ കൊടൈക്കനാൽ റോഡ് വരെ എത്താൻ .വരാനുള്ള വണ്ടിയും കാത്ത് ആഷിന്റെ തീവണ്ടി മറ്റൊരു ലൈനിലേക്ക് മാറ്റിയിട്ടു. അല്പനേരം കൊണ്ട് സലൂൺ കൊളുത്തേണ്ട വണ്ടി വന്നു. പ്ലാറ്റ്ഫോറത്തിൽ യാത്രക്കാരുടെ തിരക്ക്. അപ്പോഴാണ് ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദം കേട്ടത്. ഇടിവെട്ടിയതാവും എന്ന് ചിലർ വിചാരിച്ചു. പക്ഷേ കളക്ടറുടെ സലൂണിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടപ്പോൾ പോലീസ് ചാടിയെത്തി അപ്പോഴേക്കും കയ്യിൽ നീട്ടി പിടിച്ച തോക്കുമായി ജനക്കൂട്ടത്തിനിടയിലേക്ക് കുതിച്ച അക്രമിയെ പിടിക്കാൻ ചിലർ പാഞ്ഞു വന്നെങ്കിലും വാഞ്ചി അയ്യർ ഗർജിച്ചു. 'തോക്കിനുള്ളിൽ ഇനിയും നിരവധി ഉണ്ടകൾ ബാക്കി കിടക്കുന്നു .മരണ ഭയം ഇല്ലെങ്കിൽ മാത്രം അടുത്തു വന്നാൽ മതി.' വാഞ്ചി അയ്യര്‍ പിറകോട്ട് മാറി മാറി പ്ലാറ്റ്ഫോറത്തിന്റെ വലത്തെ അറ്റത്തുള്ള മൂത്രപ്പുരയിലേക്ക് പാഞ്ഞു കയറി വാതിൽ അടച്ചു. അക്രമിയെ കീഴടക്കാൻ ചെന്ന പോലീസ് സംഘം,  അക്രമിയെ കെണിയിൽ അകപ്പെടുത്തിയ ചാരിതാർത്ഥ്യത്തോടെ നിറതോക്കുമായി വെളിയിൽ കാത്തുനിന്നു. അതിനിടയിൽ വാഞ്ചി അയ്യർ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.        സലൂണിൽ തിരുനെൽവേലി കളക്ടർ ആഷ് മരിച്ചുകിടന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി മുറിവേറ്റ് അബോധാവസ്ഥയിലും ആയിരുന്നു . വാഞ്ചി അയ്യരുടെ കുപ്പായക്കീശയിൽ നിന്നും ലഭിച്ച കടലാസ് കുറിപ്പ് അനുസരിച്ച് ആണ് പോലീസ് അയാളെ തിരിച്ചറിഞ്ഞത് .ചിലരുടെ മേൽവിലാസങ്ങളും കേസിന് സഹായകമായ പല തെളിവുകളും അവർക്ക് ആ കുറിപ്പുകളിൽ നിന്നും ലഭിച്ചു .അങ്ങനെയാണ് നീലകണ്ഠ ബ്രഹ്മചാരിയെയും മറ്റു പലരെയും അറസ്റ്റ് ചെയ്തത്.
     കോടതിയിൽ വിപ്ലവകാരികൾക്ക് വേണ്ടി കേസ് വാദിച്ചത് ആന്ധ്രക്കാരനായ കോൺഗ്രസ് നേതാവ് 
ടി. പ്രകാശം ആയിരുന്നു. 'ആന്ധ്ര കേസരി'  എന്ന പേരിലാണ് രാഷ്ട്രീയ രംഗത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം.
 ഇംഗ്ലണ്ടിൽ നിന്നും ബാരിസ്റ്റർ പരീക്ഷ പാസായി മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച കാലത്താണ് രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാൻ ഇറങ്ങിയത് .വാഞ്ചി അയ്യരുടെയും മറ്റും കേസ് കേട്ടത് മറ്റൊരു കോൺഗ്രസ് നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡന്റുമായിരുന്ന മലയാളിയായ ശ്രീ. സി. ശങ്കരൻ നായരും.
        മണിയാച്ചി കൊലക്കേസുമായി ബന്ധപ്പെട്ട് നീലകണ്ഠ ബ്രഹ്മചാരിക്കും വാഞ്ചി അയ്യരുടെ ഒരു ബന്ധുവായ ശങ്കര കൃഷ്ണയ്യർക്കും മറ്റു പലർക്കും വിവിധ കാലത്തേക്ക് തടവു ശിക്ഷ ലഭിച്ചു .
കൊലക്കേസിൽ രക്തസാക്ഷിത്വം വരിച്ച വാഞ്ചി അയ്യരെ പിന്നീട് ആദരിച്ചതും സ്മരണ ശാശ്വതമാക്കിയതും മണിയാച്ചി റെയിൽവെ സ്റ്റേഷന്റെ പേര് 'വാഞ്ചിമണിയാച്ചി' എന്ന് പുനർനാമം ചെയ്തുകൊണ്ടായിരുന്നു.
       ഇതേ കാലയളവിൽ വിദേശത്തു ചെന്ന് ഇന്ത്യയുടെ വിമോചനത്തിനുവേണ്ടി യത്നിച്ച മറ്റൊരു മലയാളിയായിരുന്നു ചെമ്പകരാമൻ പിള്ള .1891 സെപ്റ്റംബർ 15ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ചിന്നപ്പസ്വാമി പിള്ള ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു. പഠിച്ചത് ഗാന്ധാരി അമ്മൻ കോവിലിന് അടുത്തുള്ള തമിഴ് വിദ്യാലയത്തിൽ. ആയിടയ്ക്കാണ്,  ബ്രിട്ടീഷുകാരനായ വാൾട്ടർ വില്യം സ്മരിക്ക് ലാൻഡ് എന്ന ശാസ്ത്രജ്ഞൻ തിരുവനന്തപുരത്തെത്തുന്നത്. അദ്ദേഹം ഒരു പക്ഷി നിരീക്ഷകൻ കൂടിയായിരുന്നു. ആരോടും എളുപ്പത്തിൽ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും കഴിവുള്ള ചെമ്പകരാമൻ ഈ ശാസ്ത്രജ്ഞനുമായി പരിചയപ്പെട്ടു. ചെമ്പകരനോട് വിദേശിക്ക് വലിയ മതിപ്പു തോന്നി. തൻറെ രാജ്യത്തേക്ക് വരാൻ തയ്യാറുണ്ടോ എന്ന ശാസ്ത്രജ്ഞന്റെ അന്വേഷണത്തിന് ചെമ്പകരാമൻ അനുകൂല ഭാവം കാട്ടി. മാതാപിതാക്കളുടെ സമ്മതത്തോടെ ചെമ്പകരാമൻ അയാളോടൊപ്പം കപ്പൽ കയറി . ചെമ്പക രാമനിലെ പ്രതിഭ കണ്ടെത്തിയ ദയാലുവായ അദ്ദേഹം കുട്ടിയെ ഉപരിപഠനത്തിന് ചേർത്തു .നന്നായി പഠിച്ച് ചെമ്പകരാമൻ രാഷ്ട്ര മീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും അത്യുന്നത ബിരുദങ്ങൾ. നേടി. ഈ സന്ദർഭത്തിലാണ് ജർമനിയിലെ ഇന്ത്യൻ വിപ്ലവ പ്രസ്ഥാന പ്രവർത്തകരായ വിരേന്ദ്രനാഥ ചതോപാധ്യയും ഹർദയാലും മറ്റുമായി പരിചയപ്പെടുന്നതും ഉറ്റ സൗഹൃദം സ്ഥാപിക്കുന്നതും.
 അവരുടെയും അവിടുത്തെ ചില ദേശസ്നേഹികളായ ഇന്ത്യക്കാരുടെയും സഹായത്തോടെ 'ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി ' എന്ന പേരിൽ ചെമ്പകരാമൻ പിള്ള ഒരു പ്രസ്ഥാനം ഉണ്ടാക്കി.' പ്രൊ ഇന്ത്യ ' എന്ന ഒരു പത്രവും പ്രസിദ്ധീകരിച്ചു തുടങ്ങി. ജർമൻ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിനാൽ ധാരാളം ജർമൻ യുവാക്കളുമായി അടുത്ത  സുഹൃദ്ബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അതോടെ ജർമൻ ജീവിതത്തിന്റെ ഒരു ഭാഗമായി മിടുക്കനായ ചെമ്പകരാമൻ പിള്ള.
    ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഒരൊറ്റമാർഗമേയുള്ളൂ എന്ന് വിശ്വസിച്ച ആളായിരുന്നു അദ്ദേഹം. ബ്രിട്ടൻ സ്വമനസ്സാലെ ഇന്ത്യയുടെ ആധിപത്യം ഉപേക്ഷിച്ചു പോവുക. ബ്രിട്ടീഷുകാർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ വിദേശ ശക്തികളുടെ സഹായം തേടി ഇന്ത്യയെ മോചിപ്പിക്കണം എന്ന അഭിപ്രായമായിരുന്നു ചെമ്പകരാമൻ പിള്ളയുടേത് . ആ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജർമ്മൻ ചക്രവർത്തിയായിരുന്ന കൈസർ വില്യമിനെ പോലും ചെന്നു കണ്ടു ഇന്ത്യയെ കീഴടക്കി ഇംഗ്ലീഷുകാരിൽ നിന്നും തങ്ങളെ മോചിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഒന്നാം ലോക യുദ്ധം ആരംഭിച്ചപ്പോൾ ജർമ്മൻ നാവികസേനയുടെ എംഡന്‍ എന്ന പടക്കപ്പലിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ചെമ്പകരാമൻപിള്ള. ഇന്ത്യയെ ആക്രമിക്കാനുള്ള ലക്ഷ്യവുമായി മദ്രാസ് തീരത്ത് പ്രത്യക്ഷപ്പെട്ട ഈ കപ്പലിൽ ചെമ്പകരാമൻ പിള്ളയും ഉണ്ടായിരുന്നു. 1914 സെപ്റ്റംബർ 22നാണ് ജർമ്മൻ കപ്പലിന്റെ ഈ ആക്രമണം ഉണ്ടായത്. ജർമൻ യോദ്ധാക്കൾ അന്ന് മദ്രാസിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. ഇന്ത്യയുടെ മോചനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ഈ വിപ്ലവകാരി ഇന്ത്യയിലെ അന്നത്തെ മിക്കവാറും എല്ലാ നേതാക്കളുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ ചെമ്പകരാമൻ പിള്ള അവിടെ ചെന്ന് ഗാന്ധിജിയുമായി ഇന്ത്യയിലെ കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ജർമ്മനിയിലെ നാസികളുമായി ചെമ്പകരാമൻ പിള്ള പിണങ്ങി .അതേത്തുടർന്ന് ഒരുകാലത്ത് സ്നേഹിതനായിരുന്ന അദ്ദേഹത്തെ ജർമ്മൻകാർ കഠിന ശത്രുവായി കണക്കാക്കി .അവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ സഹിക്കേണ്ടിയും വന്നു. ചെമ്പകരാമൻ പിള്ളയുടെ അന്ത്യം പോലും അവർ നടത്തിയ മൃഗീയ മർദ്ദനം മൂലമാണ് ഉണ്ടായത്. 1934 മെയ് 20ന് അദ്ദേഹം മരിച്ചു. തങ്ങളുടെ ഏറ്റവും കടുത്ത ശത്രുവായിരുന്ന മഹാനായ ആ വിപ്ലവകാരിയുടെ തലയ്ക്ക് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം വില പ്രഖ്യാപിച്ചിരുന്നു. മരണശേഷം ചെമ്പകരാമൻ പിള്ളയുടെ സഹധർമ്മിണി ലക്ഷ്മിഭായി പിള്ള 1935ൽ ഭർത്താവിൻറെ ചിതാഭസ്മം ഇന്ത്യയിൽ കൊണ്ടുവന്നു. ബോംബെയിൽ അവരുടെ വാസ സ്ഥലത്ത് ആണ് ചിതാഭസ്മ കുംഭം സൂക്ഷിച്ചത് .1966 സെപ്റ്റംബർ 19ന് ചിതാഭസ്മം രാജകീയ പ്രൗഢിയോടെ ഇന്ത്യയുടെ യുദ്ധക്കപ്പലിൽ ജന്മദേശമായ കേരളത്തിൽ കൊണ്ടുവന്നു. ആ വർഷം ഒക്ടോബർ രണ്ടിന് കന്യാകുമാരിയിലെ സമുദ്രജലത്തിൽ നിമഞ്ജനവും ചെയ്തു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി.

Wednesday, November 1, 2023

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്/adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

അധ്യാപകക്കൂട്ടം ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുന്ന പ്രതിദിന ക്വിസ് Day 26 മുതൽ Day 50 വരെ ഒന്നിച്ച് ബ്ലോഗിൽ നൽകുന്നു.

126) മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ 
ഉത്തരം : ബാലൻ 

127) ആദ്യത്തെ നിശബ്ദ സിനിമ 
 ഉത്തരo : വിഗതകുമാരൻ 

128) സിനിമയിലെ മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ് 
 ഉത്തരം : ശാരദ 

129) കേരളത്തിൽ ആദ്യത്തെ സുവർണകമലം ലഭിച്ച മലയാള സിനിമ
 ഉത്തരം : ചെമ്മീൻ 

130) ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്കാരം
 ഉത്തരം : ദേശീയ ചലച്ചിത്ര പുരസ്കാരം   

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  27

131) ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം
ഉത്തരം : കേരളം

132) കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല 
 ഉത്തരo : എറണാകുളം

133) കേരളത്തിലെ ആദ്യ ബാല സൗഹൃദ ജില്ല 
 ഉത്തരം : ഇടുക്കി

134) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് 
 ഉത്തരം : വെങ്ങനൂർ (തിരുവനന്തപുരം ജില്ല  )

135) കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ പഞ്ചായത്ത് 
 ഉത്തരം : നെടുമ്പാശ്ശേരി (എറണാകുളം )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  28

136) കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം 
ഉത്തരം : തിരുവനന്തപുരം 

137) കേരളത്തിലെ ആദ്യത്തെ മെട്രോ നിലവിൽ വന്നത് 
 ഉത്തരo : 2017 ജൂൺ 17 ( കൊച്ചി)

138) ആദ്യത്തെ വാട്ടർ മെട്രോ നിലവിൽ വന്നത് 
 ഉത്തരം : 2023 ഏപ്രിൽ 25 ( കൊച്ചി )

139) കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത് 
 ഉത്തരം : പിരപ്പൻകോട് (തിരുവനന്തപുരം ജില്ല  )

140) കേരളത്തിലെ ( ഇന്ത്യയിലെ തന്നെ ) ആദ്യത്തെ സുനാമി മ്യൂസിയം 
 ഉത്തരം : അഴീക്കൽ  ( കൊല്ലം )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  29

141) സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതി  
ഉത്തരം : നിർഭയ

142) നിർഭയ ദിനം ആചരിക്കുന്നത്  
 ഉത്തരo : മാർച്ച് 1  

143) ഏതു വർഷം മുതലാണ് മാർച്ച് 1 നിർഭയ ദിനമായി ആചരിക്കുന്നത് 
 ഉത്തരം : 2013

144) ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹ പങ്കാളിത്തത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി 
 ഉത്തരം : കുടുംബശ്രീ  

145)NHG ( Neighbour Hood group ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 
 ഉത്തരം : അയൽക്കൂട്ടം 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  30

146) കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജില്ല
ഉത്തരം : കണ്ണൂർ

147) കേരളത്തിലെ കണ്ടൽക്കാടുകളെ പ്രതിപാദിച്ച ആദ്യത്തെ ഗ്രന്ഥം
 ഉത്തരo : ഹോർത്തൂസ് മലബാറിക്കസ്   

148) കണ്ടൽക്കാടുകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
 ഉത്തരം : കല്ലേൻ പൊക്കുടൻ  

149) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനങ്ങൾ  
 ഉത്തരം : സുന്ദർബൻ  ( സുന്ദർബൻ ഡെൽറ്റ  )

150) കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏകപ്രദേശം 
 ഉത്തരം : സുന്ദർബൻ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  31

151) എവിടെയാണ്  ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ 
ഉത്തരം : പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി

152) പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾക്കു നൽകുന്ന മുദ്ര 
 ഉത്തരo : ഇക്കോ മാർക്ക്  

153) പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം 
 ഉത്തരം : ചിപ്കോ പ്രസ്ഥാനം 

154)ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് 
 ഉത്തരം : സുന്ദർലാൽ ബഹുഗുണ  

155) കേരളത്തിൽ എവിടെയാണ് ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് 
 ഉത്തരം : ഏഴിമല (കണ്ണൂർ) 1977  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  32

156) ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത്
ഉത്തരം : തണ്ണീർത്തടങ്ങൾ  

157) ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
 ഉത്തരം : ഇടുക്കി

158) ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല 
 ഉത്തരം : ആലപ്പുഴ  

159)' ഗ്ലോബൽ 500 ' പുരസ്കാരം ആദ്യമായി നൽകിയ വർഷം  
 ഉത്തരം : 1987

160) ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
 ഉത്തരം : പ്രൊഫസർ ആർ.മിശ്ര  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  33

161) മലയാളം സംസാരഭാഷയായുള്ള കേന്ദ്രഭരണ പ്രദേശം 
ഉത്തരം : ലക്ഷദ്വീപ് 

162) മാതൃത്വത്തിന്റെ ശക്തി ആവിഷ്കരിക്കുന്ന ഇടശ്ശേരിയുടെ കൃതി 
 ഉത്തരം : പൂതപ്പാട്ട് 

163) കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി  കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി 
 ഉത്തരം : കവചo

164) കുട്ടികളിലെ പ്രമേഹ രോഗനിർമാർജനവുമായി ബന്ധപ്പെട്ട കേരള സർക്കാർ പദ്ധതി  
 ഉത്തരം : മിഠായി

165) കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള പോലീസിന്റെ പുതിയ പദ്ധതി 
 ഉത്തരം : യോദ്ധാവ്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  34

166)ഏറ്റവും കുറവ് റിസർവ് വനങ്ങളുള്ള ജില്ല 
ഉത്തരം : ആലപ്പുഴ 

167) ഏറ്റവും കൂടുതൽ റിസർവ് വനങ്ങളുള്ള ഉള്ള ജില്ല
 ഉത്തരം : പത്തനംതിട്ട 

168)ഏറ്റവും ആദ്യത്തെ റിസർവ് വനം 
 ഉത്തരം : കോന്നി (1888 പത്തനംതിട്ട ജില്ല )

169)ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയോധ്യനം 
 ഉത്തരം : സൈലന്റ് വാലി (പാലക്കാട് ജില്ല )

170)ചീവീടുകൾ ഇല്ലാത്ത ദേശീയോദ്യാനം 
 ഉത്തരം : സൈലന്റ് വാലി 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  35

171) വായനദിനം  ആചരിക്കുന്നത് 
ഉത്തരം : ജൂൺ 19

172) ഏതു വർഷം മുതലാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്  
 ഉത്തരം : 1996

173) ഈ ദിനം ദേശീയ വായന ദിനമായി ആചരിച്ചത് എന്നുമുതൽ  
 ഉത്തരം  : 2017

174) ആരുടെ ചരമദിനത്തിന്റെ   ഓർമ്മയ്ക്കായാണ് വായനദിനം ആചരിക്കുന്നത്  
 ഉത്തരം : പി. എൻ.  പണിക്കർ    

175) ലോക പുസ്തക ദിനം എന്ന്  
 ഉത്തരം : ഏപ്രിൽ 23 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  36

176) ലോക പുസ്തക ദിനം അറിയപ്പെടുന്നത്  
ഉത്തരം : വേൾഡ് ബുക്ക് പകർപ്പവകാശ ദിനം ( പുസ്തകത്തിന്റെ അന്താരാഷ്ട്ര ദിനം )

177) ഏതു വർഷം മുതലാണ് ഏപ്രിൽ 23  ലോക പുസ്തക ദിനമായി ആചരിച്ചുവന്നത് 
 ഉത്തരം : 1923 ൽ

178) യുനെസ്കോ ഈ ദിനം   ലോക പുസ്തക ദിനമായി ആചരിക്കാൻ ആരംഭിച്ചത് 
 ഉത്തരം  : 1995  

179) 2023 ൽ ലോക പുസ്തക തലസ്ഥാനമായി  ഒരു വർഷത്തേക്ക് നിയമിച്ചിരിക്കുന്നത് 
 ഉത്തരം  : അക്ര ( ഘാനയുടെ തലസ്ഥാനം )

180) ആരുടെ 400 ആം ചരമ ദിനമായിരുന്നു ഈ വർഷം ഏപ്രിൽ 23
 ഉത്തരം : വില്യം ഷേക്സ്പിയർ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  37

181) 'വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്  ' കേരള സർക്കാർ ക്യാമ്പയിന്റെ പേര് 
ഉത്തരം : വിവ 

182) ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി
 ഉത്തരം : ഗഗൻയാൻ 

183) വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി
 ഉത്തരം  : ഫിലമെന്റ് രഹിത കേരളം 

184) ബധിരരായ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്ക് ധന സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി  
 ഉത്തരം  : ശ്രുതി തരംഗം  

185) മലയാള മനോരമ ദിനപത്രം മികച്ച കർഷക പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനായി നൽകുന്ന പുരസ്കാരം 
 ഉത്തരം : കർഷകശ്രീ അവാർഡ്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  38

186) ഇന്ത്യയിൽ ആദ്യമായി 'റോഡ് സുരക്ഷ' പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനം
ഉത്തരം : കേരളം 

187) ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം 
 ഉത്തരം : കൂടിയാട്ടം

188) ഐ.എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കളക്ടറേറ്റ് 
 ഉത്തരം  : കോട്ടയം കലക്ടറേറ്റ്  

189) ഈയടുത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ സർവകലാശാല 
 ഉത്തരം  : കുസാറ്റ്  ( കൊച്ചിൻ യൂണിവേഴ്സിറ്റി )

190) ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം 
 ഉത്തരം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  ( നെടുമ്പാശ്ശേരി )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM.*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  39

191) 2023 ലെ വയലാർ അവാർഡ് ജേതാവ് 
ഉത്തരം : ശ്രീകുമാരൻ തമ്പി  

192) ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ് ലഭിച്ച ആത്മകഥ 
 ഉത്തരം : ജീവിതം ഒരു പെൻഡുലം  

193) 2023ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : ശ്രീകുമാരൻ തമ്പി ( കറുപ്പും വെളുപ്പും മായാ വർണ്ണങ്ങളും )

194) 2023ലെ അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്  
 ഉത്തരം  : സുഭാഷ് ചന്ദ്രൻ   ( സമുദ്രശില എന്ന നോവലിന്  )

195) 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത് 
 ഉത്തരം : പ്രിയ .എ .എസ് ( പെരുമഴയത്തെ കുഞ്ഞിതളുകൾ ) 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  40

196) 2023 ൽ ഓടക്കുഴൽ അവാർഡ് നേടിയത്
 ഉത്തരം : അംബികാ സുതൻ മങ്ങാട് (പ്രാണവായു )

197)2023 ൽ ശ്രീ സ്വാതി തിരുനാൾ  സംഗീത വേദിയുടെ  സംഗീത പുരസ്കാരം ലഭിച്ചത് 
ഉത്തരം : പി. ജയചന്ദ്രൻ 

198) 2023 ല്‍ വൈക്കം മുഹമ്മദ് ബഷീർ സ്മാരക  ട്രസ്റ്റിന്റെ ബഷീർ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : എം   മുകുന്ദൻ ( നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിന്  ) 

199) ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : മധുസൂദനൻ നായർ  

200) 2023ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : എസ് .ആർ. ശക്തിധരൻ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  41

201) കേരള സർക്കാരിന്റെ  കേരള സാഹിത്യ അക്കാദമി നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതി 
 ഉത്തരം :  എഴുത്തച്ഛൻ പുരസ്കാരം  

202)2022 ലെ എഴുത്തച്ഛൻ പുരസ്കാര  ജേതാവ് 
ഉത്തരം : സേതു (എ. സേതുമാധവൻ  )

203) മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്കാരം ആദ്യമായി ആരംഭിച്ചത് 
 ഉത്തരം : 1993 ൽ 

204) എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നേടിയത് 
 ഉത്തരം  : ശൂരനാട് കുഞ്ഞൻപിള്ള

205)ശ്രീ. ഒ. എൻ. വി  ക്ക്  എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് 
 ഉത്തരം  : 2007 ൽ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  42

206) മഹാകവി  ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡ്
 ഉത്തരം : ഓടക്കുഴൽ പുരസ്കാരം 

207) ആദ്യമായി ഓടക്കുഴൽ   പുരസ്കാരം ലഭിച്ചത്  
ഉത്തരം :  ബാലകവി രാമൻ  ( നാരായണീയം )

208) 2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം : സാറാ ജോസഫ് (ബുധിനി എന്ന നോവലിന് )

209) ഓടക്കുഴൽ പുരസ്കാരം നൽകുന്നത് 
 ഉത്തരം  : ഗുരുവായൂർ ട്രസ്റ്റ് ( ജി ശങ്കരക്കുറുപ്പിനു ലഭിച്ച ജ്ഞാനപീഠ പുരസ്കാര തുകയിൽ നിന്ന് രൂപവൽക്കരിച്ചത്  )

210) ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് 
 ഉത്തരം  : 1968 ൽ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  43

211) കേരള സംസ്ഥാനo രൂപീകൃതമായത്  
 ഉത്തരം : 1956 നവംബർ 1  

212) മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്  കേരള സംസ്ഥാനം രൂപീകൃതമായതിന്റെ അടിസ്ഥാനത്തിൽ ആഘോഷിക്കുന്നത്   
ഉത്തരം :  കേരളപ്പിറവി 

213) രൂപീകരണ സമയത്ത് കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു  
 ഉത്തരം :  5

214) സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്  
 ഉത്തരം  : കെ. ടി.  കോശി 

215) 1956 ൽ കേരള സംസ്ഥാനo രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന 5  ജില്ലകൾ   
 ഉത്തരം  : തിരുവനന്തപുരം,  തൃശൂർ , കൊല്ലം,  കോട്ടയം ,  മലബാർ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  44

216) കേരള സംസ്ഥാനo രൂപീകൃതമായതിനുശേഷമുള്ള  ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്  
 ഉത്തരം : 1957 ഫെബ്രുവരി 28  

217) ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്നത്   
ഉത്തരം : 1957 ഏപ്രിൽ 5

218) കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി  
 ഉത്തരം :  ഇ. എം. എസ്. നമ്പൂതിരിപ്പാട്

219) ആദ്യത്തെ ഗവർണർ 
 ഉത്തരം  : ബി. രാമകൃഷ്ണ റാവു  

220) കേരള സംസ്ഥാനo രൂപീകരിക്കുമ്പോഴത്തെ ഉപരാഷ്ട്രപതി  
 ഉത്തരം  : ഡോ.  എസ്.രാധാകൃഷ്ണൻ   

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  45

221) ഐക്യ കേരളം എന്ന് പ്രമേയം പാസാക്കിയ നാട്ടു രാജ്യപ്രജാ സമ്മേളനം നടന്ന സ്ഥലം  
 ഉത്തരം : എറണാകുളo

222) കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി 
 ഉത്തരം  : സി. അച്യുതമേനോൻ    

223) ആദ്യ വിദ്യാഭ്യാസ മന്ത്രി  
 ഉത്തരം  :  മൗലാന അബ്ദുൽ കലാം ആസാദ്  

224) ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
 ഉത്തരം  : 11 

225) 1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശങ്ങൾ
 ഉത്തരം  : 6

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  46

226) ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം  
 ഉത്തരം : കേരളം 

227) കേരള ഹൈക്കോടതി രൂപം കൊണ്ടത്
 ഉത്തരം  : 1956 നവംബർ 1   

228) ആദ്യത്തെ ചീഫ് ജസ്റ്റിസ്
 ഉത്തരം : കെ. ടി. കോശി 

229) പ്രഥമ വനിത ഹൈക്കോടതി ജഡ്ജി  
 ഉത്തരം  : ജസ്റ്റിസ് അന്നാ ചാണ്ടി  

230) കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം
 ഉത്തരം  : കോഴിക്കോട് 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  47

231) 1986 കേരളം കൂടാതെ ഏതു കേന്ദ്രഭരണപ്രദേശം കൂടിയാണ് ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉണ്ടായിരുന്നത് 
 ഉത്തരം : ലക്ഷദ്വീപ്   

232) കേരള ഹൈക്കോടതിയുടെ ആസ്ഥാനം 
 ഉത്തരം  : കൊച്ചി ( എറണാകുളം ജില്ല  )  

233) കേരള ഹൈക്കോടതി പുതിയ മന്ദിരം നിലവിൽ വന്നത്
 ഉത്തരം : 2006 ഫെബ്രുവരി 11 

229) എത്ര ജില്ലാ കോടതികൾ ആണ് കേരള സംസ്ഥാനത്തിൽ ഉള്ളത്
 ഉത്തരം  : 14

235) ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി ഏത് ദ്വീപിലാണ് 
 ഉത്തരം  : കവരത്തി

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  48

236) കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്
 ഉത്തരം  : തുലാം 

237) കേരളത്തിന്റെ വ്യവസായിക തലസ്ഥാനം
 ഉത്തരം  : എറണാകുളം

238) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
 ഉത്തരം : തൃശൂർ 

239) കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം 
 ഉത്തരം : ഫറോക്ക് (കോഴിക്കോട്  )  

240) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി 
 ഉത്തരം  : ഇ. എം. എസ്.  നമ്പൂതിരിപ്പാട്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  49

241) കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം 
 ഉത്തരം  : കഥകളി 

242) ഏതു കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത് 
 ഉത്തരം  : രാമനാട്ടം 

243) കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥയുടെ ഉപജ്ഞാതാവ് 
 ഉത്തരം : കൊട്ടാരക്കര തമ്പുരാൻ  

244) നളചരിതം ആട്ടക്കഥയുടെ രചയിതാവ്  
 ഉത്തരം : ഉണ്ണായിവാര്യർ  

245) ഏതു കലാരൂപത്തിലെ കഥാപാത്രങ്ങളാണ് പച്ച,  കത്തി,  കരി, മിനുക്ക് ,  താടി  എന്നിവ 
 ഉത്തരം  :  കഥകളി  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  50

246) ഭാരതീയ നൃത്ത കലകൾ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രശസ്തമായ കലാലയം  
 ഉത്തരം  : കേരള കലാമണ്ഡലം 

247) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്   
 ഉത്തരം  : ചെറുതുരുത്തി ( തൃശ്ശൂർ  )

248) സ്വയം കല്പിതസർവ്വകലാശാലയായ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് പുഴയുടെ തീരത്താണ് 
 ഉത്തരം : ഭാരതപ്പുഴ    

249) കേരള കലാമണ്ഡലം സ്ഥാപിതമായത്  
 ഉത്തരം : 1930 

250) ഈ സ്ഥാപനത്തിന് രൂപം കൊടുത്ത രണ്ടുപേരിൽ ഒരാൾ വള്ളത്തോൾ നാരായണമേനോൻ. മറ്റൊരാൾ  
 ഉത്തരം  : മണക്കുളം മുകുന്ദ രാജ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

Saturday, October 28, 2023

താളും തകരയും /adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

നാലാം ക്ലാസ്സിലെ താളും തകരയുമെന്ന പാഠഭാഗത്തിലെ പ്രവർത്തനമാണ് ക്ലാസിൽ  വിഭവങ്ങൾ ഓരോ കുട്ടികളും കൊണ്ടുവന്ന് പങ്കു വച്ച് കഴിക്കുന്ന ഈ പ്രവർത്തനം പങ്കുവക്കലിന്റെ പാഠം കൂടി ഉൾക്കൊള്ളുന്നുണ്ട്. പ്രവർത്തനശേഷം കുട്ടികൾ തയ്യാറാക്കിയ സംഭാഷണം, ഡയറി, ദൃക്സാക്ഷിവിവരണം, അനുഭവ വിവരണം തുടങ്ങിയ വിവിധ മേഖലയിലെ വായനാ കാർഡുകളാക്കിയപ്പോൾ.
സുമിത ടീച്ചർ
കൃഷ്ണ എ.എൽ.പി.എസ്
പാലക്കാട്



Friday, October 27, 2023

ഖുദി റാമും പ്രഫുല്ല ചാക്കിയും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
 39.ഖുദി റാമും  പ്രഫുല്ല ചാക്കിയും.
            സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി ദേശീയ നേതാക്കളെ തുറുങ്കിലടയ്ക്കുകയോ നാടുകടത്തുകയോ തൂക്കിലിടുകയോ ചെയ്തുകൊണ്ട് ഇന്ത്യക്കാരുടെ കൊടിയ ശത്രുവായി വർത്തിച്ച കിംഗ്സ് ഫോർഡ് കൽക്കത്ത കോടതിയിലെ ജഡ്ജിയായിരുന്നു. ഇവിടെ ഉന്നത പദവിയിലുള്ള മറ്റ് ഏതൊരു ബ്രിട്ടീഷ് മേധാവിയെക്കാളും ക്രൂരനായിരുന്നു അദ്ദേഹം. ഗവൺമെന്റിന് പോലും ഇക്കാര്യം അറിയാമായിരുന്നു. അക്കാരണത്താലാണ് ഒരു സന്ദർഭത്തിൽ കിംഗ്സ് ഫോർഡിനെ ഭീകര പ്രസ്ഥാനക്കാരുടെ താവളമായിരുന്ന കൽക്കത്തയിൽ നിന്നും മുസാഫർ പുരിയിലേക്ക് മാറ്റിയത് . 
         ഒരിക്കൽ അരവിന്ദ ഘോഷിനെ ഒരു കേസുമായി ബന്ധപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്യുകയും കിംഗ്സ് ഫോർഡിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. അരവിന്ദഘോഷിന്റെ പേരിൽ കുറ്റം ചുമത്തിക്കൊണ്ട് സാക്ഷിയായി ബിപിൻ ചന്ദ്രപാലിനെയും പിടിച്ചിരുന്നു .പക്ഷേ ബിപിൻ ചന്ദ്രപാൽ ഘോഷിനെതിരെ സാക്ഷി പറയാൻ കൂട്ടാക്കിയില്ല എന്ന കാരണത്താൽ കിംഗ്സ് ഫോർഡിന് അരവിന്ദ് ഘോഷിനെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ ബിപിൻ ചന്ദ്രപാലിനെ വിട്ടില്ല. കോടതിയലക്ഷ്യക്കുറ്റം ചുമത്തി ആറുമാസം കഠിന തടവിന് ശിക്ഷിച്ചു.  ഇന്ത്യൻ ദേശീയ നേതാക്കൾക്കെതിരായി ഈ രീതിയിൽ എത്രയോ കള്ളക്കേസുകൾ ചമയ്ക്കാൻ പോലീസിനെ സഹായിച്ച ക്രൂരൻ ന്യായാധിപനായിരുന്നു കിംഗ്സ് ഫോർഡ്.
   അദ്ദേഹത്തെ എവിടേക്ക് മാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചാലും ഇന്ത്യയുടെ ഏത് കോണിലും ചെന്ന് വധിക്കണം എന്ന് വാശിയുള്ളവരായിരുന്നു വിപ്ളവ പ്രസ്ഥാനക്കാർ. ആ നിലയിലാണ് കൽക്കത്തയിൽ നിന്ന് മുസാഫർ പൂരിലേക്ക് മാറ്റിയപ്പോഴും ബിംബത്തിനു നിഴൽ പോലെ വിപ്ലവ പ്രസ്ഥാനക്കാർ കിംഗ്സ് ഫോർഡിനെ വിടാതെ കൂടിയിരുന്നത് .
   കിംഗ്സ്ഫോർഡിനെ വധിക്കാൻ നിയോഗിച്ചത് പ്രായം കുറഞ്ഞ രണ്ട് യുവാക്കളെ ആയിരുന്നു. ഖുദിറാംബോസിനെയും പ്രഫുല്ല ചാക്കിയേയും. ഖുദിറാം ബോസിന് വയസ്സ് 19. പ്രഫുല്ലചാക്കിക്ക് 20. 
      പ്രായപൂർത്തി എത്തും മുമ്പ് സ്വദേശി പ്രസ്ഥാനവുമായി രാഷ്ട്രീയത്തിലിറങ്ങിയ ബാലനായിരുന്നു ഖുദിറാം. അസാധാരണമായ മനക്കരുത്തും ധൈര്യവുമായിരുന്നു ആ കുട്ടിക്ക് . ബോർഡിംഗ് സ്കൂളിൽ താമസിച്ചു കൊണ്ടാണ് പഠിച്ചത്. കുഴപ്പം പിടിച്ച കാലത്ത് ഒരു ദിവസം ബോർഡിംഗ് സ്കൂളിൽ നിന്നും പുലർച്ചെ ഒരു മണിക്ക് ഒരു ഹെഡ്കോൺസ്റ്റബിളും നാലഞ്ചു പോലീസുകാരും വന്ന് ഖുദിറാമിനെ പൊക്കിയെടുത്തു കൊണ്ടുപോയി. പോലീസ് സ്റ്റേഷനിൽ ഇട്ടു ചൂരൽ പ്രയോഗം നടത്തി. ഉറക്കപ്പിച്ചോടെ എല്ലാ പ്രഹരവും ഏറ്റു വാങ്ങിയ ഖുദിറാമിനെ പോലീസ് ബോർഡിംഗ് ഹൗസിൽ തിരിച്ചുകൊണ്ടു വിട്ടു. ഉറക്കം നഷ്ടപ്പെടുത്തിയതിൽ പോലീസിന് നേരെ പിറുത്തുകൊണ്ട് യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ കുട്ടി ഉറക്കം തുടരുകയും ചെയ്തു.  ഇത്രയും തന്റേടമുള്ള കുട്ടിയായിരുന്നു ഖുദിറാം.                പ്രഫുല്ല ചാക്കിയും ഏതാണ്ട് ഇതേ മൂശയിൽ കാച്ചിയെടുത്ത യുവാവാണ്. ക്ലാസിൽ വന്ദേമാതര ഗാനം ആലപിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി. പിന്നെ പഠനം തുടർന്നില്ല .വന്നിറങ്ങിയത് പടക്കളത്തിൽ. കൂട്ടുകാർ രണ്ടുപേരും മുസാഫർ പുരിയിലെത്തി. മുമ്പ് പരിചയമില്ലാത്ത പ്രദേശം. പരിസരപഠനത്തിനായി  അഞ്ച് പത്ത് ദിവസം ഒരു ധർമ്മശാലയിൽ താമസമുറപ്പിച്ചു. പകൽ മുഴുവൻ  പരിസര നിരീക്ഷണത്തിൽ വ്യാപൃതരായി. കിംഗ്‌സ് ഫോർഡിന്റെ  ബംഗ്ളാവ്, കോടതി, അദ്ദേഹം പെരുമാറുന്ന മറ്റിടങ്ങൾ ഇതൊക്കെ സൂക്ഷ്മമായി പഠിച്ചു.  ഒരു ഡിറ്റക്ടീവിന്റെ നിരീക്ഷണ പാടവത്തോടെ.  രണ്ടുപേരുടെയും കൈകളിൽ ബോംബും സ്വയം പ്രവർത്തനശേഷിയുള്ള കൈ തോക്കും. വിപത്ഘട്ടത്തിൽ ഉപയോഗിക്കാൻ സയനൈഡ് ഗുളിക. മുസാഫർ പുരിയുടെ സ്ഥലനിർണയ പടം, തീവണ്ടി ആപ്പീസിലേക്കുള്ള ദൂരവും വണ്ടിയുടെ സമയവും കാണിക്കുന്ന സമയ പട്ടിക, ഇത്രയും കരുതലോടെയാണ് അവർ കൃത്യനിർവഹണത്തിന് ഒരുങ്ങിയത്.പക്ഷെ, വെടിയുതിർത്തപ്പോൾ കൈത്തെറ്റ് സംഭവിച്ചു. രാത്രി എട്ടുമണിയോടടുത്ത്  രണ്ട് ഒറ്റക്കുതിരവണ്ടികൾ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിലാണ് നിശാ ക്ലബ്ബിൽ നിന്നും പുറപ്പെട്ടത്. മുന്നിലത്തെ വണ്ടിയിലാണ് കിംഗ്സ് ഫോർഡ് എന്ന് അവർ കരുതി. അവിടെയാണ് അമളി പറ്റിയത്. അതിൽ സഞ്ചരിച്ചിരുന്നത് മിസ്സിസ് കെന്നഡി എന്ന സ്ത്രീയും മകളും ആയിരുന്നു അവർക്കാണ് വെടിയുണ്ട കൊണ്ടത്. അവരുടെ വണ്ടിയാണ് ബോംബേറിൽ തകർന്നതും. അക്കാര്യം മനസ്സിലാവുന്നത് പിറ്റേന്ന് പ്രഭാതത്തിൽ പത്രം വായിച്ചപ്പോൾ. 
    കൃത്യം നടത്തി, അരനാഴിക പോലും പാഴാക്കാതെ അവർ രക്ഷപ്പെടാനായി ശ്രമിച്ചു. ബെദ്ധപ്പാടിൽ ഒരു വൃക്ഷച്ചുവട്ടിൽ അഴിച്ചു മാറ്റി ഇട്ടിരുന്ന അവരുടെ പാദരക്ഷകൾ എടുക്കാൻ വിട്ടു പോയി. 
  രാത്രി മുഴുവൻ ഒരിടത്തും നിൽക്കാതെ രണ്ട് പേരും ഓടി. ഗ്രാമം പകുത്തുകൊണ്ട് നീണ്ടുപോകുന്ന റെയിൽപാളമല്ലാതെ കണ്ണത്താവുന്ന ദൂരത്തിൽ എങ്ങും തീവണ്ടി ആപ്പീസ് ദൃശ്യമായിരുന്നില്ല. എന്നാൽ ഒരേ ദിശയിൽ രണ്ടുപേരും ചേർന്ന് സഞ്ചരിക്കുന്നത് അപകടകരമാണെന്നതിനാൽ അവർ അവിടെ മുതൽ പിരിഞ്ഞു. ഒരാൾ തെക്കോട്ട് യാത്ര തുടർന്നു. മറ്റേയാൾ വടക്കോട്ടും പ്രഫുല്ല ചാക്കി ഓടുന്ന ദിശയിൽ ആയിരുന്നു റെയിൽവേ സ്റ്റേഷൻ . അത് മൊഖമേഘട്ട് റെയിൽവേ സ്റ്റേഷൻ ആണെന്നും അവിടെ അരമണിക്കൂറിനിടയിൽ ഒരു ലോക്കൽ വണ്ടി എത്തിച്ചേരാനുണ്ടെന്നും പ്രഫുല്ലക്ക് മനസ്സിലായി. അതുകണക്കാക്കി പ്രഫുല്ല ചാക്കി ഓട്ടത്തിനു വേഗത കൂട്ടി. സ്റ്റേഷനിൽ എത്താറായപ്പോൾ അകലെ ചൂളം വിളി കേട്ടു. ബദ്ധപ്പെട്ട് ചെന്ന് സമസ്തിപ്പൂരിലേക്ക് ടിക്കറ്റ് എടുത്തു. വണ്ടി വന്നപ്പോൾ പുലർച്ചയായതിനാൽ ഒഴിഞ്ഞു കിടന്ന തീവണ്ടി മുറികളിൽ ഒന്നിൽ കയറിപ്പറ്റി. എന്നാൽ വണ്ടി പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് തനിക്കെതിരെ ഒരു മധ്യവയസ്കൻ ഇരുപ്പുറപ്പിച്ചിരിക്കുന്നത് പ്രഫുല്ല കണ്ടത്. അയാൾ ഒരു വായാടിയെപ്പോലെ സംസാരിച്ചു തുടങ്ങിയപ്പോൾ പ്രഫുല്ല അസ്വസ്ഥത കാട്ടി,  മിതഭാഷിയാണ് താനെന്ന് അപരന് തോന്നട്ടെ എന്ന മട്ടിൽ ആവശ്യത്തിന് മാത്രം സംസാരിച്ചു. പക്ഷേ അപരൻ വിട്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ നേരം വെളുത്തിരുന്നു. തീവണ്ടി ആപ്പീസിന്റെ പിറകിൽ ശുദ്ധജലം ഒഴുകുന്ന ഒരു നദി കണ്ടു. അതിൽ ഇറങ്ങി വെള്ളം കുടിക്കുകയും തിരിച്ചുവന്ന് മറ്റൊരു മുറിയിൽ കയറിയിരിക്കുകയും ചെയ്യാമെന്ന് കരുതി. വണ്ടി നിന്ന ഉടനെ പ്ലാറ്റ്ഫോം കുറുകെ കടന്ന് അയാൾ നദിയിൽ നിന്ന് വെള്ളം കോരി കുടിച്ചു. തിരികെ വന്ന് മറ്റൊരു മുറിയിൽ കയറി . താൻ ഒഴിവാക്കിയ മാന്യൻ അതേ മുറിയിൽ തനിക്ക് അഭിമുഖമായി ഇരിപ്പുറപ്പിച്ചത് കണ്ട പ്രഫുല്ല ഒരിക്കൽ കൂടി ഞെട്ടി.പ്രഫുല്ലയുടെ നഗ്ന പാദങ്ങളും മുഖത്തെ പാരവശ്യവും കണ്ട് അദ്ദേഹത്തിന് സംശയം തോന്നിയിരുന്നു. അയാൾ മഫ്ടിയിൽ സഞ്ചരിക്കുന്ന പോലീസുകാരനാണ് എന്ന കാര്യം ഊഹിച്ചത് പോലുമില്ല . അടുത്ത സ്റ്റേഷനിൽ അയാൾ ഇറങ്ങിയപ്പോൾ മാത്രമാണ് പ്രഫുല്ലയ്ക് ശ്വാസം നേരേ വീണത്. പക്ഷേ അയാൾ ഇറങ്ങിയത് സമസ്തിപൂർ സ്റ്റേഷൻ മാസ്റ്ററുമായി ഫോണിൽ ബന്ധപ്പെടാനായിരുന്നു. റെയിൽവേ പോലീസിനുള്ള ഒരു സന്ദേശം കൈമാറാൻ വേണ്ടി. ഇതൊന്നും പ്രഫുല്ലയ്ക്  ഊഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ശല്യം ഒഴിഞ്ഞു കിട്ടി എന്ന മനശാന്തിയോടെ സമസ്തിപൂർ സ്റ്റേഷൻ വരെ സഞ്ചരിച്ച പ്രഫുല്ലചാക്കി അവിടെ വണ്ടി ഇറങ്ങിയപ്പോൾ കണ്ടത് ഒരുകൂട്ടം പോലീസുകാരെയാണ്. നേരത്തെ കണ്ട മാന്യനും അരികിൽ നിൽപ്പുണ്ടായിരുന്നു. താൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായ ഉടൻ എളിയിൽ നിന്നും കൈതോക്ക് വലിച്ചെടുത്ത് പോലീസിന് നേരെ വെടിവെച്ചു. ഒരാൾ മരിച്ചു വീണു. തനിക്കു രക്ഷപ്പെടാൻ കഴിയില്ല എന്ന് ബോധ്യം വന്നപ്പോൾ രണ്ടാമത്തെ നിറയൊഴിച്ചത് സ്വന്തം കഴുത്തിന് നേരെ.
പ്രഫുല്ല അവിടെത്തന്നെ മരിച്ചു വീണു.
  പ്രഫുല്ലചാക്കിയെ കെണിയിൽ അകപ്പെടുത്തിയ സഹയാത്രികൻ നന്ദലാൽ ബാനർജി എന്ന സബ്ഇൻസ്പെക്ടർ ആയിരുന്നു. അവധി കഴിഞ്ഞ്  സമസ്തിപൂരിൽ ജോലിക്ക് ചേരാൻ പോവുകയായിരുന്നു ബാനർജി. 
     പ്രഫുല്ല ചാക്കിയേ പിടിച്ചുകൊടുത്ത വകയിൽ ഗവൺമെൻറ് അയാൾക്ക് 1000 ഉറുപ്പിക പാരിതോഷികം നൽകി അഭിനന്ദിച്ചിരുന്നു. പക്ഷേ സംഭവം നടന്ന് ആറുമാസം മുഴുമിക്കും മുമ്പ് കൽക്കത്ത നഗരത്തിലെ നടുറോഡിൽ വച്ച് വിപ്ലവകാരികൾ അയാളെ വെടിവെച്ചുകൊന്നു . 
   രാത്രി പുലരുവോളം റെയിൽവേ പാളത്തിലൂടെ ഓടുകയായിരുന്ന പ്രഫുല്ലയുടെ കൂട്ടുകാരൻ ഖുദിറാം പോലീസ് വലയത്തിൽ അകപ്പെട്ടു. നഗ്നപാദങ്ങളാണ് ആ യുവാവിനെയും അപകടപ്പെടുത്തിയത്. പോലീസ് വലയത്തിൽ അകപ്പെട്ടപ്പോൾ കൈവശം കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ഖുദിറാം ശ്രമിച്ചു. എന്നാൽ പോലീസ് ഖുദിറാമിന്റെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് അയാളെ പിടികൂടി.
 കോടതിയിൽ ഖുദിറാം ഹാജരാക്കപ്പെട്ടു. കേസ്സ് വിസ്താരവും ശിക്ഷാവിധിയും കഴിഞ്ഞു. തൂക്കിക്കൊല്ലാനാണ് വിധിക്കപ്പെട്ടത്. 1908 ആഗസ്റ്റ് 11ന് പ്രഭാത സമയത്ത് സമസ്തിപൂർ ജയിലിനകത്തെ തൂക്കുമരത്തിൽ ഖുദിറാം വധിക്കപ്പെട്ടു. ജഡം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയോ അന്ത്യ ദർശനത്തിന് പോലും അനുവദിക്കുകയോ ചെയ്യാതെ തൊട്ടടുത്ത ഗണ്ഡ നദീതീരത്ത് സംസ്കരിച്ചു. കൂട്ടുകാരനായ പ്രഫുല്ല ചാക്കിയുടെ ജഡം ഏതോ അജ്ഞാതമായ സ്ഥലത്താണ് സംസ്കരിച്ചത്.
 കിംഗ്സ് ഫോർഡിന്റെ വധ ശ്രമത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഖുദിറാമിന്റെയും പ്രഫുല്ല ചാക്കിയുടെയും സത്കൃത്യത്തെ അഭിനന്ദിച്ചുകൊണ്ടും ന്യായീകരിച്ചുകൊണ്ടും കേസരിയിൽ ബാലഗംഗാധര തിലകൻ ശക്തമായ ശൈലിയിൽ മുഖ ലേഖനം എഴുതി. ഇന്ത്യൻ ദേശീയതയെ തുരങ്കം വയ്ക്കുന്ന ശകുനം മുടക്കികളായ ഉദ്യോഗസ്ഥന്മാർക്ക് ഒരു താക്കീത് എന്ന നിലയിലായിരുന്നു ലേഖനം. ഒരു  സത്കൃത്യമാണ് ഖുദിറാമും കൂട്ടുകാരനും  ചപേത്കർ സഹോദരന്മാരും  ചെയ്തിരിക്കുന്നത് എന്നതിനാൽ അവരെ ക്രിമിനലുകളായി കാണാൻ പാടില്ല എന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം.  അതേ തുടർന്നാണ് തിലകനെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.  
ബർമ്മയിലെ മാണ്ട്ലെയിൽ നാടുകടത്തിക്കൊണ്ട് ജയിലിൽ കഴിയുന്ന കാലയളവിൽ ആണ് തിലകൻ തൻറെ വിശ്രുതമായ ഭഗവത്ഗീത ഭാഷ്യം എഴുതിയത് ,'ഗീതാ രഹസ്യം' . ഇതേ കാലത്താണ് പഞ്ചാബിലെ ഒരു കർമ്മ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ 1907ൽ പഞ്ചാബ് സിംഹം എന്ന പേരിൽ രാഷ്ട്രീയ രംഗത്ത് അറിയപ്പെട്ടിരുന്ന  ലാലാ ലജ്പത് റായിയെയും ബർമയിലേക്ക് നാടുകടത്തിയത്. ഖുദിറാമും പ്രഫുല്ല ചാക്കിയും രക്തസാക്ഷിത്വം വരിച്ച വാർത്ത ബംഗാളിനെ പുളകമണിയിച്ചു. ഇന്ത്യ മുഴുവൻ വാർത്ത പരന്നതോടെ അവർ എല്ലാവരുടെയും പ്രിയപുത്രന്മാരായി. ബംഗാളിലെ അമ്മമാർ സ്വന്തം മക്കളുടെ വിരഹം പോലെ അവരുടെ വേർപാടിൽ കണ്ണുനീർ തൂകി .കുറ്റകൃത്യം ചെയ്തശേഷം നഗ്നപാദരായാണ് അവർ പലായനം ചെയ്തത് എന്ന വാർത്ത കേട്ട് സ്കൂൾ വിദ്യാർത്ഥികൾ പാദരക്ഷകൾ ഉപേക്ഷിച്ചു. പ്രഫുല്ലചാക്കി കുപ്പായം ധരിച്ചിരുന്നില്ല എന്ന വാർത്ത കേട്ട സ്കൂൾ വിദ്യാർത്ഥികൾ കുപ്പായം ഉപേക്ഷിച്ചു കൊണ്ടാണ് ക്ലാസുകളിൽ ഹാജരായത്. അതോടെ ബംഗാൾ വീണ്ടും ഒരു സമരഭൂമിയായി മാറി. പോലീസും അർദ്ധ സൈനിക വിഭാഗവും തെരുവുകളിൽ റോന്ത് ചുറ്റി. ഖുദിറാമിന്റെയോ പ്രഫുല്ല ചാക്കിയുടെയോ നാമം ഉച്ചരിക്കുന്നതുപോലും കുറ്റകരമായി കണക്കാക്കിക്കൊണ്ട് പോലീസ് സർവത്ര നരവേട്ട നടത്തി .ബോംബിനും കൈത്തോക്കിനും വേണ്ടി വീടുകളിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടയിൽ ഒരു ബോംബ് നിർമ്മാണ കേന്ദ്രം കണ്ടുപിടിച്ചു. അവിടെയുണ്ടായിരുന്ന നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വരെ പ്രതികൾ ആക്കി ഒരു ഗൂഢാലോചന കേസ് ഉണ്ടാക്കി അവരെ കോടതിയിൽ ഹാജരാക്കി വിചാരണ നടത്തി. അവരിൽ ഒരാളെ മാപ്പുസാക്ഷിയാക്കുകയും അയാളെക്കൊണ്ട് പോലീസിന്  അനുകൂലമാം വിധം സാക്ഷി പറയിക്കുകയും ചെയ്തു.
 മണിക്തലയിൽ നടന്ന സംഭവമായതിനാൽ ഇതിനു മണിക് തല ബോംബ് കേസ് എന്നും അലിപ്പൂർ ഗൂഢാലോചന കേസ് എന്നും പറഞ്ഞുവരുന്നു .കേസിൽ അരവിന്ദനും അനുജൻ ബരീൻഘോഷും അരവിന്ദ് ഘോഷിന്റെ പതിനാറും പതിനെട്ടും പ്രായമുള്ള പല ശിഷ്യന്മാരും പ്രതികളായിരുന്നു. തെളിവില്ലെന്ന കാരണത്താൽ അരവിന്ദ് ഘോഷിനെ കോടതി നിരുപാധികം വിട്ടെങ്കിലും സഹോദരൻ ബരീൻ ഘോഷും ശിഷ്യവൃന്ദവും സമരാനുകൂലികളും ശിക്ഷിക്കപ്പെട്ടു. ബരീൻഘോഷിന്  ജീവപര്യന്തം നാടുകടത്തൽ ശിക്ഷയാണ് ലഭിച്ചത്. കെട്ടിച്ചമച്ച ഇത്തരം ഒരു കേസിൽ മാപ്പുസാക്ഷിയായിരുന്ന നരേൻ ഗോസായി എന്ന ചതിയനെ കനൈലാൽ,  സത്യേന്ദ്രപാ ക്കി എന്നീ വിപ്ലവകാരികൾ ചേർന്നു വെടിവെച്ചുകൊന്നു. കനൈലാലിനെയും സത്യേന്ദ്രപാക്കിയേയും തൂക്കിക്കൊന്നു. 
 അരവിന്ദ  ഘോഷിന്റെ ജീവിതസരണിയുടെ സുപ്രധാന വഴിത്തിരിവായി ഈ സംഭവം. അദ്ദേഹത്തിന് മനം മടുപ്പുണ്ടായി .സഹോദരൻ ബരീൻ ഘോഷും കുറേ ശിഷ്യ സമൂഹവും കള്ളക്കേസിൽ കുടുങ്ങി നാടുകടത്തപ്പെടേണ്ടി വന്നതിലുള്ള ദുഃഖമായിരുന്നു ഈ മനം മാറ്റത്തിന് നിദാനം. പിന്നീട് അരവിന്ദൻ പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം മാറിനിന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്നുവച്ചു. ഒടുവിൽ സന്യാസം സ്വീകരിച്ചുകൊണ്ട് ബംഗാൾ വിട്ടു. ദക്ഷിണേന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശമായ പോണ്ടിച്ചേരിയിൽ കടലോരത്ത് ഒരു ആശ്രമം സ്ഥാപിച്ചുകൊണ്ട് ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായി. ജീവിതാവസാനം വരെ ഇഹലോക ചിന്തകൾ പരിത്യജിച്ച ഒരു സന്യാസിയാണ് പിന്നീട് അദ്ദേഹം ജീവിച്ചത്. അരവിന്ദൻ സ്ഥാപിച്ച പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം ഇന്ന് വിശ്വപ്രസിദ്ധമാണ്.   
    ബരീൻ ഘോഷിനൊപ്പം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരിൽ ഇന്ദുഭൂഷൺ എന്ന ഒരു വിദ്യാർത്ഥിയും ഉണ്ടായിരുന്നു .ആ യുവാവ് ഒരു ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കേസിൽ കുടുങ്ങിയത്. ഘോഷിന്റെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു ഇന്ദുഭൂഷൺ.  ആ ഇളം പ്രായക്കാരന് കടുത്ത പീഡനമാണ് ആന്തമാനിൽ അനുഭവിക്കേണ്ടിവന്നത്. പന്ത്രണ്ട്, പതിനാല് മണിക്കൂർ നേരത്തെ കഠിനാധ്വാനം. അതുകാരണം ആരോഗ്യം നിശ്ശേഷം തകരുകയും ക്ഷയരോഗ ബാധിതൻ ആവുകയും ചെയ്തു. എന്നിട്ടും വിശ്രമിക്കാൻ അവസരം നൽകിയില്ല എഴുന്നേറ്റു നിൽക്കാൻ പോലും ശേഷി നശിച്ച മട്ടിൽ അവശനായി കഴിഞ്ഞിരുന്ന ഇന്ദുഭൂഷണ് ജയിൽ അധികൃതർ നൽകിയ ശിക്ഷ ഏതു ശിലാഹൃദയത്തെയും ആർദ്രമാക്കുന്ന മട്ടിലുള്ളതായിരുന്നു. എണ്ണയാട്ടുന്ന ചക്കുകുറ്റിക്ക് ചുറ്റും നടക്കുന്ന കാളയെ മുഖത്തണ്ടിൽ നിന്നും അഴിച്ചുമാറ്റി പകരം ഇന്ദുവിനെ കെട്ടി ചുറ്റിക്കുകയായിരുന്നു അവർ. രാവിലെ മുതൽ സന്ധ്യയാകും വരെ ഒരേ വട്ടംചുറ്റൽ!  മരണം കൊണ്ട് മാത്രമേ തനിക്ക് ഈ പീഡനത്തിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ എന്ന് തീരുമാനിച്ച ഇന്ദുഭൂഷൺ ഒരു രാത്രിയിൽ ജയിലറയിലെ ജനലഴികളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. 
 അലിപ്പൂർ ഗൂഢാലോചന കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് കൽക്കത്തയിലെ പ്രസിദ്ധ ബാരിസ്റ്ററും ദേശീയ നേതാക്കളിൽ പ്രമുഖനുമായിരുന്ന ചിത്തരഞ്ജൻ ദാസ് ആയിരുന്നു .(സി .ആർ. ദാസ് )1922 ഗയയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് ഇദ്ദേഹമായിരുന്നു .ഒരു അഭിഭാഷകൻ എന്ന നിലയിൽ ലക്ഷങ്ങൾ മാസം വരുമാനം ഉണ്ടായിരുന്ന ചിത്തരഞ്ജൻ ദാസ് അഭിഭാഷകവൃത്തി ഉപേക്ഷിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1920ൽ ഗാന്ധിജി നയിച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത് .ഒപ്പം കൽക്കത്തയിലെ കൊട്ടാരസദൃശ്യമായ വീടും സ്വത്തും ദേശീയപ്രസ്ഥാനത്തിന് വിട്ടുകൊടുക്കുകയായിരുന്നു. സി ആർ ദാസിനോടുള്ള ആദരവുകാരണം ജനങ്ങൾ അദ്ദേഹത്തെ 'ദേശബന്ധു: എന്ന വിശേഷണം ചേർത്താണ് വിളിച്ചിരുന്നത് .സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കൽക്കത്തയിൽ സ്ഥാപിച്ച തീവണ്ടി എൻജിൻ നിർമ്മാണശാലയ്ക്ക് ചിത്ഥരഞ്ജൻ ലോക്കോ മോട്ടിവ് എന്ന സജ്ഞ നൽകിയത് ഈ ദേശീയ നേതാവിനെ സ്മരണ നിലനിർത്തി കൊണ്ടാണ് അവിടെ നിർമ്മിക്കപ്പെട്ട ആദ്യത്തെ തീവണ്ടി എൻജിൻ ദേശബന്ധു എന്ന പേരിൽ അറിയപ്പെട്ടതും ഈ മഹാന്റെ സേവനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.

Tuesday, October 24, 2023

അന്യം നിന്ന തൊഴിലുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


യന്ത്രങ്ങളുടേയും പുതിയ സംവിധാനങ്ങളുടേയും കടന്നുവരവ് തൊഴിൽ മേഖലയെ മാറ്റിമറിച്ചിരിക്കുന്നു. പുതിയ  കാലഘട്ടത്തിൽ അന്യം നിന്നതോ  സജീവമല്ലാതായതോ ആയ തൊഴിലുകളെ പറ്റി ചില കാര്യങ്ങൾ കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ ഇ. ബുക്കായി  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ, GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.


Monday, October 23, 2023

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും 38. മിത്രമേളൻ /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും 

 38.  മിത്രമേളൻ
           നമ്മുടെ ദേശീയ സമരങ്ങളെ സമാന സ്വഭാവമുള്ള അന്തർ ദേശീയ സമരങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ യുവാക്കളുടെ മനസ്സിൽ സായുധ വിപ്ലവത്തിൻറെ അനിവാര്യതയെപ്പറ്റി ബോധം ഉണ്ടാക്കാൻ നിരന്തരം യത്നിച്ച വ്യക്തിയായിരുന്നു കൃഷ്ണ വർമ്മ .'ഇന്ത്യൻ സോഷ്യോളജിസ്റ്റ്' എന്ന പത്രത്തിൻറെ താളുകൾ അതിനുവേണ്ടിയാണ് കൂടുതലും പ്രയോജനപ്പെടുത്തിയത്.
    ഇന്ത്യൻ യുവാക്കളുടെ മനസ്സ് വിപ്ലവത്തിൻറെ ഉലയിൽ തപ്തമായി നിൽക്കുന്ന കാലഘട്ടത്തിലാണ് മഹാരാഷ്ട്രയിലെ മണ്ണിൽ നിന്നും മറ്റൊരു സാഹസികനായ വിപ്ലവകാരി രൂപപ്പെട്ടുവന്നത്. വിനായക ദാമോദര സവർക്കർ. സഹപ്രവർത്തകനും കൂട്ടുകാരനും ആയി സഹോദരൻ ഗണേഷ് സവർക്കറും. സഹോദരന്മാരും വേറെ രണ്ടു മൂന്നു കൂട്ടുകാരും ചേർന്ന് നാസിക്ക് കേന്ദ്രമാക്കി "മിത്രമേളൻ" എന്നൊരു കൊച്ചു സംഘടനയ്ക്ക് രൂപം കൊടുത്തു. മിത്രമേളൻ എന്ന പദത്തിനർത്ഥം സുഹൃത്തുക്കളുടെ കൂടിച്ചേരൽ എന്നാണ്. ഈ സഹോദരന്മാർ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ജനിച്ചത്.
   സ്വന്തം ഗ്രാമത്തിലെ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം ഫർഗൂസൻ  കോളേജിൽ ഉപരിപഠനത്തിന് ചേർന്നു. പക്ഷേ പഠിത്തം  മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ബംഗാൾ വിഭജന പ്രക്ഷോഭവും സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാൽ കോളേജിൽ നിന്നും കോളേജ് ഹോസ്റ്റലിൽ നിന്നും ബഹിഷ്കൃതനായി. ഈ സംഭവം സവർക്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. തിലകനായിരുന്നു രാഷ്ട്രീയ ഗുരു. ഇന്ത്യയിൽ ഉപരിപഠനത്തിനുള്ള സൗകര്യം നിഷേധിക്കപ്പെട്ടപ്പോൾ തിലകന്റെ സഹായത്തോടെ സവർക്കർക്ക് ലണ്ടനിൽ പഠനം തുടരാൻ സൗകര്യം ലഭിച്ചു. 
   അങ്ങനെ സവർക്കർക്ക് ഇംഗ്ലണ്ടിലെ പ്രമുഖരായ വിപ്ലവ പ്രസ്ഥാനക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ശ്യാംജി കൃഷ്ണവർമ്മയുമായി ബന്ധപ്പെട്ടതും ഈ അവസരത്തിലാണ്. അവിടെ വച്ചാണ് ദാദാഭായ് നവറോജിയുമായി ബന്ധപ്പെടാൻ കഴിഞ്ഞതും. അവരുടെയൊക്കെ അനുഗ്രഹാശ്ശിസ്സുകളോടെമിത്രമേളന്റെ ഒരു ശാഖ ഇംഗ്ലണ്ടിൽ സ്ഥാപിച്ചു .പേര് 'ഫ്രീ ഇന്ത്യ സൊസൈറ്റി'  എന്ന് മാറ്റി.
    അനുജന്റെ അസാന്നിധ്യത്തിൽ ഇന്ത്യയിലെ മിത്രമേളൻ്റെ പ്രവർത്തനം ജ്യേഷ്ഠനായ ഗണേഷ് സവർക്കർ ആണ് നിയന്ത്രിച്ചിരുന്നത്. 
       സുരേന്ദ്രനാഥ് ബാനർജി, രമേശ് ചന്ദ്രദത്ത് എന്നിവരുമായി ഇംഗ്ലണ്ടിൽ വച്ചാണ് സവർക്കർ പരിചയപ്പെട്ടത്. അവർ സവർക്കറെ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചു. എങ്കിലും സവർക്കർ കൂട്ടാക്കിയില്ല. കോൺഗ്രസിന്റെ മതേതര സ്വഭാവത്തെപ്പറ്റി അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി കാണാനാണ് തൻറെ ആഗ്രഹം എന്ന് അസന്നിഗ്ദ്ധമായി സവർക്കർ പ്രഖ്യാപിച്ചു. സവർക്കറുടെ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന വിശ്രുതരായ
 ചില ഇന്ത്യക്കാരിൽ, ഇന്ത്യയിലെ പ്രശസ്ത കവയത്രി സരോജിനി നായിഡുവിന്റെ സഹോദരൻ ബീരേന്ദ്രനാഥ് ചതോപാധ്യായും മാഡംകാമയും അജിത്ത് സിംഗും ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ പ്രവാസികളായി കഴിഞ്ഞിരുന്ന മിക്കവാറും എല്ലാ ഇന്ത്യൻ വിപ്ലവകാരികളും 'ഫ്രീ ഇന്ത്യ സൊസൈറ്റി' യുമായി സജീവബന്ധം പുലർത്തിയിരുന്നു. ഹർദയാൽ, രവിശങ്കർശുക്ല, സിക്കന്തർ ഹയത് ഖാൻ,  ഭായ് പരമാനന്ദ്, ബംഗാളിലെ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ  മകൻ മദൻ ലാൽ ഡിങ്ക്റെഎന്നീ പ്രമുഖർ ഈ വിപ്ലവ സംഘടനയിലെ സജീവ അംഗങ്ങളായിരുന്നു. ഇന്ത്യ ഹൗസ് കേന്ദ്രമായാണ് ഇവർ രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 
     'ഫ്രീ ഇന്ത്യ സൊസൈറ്റി' യുടെ ഉപശാഖ എന്ന നിലയിൽ പ്രവർത്തിച്ച അഭിനവ ഭാരത സൊസൈറ്റി, വിദേശങ്ങളിൽ നിന്ന് ധാരാളം ആയുധങ്ങൾ ശേഖരിക്കുകയും, മുറതെറ്റാതെ  രഹസ്യ മാർഗങ്ങളിലൂടെ അവ ഇന്ത്യയിലേക്ക് കടത്തുകയും ചെയ്തു. ഒപ്പം സവർക്കർ രചിച്ച വിപ്ലവ സാഹിത്യങ്ങളും. ഇതിനായി സമർത്ഥമായ ഒരു ഗൂഢ സംഘവും സമിതിക്കുണ്ടായിരുന്നു. സാഹിത്യങ്ങളിൽ ചിലത് ഗണേഷ് സവർക്കറുടെ മേൽവിലാസത്തിലാണ് അയച്ചുകൊണ്ടിരുന്നത്. മറാഠി ഭാഷയിൽ രചിക്കപ്പെട്ട ഈ വിപ്ലവ സാഹിത്യങ്ങളുടെ കെട്ടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വിശ്വ സാഹിത്യ കൃതികളിൽപ്പെട്ട ഏതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ ലേബൽ ഒട്ടിച്ചാണ് പാഴ്സൽ ആക്കിയിരുന്നത്. രമേഷ് സവർക്കർ ഇവ രഹസ്യമായി അച്ചടിച്ച് വിതരണം നടത്തി. എന്നാൽ ഒരു സന്ദർഭത്തിൽ ഗണേഷ് സവർക്കറുടെ വീട് സെർച്ച് ചെയ്തപ്പോൾ ഈ വിപ്ലവ കവിതകൾ പോലീസ് പിടിച്ചെടുത്തു. സവർക്കറുടെ വിപ്ലവ കവിതാ സമാഹാരമായ 'ലഘു അഭിനവഭാരത് മാല' അടക്കം സവർക്കർ ഇംഗ്ലണ്ടിൽ നിന്ന് അയച്ച കുറെ കത്തുകളും ലേഖനങ്ങളും അതിൽ ഉണ്ടായിരുന്നു . റഷ്യ എങ്ങനെയാണ് വിപ്ലവം സംഘടിപ്പിച്ചത് എന്ന് വിശദീകരിക്കുന്ന ലേഖനമായിരുന്നു അവയിൽ ഒന്ന്. ഇതിൻറെ പേരിൽ ഗണേഷ് സവർക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കോടതി ഗണേഷിനെ ജീവപര്യന്തം തടവിനും നാടുകടത്തലിനും ശിക്ഷിച്ചു.
 കഴ്സൻ പ്രഭു ഇന്ത്യാ വൈസ്രോയി ആയിരുന്നപ്പോൾ അദ്ദേഹത്തിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു കഴ്സൺ വൈലി. 1901ൽ അയാൾ ഇന്ത്യയിലെ സർവീസ് അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചുപോയി. ഇന്ത്യയിൽ വളരെ മോശമായ അഭിപ്രായം ആയിരുന്നു അയാളെപ്പറ്റി. സന്ദർഭം കിട്ടുമ്പോഴൊക്കെ അയാൾ ഇന്ത്യക്കാരെ പറ്റി മോശമായ അഭിപ്രായം പറയുമായിരുന്നു. കഴ്സൻ പ്രഭുവിന്റെ  ക്രൂരമായ നയങ്ങൾക്കു പിന്നിൽ ഈ ഇന്ത്യൻ വിരുദ്ധന്റെ ഉപദേശമുണ്ടായിരുന്നു. ഇതുകാരണം അയാൾ  ഇന്ത്യൻ തീവ്രവാദികളുടെ നോട്ടപ്പുള്ളികളിൽ ഒരാളായി.
 ജോലിയിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ ലണ്ടനിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽനോട്ടക്കാരനായി അയാൾക്ക് ജോലി കിട്ടി. വിദ്യാർത്ഥികളുടെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചു പോലീസിനെ അപ്പപ്പോൾ ഒറ്റുകൊടുക്കുകയായിരുന്നു അയാളുടെ ജോലി. ഈ നിലയിൽ ലണ്ടനിലും വൈലി  ഇന്ത്യൻ യുവാക്കളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടിരുന്നു.   അങ്ങനെയിരിക്കെയാണ് ലണ്ടനിലെ ഇന്ത്യക്കാരുടെ സംഘടനയായ നാഷണൽ ഇന്ത്യൻ അസോസിയേഷൻ അതിൻറെ വാർഷിക പരിപാടി നടത്തിയത്.        1909ൽ  ലണ്ടൻ നഗരത്തിലെ ജഹാംഗീർ ഹാളിൽ ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ പ്രമുഖർ പങ്കെടുത്ത ആ സമ്മേളനത്തിൽ വൈലി മുഖ്യാതിഥി ആയിരുന്നു. ആ യോഗത്തിൽ മറ്റ് ഇന്ത്യൻ യുവാക്ക ളോടൊപ്പം സവർക്കറുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായ മദൻലാൽ ഡിങ്ക്റെയും സന്നിഹിതനായിരുന്നു. അയാൾ ഒന്നു രണ്ടു മണിക്കൂർ നേരത്തെ തന്നെ സ്ഥലം പിടിച്ചിരുന്നു. വൈലിയും ഡിങ്ക്റെയും തമ്മിൽ പൂർവ്വ പരിചയമുണ്ടായിരുന്നു. ഇന്ത്യയിൽ വെച്ച് തന്നെ സൗഹൃദത്തിൽ ആയിരുന്നു. പഞ്ചാബ് കാരനായ മദൻലാലിന്റെ പിതാവ് വഴിയാണ് ഈ സൗഹൃദം തുടങ്ങിയത് ഒരു മെഡിക്കൽ പ്രാക്ടീഷണർ ആയിരുന്ന അച്ഛനും വൈലിയും സുഹൃത്തുക്കളായിരുന്നു. എൻജിനീയറിങ് പഠനത്തിനായി ഡിങ്ക്റെ യെ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറ്റിയപ്പോൾ മകനെ പരിചയപ്പെടുത്തിക്കൊണ്ട് അച്ഛൻ സുഹൃത്തായ വൈലിക്ക് കത്ത് കൊടുക്കുകയും യഥാസമയം കത്ത് കൈമാറുകയും ചെയ്തിരുന്നു .സ്റ്റേജിൽ സംഗീത പരിപാടി കഴിഞ്ഞ് പിന്നെയാണ് മുഖ്യാതിഥിയുടെ  പ്രഭാഷണം. അതിനായി വിശിഷ്ടാതിഥി എഴുന്നേറ്റു്‌ നടന്നു പോകുന്നതിനിടയിൽ ഡിങ്ക്റെ യെ കണ്ടു പരസ്പരം പുഞ്ചിരിക്കുകയും ഉപചാര വാക്കുകൾ കൈമാറുകയും ചെയ്തു. വൈലി  അല്പം  കൂടി മുന്നോട്ടു നീങ്ങി. അപ്പോഴാണ് വെടിയുണ്ട ഏറ്റത്. അഞ്ചു വെടിയുണ്ടകൾ ഒന്നിന് പിറകെ ഒന്നായി വൈലി നിലം പതിച്ചു. 
അപ്പോൾ സദസ്സിൽ നിന്നും ഒരാൾ ഡിങ്ക്റെയെ ലക്ഷ്യം വെച്ചുകൊണ്ട് കുതിച്ചു. ഒരു വെടിയുണ്ട അയാൾക്ക് നേരെയും ചീറിപ്പാഞ്ഞു. അയാൾ ഇന്ത്യക്കാരനായിരുന്നു,  ലാൽക്ക .ഓടി കൂടിയവർ അക്രമിയെ കീഴടക്കി. അതിനുമുമ്പ് സ്വയം വെടിവെച്ചു മരിക്കാൻ  ഡിങ്ക്റെ ഒരു വിഫല ശ്രമം നടത്തി.
          കേസ് കോടതിയിലെത്തി.ഡിങ്ക്റെ കുറ്റം ഏറ്റുപറഞ്ഞു. ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദ്യത്തിന് പറഞ്ഞ മറുപടി ഇതു മാത്രമായിരുന്നു . എനിക്ക് ലാൽക്കയ  വധിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കോടതി ഡിങ്ക്റയെ വധശിക്ഷയ്ക്ക് വിധിച്ചു 1909 ആഗസ്റ്റ് 17ന് ബെന്റോൺ വില്ല ജയിലിൽ ആ വിപ്ലവകാരിയെ തൂക്കിക്കൊന്നു. വൈലിയുടെ വധത്തിനു പിന്നിൽ സവർക്കർ ആയിരുന്നു എന്ന നിഗമനത്തിലായിരുന്നു ലണ്ടൻ പോലീസ്. ഇന്ത്യാഹൗസ് പരിശോധനയ്ക്ക് വിധേയമാക്കി. വിപ്ലവകാരികളുടെ 'ഹിറ്റ് ലിസ്റ്റി' ൽ ഇനി ആരൊക്കെ എന്ന്  കണ്ടുപിടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ ഒന്നും  കണ്ടുകിട്ടിയില്ല. കിട്ടിയത് ശ്യാംജിയുടെ പത്രാധിപത്യത്തിൽ നടത്തിയിരുന്ന ഇന്ത്യൻ സോഷ്യോളജിസ്റ്റിന്റെ ചില ലക്കങ്ങൾ മാത്രം. അവർ വെറും കൈയോടെ തിരിച്ചുവന്നു.
   ഗണേഷ് സവർക്കറെ നിസ്സാരമായ ഒരു കുറ്റത്തിന് ജീവപര്യന്തം നാടുകടത്താൻ വിധിച്ച ജാക്സനെ വക വരുത്താൻ സവർക്കറും കൂട്ടുകാരും തീരുമാനിച്ചു. ജാക്സൺ ആ സന്ദർഭത്തിൽ നാസിക്കിലെ മജിസ്ട്രേറ്റ് ആയിരുന്നു. ജാക്സനെ വധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങി. അപ്പോഴാണ് പാരീസിൽ നിന്നും സവർക്കർ രഹസ്യമായി അയച്ചുകൊടുത്ത കുറേ ഓട്ടോമാറ്റിക് തോക്കുകൾ അവർക്ക് ലഭിച്ചത് .കൃത്യം നടത്താൻ വേണ്ടി ഔറംഗാബാദിലെ ഭാരത് സംഘം എന്ന വിപ്ലവ പ്രസ്ഥാനത്തിൻറെ നെടുംതൂണുകളിൽ ഒരാളായ ആനന്ദ് ലക്ഷ്മൺ കൻഹാരെ അവർ വിളിച്ചുവരുത്തി അദ്ദേഹത്തെ സഹായിക്കാൻ നാസിക് ഹയർ എലിമെൻ്ററി സ്കൂളിൽ അധ്യാപക ജോലിചെയ്യുന്ന ദേശ് പാണ്ഡെ എന്ന വിപ്ലവകാരിയെയും ഏർപ്പാട് ചെയ്തു. മുമ്പ് പ്രയോഗിച്ചു പരിചയമില്ലാത്ത തോക്ക് ആയിരുന്നതിനാൽ പഞ്ചവടി നദീതീരത്തിലെ കാടുകളിൽ രാത്രി മുഴുവൻ രണ്ടുപേരും കൂടി വെടിയുതിർത്ത് പരിശീലനം നേടി. ആയിടക്കാണ് ജാക്സണ് സ്ഥലം മാറ്റം ഉണ്ടായത്. സ്ഥലം മാറിപ്പോകുന്നത് പ്രമാണിച്ച് നാസിക്കിലെ പ്രമാണിമാരും ഉദ്യോഗസ്ഥന്മാരും ചേർന്ന് അദ്ദേഹത്തിന് ഒരു വിരുന്നൊരുക്കി. സൽക്കാരത്തീയതി വിപ്ലവകാരികൾ മുൻകൂട്ടി മനസ്സിലാക്കി. ആഘോഷം സംഘടിപ്പിച്ച ഹാളിലേക്ക് പ്രവേശനം പാസ്സ് മൂലമാണ് നിയന്ത്രിച്ചത്. എന്നിട്ടും കൻഹാരെയ്ക്കും രണ്ട് സഹായികൾക്കുമായി മൂന്ന് പാസ്സ് സംഘടിപ്പിക്കാൻ വിപ്ലവകാരികൾക്ക് കഴിഞ്ഞു. ചടങ്ങ് നടന്നുകൊണ്ടിരിക്കെ വെടിപൊട്ടി. അധ്യക്ഷ വേദിയിൽ ഉപവിഷ്ടനായിരുന്ന ജാക്സൺ ഇരിപ്പിടത്തിൽ നിന്നും മറിഞ്ഞുവീണു. തൽക്ഷണം മരിക്കുകയും ചെയ്തു. സംഭവം സ്ഥലത്തുവച്ച് തന്നെ കൻഹാരയെ പോലീസ് പിടികൂടി. സഹായികളെയും അറസ്റ്റ് ചെയ്തു. സഹായികളുടെ കൂട്ടത്തിൽ പാസ് വാങ്ങി കടന്ന് മൂന്നു പേരെ കൂടാതെ വേറെയും മൂന്നുപേർ ഉണ്ടായിരുന്നു. കൻഹാരെ, ദേശ്പാണ്ഡെ ഗോപാൽ  കാർവെ എന്നിവരെ ബോംബെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മറ്റു മൂന്നു പേരെയും നാടുകടത്തി .1910 ഏപ്രിൽ 19ന് നാസിക് സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കി.
   സവർക്കറാണ് ജാക്സൺ  വധത്തിനുപയോഗിച്ച  തോക്കുകൾ അയച്ചുകൊടുത്തതെന്ന് പോലീസ് പിന്നീട് കണ്ടുപിടിച്ചു. സവർക്കറെ അറസ്റ്റ് ചെയ്യാൻ ബോംബെ പോലീസ് ലണ്ടനിൽ ലണ്ടൻ പോലീസിന് നിർദ്ദേശം നൽകി .നിർദ്ദേശം ലണ്ടനിൽ നിന്നും അതിരഹസ്യമായി പാരീസിലേക്ക് കൈമാറി. ഇക്കാര്യം മനസ്സിലാക്കാതെ സവർക്കർ പാരീസിൽ നിന്നും വീണ്ടും ഇംഗ്ലണ്ടിലേക്ക് തന്നെ അതി രഹസ്യമായി തിരിച്ചുവരികയായിരുന്നു. ചാരന്മാർ മുഖേന സവർക്കറുടെ ചലനം മനസ്സിലാക്കിയ ലണ്ടൻ പോലീസ് അദ്ദേഹം വിക്ടോറിയ ടെർമിനൽസ് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ ഉടനെ അറസ്റ്റ് ചെയ്തുകൊണ്ട് കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വഴിയിൽ മർസിലീസ്സിന് അടുത്ത് വെച്ച് കപ്പലിൽ നിന്നും സമുദ്രച്ചുഴിലേക്കു ചാടി നീന്തി കരപൂകി .കര പറ്റിയാൽ എത്തുന്നത് ഫ്രാൻസിന്റെ മണ്ണിലായിരുന്നു. അന്തർദേശീയ നിയമമനുസരിച്ച് ഫ്രാൻസിന്റെ മണ്ണിൽ വെച്ച് വിദേശ പോലീസിന് അവരുടെ കുറ്റവാളിയാണെങ്കിലും അറസ്റ്റ് ചെയ്യാൻ നിയമം അനുവദിക്കുമായിരുന്നില്ല. എന്നിട്ടും അവിടുത്തെ പോലീസിന്റെ ഒത്താശയോടെയാണ് സവർക്കറെ അറസ്റ്റ് ചെയ്തത്. ഈറൻ വസ്ത്രങ്ങളോടെ അദ്ദേഹത്തെ പിടിച്ചു കെട്ടി വീണ്ടും കപ്പലിൽ എത്തിച്ചു. ഇന്ത്യയിൽ എത്തുവോളവും കോടതിയിൽ കൊണ്ടുവരുവോളവും സവർക്കറുടെ കൈകാലുകളിലും കഴുത്തിലും കൂച്ചുവിലങ്ങിട്ട് ബന്ധിച്ചിരുന്നു. ഇന്ത്യയിൽ എത്തി ബോംബെ കോടതികളിൽ സവർക്കർ വിചാരണ ചെയ്യപ്പെട്ടു. വിവിധ കേസുകളിൽ പ്രതിയായിരുന്നു സവർക്കർ. എല്ലാ കേസുകളിലും ആയി 50 വർഷത്തെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ആന്തമാനിലേക്ക് നാടുകടത്താനും വിധിയുണ്ടായി. സവർക്കറുടെ ചൈതന്യവത്തായ യുവത്വം മുഴുവൻ ആന്തമാനിലെ ജയിലറകൾ കാർന്നു തിന്നു .ആന്തമാനിൽ വേറെയും രാഷ്ട്രീയ തടവുകാർ ഉണ്ടായിരുന്നു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ. പുളിൻ ബിഹാരി ദാസ്, യുഗാന്തർ സമിതിയുടെ ഉപേന്ദ്രനാഥ് ബാനർജി, ആശുതോഷ് ലാഹിരി,  ഹേമേന്ദ്രദാസ് തുടങ്ങിയവർ. വധശിക്ഷക്ക് വിധിക്കപ്പെടുകയും , പിന്നീട് നാടുകടത്തപ്പെടുകയും ചെയ്ത വേറെയും എത്രയോ വിപ്ലവകാരികൾ സവർക്കറോടൊപ്പം മാതൃഭൂമിയുടെ മോചനത്തിനായി വർണ്ണനാതീതമായ യാതനകളും പീഡനങ്ങളും അനുഭവിച്ചുകൊണ്ട്  ആന്തമാനിൽ കഴിഞ്ഞിരുന്നു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി.ജി

Thursday, October 19, 2023

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും./adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 37.  ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
      പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും, ഇരുപതാംശതകത്തിന്റെ ആദ്യ വർഷങ്ങളിലും ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടി മിന്നലുകളായി പ്രത്യക്ഷപ്പെടുകയും കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപടലമായി മേഘങ്ങൾക്കുള്ളിൽ ലയിക്കുകയും ചെയ്ത അതിസാഹസികരായ ഒരുകൂട്ടം വിപ്ലവകാരികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ വർണ്ണോജ്വല കഥാപാത്രങ്ങളാണ് അവർ.
     സ്വദേശി പ്രസ്ഥാനവും വിദേശ വസ്ത്ര ബഹിഷ്കരണവും നിയന്ത്രണാധീതമാവുകയും  ലാത്തികൊണ്ടും, വെടിയുണ്ട കൊണ്ടും ഭരണം അതിനെ ക്രൂരമായി നേരിടുകയും ചെയ്തു തുടങ്ങിയപ്പോൾ,  എഴുതിവെക്കപ്പെട്ട ഒരു ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കേണ്ടവരാണ് തങ്ങൾ എന്ന ധാർമിക ബോധം ബ്രിട്ടീഷുകാർ നിശ്ശേഷം കൈവെടിഞ്ഞു. നേതാക്കളെ പോലും അവർ മർദ്ദിച്ച് അവശരാക്കി. "സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് അതെനിക്ക് ലഭിച്ചേ തീരൂ" എന്ന് ഉറക്കെ പ്രഖ്യാപിച്ച, ദേശീയതയുടെ അനിഷേധ്യ വക്താവായ ബാലഗംഗാധര തിലകന്റെ പേരിൽ കള്ളക്കേസ് ഉണ്ടാക്കി. ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു കൊണ്ട് മാണ്ഡ്ലയിലേക്ക് നാടുകടത്തി. സുരേന്ദ്രനാഥ് ബാനർജിയോട് വെള്ളക്കാരനായ ഒരു മജിസ്ട്രേറ്റ് സ്വന്തം വീട്ടിലെ മുറിക്കുള്ളിൽ വെച്ച് അപമര്യാദയായി പെരുമാറുകയും കോടതിയുടെ പടിവാതിൽ പോലും കാണാൻ അവസരം നൽകാതെ വിചാരണ കൂടാതെ ശിക്ഷിക്കുകയും ചെയ്തു. നിയമം ലംഘിക്കുകയും പൗരാവകാശങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന ഭരണത്തെ പുറത്താക്കാൻ ബലം പ്രയോഗിക്കണം എന്ന് വിശ്വസിക്കുന്നവരായിരുന്നു അതിസാഹസികരായ വിപ്ലവകാരികൾ.
   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിഞ്ഞ പ്രവർത്തന ശൈലിയും ഭീകര പ്രസ്ഥാനക്കാർക്ക് അരോചകമായിത്തീർന്നു. ഇന്ത്യയിൽ അധിവസിക്കുന്ന 30 കോടി ജനങ്ങളുടെ 60 കോടി കൈകളിലും തോക്ക് ഉണ്ടാവണമെന്ന് അവർ വിശ്വസിച്ചു. ശക്തിയെ ശക്തികൊണ്ടുതന്നെ ചെറുത്ത് തോൽപ്പിക്കണം എന്നും അവർ വിശ്വസിച്ചു. ഈ ലക്ഷ്യം വെച്ചുകൊണ്ട് അവർ ആയുധം ശേഖരിക്കാൻ തുടങ്ങി. യുദ്ധമുറ പരിശീലിച്ചു. ഉന്നം തെറ്റാതെ വെടിവെക്കാൻ പഠിച്ചു. ബോംബ് നിർമ്മിച്ചു. യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് വിപ്ലവ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി. പോലീസിന്റെ ശ്രദ്ധ തിരിക്കാനായി അത്തരം പ്രസ്ഥാനങ്ങൾക്ക് ആരോഗ്യകേന്ദ്രമെന്നോ കായിക പരിശീലന കേന്ദ്രമെന്നോ ഭാരതസംഘം എന്നോ കള്ളപ്പേരുകൾ നൽകി. ഇത്തരക്കാരെ സഹായിക്കാൻ വിദേശങ്ങളിൽ പ്രവാസികളായി കഴിഞ്ഞുകൂടുന്ന ഇന്ത്യക്കാരും സമാന സംഘടനകൾ ഉണ്ടാക്കി ഫണ്ടു പിരിച്ചു, ആയുധശേഖരം നടത്തി ഇന്ത്യയിലേക്ക് ആയുധങ്ങൾ അയച്ചു.
   കൊല മരത്തിലേക്ക് തീർത്ഥയാത്ര നടത്തിയ ധാരാളം വിപ്ലവ പ്രസ്ഥാനങ്ങൾ അക്കാലത്ത് ഇന്ത്യയിലും വിദേശങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഇംഗ്ലണ്ടിൽ ഇത്തരമൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖൻ ഗുജറാത്ത്കാരനായ ശ്യാംജി കൃഷ്ണവർമ്മ യായിരുന്നു. ശ്യാംജി ജനിച്ചത് ഗുജറാത്തിലെ കത്തിയവാറിൽ ഒരു നിർധന കുടുംബത്തിൽ. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം . പതിനെട്ടാം വയസ്സിലാണ് സംസ്കൃത പഠനത്തിൽ അത്യന്തം മികവു കാട്ടിയ ഈ യുവാവ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ചേരുന്നത്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ഒരു ഇംഗ്ലീഷ് പ്രൊഫസർ ആണ് ശ്യാംജിയെ കണ്ടെത്തിയത് ശ്യാംജിയുടെ അപാരമായ സംസ്കൃത പാണ്ഡിത്യം കണ്ടറിഞ്ഞ് അദ്ദേഹത്തെ സ്നേഹപൂർവ്വം ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചതായിരുന്നു. അവിടെ സംസ്കൃത ഭാഷാ പഠനത്തിൻറെ തലവനായാണ് ശ്യാംജി കൃഷ്ണവർമ്മയെ കൊണ്ടുപോയത്.
 വിജ്ഞാന ദാഹിയായിരുന്ന കൃഷ്ണ വർമ്മ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ കുട്ടികളെ പഠിപ്പിക്കുന്ന വേളയിൽ തന്നെ സായാഹ്ന ക്ലാസുകളിൽ ചേർന്ന് നിയമം പഠിക്കുകയും നിഷ്പ്രയാസം ' ബാർ അറ്റ്ലോ' എന്നാ ഉന്നത ബിരുദം നേടുകയും ചെയ്തു . ഇതിനിടയിലാണ് ഇംഗ്ലണ്ടിലെ പ്രവാസികളായ ഇന്ത്യക്കാർക്കിടയിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ താല്പര്യമുള്ള ചിലരുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വിപ്ലവ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. കൃഷ്ണവർമ്മ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ബോംബെയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം ജനഗഡ് രാജാവിൻറെ ദിവാനായി.  ഈ പദവിയിലിരിക്കുമ്പോൾ തന്നെ മഹാരാഷ്ട്രയിലെ തീവ്രവാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു . എന്നാൽ വളരെക്കാലം ഇന്ത്യയിൽ കഴിയാനായില്ല മഹാരാഷ്ട്രയിലെ വിപ്ലവ പ്രസ്ഥാനക്കാരെ പോലീസ് അരിച്ചു പെറുക്കി നടന്ന കാലമായിരുന്നു അത് വിപ്ലവകാരി എന്ന നിലയിൽ ഇംഗ്ലണ്ടിൽ ഇതിനകം പ്രഖ്യാപിതനായി കഴിഞ്ഞിരുന്ന തന്നെ പോലീസുകാർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുമെന്ന് മനസ്സിലാക്കിയ കൃഷ്ണവർമ്മ അവരുടെ കണ്ണുവെട്ടിച്ച് വീണ്ടും പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി പോലീസ് തന്നെ പിന്തുടർന്നേക്കുമെന്ന് സംശയമുള്ളതിനാൽ ഇംഗ്ലണ്ടിലും അയാൾ നിന്നില്ല .പാരീസിലേക്ക് കടന്നു. പിന്നീടുള്ള പ്രവർത്തനങ്ങൾ അവിടെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു.  നിരവധി വർഷങ്ങൾ പാരീസ് ആയിരുന്നു ശ്യാംജിയുടെ വിപ്ലവ പ്രവർത്തന കേന്ദ്രം. ബ്രിട്ടീഷ് പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ആയിരുന്നു ശ്യാംജി. അദ്ദേഹത്തിൻറെ നിഴൽ വീഴുന്നിടം നോക്കി നടക്കുകയായിരുന്നു അവർ .
അതുകാരണമാണ് ലണ്ടൻ ഉപേക്ഷിച്ചുകൊണ്ട് ജർമനിയിലേക്ക് കടക്കേണ്ടി വന്നത് എന്നാൽ അവിടെയും ആ വിപ്ലവകാരിക്ക് സ്വൈര്യം ലഭിച്ചിരുന്നില്ല ലണ്ടൻ പോലീസ് മണത്തറിഞ്ഞ് പാരീസിലും ചെന്നു. പിന്നീട് അതി രഹസ്യമായി പോലും ശ്യാംജിക്ക് ഇംഗ്ലണ്ടിലെ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല.  ജർമ്മനിയിലും സ്വസ്ഥത കിട്ടാതായപ്പോൾ ശ്യാംജി ഭാര്യസമേതനായി ജനീവയിലേക്ക് മാറി. ഒന്നാം ലോകയുദ്ധം നടക്കുമ്പോഴാണ് അദ്ദേഹത്തിന് ജർമ്മനി വിടേണ്ടിവന്നത്. ജനീവയിൽ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമായിരുന്നു ശ്യാംജിയുടേത്. തുണയായി ജീവിതസഖി മാത്രം . അപ്പോഴേക്കും അദ്ദേഹം അവശനായിക്കഴിഞ്ഞിരുന്നു .വയസ്സ് 70ലധികം.  ജനീവയിലെ ഒരു വീടിൻറെ മുകളിലത്തെ വാടക മുറിയിലാണ് കഴിഞ്ഞു കൂടിയത്.  ഈ ഏകാന്തവാസം അദ്ദേഹത്തിന് സഹിക്കാമായിരുന്നില്ല. അനാരോഗ്യം കാരണം ഭാര്യയും നിശ്ശേഷം അവശയായിത്തീർന്നു. 1930 മാർച്ച് 30ന് ശ്യാംജി കൃഷ്ണവർമ്മ അന്ത്യശ്വാസം വലിച്ചു സഹതപിക്കാനോ കണ്ണീർ ചൊരിയാനോ സ്വന്തം സഹധർമ്മിണി ഒഴികെ മറ്റാരുമില്ലാത്ത സാഹചര്യത്തിൽ ബഹദൂർഷായുടെ അവസാന നിമിഷം അനുസ്മരിപ്പിക്കും മട്ടിൽ മൃതദേഹം അനാഥ പ്രേതം കണക്കേ രണ്ടുമൂന്നു ദിവസം ശവമെടുപ്പ് കാരെയും കാത്തു കിടക്കേണ്ടി വന്നു . മൂന്നാം ദിവസമാണ് ആരാധകർ ജഡവും അന്വേഷിച്ചെത്തിയത് അവരാണ് ജഡം സംസ്കരിച്ചതും, ഭൗതിക അവശിഷ്ടം എന്ന നിലയിൽ ചിതാഭസ്മം ശേഖരിച്ചതും.   2030 ആം ആണ്ട് വരെ ചിതാഭസ്മം സൂക്ഷിക്കാൻ അവർ തീരുമാനിച്ചു . ആ വർഷം ആകുമ്പോഴേക്കും ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് ഭരണം വരുമെന്നും ഗവൺമെൻറ് ചിതാഭസ്മം അന്വേഷിച്ചു വരുമെന്നും രാജകീയ പ്രൗഢിയോടെ ശ്യാംജിയുടെ പാവനമായ ആ ഭൗതിക അവശിഷ്ടം അന്ന് സംസ്കരിക്കാം എന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് അവർക്കുണ്ടായിരുന്നത്. മരണത്തിനുശേഷം കൂടുതൽ അനാഥയായി തീർന്ന കൃഷ്ണവർമ്മയുടെ ജീവിതസഖി തൻറെ സ്വത്തുക്കൾ മുഴുവൻ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നീക്കിവെച്ചു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി

Wednesday, October 18, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 36. കോൺഗ്രസിലെ പിളർപ്പ് ./Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 36. കോൺഗ്രസിലെ പിളർപ്പ് .
   കോൺഗ്രസ് പ്രസ്ഥാനത്തിൽ മിതവാദി തീവ്രവാദി ഭിന്നത രൂക്ഷമായി. അവർ തീർത്തും എതിർധ്രുവങ്ങളിലായി  നിലയുറപ്പിച്ചു . സ്വദേശി പ്രസ്ഥാനത്തെ പറ്റി പോലും അവർ തമ്മിൽ ആശയ ഐക്യം ഉണ്ടായില്ല. സ്വദേശിവ്രതം മിതവാദികൾ ഇഷ്ടപെട്ടെങ്കിൽ ബഹിഷ്കരണം മിതവാദികൾക്ക് പഥ്യമാവുന്നുണ്ടായിരുന്നില്ല. ചുട്ടുകരിക്കലിനെതിരെ മിതവാദികൾ കടുത്ത അമർഷം കാട്ടിയിരുന്നു. അതൊരു പ്രാകൃതമായ സമരമുറ ആണെന്നായിരുന്നു അവരുടെ വ്യാഖ്യാനം. ഈ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ സംഘടനാ പ്രവർത്തനങ്ങളിലും ചേരിപ്പോര് ശക്തിപ്പെട്ടു. 1906  ൽ കോൺഗ്രസിന്റെ 23ആം സമ്മേളനം സൂറത്തിലാണ് നടന്നത്. ഈ സമ്മേളനത്തിലാണ് മിതവാദികളും തീവ്രവാദികളും തമ്മിൽ രൂക്ഷമായ അഭിപ്രായ അനൈക്യം ഉണ്ടായതും കയ്യാങ്കളിയിലെത്തിയതും തെറ്റിപ്പിരിഞ്ഞതും.  1600 പ്രതിനിധികളാണ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നത് അവരിൽ ബഹുഭൂരിപക്ഷം മിതവാദികൾ ആയിരുന്നു. സ്വദേശി പ്രസ്ഥാനത്തിലെ ചില പ്രവർത്തന ശൈലികൾ മാറ്റണമെന്ന അഭിപ്രായവുമായാണ് അവർ വന്നത്. വിദേശ വസ്ത്ര ബഹിഷ്കരണവും വസ്ത്രം കത്തിക്കലും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇക്കാര്യം യോഗത്തിൽ ചർച്ചയ്ക്ക് വന്നാൽ ശക്തമായി എതിർക്കണം എന്ന ലക്ഷ്യമിട്ടും കൊണ്ടാണ് തീവ്രവാദികൾ വന്നത്. തിലകന്റെ നേതൃത്വത്തിൽ ഒരു ശക്തി പരീക്ഷണത്തിന് ഒരുങ്ങി വന്നവരായിരുന്നു അവർ. തുടക്കം തന്നെ വിവാദത്തിന്  തീ കൊളുത്തപ്പെട്ടു.  യോഗാധ്യക്ഷനെ നിർണയിക്കുന്ന  കാര്യത്തിലായിരുന്നു അഭിപ്രായഭിന്നത. അധ്യക്ഷ സ്ഥാനത്തേക്ക് ലാലാ ലജ്പത് റായ് വേണമെന്ന് തീവ്രവാദികൾ ശഠിച്ചു . റാഷ്ബിഹാരി ഘോഷ് വേണമെന്ന് മിതവാദികളും.  ലജ്പത്റായി വിഭജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം  കഴിഞ്ഞ് പുറത്തുവന്ന സമയമായിരുന്നു അത്. അതുകാരണം അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്ന സമയവുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് ഘോഷിന് പ്രാമുഖ്യം നൽകിയത് തിലകനും സംഘത്തിനും ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയാണ് ഒരു ശക്തി പരീക്ഷണം നടന്നത്. ഇക്കാര്യത്തിൽ ഭൂരിപക്ഷം നിശ്ചയിച്ചുകൊണ്ട് റാഷ്ബിഹാരി ഘോഷിനുതന്നെ അധ്യക്ഷ സ്ഥാനം ലഭിച്ചു. യോഗം നടന്നുകൊണ്ടിരിക്കെ ബഹളം തുടങ്ങി. തിലകൻ യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. മിതവാദികൾ തിലകനെ എതിർത്തു. അവരുടെ ഇടപെടൽ വല്ലാതെ വർദ്ധിച്ചു. തിലകൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. നടന്നില്ല. മിതവാദികൾ സകല മര്യാദകളും മറന്നാണ് തിലകനെ നിശബ്ദനാക്കാൻ ശ്രമിച്ചത്. തീവ്രവാദികളും വിട്ടുകൊടുത്തില്ല. യോഗത്തിൽ കുഴപ്പം മൂർച്ഛിച്ചു. ഇരുഭാഗത്തും പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും നടന്നു. മുതിർന്ന നേതാക്കൾ അണികളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് കയ്യാങ്കളിയിലെത്തിയത്. അതിനിടയിൽ യോഗത്തിൽ നിന്നും ഒരു പ്രതിനിധി കാലിലെ ചെരുപ്പൂരി ആരെയോ ലക്ഷ്യം വച്ചുകൊണ്ട് എറിഞ്ഞു. ഏറ് കൊണ്ടത് ഫിറോസ് മേത്തയ്ക്ക്. അതോടെ രംഗം കൂടുതൽ പ്രക്ഷുബ്ധമായി. തിലകൻ കയ്യേറ്റം ചെയ്യപ്പെട്ടു. തൽസമയത്ത് അദ്ദേഹത്തെ രക്ഷിക്കാൻ എത്തിയത് മിതവാദി നേതാവായ ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു.  ഈ ആക്രമണങ്ങൾ മുതിർന്ന നേതാക്കൾ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അവർക്ക് നിയന്ത്രിക്കാനായില്ല. കടുത്ത പോരാട്ടം തന്നെ നടന്നു. ഒടുവിൽ വെളിയിൽ കാവൽ നിന്ന പോലീസ് ഇടപെട്ടുകൊണ്ടാണ് ബഹളം ശമിച്ചത്.
   പക്ഷേ യോഗം പിന്നെ നടന്നില്ല തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികൾ ഇറങ്ങിപ്പോക്ക് നടത്തി. അച്ചടക്ക ലംഘനത്തിന് തിലകനും മറ്റും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു സമാന്തര പ്രവർത്തനങ്ങളുമായി തിലകൻ രംഗത്ത് തന്നെ നിൽക്കുകയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിലകൻ വീണ്ടും പ്രസ്ഥാനത്തിലേക്ക് തിരിച്ചുവന്നത്.
  നാണക്കേടുണ്ടാക്കിയ ഈ സംഭവം ദേശീയ പ്രബുദ്ധതയുള്ള അന്നത്തെ ആരെയും വ്യാകുലപ്പെടുത്തിയിരുന്നു. ഇരു വിഭാഗത്തെയും രമ്യതയിൽ എത്തിക്കാൻ സമാധാന ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും തൽക്കാലം ഫലമുണ്ടായില്ല. 
  തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി